സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ബുദ്ധഭഗവാന്റെ വിശുദ്ധ ദേവ്നിമോറി തിരുശേഷിപ്പുകളുടെ പ്രദർശനം ശ്രീലങ്കയിൽ

പോസ്റ്റഡ് ഓണ്‍: 02 FEB 2026 5:50PM by PIB Thiruvananthpuram
2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിച്ച വേളയിൽ മുന്നോട്ടുവെച്ച കാഴ്ചപ്പാടിന്റെ തുടർച്ചയായി, ബുദ്ധഭഗവാന്റെ പവിത്രമായ തിരുശേഷിപ്പുകളുടെ പ്രദർശനത്തിലൂടെ, ഇന്ത്യ ആത്മീയമായ കരുതലിന്റെയും സാംസ്‌കാരിക നയതന്ത്രത്തിന്റെയും ഭാഗമായുള്ള ഒരു മഹത്തായ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു. നിലവിൽ വഡോദരയിലെ മഹാരാജ സയാജിറാവു സർവ്വകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന ഈ തിരുശേഷിപ്പുകൾ, 2026 ഫെബ്രുവരി 4 മുതൽ 10 വരെ കൊളംബോയിൽ പൊതുദർശനത്തിനായി വെക്കും. തുടർന്ന് ഫെബ്രുവരി 11-ന് ഇവ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. ബുദ്ധമതത്തിന്റെ ജന്മനാടെന്ന നിലയിൽ ഇന്ത്യയുടെ സാംസ്‌കാരികമായ ഉത്തരവാദിത്തത്തെ അടിവരയിടുന്നതാണ് ഈ പുണ്യയാത്ര. അതോടൊപ്പം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ആത്മീയ-സാംസ്‌കാരിക ബന്ധത്തെയും ജനങ്ങൾ തമ്മിലുള്ള ഐക്യത്തെയും ഇത് കൂടുതൽ ദൃഢമാക്കുന്നു.
 


 
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഉപമുഖ്യമന്ത്രി ശ്രീ ഹർഷ് സംഘവി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമായിരിക്കും ഈ വിശുദ്ധ തിരുശേഷിപ്പുകളെ അനുഗമിക്കുന്നത്. മുതിർന്ന സന്യാസിമാരും ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. തിരുശേഷിപ്പുകളുടെ പവിത്രത കണക്കിലെടുത്ത് നിശ്ചയിക്കപ്പെട്ട പ്രോട്ടോക്കോൾ പാലിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരിക്കും ഇവ കൊണ്ടുപോകുക. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ രാജ്യം എത്രത്തോളം ആദരവോടെയാണ് കാണുന്നത് എന്നതിന്റെ പ്രതിഫലനമാണിത്. കൊളംബോയിലെ ചടങ്ങുകളിലും മതപരവും ഔദ്യോഗികവുമായ പരിപാടികളിലും പ്രതിനിധി സംഘം പങ്കെടുക്കും. കൂടാതെ, ഇന്ത്യയുടെ ബുദ്ധമത പൈതൃകവും സമകാലിക സാംസ്‌കാരിക ഇടപെടലുകളും വ്യക്തമാക്കുന്ന പ്രദർശനങ്ങളുടെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും.
 


 
ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ടതും ആത്മീയ പ്രാധാന്യമുള്ളതുമായ കൊളംബോയിലെ ഗംഗാരാമയ ക്ഷേത്രത്തിലാണ് പൊതുദർശനത്തിനായി തിരുശേഷിപ്പുകൾ പ്രതിഷ്ഠിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആദരണീയ ഹിക്കഡുവെ ശ്രീ സുമംഗല നായക തേര സ്ഥാപിച്ച ഈ ക്ഷേത്രം ഇന്ന് ആരാധനയുടെയും വിജ്ഞാനത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും പ്രധാന കേന്ദ്രമാണ്. ബുദ്ധമതം ദൈനംദിന ജീവിതത്തെയും ചരിത്രത്തെയും സ്വാധീനിക്കുന്ന ഒരു രാജ്യമായതുകൊണ്ടുതന്നെ, ഈ പ്രദർശനം ഭക്തർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബുദ്ധമത പൈതൃകത്തെ കൂടുതൽ ദൃഢമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഗുജറാത്തിലെ ആരവല്ലി ജില്ലയിലുള്ള ഷംലാജിക്ക് സമീപമുള്ള ദേവ്നിമോറി പുരാവസ്തു കേന്ദ്രത്തിൽ നിന്നാണ് ഈ തിരുശേഷിപ്പുകൾ കണ്ടെത്തിയത്. 1957-ൽ പ്രശസ്ത പുരാവസ്തു ഗവേഷകൻ പ്രൊഫ. എസ്.എൻ. ചൗധരി നടത്തിയ ഖനനത്തിലാണ് പടിഞ്ഞാറൻ ഇന്ത്യയിലെ ബുദ്ധമതത്തിന്റെ വളർച്ച വിളിച്ചോതുന്ന ഈ പ്രധാന തെളിവുകൾ ലഭിച്ചത്. ഈ തിരുശേഷിപ്പുകൾ വെറുമൊരു പുരാവസ്തു ശേഷിപ്പ് മാത്രമല്ല, മറിച്ച് ബുദ്ധഭഗവാൻ വിഭാവനം ചെയ്ത സമാധാനം, കരുണ, ഐക്യം എന്നിവയുടെ ജീവിക്കുന്ന പ്രതീകം കൂടിയാണ്.
 


 
ദേവ്നിമോറി സ്തൂപത്തിന്റെ തറനിരപ്പിൽ നിന്ന് 24 അടി ഉയരത്തിലാണ് പച്ച കലർന്ന 'ഷിസ്റ്റ്' (Green Schist) ശിലയിൽ നിർമ്മിച്ച ഈ പേടകം കണ്ടെത്തിയത്. ബ്രാഹ്മി ലിപിയിലും സംസ്‌കൃത ഭാഷയിലുമായി "ദശബല ശരീരം നിലയ്"- ബുദ്ധന്റെ ശരീര അവശിഷ്ടങ്ങളുടെ വാസസ്ഥലം- എന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ളിലെ ചെമ്പ് പെട്ടിയിൽ പട്ടുതുണിയും മുത്തുകളും വിശുദ്ധ ഭസ്മവും അടങ്ങിയിരിക്കുന്നു. പേടകത്തിന് പ്രധാന ശരീരം (6.8″ അടിഭാഗം, 2.9″ ഉയരം, 4″ ലെഡ്ജ് വ്യാസം), മൂടി (6.7″ വ്യാസം, 1.05″ കനം, 0.7″ ഉയരം), വൃത്താകൃതിയിലുള്ള മുകൾഭാഗം (0.66″ ഉയരം, 1.1″ വ്യാസം) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്.
 

 
പരന്ന മുകൾഭാഗവും അടിഭാഗവുമുള്ള ചെമ്പ് പെട്ടിക്ക്, അതിന്റെ വശങ്ങളിലെ വക്കിൽ കൃത്യമായി ഉറപ്പിച്ചിരുന്ന ഒരു മൂടിയാണ് ഉണ്ടായിരുന്നത്. ഇതിനുള്ളിൽ പട്ടുതുണി, സ്വർണ്ണം പൂശിയ വെള്ളി-ചെമ്പ് കുപ്പി, വിശുദ്ധ ഭസ്മം അടങ്ങിയ ജൈവവസ്തുക്കൾ, പുറംകവചമായി ഉപയോഗിച്ചിരുന്ന കറുത്ത മണ്ണ് എന്നിവ അടങ്ങിയിരുന്നു. ആംഫോറ ഭരണികളുടെ ആകൃതിയിലുള്ള സ്വർണ്ണം പൂശിയ ചെറിയ കുപ്പിക്ക് കുഴിഞ്ഞ അടിഭാഗവും , സിലിണ്ടർ ആകൃതിയിലുള്ള ഉടലും, സ്ക്രൂ ചെയ്യാവുന്ന മൂടിയോടു കൂടിയ ഇടുങ്ങിയ കഴുത്തുമാണുള്ളത്.
 


 
വിശുദ്ധമായ ഈ തിരുശേഷിപ്പുകൾ ഇപ്പോൾ ഒരു ഡെസിക്കേറ്ററിലാണ് (Desiccator) സൂക്ഷിച്ചിരിക്കുന്നത്. ഉള്ളിലെ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വായു കടക്കാത്ത ഗ്ലാസ് പാത്രത്തിനുള്ളിൽ ഇത് മുദ്രണം ചെയ്തിരിക്കുന്നു. സ്വർണ്ണം പൂശിയ വെള്ളി-ചെമ്പ് കുപ്പിക്കും പട്ടുതുണിക്കുമൊപ്പം ഈ തിരുശേഷിപ്പുകൾ ഒരു പരുത്തി മെത്തയ്ക്ക് മുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്; ഇവ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണിത്.

ശ്രീലങ്കയിലെ ദേവ്നിമോറി തിരുശേഷിപ്പുകളുടെ പ്രദർശനം ആത്മീയ പ്രാധാന്യത്തിനപ്പുറം ഇന്ത്യയുടെ സാംസ്‌കാരിക നയതന്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ജനകേന്ദ്രീകൃതമായ വിദേശനയത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഏറ്റവും പവിത്രമായ ബുദ്ധമത പൈതൃകം ശ്രീലങ്കയുമായി പങ്കുവെക്കുന്നതിലൂടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിലും ചരിത്രത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ നാഗരിക ബന്ധത്തിന് ഇന്ത്യ അടിവരയിടുന്നു. ഈ പ്രദർശനം ഇന്ത്യയുടെ മൃദുശക്തിയുടെ ശക്തമായ അടയാളമാണ്. ഇത് ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വളർത്താനും പരസ്പര വിശ്വാസം വർദ്ധിപ്പിക്കാനും ഔദ്യോഗിക നയതന്ത്ര ഇടപെടലുകൾക്ക് വൈകാരികമായ ഒരു തലം നൽകാനും സഹായിക്കുന്നു. ആഗോള ബുദ്ധമത പൈതൃകത്തിന്റെ ഉത്തരവാദിത്തമുള്ള സംരക്ഷകൻ എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കിനെ ഇത് ആവർത്തിച്ചുറപ്പിക്കുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രാദേശിക സൗഹൃദം വർദ്ധിപ്പിക്കുന്നതിനൊപ്പം, ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും സഹവർത്തിത്വവും ലക്ഷ്യംവയ്ക്കുന്ന ഇന്ത്യയുടെ കാഴ്ചപ്പാടിൽ ശ്രീലങ്കയ്ക്കുള്ള പ്രാധാന്യവും ഇത് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ബുദ്ധമത പൈതൃകം ലോകവുമായി പങ്കുവെക്കുന്ന ദീർഘകാല പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന പ്രദർശനം. സമീപ വർഷങ്ങളിൽ, തായ്‌ലൻഡ്, മംഗോളിയ, വിയറ്റ്നാം, റഷ്യൻ ഫെഡറേഷൻ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ ബുദ്ധന്റെ തിരുശേഷിപ്പുകൾ വിജയകരമായി പ്രദർശിപ്പിച്ചിരുന്നു. ഇത് ദശലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിനും കാരണമായി. അടുത്തിടെ ആഘോഷിക്കപ്പെട്ട,വിലമതിക്കാനാവാത്ത ഒരു ദേശീയ നിധിയുടെ തിരിച്ചുവരവായി പ്രധാനമന്ത്രി വാഴ്ത്തിയ പവിത്രമായ പിപ്രാഹ്വ രത്ന അവശിഷ്ടങ്ങൾ  ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിന്റെ തുടർച്ചയായാണ്  ശ്രീലങ്കയിലെ ഈ പ്രദർശനം.

ഈ പ്രദർശനത്തിലൂടെ, ഇന്ത്യയുടെ   സാംസ്കാരിക നയതന്ത്രത്തിൻറെയും  ആഗോള ഐക്യത്തിന്റെയും പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതോടൊപ്പം  ബുദ്ധധർമ്മത്തിന്റെ സാർവത്രിക സന്ദേശമായ'അഹിംസ, കാരുണ്യം, സഹവർത്തിത്വം' എന്നിവ  വീണ്ടും ലോകത്തിന്  കൈമാറുന്നത്തിനും ലക്ഷ്യമിടുന്നു  . ദേവ്‌നിമോറി തിരുശേഷിപ്പുകളുടെ ശ്രീലങ്കയിലേക്കുള്ള യാത്ര സമാധാനത്തിന്റെ ശക്തമായ പ്രതീകമായും, പങ്കിട്ട ആത്മീയ പൈതൃകത്തിന്റെ ആഘോഷമായും, നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക ബന്ധങ്ങളിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ   ഇന്ത്യ- ശ്രീലങ്ക സവിശേഷ സൗഹൃദത്തിന്റെ പുനഃസ്ഥാപനമായും വിലയിരുത്തപ്പെടുന്നു .
 
SKY
 
****

( റിലീസ് ഐ.ഡി: 2222474) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Kannada