റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ശേഷി, സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള പ്രധാന പദ്ധതികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകാരം.

പോസ്റ്റഡ് ഓണ്‍: 09 FEB 2026 4:30PM by PIB Thiruvananthpuram

രാജ്യത്തുടനീളം ട്രെയിന്‍ ഗതാഗതത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും, പാതകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, യാത്രക്കാരുടേയും ചരക്കുകളുടേയും വേഗത്തിലുള്ള നീക്കം സാധ്യമാക്കുന്നതിനുമായി സമഗ്രമായ റെയില്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്കി. സതേണ്‍, നോര്‍ത്തേണ്‍, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേകളിലുടനീളം വ്യാപിച്ചുകിടക്കുന്ന ഈ അംഗീകാരങ്ങളില്‍ പാത ഇരട്ടിപ്പിക്കല്‍, മൂന്ന്- നാല് വരിപ്പാതകള്‍, ബൈപാസ് ഇടനാഴികള്‍, അത്യാധുനിക ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ബാര്‍ബെണ്ട-ദാമ്രുഘുട്ടു പാത ഇരട്ടിപ്പിക്കലും ദാമ്രുഘുട്ടു-ബൊക്കാറോ സ്റ്റീല്‍ സിറ്റി മൂന്ന്- നാല് വരിപ്പാതകളും: 815.32 കോടി രൂപ

ജാര്‍ഖണ്ഡിലെ ബാര്‍ബെണ്ട-ദാമ്രുഘുട്ടു പാത ഇരട്ടിപ്പിക്കലും ദാമ്രുഘുട്ടു-ബൊക്കാറോ സ്റ്റീല്‍ സിറ്റി മൂന്ന്- നാല് വരിപ്പാതകളും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലുള്ള പ്രധാന ശേഷി വിപുലീകരണ പദ്ധതികളാണ്. ഇന്ത്യയുടെ ഊര്‍ജ്ജ, ധാതു, സിമന്റ്  ഇടനാഴിയുടെ അടിസ്ഥാനശിലയായാണ് ഈ പദ്ധതി കണക്കാക്കപ്പെടുന്നത്. നിലവില്‍ ഈ പാത 108 ശതമാനം ഉപയോഗ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനുകള്‍ 90 മുതല്‍ 150 മിനിറ്റ് വരെ പിടിച്ചിടേണ്ടി വരുന്നുണ്ട്. പ്രതിദിനം 78 ട്രെയിനുകള്‍ (38 പാസഞ്ചര്‍ ട്രെയിനുകളും 40 ചരക്ക് ട്രെയിനുകളും) ഈ പാതയിലൂടെ കടന്നുപോകുന്നു. കൂടാതെ പ്രതിവര്‍ഷം 35.22 മെട്രിക് ടണ്‍ ചരക്ക് നീക്കവും ഇതിലൂടെ നടക്കുന്നുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, 2028-29 ഓടെ ഈ പാതയുടെ ഉപയോഗം 132 ശതമാനത്തില്‍ എത്തുമെന്ന് കണക്കാക്കപ്പെട്ടിരുന്നു.

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സ്, സിമന്റ് -സ്റ്റീല്‍ പ്ലാന്റുകള്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡിപ്പോ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡിപ്പോ, ബൊക്കാറോ സ്റ്റീല്‍ സിറ്റി വ്യാവസായിക  മേഖല എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യാവസായിക-ഊര്‍ജ്ജ ഹബ്ബുകളിലേക്കുള്ള കണക്റ്റിവിറ്റി ഈ പദ്ധതി ശക്തിപ്പെടുത്തുന്നു. പാതയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഊര്‍ജ്ജ ലോജിസ്റ്റിക്സ്, വ്യാവസായിക ഉത്പാദനം, ദേശീയ വിതരണ ശൃംഖലയുടെ കാര്യക്ഷമത എന്നിവയില്‍ ഈ വിപുലീകരണം നേരിട്ടുള്ള പുരോഗതി കൊണ്ടുവരും.

ഹൈ-ഡെന്‍സിറ്റി നെറ്റ്വര്‍ക്ക് (HDN), ഹൈലി യൂട്ടിലൈസ്ഡ് നെറ്റ്വര്‍ക്ക് (HUN) റൂട്ടുകളിലെ  ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ്: 421.41 കോടി രൂപ

സുരക്ഷയും പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 'കവച്' സംവിധാനം നടപ്പിലാക്കുന്ന നോര്‍ത്തേണ്‍ റെയില്‍വേ റൂട്ടുകളിലെ 34 സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് (EI) നടപ്പിലാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്കി. ഇതില്‍ ഡല്‍ഹി ഡിവിഷനിലെ 21 സ്റ്റേഷനുകള്‍ക്കായി 292.24 കോടി രൂപയും അംബാല ഡിവിഷനിലെ 13 സ്റ്റേഷനുകള്‍ക്കായി 129.17 കോടി രൂപയും ചെലവഴിക്കും.

ഈ നവീകരണങ്ങള്‍ ട്രെയിനുകളുടെ വേഗതയേറിയതും സുരക്ഷിതവുമായ പ്രവര്‍ത്തനം സാധ്യമാക്കും, സിഗ്‌നലിംഗ് സംവിധാനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും, തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സഹായിക്കും, കൂടാതെ ആധുനിക ട്രെയിന്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പൂരകമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

രാജ്പുര ബൈപാസ് ലൈന്‍ (13.46 കിലോമീറ്റര്‍), നോര്‍ത്തേണ്‍ റെയില്‍വേ: 411.96 കോടി രൂപ

രാജ്പുര ബൈപാസ് ലൈനിനുള്ള അംഗീകാരം നോര്‍ത്തേണ്‍ റെയില്‍വേയിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നായ അംബാല -ജലന്ധര്‍ സെക്ഷനില്‍ ശേഷിയും പ്രവര്‍ത്തനക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഈ പദ്ധതി ന്യൂ ശംഭു ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ (DFC) സ്റ്റേഷനും രാജ്പുര-ഭത്തീണ്ട  ലൈനിലെ കൗളി സ്റ്റേഷനും തമ്മില്‍ നേരിട്ടുള്ള റെയില്‍ ബന്ധം ഉറപ്പാക്കും. ഇതിലൂടെ ചരക്ക് തീവണ്ടികള്‍ക്ക് തിരക്കേറിയ രാജ്പുര യാര്‍ഡ് ഒഴിവാക്കി കടന്നുപോകാന്‍ സാധിക്കും. ഇത് ചരക്ക് നീക്കം സുഗമമാക്കുകയും നിലവിലുള്ള ലൈനുകളിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് ആവശ്യകതയെ പിന്തുണയ്ക്കുകയും ചെയ്യും. അതോടൊപ്പം ഡി.എഫ്.സി -യുമായുള്ള സുഗമമായ സംയോജനവും മേഖലയിലുടനീളം കൂടുതല്‍ വിശ്വാസ്യതയുള്ള പാസഞ്ചര്‍-ചരക്ക് ഗതാഗത പ്രവര്‍ത്തനങ്ങളും ഇത് ഉറപ്പാക്കുന്നു.

ആലപ്പുഴ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ (12.66 കിലോമീറ്റര്‍): 324.16 കോടി രൂപ

എറണാകുളം-തുറവൂര്‍-കായംകുളം റൂട്ടിലെ ഏകവരിപ്പാത എന്ന തടസ്സം നീക്കുന്ന തന്ത്രപ്രധാനമായ പദ്ധതിയാണിത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഓരോ ദിശയിലും പ്രതിദിനം ഒന്‍പത് അധിക പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും. കൂടാതെ പ്രതിവര്‍ഷം 2.88 ദശലക്ഷം ടണ്‍ അധിക ചരക്ക് ശേഷി വര്‍ദ്ധിപ്പിക്കാനും 3.23 കോടി രൂപയുടെ അധിക വാര്‍ഷിക വരുമാനം നേടാനും സാധിക്കും. പാസഞ്ചര്‍, ചരക്ക് തീവണ്ടികളുടെ പിടിച്ചിടല്‍ കുറയ്ക്കുന്നതിലൂടെ പ്രവര്‍ത്തനക്ഷമത ഗണ്യമായി മെച്ചപ്പെടും.

ഈ ഇടനാഴിയിലെ അവശേഷിക്കുന്ന അവസാന ഏകവരിപ്പാത കൂടി ഇരട്ടിപ്പിക്കുന്നതോടെ തടസമില്ലാത്ത ട്രെയിന്‍ ഗതാഗതം ഉറപ്പാക്കാം. ഇത് ദീര്‍ഘദൂര യാത്രക്കാരുടെ യാത്രാ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും കേരളത്തിനകത്തുള്ള അന്തര്‍ സംസ്ഥാന ചരക്ക് നീക്കം ശക്തിപ്പെടുത്തുകയും ചെയ്യും. പ്രധാന ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിലൂടെ വേഗതയേറിയതും തടസമില്ലാത്തതുമായ യാത്ര ഇത് സാധ്യമാക്കുന്നു.

പാലക്കാട് ടൗണ്‍-പറളി ബൈപാസ് ലൈന്‍ (1.80 കിലോമീറ്റര്‍): 163.57 കോടി രൂപ

പല ട്രെയിന്‍ സര്‍വീസുകള്‍ക്കും കേരളത്തിലെ പാലക്കാട് ജംഗ്ഷനില്‍ എഞ്ചിന്‍ തിരിച്ചോടിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിലൂടെ ഈ ബൈപാസ് പദ്ധതി അടിയന്തരമായ പ്രവര്‍ത്തന- യാത്രാ ആനുകൂല്യങ്ങള്‍ നല്കുന്നു. ഇത് പാസഞ്ചര്‍ ട്രെയിനുകളുടെ ശരാശരി പിടിച്ചിടല്‍ 40-44 മിനിറ്റ് വരെയും, ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റ് വരെയും കുറയ്ക്കുന്നു. അതോടൊപ്പം പാലക്കാട് ജംഗ്ഷനില്‍ നിന്ന് കൂടുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ക്ക് ഇത് പിന്തുണ നല്കുകയും ചെയ്യുന്നു.

ട്രെയിന്‍ ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ, ഈ ബൈപാസ് ഷൊര്‍ണൂര്‍, തിരുവനന്തപുരം, പൊള്ളാച്ചി എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ടുകളില്‍ സമയനിഷ്ഠ ഗണ്യമായി മെച്ചപ്പെടുത്തും, ഒപ്പം സതേണ്‍ റെയില്‍വേയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും.

ഇരുഗൂര്‍-പോത്തന്നൂര്‍ പാത ഇരട്ടിപ്പിക്കല്‍ (10.77 കിലോമീറ്റര്‍): 277.42 കോടി രൂപ

ചെന്നൈ-തിരുവനന്തപുരം ഇടനാഴിയിലെ നിര്‍ണ്ണായക കണ്ണിയായ ഇരുഗൂര്‍-പോത്തന്നൂര്‍ സെക്ഷന്‍ ഇരട്ടിപ്പിക്കുന്നതിനുള്ള അംഗീകാരം തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ വികസനങ്ങളിലൊന്നാണ്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം 15 അധിക പാസഞ്ചര്‍ ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാനും ചരക്ക് ശേഷി പ്രതിവര്‍ഷം 3.12 ദശലക്ഷം ടണ്ണായി വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഇതിലൂടെ പ്രതിവര്‍ഷം 11.77 കോടി രൂപയുടെ അറ്റാദായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഈ പാതയുടെ ശേഷി വിനിയോഗം 60 ശതമാനമാണ്. എന്നാല്‍ ഈ വിപുലീകരണം നടക്കുന്നതോടെ 2027-28 ആകുമ്പോഴേക്കും ഇത് 131 ശതമാനത്തില്‍ എത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് പദ്ധതിയുടെ അടിയന്തരവും തന്ത്രപരവുമായ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. സമീപ പ്രദേശങ്ങളില്‍ ഇതിനകം പൂര്‍ത്തിയായതോ പുരോഗമിക്കുന്നതോ ആയ നാലുവരിപ്പാത പദ്ധതികള്‍ക്കൊപ്പം, ഈ സെക്ഷന്‍ കൂടി ഇരട്ടിപ്പിക്കുന്നതോടെ ചെന്നൈ-കോയമ്പത്തൂര്‍-പോത്തന്നൂര്‍ മേഖല പൂര്‍ണ്ണമായും ഉയര്‍ന്ന ശേഷിയുള്ള നാലുവരി ഇടനാഴിയായി മാറും. ഇത് കോയമ്പത്തൂര്‍ പോലുള്ള വ്യാവസായിക ഹബ്ബുകള്‍ക്ക് നേരിട്ട് ഗുണകരമാകുകയും, പോത്തന്നൂരിലെ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും, വടക്കന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസുകള്‍ക്ക് സഹായകമാകുകയും ചെയ്യും.

ലോകോത്തര റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ തോതില്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പൂര്‍ണ്ണ സജ്ജമാണെന്ന് ഈ അംഗീകാരങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിതമായ സഹകരണത്തോടെ, ഈ പദ്ധതികള്‍ വേഗത്തിലുള്ള യാത്രകള്‍ക്കും കൂടുതല്‍ കാര്യക്ഷമമായ ചരക്ക് നീക്കത്തിനും മെച്ചപ്പെട്ട സുരക്ഷയ്ക്കും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുക്കും.

***


( റിലീസ് ഐ.ഡി: 2225537) സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu , Kannada