രാസവള വകുപ്പ്
azadi ka amrit mahotsav

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധങ്ങളിൽ പുതു ഗതിവേഗം

प्रविष्टि तिथि: 29 JAN 2026 7:20PM by PIB Thiruvananthpuram

കാനഡ പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്‌സൺ നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘവുമായി 2026 ജനുവരി 29-ന് ന്യൂഡൽഹിയിൽ ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തുക്കൾ വകുപ്പ് മന്ത്രി ശ്രീ ജെ പി നദ്ദ കൂടിക്കാഴ്ച നടത്തി. 

മണ്ണിന്റെ ഫലഭൂയിഷ്ഠത പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയുടെ സംയോജിത പോഷക പരിപാലന ചട്ടക്കൂടിന് കീഴിൽ സന്തുലിത പോഷക പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ പൊട്ടാഷ് ലഭ്യത ശക്തിപ്പെടുത്തുന്നത് വളരെ പ്രധാനമാണെന്ന് കനേഡിയൻ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത ശ്രീ നദ്ദ പറഞ്ഞു. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിന്റെ (എംഒപി) വിശ്വസനീയമായ വിതരണ രാജ്യം എന്ന നിലയിൽ കാനഡയുടെ പങ്കിനെ അഭിനന്ദിച്ച ശ്രീ നദ്ദ, ഇന്ത്യയുടെ എംഒപി വളത്തിന്റെ മൊത്തം ആവശ്യകതയുടെ ഏകദേശം 25% കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കനേഡിയൻ പൊട്ടാഷ് വികസന കമ്പനിയായ കർണലൈറ്റ് റിസോഴ്‌സസ് ഇൻ‌കോർപ്പറേറ്റഡിൽ, ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ജിഎസ്‌എഫ്‌സി) 49.68 ദശലക്ഷം സിഎഡി നിക്ഷേപം നടത്തിയതായും അദ്ദേഹം എടുത്തുപറഞ്ഞു. ഈ പദ്ധതിയിൽ നിലവിൽ ജിഎസ്എഫ്‌സിക്ക് 47.73% ഓഹരി പങ്കാളിത്തമുണ്ട്, ഇത് ഈ സുപ്രധാന പൊട്ടാഷ് ആസ്തി പദ്ധതിയിൽ ഇന്ത്യയ്ക്ക് ഗണ്യമായ തന്ത്രപരമായ പ്രാധാന്യം നൽകുന്നു.

 ഇന്ത്യയുടെ കാർഷിക ഉൽപ്പാദനക്ഷമതയെ പിന്തുണയ്ക്കുന്നതിനുള്ള കാനഡയുടെ പ്രതിജ്ഞാബദ്ധത ചർച്ചയിൽ ശ്രീ. ഹോഡ്‌സൺ സ്ഥിരീകരിച്ചു. കൃഷിക്ക് നിർണായകമായ ഒരു ധാതുവാണ് പൊട്ടാഷ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയുടെ പുതിയ നിക്ഷേപ അന്തരീക്ഷം അദ്ദേഹം വിശദീകരിച്ചു. പ്രകൃതിവിഭവ മേഖലയിൽ ഇന്ത്യൻ പങ്കാളികൾ നടത്തുന്ന ഏതൊരു നിക്ഷേപവും കാനഡ ഗവൺമെന്റ് പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഖനനത്തിലും പര്യവേക്ഷണത്തിലും സാങ്കേതിക സഹകരണത്തിനുള്ള അവസരങ്ങൾ, എംഒപിക്കായി കാനഡയുമായി കൂടുതൽ ദീർഘകാല വിതരണ കരാറുകൾ നേടുന്നതിനുള്ള ഇന്ത്യയുടെ താൽപ്പര്യം,എന്നിവ ഉൾപ്പെടെ പൊട്ടാഷ് ലഭ്യതയ്ക്കുള്ള ഇന്ത്യയുടെ ദീർഘകാല തന്ത്രത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

വളം മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ-കാർഷിക സുരക്ഷയ്ക്കായി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെയും കാനഡയുടെയും പൊതുവായ പ്രതിജ്ഞാബദ്ധത ചർച്ചകൾ എടുത്തുകാണിച്ചു.പരസ്പരം ആഴത്തിലുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുകയും വളം മേഖലയിൽ പ്രയോജനകരമായ നിക്ഷേപങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സംരംഭത്തിൽ നിന്ന് ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

*****

 

 


(रिलीज़ आईडी: 2220554) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Kannada