രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അമൃത് ഉദ്യാനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിർവ്വഹിച്ചു

പോസ്റ്റഡ് ഓണ്‍: 01 FEB 2026 11:56AM by PIB Thiruvananthpuram

2026-ലെ അമൃത് ഉദ്യാനത്തിന്റെ ശീതകാല വാർഷിക പതിപ്പിന്റെ ഉദ്ഘാടനം രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ഫെബ്രുവരി 1) നിർവ്വഹിച്ചു.

 

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം 2026 ഫെബ്രുവരി 3 മുതൽ മാർച്ച് 31 വരെ പൊതുജന സന്ദർശനത്തിനായി തുറക്കും. പൊതുജനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസവും രാവിലെ പത്തിനും വൈകീട്ട് ആറു മണിക്കും ഇടയിൽ ഉദ്യാനം സന്ദർശിക്കാം. (വൈകുന്നേരം അഞ്ചു മണിയാണ് അവസാന പ്രവേശന സമയം). അറ്റകുറ്റപ്പണി നടക്കുന്ന തിങ്കളാഴ്ച ദിവസങ്ങളിലും ഹോളി ഉത്സവം പ്രമാണിച്ച് മാർച്ച് നാലിനും ഉദ്യാനം അടച്ചിടും.

 

അമൃത് ഉദ്യാനം ഇനിപ്പറയുന്ന ദിവസങ്ങളിൽ പ്രത്യേക വിഭാഗങ്ങൾക്കായി തുറന്നു കൊടുക്കും.

 

• മാർച്ച് 3 - പ്രതിരോധ ഉദ്യോഗസ്ഥർക്ക്

 

• മാർച്ച് 5 - മുതിർന്ന പൗരന്മാർക്ക്

 

• മാർച്ച് 10 - സ്ത്രീകൾക്കും ആദിവാസി വനിതാ സ്വയം സഹായ സംഘങ്ങൾക്കും

 

• മാർച്ച് 13 - ദിവ്യാംഗർ(ഭിന്നശേഷിക്കാർ)ക്ക്

 

ബുക്കിങ്ങും പൂന്തോട്ടത്തിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. https://visit.rashtrapatibhavan.gov.in/ എന്ന ലിങ്കിലൂടെ ഓൺലൈനായി ബുക്ക് ചെയ്യാം. സന്ദർശകാനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതിനാൽ, ഈ വർഷം നേരിട്ടു സ്ഥലത്തെത്തിയുള്ള ബുക്കിങ് സൗകര്യം ലഭ്യമല്ല.

സന്ദർശകർക്ക് ഓൺലൈൻ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. അതിനാൽ, സന്ദർശകർ അവരുടെ സ്ലോട്ടുകൾ ഓൺലൈനായി മുൻകൂട്ടി തന്നെ ബുക്ക് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ടിക്കറ്റിൽ പ്രതിപാദിക്കുന്ന സമയക്രമവും മറ്റ് നിർദ്ദേശങ്ങളും പാലിക്കാനും അവരോട് നിർദ്ദേശിക്കുന്നു. ഒരു പ്രത്യേക ദിവസത്തേക്കുള്ള ബുക്കിങ് അതിന്റെ തലേദിവസം രാവിലെ പത്തു മണിക്ക് അവസാനിക്കും.

 

നോർത്ത് അവന്യൂ രാഷ്ട്രപതി ഭവനുമായി ചേരുന്ന സ്ഥലത്തിന് സമീപമുള്ള രാഷ്ട്രപതിയുടെ എസ്റ്റേറ്റിന്റെ ഗേറ്റ് നമ്പർ 35-ലൂടെയാണ് എല്ലാ സന്ദർശകർക്കും പ്രവേശനവും മടക്കവും. സന്ദർശകരുടെ സൗകര്യാർത്ഥം സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഗേറ്റ് നമ്പർ 35 ലേക്ക് രാവിലെ 9.30 നും വൈകുന്നേരം 6.00 നും ഇടയിൽ എല്ലാ അര മണിക്കൂറിലും ബസ്സുകളുടെ ഷട്ടിൽ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള അവസാന ഷട്ടിൽ ബസ് സർവീസ് വൈകീട്ട് നാലു മണിക്കാണ്.

 

ബാലവാടിക(കുട്ടികളുടെ പൂന്തോട്ടം)-പ്ലൂമേരിയ ഉദ്യാനം-ആൽ ഉദ്യാനം- ബോൺസായി പൂന്തോട്ടം- നീർച്ചാലുകളുടെ ആരവം (ബബ്ലിങ് ബ്രൂക്ക്)- സെൻട്രൽ പുൽത്തകിടി, നീണ്ട ഉദ്യാനം (ലോംഗ് ഗാർഡൻ)-വർത്തുള ഉദ്യാനം (സർക്കുലർ ഗാർഡൻ) എന്നിങ്ങനെയാണ് സന്ദർശകരുടെ പാത.

 

 

ലില്ലിച്ചെടികളും വിവിധതരം റോസാപ്പൂക്കളും കൂടാതെ, ഈ വർഷം സന്ദർശകർക്ക് ചെറിയ വെള്ളച്ചാട്ടങ്ങളോട് കൂടിയ ജലധാരയായ ബബ്ലിങ് ബ്രൂക്കും, കാൽനടയ്ക്കിടെ കാലിൽ മർദം അനുഭവപ്പെടുത്തുന്ന കല്ലുകൾ പാകിയ പാതകളോട് കൂടിയ ആൽ തോട്ടവും കാണാൻ കഴിയും.

 

 

സന്ദർശകർക്ക് മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് താക്കോലുകൾ, പേഴ്സ്/ഹാൻഡ് ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, ശിശുക്കൾക്കുള്ള പാൽ കുപ്പികൾ എന്നിവ കൊണ്ടുപോകാം. പൊതുവഴിയിൽ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം, ശൗചാലയങ്ങൾ, പ്രഥമശുശ്രൂഷ/ചികിത്സാ സൗകര്യങ്ങൾ എന്നിവ ലഭ്യമാകും.

 

അമൃത് ഉദ്യാനത്തിനു പുറമേ, ആളുകൾക്ക് രാഷ്ട്രപതി ഭവനും രാഷ്ട്രപതി ഭവൻ മ്യൂസിയവും ആഴ്ചയിൽ ആറ് ദിവസവും (ചൊവ്വ മുതൽ ഞായർ വരെ) സന്ദർശിക്കാം. രാഷ്ട്രപതി ഭവന്റെ മുൻവശത്തെ വിശാലമായ അങ്കണത്തിൽ എല്ലാ ശനിയാഴ്ചയും കാവൽക്കാരെ മാറ്റുന്ന ചടങ്ങ് കാണാനും സന്ദർശകർക്ക് കഴിയും.

കൂടുതൽ വിവരങ്ങൾക്ക് https://visit.rashtrapatibhavan.gov.in സന്ദർശിക്കുക.

****


( റിലീസ് ഐ.ഡി: 2221601) സന്ദര്‍ശക കൗണ്ടര്‍ : 48
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil