വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ- ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെയും ഉൾക്കൊള്ളുന്നു, ആഗോള ജിഡിപിയുടെ 25 ശതമാനത്തെ സ്വാധീനിക്കുന്നു: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ

प्रविष्टि तिथि: 30 JAN 2026 6:10PM by PIB Thiruvananthpuram
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ, ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെ ഉൾക്കൊള്ളുന്നതായും, ഇത് ആഗോള ജിഡിപിയുടെ ഏകദേശം 25 ശതമാനം വരുമെന്നും ആഗോള വ്യാപാരത്തിന്റെ ഒരു പ്രധാന പങ്ക് പ്രതിനിധീകരിക്കുന്നതായും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ),ഗ്രേറ്റർ നോയിഡയിൽ സംഘടിപ്പിച്ച വേൾഡ് ഫോറം ഓഫ് അക്കൗണ്ടന്റ്സിനെ അദ്ദേഹം അഭിസംബോധന ചെയ്തു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്, ഇന്ത്യ-യൂറോപ്യൻ യൂണിയൻ എഫ്‌ടിഎയെ "എല്ലാ ഇടപാടുകളുടെയും മാതാവ്" എന്ന് വിശേഷിപ്പിച്ചത് ചെറിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
 
യൂറോപ്യൻ വിപണിയുടെ വിശാലമായ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട്, യൂറോപ്യൻ യൂണിയൻ മാത്രം ഏകദേശം 7 ട്രില്യൺ ഡോളറിന്റെ ചരക്കും 3 ട്രില്യൺ ഡോളറിന്റെ സേവനങ്ങളും ഇറക്കുമതി ചെയ്യുന്നുവെന്നും, ഇവ ഒരുമിച്ച് 10 ട്രില്യൺ ഡോളറിന്റെ വിപണിയെ പ്രതിനിധീകരിക്കുന്നുവെന്നും ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയുടെ നിലവിലെ കയറ്റുമതി ഈ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും ഇന്ത്യയ്ക്ക് മുന്നിലുള്ള അവസരങ്ങൾ അഭൂതപൂർവമാണെന്നും അവ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
 കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇന്ത്യ എട്ട് സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള രാജ്യത്തിന്റെ ഇടപെടലിലെ അടിസ്ഥാനപരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 27 രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയൻ , സ്വിറ്റ്‌സർലൻഡ്, ലിച്ചെൻ‌സ്റ്റൈൻ, നോർവേ, ഐസ്‌ലാൻഡ് എന്നീ നാല് രാജ്യങ്ങളുള്ള EFTA ബ്ലോക്ക്, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാൻ എന്നിവയുൾപ്പെടെ യൂറോപ്പിലെയും മറ്റു മേഖലകളിലെയും പ്രധാന സമ്പദ്‌വ്യവസ്ഥകളെ ഈ കരാറുകൾ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഗോള മൂല്യ ശൃംഖലകളുമായുള്ള ഇന്ത്യയുടെ സംയോജനം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഇന്ത്യൻ നൈപുണ്യ ശേഷി, യുവ പ്രൊഫഷണലുകൾ എന്നിവർക്ക് ഈ കരാറുകൾ നൂതനവും പ്രധാനവുമായ അവസരങ്ങൾ തുറക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
 
ചിലിയുമായി ഇന്ത്യ ഉടൻ തന്നെ ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുമെന്നും ഇത് നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്നും വാണിജ്യ മന്ത്രി കൂട്ടിച്ചേർത്തു. EFTA രാജ്യങ്ങളുമായുള്ള കരാറിനെക്കുറിച്ച് പരാമർശിക്കവേ, ഇത് അടിസ്ഥാന സൗകര്യ വികസനം, നൂതനാശയം, കൃത്യതയുള്ള ഉൽപ്പാദനം എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലേക്ക് 100 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ നിക്ഷേപത്തിന് ഏകദേശം 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കഴിഞ്ഞ 25 വർഷത്തിനിടെ 70 മില്യൺ ഡോളർ മാത്രം നിക്ഷേപിച്ച ന്യൂസിലാൻഡ്, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പ്രതിജ്ഞാബദ്ധത പങ്ക് വെച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.
 
ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പാത, യുവതയുടെ ജനസംഖ്യാപരമായ നേട്ടം, നൈപുണ്യ അടിത്തറ, സമഗ്രത എന്നിവയിൽ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ ഈ പ്രതിജ്ഞാബദ്ധതകൾ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യൻ പ്രൊഫഷണലുകൾ വിദ്യാസമ്പന്നരും അഭിലാഷമുള്ളവരും കഠിനാധ്വാനികളും വിശ്വസനീയരുമാണെന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 2047 ഓടെ ഇന്ത്യ ഒരു വികസിതവും സമ്പന്നവുമായ രാഷ്ട്രമായി മാറുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോഴേക്കും, 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി വികസിതവും സമ്പന്നവുമായ രാജ്യമായി മാറാനുള്ള ഇന്ത്യയുടെ യാത്രയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഒരു അവിഭാജ്യ ഘടകമാകണമെന്നും ശ്രീ ഗോയൽ പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല, ഇന്ത്യയ്ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കും ഇടയിലുള്ള ഒരു പാലമായും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
നിലവിലെ ആഗോള സാഹചര്യത്തെക്കുറിച്ച് പരാമർശിക്കവേ, ലോകം അസ്ഥിരവും അനിശ്ചിതവും സങ്കീർണ്ണവും അവ്യക്തവുമായ കാലഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തെ പ്രക്ഷുബ്ധവും പ്രവചനാതീതവുമായ ഒരു കാലഘട്ടമായി വിശേഷിപ്പിച്ച അദ്ദേഹം, മാറ്റങ്ങൾ വേഗത്തിൽ സംഭവിക്കുന്നുണ്ടെന്നും ആത്മവിശ്വാസം, കഴിവ്, നൈപുണ്യം, വലുതായി ചിന്തിക്കാനുള്ള കഴിവ്, ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യാനുള്ള ധൈര്യം എന്നിവയുള്ളവർക്ക് വിജയിക്കാനാകുമെന്ന്  അഭിപ്രായപ്പെട്ടു. അത്തരം അനിശ്ചിതത്വത്തിനിടയിൽ, സ്ഥിരതയുടെ ഒരു മരുപ്പച്ചയായി ഇന്ത്യ വേറിട്ടുനിൽക്കുന്നുവെന്ന് ശ്രീ ഗോയൽ പറഞ്ഞു.
 
 ഇന്ത്യയ്ക്ക് ഇന്ന് ശക്തമായ സ്ഥൂല സാമ്പത്തിക അടിസ്ഥാനങ്ങളുണ്ടെന്നും ഉയർന്ന വളർച്ചാ നിരക്കും കുറഞ്ഞ പണപ്പെരുപ്പവുമുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയ്ക്ക് ശക്തമായ ബാങ്കിംഗ് സംവിധാനവും കരുത്തുറ്റ വിദേശനാണ്യ കരുതൽ ശേഖരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാര വിപണികളിലെ പ്രക്ഷുബ്ധതകൾക്കിടയിലും, ഇന്ത്യയുടെ ചരക്ക്- സേവന കയറ്റുമതി ഈ വർഷവും വർധിച്ചുകൊണ്ടിരിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഇന്ത്യ നിരന്തരം വളർന്നുകൊണ്ടിരിക്കുമെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉടൻ മാറുമെന്നും പറഞ്ഞു.
 
രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് ശ്രീ ഗോയൽ സംസാരിച്ചു.2014 ൽ ഇന്ത്യ, ലോകത്തെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യാനും പൗരന്മാരിൽ ആത്മവിശ്വാസം വളർത്താനും വളർച്ച ത്വരിതപ്പെടുത്താനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രവചനങ്ങളെക്കാൾ വളരെ നേരത്തെ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ഇന്ത്യഎന്നും രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളിൽ പോലും ഈ മാറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യ ഇപ്പോൾ ലോകവുമായി മടിയോ പ്രതിരോധമോ ഉള്ള രാജ്യമായല്ല, മറിച്ച് ആത്മവിശ്വാസമുള്ള രാജ്യമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ഇപ്പോൾ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുന്നുണ്ടെന്നും, അവ ന്യായവും, തുല്യവും, സന്തുലിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 ആഗോള കേപ്പബിലിറ്റി സെന്റർ, നിക്ഷേപങ്ങൾ, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിലും വിദേശത്തും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഗണ്യമായ അവസരങ്ങളുണ്ടെന്ന്പ്രൊഫഷണലുകളുടെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ ഗോയൽ പറഞ്ഞു. യഥാർത്ഥവും നീതിയുക്തവുമായ അക്കൗണ്ടുകൾ സാക്ഷ്യപ്പെടുത്തുന്നതിൽ ഈ തൊഴിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്തുകയും രാജ്യത്തേക്ക് മൂലധനം ആകർഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയിലെ 184 ചാപ്റ്ററുകളിലായും 47 രാജ്യങ്ങളിലെ ദൗത്യങ്ങളിലായും 4.25 ലക്ഷത്തിലധികം സജീവ പ്രൊഫഷണലുകൾ ഉൾപ്പെടെ 5.25 ലക്ഷത്തിലധികം ചാർട്ടേഡ് അക്കൗണ്ടന്റുമാരുണ്ട്.ഈ തൊഴിൽ ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തി പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ കർശനമായ പരിശീലനവും വിശാലമായ അറിവും ലോകത്തെവിടെയും തൊഴിൽ നോക്കാൻ അവരെ സജ്ജരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
പ്രൊഫഷണലുകളെ വലുതായി ചിന്തിക്കാൻ പ്രേരിപ്പിച്ച ശ്രീ ഗോയൽ, ഉയർന്ന നേട്ടങ്ങൾ ആഗ്രഹിക്കാനും, പങ്കാളിത്തങ്ങൾ സൃഷ്ടിക്കാനും, പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും, ആഗോള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പ്രോത്സാഹിപ്പിച്ചു. നൈപുണ്യ മേഖലകൾ വികസിപ്പിക്കാനും, സുഖകരമായ മേഖലകൾക്ക് അപ്പുറത്തേക്ക് നീങ്ങാനും, അമൃത് കാലത്തിന്റെ അവസരങ്ങൾക്കായി തയ്യാറെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
 
 അന്താരാഷ്ട്ര വ്യാപാരം, ഉൽപ്പാദനം, സേവനങ്ങൾ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പ്രൊഫഷണൽ പരിശീലനത്തിലും പാഠ്യപദ്ധതിയിലും ആഗോളതലത്തിലുള്ള പരിചയം സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ലോകവുമായി ഇടപഴകാതെ ഒരു രാജ്യത്തിനും വികസിക്കാൻ കഴിയില്ലെന്നും ആഗോള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സ്വയം സജ്ജരാകണമെന്നും അദ്ദേഹം ചാർട്ടേഡ് അക്കൗണ്ടന്റുകളോട് ആഹ്വാനം ചെയ്തു.
 
ഇന്ത്യയുടെ വളർച്ചാ യാത്രയിൽ പ്രൊഫഷണലുകൾ കൂട്ടായി വലിയ പങ്ക് വഹിക്കാൻ പ്രതിജ്ഞാബദ്ധരാണെങ്കിൽ, ചാർട്ടേഡ് അക്കൗണ്ടൻസി പ്രൊഫഷന് സമ്പദ്‌വ്യവസ്ഥയെ നിലനിർത്താനും അമൃത് കാലത്തിൽ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയുമെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായും അന്താരാഷ്ട്ര ശക്തി കേന്ദ്രമായും മാറ്റുന്നതിന് ഈ പ്രൊഫഷൻ ഗണ്യമായി സംഭാവന ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
***

(रिलीज़ आईडी: 2221064) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी