ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് ന്യൂഡൽഹിയിൽ, സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ–2026 വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു
प्रविष्टि तिथि:
28 JAN 2026 6:08PM by PIB Thiruvananthpuram
ദേശീയതലത്തിൽ പൊതുജന സമ്പർക്കം, അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മുൻനിര സംരംഭമായ സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ–2026 ന് ഇന്ന് രാവിലെ ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നിന്ന് തുടക്കമായി. മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട്, സൈക്ലത്തോൺ വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.
ഇതോടെ 25 ദിവസത്തെ മെഗാ ദേശീയ പരിപാടിക്ക് ഔദ്യോഗിക തുടക്കമായി. ബഖാലിയിൽ (പശ്ചിമ ബംഗാൾ) നിന്നും ലഖ്പത്തിൽ (ഗുജറാത്ത്) നിന്നും രണ്ട് സിഐഎസ്എഫ് സൈക്ലിംഗ് ടീമുകൾ ഒരേസമയം പുറപ്പെട്ടു. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങളിലൂടെ ഏകദേശം 6,500 കിലോമീറ്റർ സഞ്ചരിച്ച് ഒമ്പത് തീരദേശ സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട് 2026 ഫെബ്രുവരി 22 ന് യാത്ര കൊച്ചിയിൽ സമാപിക്കും.
ഫ്ലാഗ് ഓഫ് ചടങ്ങിൽ യുവജനകാര്യ-കായിക മന്ത്രാലയം സെക്രട്ടറി ഡോ. പല്ലവി ജെയിൻ ഗോവിൽ; ഐടിബിപി ഡയറക്ടർ ജനറൽ ശ്രീ ശത്രുജീത് കപൂർ; സിഐഎസ്എഫ് ഡയറക്ടർ ജനറൽ ശ്രീ പ്രവീർ രഞ്ജൻ; എൻഐഎ ഡയറക്ടർ ജനറൽ ശ്രീ രാകേഷ് അഗർവാൾ; പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദി, എസ്എസ്ബി ഡയറക്ടർ ജനറൽ ശ്രീ സഞ്ജയ് സിംഗാൾ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
സൈക്ലിസ്റ്റുകൾക്ക് പ്രതീകാത്മക പിന്തുണ നൽകുന്നതിനായി ഇന്ത്യാ ഗേറ്റിന് സമീപം നടന്ന സൈക്കിൾ റാലിയിലും വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. അവരുടെ സാന്നിധ്യം മന്ത്രാലയങ്ങൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലുമുള്ള ശക്തമായ സഹകരണത്തെ പ്രതിഫലിപ്പിച്ചു. ഇത് ഈ സംരംഭത്തിന്റെ ദേശീയ പ്രാധാന്യം എടുത്തു കാണിക്കുകയും ജാഗ്രത, ഐക്യദാർഢ്യം, പൊതു ദേശീയ ദൃഢനിശ്ചയം എന്നിവയുടെ ഏകീകൃത സന്ദേശം നൽകുകയും ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് പ്രചോദനം നൽകുകയും തലമുറകളെ ദേശീയ സേവനത്തിന്റെ ബോധത്താൽ നയിക്കുകയും ചെയ്യുന്ന ഇതിഹാസ ഗാനമായ 'വന്ദേമാതരം' ത്തിന്റെ 150 വർഷത്തെ സ്മരണയ്ക്കായി ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതായി കോസ്റ്റൽ സൈക്ലത്തോണിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ യുടെ നേതൃത്വത്തിൽ, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്ന് ശ്രീ റായ് ഊന്നിപ്പറഞ്ഞു. പൊതുജനങ്ങളുടെ, പ്രത്യേകിച്ച് തീരദേശ സമൂഹങ്ങളുടെ സജീവമായ പങ്കാളിത്തത്തിലൂടെ മാത്രമേ തീരദേശ സുരക്ഷ ശക്തിപ്പെടുത്താൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്പിഎസ്) കോഡിന് കീഴിൽ അംഗീകൃത സുരക്ഷാ സ്ഥാപനം (ആർഎസ്ഒ) ആയി സിഐഎസ്എഫിനെ നിയോഗിച്ചിരിക്കുന്നത് സ്ഥാപനപരമായ ഒരു പ്രധാന നാഴികക്കല്ലാണെന്നും ദേശീയ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമുദ്ര, തുറമുഖ സുരക്ഷാ സംവിധാനത്തിന്റെ പ്രധാന സ്ഥാനത്ത് സേനയെ സ്ഥാപിച്ചിരിക്കുന്നു. 'സുരക്ഷിത തീരം, സമൃദ്ധ ഇന്ത്യ' എന്ന പ്രമേയത്തിലൂന്നി ഇന്ത്യൻ മഹാസമുദ്രത്തിനായുള്ള "സാഗർ - മേഖലയിലെ ഏവർക്കും സുരക്ഷയും വളർച്ചയും" എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനവുമായി ഈ സംരംഭം യോജിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
"വന്ദേമാതരം" സംഘഗാനാലാപനവും സിഐഎസ്എഫ് ബാൻഡ് പ്രകടനവും അന്തരീക്ഷത്തിൽ അഭിമാനവും ദേശസ്നേഹവും നിറച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് പ്രചോദനം നൽകുകയും ദേശീയ ഐക്യം, ത്യാഗം, കൂട്ടായ ദൃഢനിശ്ചയം എന്നിവയെ പ്രതീകപ്പെടുത്തുകയും ചെയ്ത ഇതിഹാസ ഗീതമായ "വന്ദേമാതരത്തിന്റെ" 150 വർഷത്തെ സ്മരണയുടെ ഭാഗമായാണ് സൈക്ലത്തോൺ സംഘടിപ്പിക്കുന്നതെന്ന് സിഐഎസ്എഫ് ഡയറക്ടർ ജനറൽ ശ്രീ പ്രവീർ രഞ്ജൻ ചടങ്ങിൽ പറഞ്ഞു. ഈ ചരിത്ര പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സുപ്രധാന സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിൽ പൗരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് വന്ദേമാതരത്തിന്റെ ആവേശത്തെ പ്രായോഗിക പ്രവർത്തനമാക്കി മാറ്റാൻ ഈ സമകാലിക സംരംഭം ശ്രമിക്കുന്നു.
പരിപാടിയുടെ ലക്ഷ്യങ്ങളും പ്രമേയപരമായ ശ്രദ്ധകേന്ദ്രവും :
സിഐഎസ്എഫ് കോസ്റ്റൽ സൈക്ലത്തോൺ–2026 ലക്ഷ്യമിടുന്നത്:
•മയക്കുമരുന്ന്, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് പോലുള്ള ഭീഷണികളെക്കുറിച്ച് തീരദേശ സമൂഹങ്ങളെ ബോധവൽക്കരിക്കുകയും ജാഗ്രത വളർത്തുകയും ചെയ്യുക.
•ശക്തമായ തീരദേശ സുരക്ഷാ ശൃംഖലയ്ക്കായി തീരദേശ സമൂഹങ്ങളും സുരക്ഷാ ഏജൻസികളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക.
•സ്വാതന്ത്ര്യ സമര സേനാനികളുടെയും രക്തസാക്ഷികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗങ്ങളെ ആദരിച്ചുകൊണ്ട് വന്ദേമാതരത്തിന്റെ ചൈതന്യം നിലനിർത്തുക .
•ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകം, പാരമ്പര്യങ്ങൾ, ചരിത്രം, ഭൂമിശാസ്ത്ര സവിശേഷത എന്നിവ ആഘോഷിക്കുക. തീരദേശ സമൂഹങ്ങളുടെ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ വിലമതിക്കാനാവാത്ത സംഭാവനകൾ എടുത്തുകാണിക്കുക.
• തീരദേശ സമൂഹങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഫിറ്റ്നസ്, അച്ചടക്കം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുക.
രാജ്യത്തിന്റെ "തത് പ്രഹാരികൾ" (തീരദേശ സംരക്ഷകർ) എന്ന നിലയിൽ തീരദേശ സമൂഹങ്ങളുടെ - പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ - നിർണായക പങ്കിനെ ഊന്നിപ്പറയാനും ഈ സംരംഭം ശ്രമിക്കുന്നു.
സാമൂഹ്യ ഇടപെടലും ഗ്രാമങ്ങളുടെ ദത്തെടുക്കലും
ഈ പതിപ്പിലെ സൈക്ലത്തോണിന്റെ ഒരു പ്രധാന ഘടകമാണ് സാമൂഹ്യ ഇടപെടലുകൾ. യാത്രയ്ക്കിടെ സൈക്ലത്തോൺ, ഒരു വർഷം നീണ്ടുനിൽക്കുന്ന സുസ്ഥിരമായ ഇടപെടലിനായി സിഐഎസ്എഫ് ഏറ്റെടുക്കുന്ന 52 തീരദേശ ഗ്രാമങ്ങളിൽ തങ്ങും. ഒഎൻജിസി, തുറമുഖ അധികാരികൾ, മറ്റ് സമുദ്ര ഏജൻസികൾ തുടങ്ങിയ പ്രധാന പങ്കാളികളുടെ ഏകോപനത്തോടെ, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങൾ വഴി പിന്തുണയ്ക്കുന്ന സാമൂഹ്യ ക്ഷേമ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഈ ഗ്രാമങ്ങളിൽ പ്രാദേശിക സിഐഎസ്എഫ് യൂണിറ്റുകൾ ഏറ്റെടുക്കും.
ഇന്ത്യയുടെ തീരപ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്ന 47 സിഐഎസ്എഫ് യൂണിറ്റുകളുള്ളതിനാൽ, ഈ ദത്തെടുത്ത ഗ്രാമങ്ങളുമായി സേന ദീർഘകാല അടിസ്ഥാനത്തിൽ നിരന്തര ഇടപെടൽ ഉറപ്പാക്കും.
യുവജന സമ്പർക്കം, സാമൂഹിക അവബോധം, പരിസ്ഥിതി ഉത്തരവാദിത്വo
സുസ്ഥിരമായ ഇടപെടലിന്റെ ഭാഗമായി, യുവ പൗരന്മാരെ ഉൽപ്പാദനപരമായ രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി റിക്രൂട്ട്‌മെന്റ് ബോധവൽക്കരണ യജ്ഞo, കായിക പ്രവർത്തനങ്ങൾ, യുവജന ഇടപെടൽ പരിപാടികൾ എന്നിവ നടത്തും. ബോധവൽക്കരണ പരിപാടികൾ, സാംസ്കാരിക പരിപാടികൾ, സ്വച്ഛ് ഭാരത് യജ്ഞം , മരംനടീൽ യജ്ഞം, മയക്കുമരുന്ന് ദുരുപയോഗത്തിനും കടത്തിനും എതിരായ സംരംഭങ്ങൾ, തീരദേശ സമൂഹങ്ങൾക്കിടയിൽ സാമൂഹിക അവബോധം, ശുചിത്വം, പരിസ്ഥിതി ഉത്തരവാദിത്വo എന്നിവ വളർത്തൽ എന്നിവയും ജനസമ്പർക്ക പദ്ധതിയിൽ ഉൾപ്പെടുന്നു.
സ്ത്രീ ശാക്തീകരണവും ഉൾപ്പെടുത്തലും
യുവജന പങ്കാളിത്തവും സ്ത്രീ ശാക്തീകരണവുമാണ് സൈക്ലത്തോണിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. പങ്കെടുക്കുന്ന സൈക്ലിസ്റ്റുകളിൽ 50 ശതമാനവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. ഇത് ദേശീയ സേവന സംരംഭങ്ങളിൽ ലിംഗപരമായ ഉൾപ്പെടുത്തലിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിനെ പ്രതിഫലിപ്പിക്കുന്നു. ഫിറ്റ്‌നസ് അധിഷ്ഠിത പൊതുജന ഇടപെടലിലൂടെ, അച്ചടക്കം, ശാരീരിക ക്ഷമത, രാജ്യത്തിനായുള്ള സേവന മനോഭാവം എന്നിവ സ്വീകരിക്കാൻ പൗരന്മാരെ പ്രചോദിപ്പിക്കാൻ സൈക്ലത്തോൺ ശ്രമിക്കുന്നു.
പ്രധാന പരിപാടികളും പൊതുജന പങ്കാളിത്തവും
മുംബൈ, ഗോവ, മംഗളൂരു, കൊണാർക്ക്, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിൽ നടക്കുന്ന പ്രധാന പരിപാടികളിൽ കായികം, സംസ്കാരം, ചലച്ചിത്രo, വ്യവസായം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ പങ്കാളിത്തത്തിന് സൈക്ലത്തോൺ സാക്ഷ്യം വഹിക്കും. പരിപാടി കൊച്ചിയിൽ സമാപിക്കും.
ദേശീയ ദർശനവുമായി പൊരുത്തപ്പെടുത്തൽ:
തീരപ്രദേശങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയും, സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും, ജാഗ്രതയുള്ള, ആരോഗ്യമുള്ള , ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തുന്നതിലൂടെയും, CISF വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ - 2026, വികസിത ഭാരതം @2047 എന്ന ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്നു.
***
(रिलीज़ आईडी: 2219827)
आगंतुक पटल : 6