വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസ രംഗത്ത് നിർമ്മിതബുദ്ധി (AI) ഉപയോഗിക്കുന്ന 10 പുതു തലമുറ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരുമായി കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ന്യൂഡൽഹിയിൽ വട്ടമേശ സമ്മേളനം നടത്തി
പോസ്റ്റഡ് ഓണ്‍:
11 FEB 2026 8:58PM by PIB Thiruvananthpuram
ഡൽഹി ഐഐടി-യിൽ ഇന്ന് സംഘടിപ്പിച്ച വിദ്യാഭ്യാസ രംഗത്ത് നിർമ്മിതബുദ്ധി ഉപയോഗിക്കുന്ന 10 പുതു തലമുറ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരുമായി നടന്ന വട്ടമേശ സമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ, വടക്കുകിഴക്കൻ മേഖല വികസന സഹമന്ത്രി ശ്രീ സുകാന്ത മജുംദാർ, വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ ജയന്ത് ചൗധരി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ, ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവർത്തനം ചെയ്യുന്നതിന് നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്യുന്നതിനായി നയരൂപകർത്താക്കൾ, അക്കാദമിക് നേതാക്കൾ, വളർന്നുവരുന്ന സാങ്കേതിക സംരംഭകർ എന്നിവരെ ഈ വട്ടമേശ സമ്മേളനം ഒരുമിച്ച് കൊണ്ടുവന്നു. നിർമ്മിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. സ്കൂൾ വിദ്യാഭ്യാസം ( കെ-12 പഠനം), മത്സരപ്പരീക്ഷാ പരിശീലനം, നൈപുണ്യ വികസനം, ഭാഷാ പഠനം, നൈപുണ്യ വിദ്യാഭ്യാസം എന്നിവയിലുടനീളം എ.ഐ-ഫസ്റ്റ് പരിഹാരങ്ങൾ വികസിപ്പിക്കുന്ന പുതിയ തലമുറയിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ഈ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പിന്നാക്ക മേഖലകളിലെ വിദ്യാർത്ഥികളിലാണ് ഇവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അരിവിഹാൻ, ഫെർമി എ.ഐ , ഖാരെ.എ.ഐ , സീഖോ, സ്പീക്ക് എക്സ് , സൂപ്പർ കലാം, സൂപ്പർനോവ, വേദാന്തു , കോൺവെ ജീനിയസ്, വിരോഹൻ എന്നിവയാണ് സമ്മേളനത്തിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകൾ.
വരാനിരിക്കുന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയുടെ മുന്നോടിയായിട്ടായിരുന്നു ഈ സംവാദം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മേഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിർമ്മിതബുദ്ധി ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുന്നതിനെക്കുറിച്ചും, സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും, ഈ സാങ്കേതികവിദ്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചുമുള്ള നയരൂപീകരണ ചർച്ചകൾക്ക് ഈ സമ്മേളനത്തിൽ നിന്നുള്ള ഉൾക്കാഴ്ചകൾ ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ വഴികാട്ടിയാകും.

വട്ടമേശ സമ്മേളനത്തിന് പിന്നാലെ, 2026 ഫെബ്രുവരി 12-13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ബോധൻ എ.ഐ കോൺക്ലേവ് എന്ന ദ്വിദിന പരിപാടി നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന നയരൂപകർത്താക്കൾ, ഗവേഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ കോൺക്ലേവ്, ഇന്ത്യയുടെ വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിൽ നിർമ്മിതബുദ്ധിയുടെ തന്ത്രപരമായ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യും. നവീകരണം, വൻതോതിലുള്ള നടപ്പിലാക്കൽ, ദേശീയ ശേഷി വികസനം എന്നിവയിലായിരിക്കും ഇത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ മാറ്റിമറിയ്ക്കുന്നതിനും പുനർനിർവ്വചിക്കുന്നതിനുമായി, പ്രത്യേകിച്ച് 'ഇന്ത്യയിൽ നിന്ന് ലോകത്തിനായി എ.ഐ അധിഷ്ഠിത പരിഹാരങ്ങൾ' നിർമ്മിക്കുന്ന തദ്ദേശീയ സ്റ്റാർട്ടപ്പ് സ്ഥാപകരുമായി ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെടാൻ കഴിഞ്ഞതിൽ ശ്രീ ധർമ്മേന്ദ്ര പ്രധാൻ സന്തോഷം പ്രകടിപ്പിച്ചു.
ഈ സ്ഥാപകരെല്ലാം ഇടത്തരക്കാരും മൂന്നാം നിര നഗര പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമാണെന്ന് അറിഞ്ഞതിൽ കേന്ദ്രമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 'വിദ്യാഭ്യാസത്തിൽ നിർമ്മിതബുദ്ധി' സമന്വയിപ്പിക്കുന്നതിനും യഥാർത്ഥ ലോകത്തേയും ഇന്ത്യാ കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള അവരുടെ നൂതനമായ പരിഹാരങ്ങളും ആഴത്തിലുള്ള ധാരണയും വലിയ ആത്മവിശ്വാസം നല്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യ ശാക്തീകരണത്തിൻ്റേയും എല്ലാവരേയും ഉൾക്കൊള്ളുന്നതിൻ്റേയും ശക്തമായ ഉപകരണമാണെന്നും പ്രതീക്ഷയ്ക്കും അവസരത്തിനും ഇടയിലുള്ള വിടവ് നികത്താൻ അതിന് കഴിയുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. വികസിത ഭാരതം @ 2047 എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർമ്മിതബുദ്ധിയുടെ നിർണ്ണായക പങ്കിനെക്കുറിച്ചും അദ്ദേഹം അടിവരയിട്ടു.
ആഗോള പ്രസക്തി ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ മൂല്യങ്ങൾ, ഭാഷകൾ, സന്ദർഭങ്ങൾ, ആവശ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ സൃഷ്ടിപരമായ പരിഹാരങ്ങൾ നിർമ്മിക്കാൻ ഈ മുൻഗാമികളെ ശ്രീ പ്രധാൻ പ്രോത്സാഹിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ, നൈപുണ്യ മുൻഗണനകളെ അഭിസംബോധന ചെയ്യുന്നതിനും ഭാരതത്തിൻ്റെ സാങ്കേതികവും ഡിജിറ്റലുമായ പരമാധികാരം രൂപപ്പെടുത്തുന്നതിനും വിദ്യാഭ്യാസ മേഖലയിൽ സ്വാധീനം ചെലുത്തുന്ന ഡി.പി.ഐ-കൾ കെട്ടിപ്പടുക്കുന്നതിനും നിർമ്മിതബുദ്ധിയുടെ പരിവർത്തന ശക്തി പ്രയോജനപ്പെടുത്തുന്നതിൽ എല്ലാ പിന്തുണയും അദ്ദേഹം അവർക്ക് ഉറപ്പുനല്കി.
ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയിലെ ദീർഘകാല നിക്ഷേപകനായ ശ്രീ അശുതോഷ് ശർമ്മ, വിദ്യാഭ്യാസ സാങ്കേതികവിദ്യയെ കേവലമൊരു ഹ്രസ്വകാല വാണിജ്യ അവസരമായി കാണുന്നതിനുപകരം ഒരു ദേശീയ ശേഷിയായി കാണേണ്ടതിൻ്റെ പ്രാധാന്യം ആവർത്തിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ വിടവ് നികത്തുന്നതിനുള്ള ഒരേയൊരു യഥാർത്ഥ പരിഹാരമാർഗ്ഗമായി സാങ്കേതികവിദ്യ നിലകൊള്ളുന്നുവെന്നും ഭൂമിശാസ്ത്രപരമായോ വരുമാനപരമായോ ഉള്ള വ്യത്യാസങ്ങളില്ലാതെ ഓരോ പഠിതാവിലേക്കും ഗുണനിലവാരമുള്ള പഠനം എത്തിക്കാൻ പ്രാപ്തമാക്കുന്ന നിർമ്മിതബുദ്ധി ഒരു ചരിത്രപരമായ വഴിത്തിരിവാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. വിനീത് ജോഷി, ഐഐടി ഡൽഹി ഡയറക്ടർ ശ്രീ രംഗൻ ബാനർജി, ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി കാമകോടി, പ്രോസസിലെ ഇന്ത്യയുടേയും തെക്കുകിഴക്കൻ ഏഷ്യയുടേയും ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് എം&എ ഹെഡ് ശ്രീ അശുതോഷ് ശർമ്മ, നാഷണൽ സ്കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NSDC), ഐടി സ്കിൽ സെക്ടർ കൗൺസിൽ, നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് (NASSCOM), നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET) എന്നിവയുടെ തലവന്മാർ, നവോദയ വിദ്യാലയ സമിതി (NVS) കമ്മീഷണർ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ചെയർമാൻ, കേന്ദ്രീയ വിദ്യാലയ സദൻ (KVS) കമ്മീഷണർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) ചെയർമാൻ, കൂടാതെ മറ്റ് വിശിഷ്ട വ്യക്തികളും വിദ്യാഭ്യാസ മന്ത്രാലയത്തിലേയും നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിലേയും മുതിർന്ന ഉദ്യോഗസ്ഥരും ഈ വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
*****
( റിലീസ് ഐ.ഡി: 2226755)
സന്ദര്‍ശക കൗണ്ടര്‍ : 10