രാഷ്ട്രപതിയുടെ കാര്യാലയം
ഫക്കീർ മോഹൻ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്തു
സമഗ്ര വളർച്ച, നൂതനാശയങ്ങൾ,സാമൂഹിക പരിവർത്തനം എന്നിവയുടെ ഉത്തേജകങ്ങളായി വർത്തിക്കാൻ സർവകലാശാലകൾക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്: രാഷ്‌ട്രപതി ദ്രൗപദി മുർമു
പോസ്റ്റഡ് ഓണ്‍:
03 FEB 2026 5:17PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഫെബ്രുവരി 3, 2026) ഒഡിഷയിലെ ബാലസോറിൽ ഫക്കീർ മോഹൻ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയും പുതിയ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
വ്യാസകബി ഫക്കീർ മോഹൻ സേനാപതി ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച രാഷ്‌ട്രപതി വിദ്യാർത്ഥി കാലഘട്ടത്തിൽ, അദ്ദേഹത്തിൻ്റെ കാലാതീതമായ കഥയായ 'രേവതി' തന്നെ ആഴത്തിൽ സ്വാധീനിച്ചിരുന്നതായി പറഞ്ഞു. ആ സ്വാധീനം ഇന്നും തുടരുന്നു. 19-ാം നൂറ്റാണ്ടിൽ വിദ്യാഭ്യാസം നേടാനുള്ള ഒരു പെൺകുട്ടിയുടെ ദൃഢനിശ്ചയം അവളുടെ ആത്മാവിൻ്റെ അനശ്വര സാക്ഷാത്കാരമായി ഈ കഥയിൽ കാണാം.ഒരു വിദൂര ഗോത്ര ഗ്രാമത്തിൽ പഠിച്ച താൻ ഉറച്ച ദൃഢനിശ്ചയത്തോടെ ഭുവനേശ്വറിലേക്ക് പോയി ഹൈസ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിലൂടെ , ഫക്കീർ മോഹൻ ജി തനിക്ക് ഒരു പ്രചോദനമായി എന്നും രാഷ്‌ട്രപതി പറഞ്ഞു
ഫക്കീർ മോഹൻ ജിക്ക് മാതൃഭാഷയോട് ആഴത്തിലുള്ള സ്നേഹമുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. "എനിക്ക് എൻ്റെ മാതൃഭാഷയാണ് പരമപ്രധാനം" എന്ന് അദ്ദേഹം എഴുതി. മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭിക്കുന്നത് വഴി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം അവരുടെ ചുറ്റുപാടുകളെയും ആചാരങ്ങളെയും സാംസ്കാരിക അന്തരീക്ഷത്തെയും ശരിയായി മനസ്സിലാക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. നാഗരിക മൂല്യങ്ങളെയും ജീവിതരീതിയെയും കുറിച്ച് അവർ മികച്ച രീതിയിൽ മനസ്സിലാക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ദേശീയ വിദ്യാഭ്യാസ നയം-2020, വിദ്യാർത്ഥികളെ അവരുടെ സംസ്കാരവുമായുള്ള ബന്ധം തുടരാൻ പ്രേരിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടു
ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു വൈജ്ഞാനിക പാരമ്പര്യമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ വേദഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും അറിവും ജ്ഞാനവും നിറഞ്ഞതാണ്. കവിതയ്ക്കും സാഹിത്യത്തിനും പുറമേ, ശാസ്ത്രം, വൈദ്യം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ എന്നിവയുൾപ്പെടെയുള്ള മേഖലകളിലുള്ള അറിവിൻ്റെ ഉറവിടമാണവ. യുവ വിദ്യാർത്ഥികൾക്ക് ഈ പുരാതന വൈജ്ഞാനിക പാരമ്പര്യത്തിൽ ഗവേഷണം നടത്താൻ കഴിയും. ഭൂതകാലത്തെയും വർത്തമാനകാലത്തെയും മനസ്സിലാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് സ്വന്തം ഭാവിയും, ഒപ്പം രാജ്യത്തിൻ്റെ ഭാവിയും രൂപപ്പെടുത്താൻ കഴിയുമെന്ന് അവർ പറഞ്ഞു.
ബിരുദം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച രാഷ്ട്രപതി, അറിവ്, അഭിനിവേശം, പ്രതിജ്ഞാബദ്ധത എന്നിവയുടെ കരുത്തിനാൽ അവർക്ക് സമൂഹത്തിൽ ആദരവും അംഗീകാരവും നേടാൻ കഴിയുമെന്ന് പറഞ്ഞു. എവിടെ പോയാലും എന്ത് ചെയ്താലും എല്ലാ ശ്രമങ്ങളിലും, വിജയത്തിൻ്റെ താക്കോൽ സമർപ്പണമാണെന്ന് രാഷ്ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. വിജയകരമായ ജീവിതവും അർത്ഥവത്തായ ജീവിതവും വ്യത്യസ്തമാണെന്ന് അവർ പറഞ്ഞു. വിജയകരമായ ജീവിതം നല്ലതാണെന്നും എന്നാൽ ജീവിതം അർത്ഥവത്തായതാക്കുന്നത് അതിലും മികച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രശസ്തിയും കീർത്തിയും നേടുകയും സാമ്പത്തികമായി സുരക്ഷിതരാകുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും എന്നാൽ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അവർ പറഞ്ഞു. വികസന യാത്രയിൽ പിന്നാക്കം പോയവരെ സഹായിക്കാൻ രാഷ്‌ട്രപതി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഏവരുടെയും വികസനത്തിലാണ് സമൂഹത്തിൻ്റെ വികസനം സ്ഥിതിചെയ്യുന്നതെന്ന് അവർ പറഞ്ഞു.
ഫക്കീർ മോഹൻ സർവകലാശാല അക്കാദമിക പഠനത്തിന് പുറമേ ഗവേഷണത്തിനും അവബോധ പരിപാടികൾക്കും പ്രാധാന്യം നൽകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ബാലസോർ-ഭദ്രക് മേഖല നെല്ല്, വെറ്റില, മത്സ്യം എന്നിവയ്ക്ക് പേരുകേട്ടതാണെന്ന് അവർ പറഞ്ഞു. ഈ മേഖലകളിൽ ഗവേഷണ പരിശീലന പരിപാടികൾ നടത്തുന്നതിനെ അവർ പ്രശംസിച്ചു. 'ബാക്ക് ടു സ്കൂൾ', 'ഏൺ വൈൽ ലേൺ', 'ഈച്ച് വൺ ടീച്ച് വൺ' തുടങ്ങി സർവകലാശാലയുടെ പരിപാടികളും പരിസ്ഥിതി അവബോധത്തിനും സമുദ്രതീരം വൃത്തിയാക്കലിനും വേണ്ടിയുള്ള പരിപാടികളും പ്രശംസനീയമാണെന്ന് അവർ പറഞ്ഞു. ബാലസോർ, ഭദ്രക് തീരങ്ങളിൽ നീല ഞണ്ടുകൾ ധാരാളമായി കാണപ്പെടുന്നതിനാൽ, നീല ഞണ്ടുകൾ അല്ലെങ്കിൽ കുതിരലാട ഞണ്ടുകളെക്കുറിച്ചുള്ള ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് സർവകലാശാലയുടെ ദീർഘവീക്ഷണത്തെ പ്രകടമാക്കുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വളർച്ച, സുരക്ഷ, സാങ്കേതിക വികസനം എന്നിവ രാജ്യത്തിൻ്റെ പുരോഗതിയെ ത്വരിതപ്പെടുത്തുമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ എല്ലാ സർവകലാശാലകൾക്കും ഈ മേഖലയിൽ നിർണായക പങ്ക് വഹിക്കാനുണ്ട്. ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച, നൂതനാശയങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയുടെ ഉത്തേജകമായി വർത്തിക്കാൻ സർവകലാശാലകൾക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിമർശനാത്മക ചിന്ത, ധാർമ്മിക നേതൃത്വം, പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളോട് പ്രതികരിക്കാൻ ശേഷിയുള്ള ഗവേഷണം എന്നിവ പരിപോഷിപ്പിക്കുന്നതിലൂടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സുസ്ഥിരവും തുല്യവും മാനുഷിക മൂല്യങ്ങളിൽ വേരൂന്നിയതുമായ ഒരു ഭാവി രൂപപ്പെടുത്താൻ കഴിയും. ഫക്കീർ മോഹൻ സർവകലാശാല അതിൻ്റെ അക്കാദമിക് കാഴ്ചപ്പാടിലൂടെയും സമൂഹ ഇടപെടലിലൂടെയും ഈ ദിശയിൽ പരിവർത്തനാത്മക പങ്ക് വഹിക്കുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.





***
( റിലീസ് ഐ.ഡി: 2222748)
സന്ദര്‍ശക കൗണ്ടര്‍ : 11