ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
സിൽക്ക്, പട്ടുനൂൽ കൃഷി, കൈത്തറി, സാങ്കേതിക തുണിത്തരങ്ങൾ എന്നിവയിൽ പുതിയ അവസരങ്ങൾ തുറന്നുകൊണ്ട്, ഇന്ത്യൻ പ്രതിനിധി സംഘം വിയറ്റ്നാം സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
09 FEB 2026 6:18PM by PIB Thiruvananthpuram
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ സിൽക്ക് ബോർഡും (CSB) ഇന്ത്യയിലെ പ്രമുഖ സിൽക്ക് സംരംഭകരും ഹാനോയിയിലെ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ വിയറ്റ്നാമിലേക്ക് അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തി. പട്ടുനൂൽ കൃഷി, സിൽക്ക്, തുണിത്തരങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുക, മൂല്യശൃംഖലകൾ ശക്തിപ്പെടുത്തുക, ടെക്സ്റ്റൈൽ മേഖലയിൽ സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ യാത്ര സംഘടിപ്പിച്ചത്.
സന്ദർശന വേളയിൽ, സെൻട്രൽ സിൽക്ക് ബോർഡ് ജോയിൻ്റ് സെക്രട്ടറി (ടെക്നിക്കൽ) ഡോ. നരേഷ് ബാബു എൻ., വിയറ്റ്‌നാമിലെ മുൻനിര ടെക്സ്റ്റൈൽ നിർമ്മാതാക്കളിലും കയറ്റുമതിക്കാരിലും ഒന്നായ ബിറ്റെക്‌സ്‌കോ നാം ലോംഗ് ജോയിൻ്റ് സ്റ്റോക്ക് കമ്പനിയുടെ ചെയർമാനെ ഫൈവ്-ഇൻ-വൺ സിൽക്ക് സ്റ്റോൾ നല്കി ആദരിക്കുകയും, ഭാരത് ടെക്സ് 2026-ൽ പങ്കെടുക്കാൻ കമ്പനിയെ ക്ഷണിക്കുകയും ചെയ്തു. കൂടാതെ വിയറ്റ്‌നാം ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ അസോസിയേഷനേയും (VITAS) അദ്ദേഹം ഭാരത ടെക്സ് 2026-ലേക്ക് ക്ഷണിച്ചു. കൈത്തറി, കരകൗശല വസ്തുക്കളുടെ പ്രോത്സാഹനം, ഉൽപ്പന്ന വികസനം, ഗ്രാമതല തന്ത്രങ്ങൾ, കയറ്റുമതി, നയപരമായ പിന്തുണ എന്നിവയെക്കുറിച്ച് വിയറ്റ്‌നാം അസോസിയേഷൻ ഓഫ് ക്രാഫ്റ്റ് വില്ലേജുമായി (VICRAFTS) അദ്ദേഹം ചർച്ചകൾ നടത്തി. ഈ മേഖലകളിൽ സഹകരിക്കാൻ അസോസിയേഷൻ അതീവ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
സന്ദർശനത്തിനിടെ പ്രതിനിധി സംഘം ഹാനോയിയിലെ ഇന്ത്യൻ എംബസിയിൽ വിയറ്റ്‌നാമിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ ഷെറിംഗ് വാങ്ചുക് ഷെർപ്പയെ സന്ദർശിക്കുകയും സിൽക്ക്, ടെക്സ്റ്റൈൽ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
പ്രതിനിധി സംഘം ഹാനോയിയിലെ ചരിത്രപ്രസിദ്ധമായ വാൻ ഫുക് സിൽക്ക് ക്രാഫ്റ്റ് വില്ലേജ് സന്ദർശിക്കുകയും പ്രാദേശിക നെയ്ത്തുകാരുമായും കരകൗശല വിദഗ്ധരുമായും ആശയവിനിമയം നടത്തുകയും ചെയ്തു. നെയ്ത്ത്, എംബ്രോയ്ഡറി, ഡിസൈൻ, ഫാഷൻ, വിപണി ലഭ്യത എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന അവിടുത്തെ സംയോജിത മാതൃകയെക്കുറിച്ച് സംഘം മനസ്സിലാക്കി. ഇന്ത്യയിൽ പട്ടുനൂൽ കൃഷിയേയും വിനോദസഞ്ചാരത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു 'സെറിക്കൾച്ചർ-ടൂറിസം' മാതൃക വികസിപ്പിക്കുന്നതിനുള്ള പ്രധാന പാഠങ്ങൾ ഇതിലൂടെ കൈവരിക്കുകയും ചെയ്തു.
ഓട്ടോമാറ്റിക് റീലിംഗ് യൂണിറ്റുകളും മൾബറി തോട്ടങ്ങളും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പ്രതിനിധി സംഘം സന്ദർശിച്ചു. കൂടാതെ വിയറ്റ്‌നാം എക്സിബിഷൻ സെൻ്ററിൽ നടന്ന പ്രധാന അന്താരാഷ്ട്ര പ്രദർശനങ്ങളായ വിയറ്റ്‌നാം ഇൻ്റർനാഷണൽ വാല്യൂ ചെയിൻ എക്സിബിഷൻ 2026 (VIVC 2026), വിയറ്റ്‌നാം ഗ്ലോറിയസ് സ്പ്രിംഗ് ഫെയർ 2026 (VGSF 2026) എന്നിവയിലും സംഘം പങ്കെടുത്തു. ഇവിടെ ഇന്ത്യൻ സിൽക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച സെൻട്രൽ സിൽക്ക് ബോർഡിൻ്റെ സ്റ്റാൾ വലിയ ശ്രദ്ധ ആകർഷിച്ചു. ഇത് ഇന്ത്യൻ സിൽക്കിന് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അവസരങ്ങളെയാണ് എടുത്തുകാണിച്ചത്. ഹോ ചി മിൻ സിറ്റിയിലെ പരമ്പരാഗത സിൽക്ക് ഔട്ട്‌ലെറ്റുകൾ സന്ദർശിച്ച സംഘം വൈവിധ്യമാർന്ന സിൽക്ക് തുണിത്തരങ്ങളും പൈതൃക ഫാഷൻ ഉൽപ്പന്നങ്ങളും പരിശോധിച്ചു. അവർ പ്രാദേശിക കരകൗശല വിദഗ്ധരുമായി സംവദിക്കുകയും, തുന്നൽ രീതികളും നൂതന ഡിസൈൻ രീതികളും പരിചയപ്പെടുകയും ചെയ്തു. ഇത് ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിനുള്ള അവസരങ്ങൾ ഉയർത്തിക്കാട്ടുകയും, ടെക്സ്റ്റൈൽ-കരകൗശല മേഖലകളിൽ ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകൾ ശക്തിപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിൽ സിൽക്ക്, ടെക്സ്റ്റൈൽ മേഖലകളിലുള്ള സംയുക്ത ഗവേഷണ വികസന പ്രവർത്തനങ്ങൾ, സാങ്കേതിക കൈമാറ്റം, ബിസിനസ്-ടു-ബിസിനസ് പങ്കാളിത്തം, മെച്ചപ്പെട്ട ആഗോള വിപണി ബന്ധങ്ങൾ എന്നിവയ്ക്കുള്ള പാതകൾ ഈ സന്ദർശനം ശക്തമാക്കി.
****
( റിലീസ് ഐ.ഡി: 2225673)
സന്ദര്‍ശക കൗണ്ടര്‍ : 5