പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഇന്ത്യ ഊർജ്ജ വാരം 2026 ൽ ഊർജ്ജ സഹകരണം സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ഇന്ത്യയും കാനഡയും ഒപ്പുവച്ചു.
प्रविष्टि तिथि:
27 JAN 2026 8:28PM by PIB Thiruvananthpuram
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവും കാനഡയുടെ ഊർജ്ജ, പ്രകൃതിവിഭവ മന്ത്രാലയവും പുറത്തിക്കിയ സംയുക്ത പ്രസ്താവന
ഇന്ത്യയുടെ ആദരണീയ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ ക്ഷണപ്രകാരം, കാനഡയുടെ ബഹുമാന്യനായ ഊർജ്ജ, പ്രകൃതിവിഭവ മന്ത്രി ശ്രീ തിമോത്തി ഹോഡ്‌സൺ ഗോവയിൽ നടന്ന ഇന്ത്യ ഊർജ്ജ വാരം 2026 (India Energy Week 2026-IEW’26) ൽ പങ്കെടുത്തു. ഇതാദ്യമായാണ് IEW’26-ൽ ഒരു കനേഡിയൻ കാബിനറ്റ് മന്ത്രിയുടെ ഉന്നതതല പങ്കാളിത്തമുണ്ടാകുന്നത്. പരിപാടിയുടെ ഭാഗമായി, ഇരുവരും ഉഭയകക്ഷി യോഗം ചേരുകയും ഇന്ത്യ-കാനഡ മന്ത്രിതല ഊർജ്ജ സംഭാഷണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. യോഗത്തിൽ, ഇരു രാജ്യങ്ങളുടെയും സുരക്ഷ, ക്ഷേമം, സാമ്പത്തിക വളർച്ച എന്നിവയിൽ ഊർജ്ജ സുരക്ഷക്കും വിതരണ വൈവിധ്യത്തിനുമുള്ള പ്രാധാന്യം മന്ത്രിമാർ ആവർത്തിച്ച് വ്യക്തമാക്കി.
2025 ജൂണിൽ കാനഡയിലെ കാനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യ, കാനഡ പ്രധാനമന്ത്രിമാരുടെ ആശയവിനിമയത്തിന്റെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിക്കപ്പെട്ടത്. മുതിർന്ന മന്ത്രിതല ഇടപെടലുകളും പ്രവർത്തനങ്ങളും പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും കാനഡയുടെ പ്രകൃതിവിഭവ മന്ത്രാലയവും ഊർജ്ജ മേഖലകളുടെ പരസ്പരപൂരകത്വത്തെയും ഊർജ്ജ കാര്യങ്ങളിൽ സുസ്ഥിരമായ ഇടപെടലിലൂടെ കൈവരിക്കേണ്ട മൂല്യവർദ്ധനവിനെയും അംഗീകരിച്ചു. കയറ്റുമതി വൈവിധ്യവൽക്കരണത്തിന് മുൻഗണന നൽകി ശുദ്ധവും പരമ്പരാഗതവുമായ ഊർജ്ജ മേഖലയിൽ ഒരു “വൻശക്തി” ആകുക എന്നതാണ് കാനഡയുടെ ലക്ഷ്യം. അതേസമയം ആഗോള ഊർജ്ജ ഭൂമികയിൽ സജീവ പങ്കാളിത്തം വഹിക്കാനും വൈപുല്യം, സ്ഥിരത, ദീർഘകാല സാധ്യത എന്നിവയിൽ അധിഷ്ഠിതമായ സ്വാഭാവികവും സഹവർത്തിത്വതിലധിഷ്ഠിതവുമായ പങ്കാളിത്തം ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) പദ്ധതികൾ കാനഡയ്ക്കുണ്ട്. ഉൽപാദനം വർദ്ധിപ്പിക്കുകയും ട്രാൻസ് മൗണ്ടൻ എക്സ്പാൻഷൻ (ടിഎംഎക്സ്) പൈപ്പ്‌ലൈൻ വഴി ഏഷ്യൻ വിപണികളിലേക്ക് അസംസ്കൃത എണ്ണയുടെ കയറ്റുമതി സുഗമമാക്കുകയും കാനഡയുടെ പടിഞ്ഞാറൻ തീരം വഴി ഏഷ്യയിലേക്കുള്ള ദ്രവീകൃത പെട്രോളിയം വാതക (എൽപിജി) കയറ്റുമതി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും, നാലാമത്തെ വലിയ എൽഎൻജി ഇറക്കുമതി രാജ്യവും, മൂന്നാമത്തെ വലിയ എൽപിജി ഉപഭോക്താവും, നാലാമത്തെ വലിയ ശുദ്ധീകരണ ശേഷിയുമുള്ള ഇന്ത്യ, ആഗോള ഊർജ്ജ ഭൂമികയിൽ പ്രധാന സ്വാധീന കേന്ദ്രമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത രണ്ട് ദശകങ്ങളിൽ ആഗോള ഊർജ്ജ ആവശ്യകതയിലെ വളർച്ചയുടെ മൂന്നിലൊന്നിലധികം ഇന്ത്യയുടെ സംഭാവന ആയിരിക്കും. ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ സംഭാവനയാണിത്. ഇന്ത്യയിൽ ആഭ്യന്തര എണ്ണ ഉത്പാദനം വർദ്ധിപ്പിക്കൽ, ശുദ്ധീകരണ ശേഷി ശക്തിപ്പെടുത്തൽ, ഊർജ്ജ മിശ്രിതത്തിൽ പ്രകൃതിവാതകത്തിന്റെ ഉപയോഗം ഉയർത്തൽ തുടങ്ങിയ നടപടികളും പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ഊർജ്ജ ഇന്ധന മേഖലയിലെ ഇന്ത്യ-കാനഡ സഹകരണം കൂടുതൽ ശക്തിപ്പെടും. കാനഡയിൽ നിന്നുള്ള എൽഎൻജി, എൽപിജി, അസംസ്കൃത എണ്ണയുടെ വിതരണം, ഇന്ത്യയിൽ നിന്നുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി എന്നിവ ഉൾപ്പെടെ ഉഭയകക്ഷി ഊർജ്ജ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്താനാണ് മന്ത്രിമാർ തമ്മിൽ ധാരണയായത്.
ഊർജ്ജ മേഖലയിലെ സംയുക്ത വാണിജ്യവും നിക്ഷേപ പങ്കാളിത്തവും ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രിമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഷ്യൻ വിപണികളെ മുൻഗണനാ മേഖലയായി പരിഗണിച്ച്, അന്താരാഷ്ട്ര വിപണികളിലേക്ക് ഊർജ്ജ പദ്ധതികൾ വിപുലീകരിക്കുകയും ഉത്പന്നങ്ങൾ കൂടുതൽ വ്യാപകമായി വിതരണം നടത്തുകയും ചെയ്യുന്നു. കാനഡയുടെ ഇത് സംബന്ധിച്ച ഉദ്യമങ്ങൾ വേഗത്തിൽ മുന്നോട്ട് പോവുകയാണ്. 2025-ൽ, കാനഡ സർക്കാർ മേജർ പ്രോജക്ട്‌സ് ഓഫീസ് ആരംഭിക്കുകയും നിരവധി ഊർജ്ജ, വിഭവ പദ്ധതികളുടെയും തന്ത്രങ്ങളുടെയും നിർവ്വഹണം ത്വരിതപ്പെടുതന്നതിന് പുതിയ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി, 116 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് വകയിരുത്തിയിട്ടുള്ളത്. ഇന്ത്യയും സ്വന്തം ഊർജ്ജ വിതരണത്തിലും സമൃദ്ധിയിലും വൻതോതിൽ നിക്ഷേപം നടത്തുന്നു. ഊർജ്ജ മേഖലയിലെ മൂല്യശൃംഖലയിൽ 500 ബില്യൺ യുഎസ് ഡോളറിന്റെ വമ്പൻ നിക്ഷേപ അവസരം ഉൾപ്പെടെ, ഇന്ത്യ സ്വീകരിച്ച വിവിധ നയ പരിഷ്കാരങ്ങൾ നടപ്പിലാക്കി വരുന്നു. ഈ പശ്ചാത്തലത്തിൽ, ഊർജ്ജ മേഖലയിലെ ഇന്ത്യ-കാനഡ പരസ്പര നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുള്ള ദീർഘകാല പങ്കാളിത്തങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് മന്ത്രിമാർ ആവർത്തിച്ചു.
കാലാവസ്ഥാ ലക്ഷ്യങ്ങളുടെ പ്രാധാന്യവും ഇരു മന്ത്രിമാരും അംഗീകരിച്ചു. പരമ്പരാഗത ഊർജ്ജ മൂല്യ ശൃംഖലകളിൽ നിന്നുള്ള ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ, കാർബൺ കാപ്ച്ചർ (carbon capture) ഉപയോഗത്തിന്റെയും സംഭരണത്തിന്റെയും ഭാഗമാണ്. കൂടാതെ ഉയർന്ന ഊർജ്ജ ആവശ്യകതയ്‌ക്കനുസരിച്ച് ശുദ്ധമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും വിന്യസിക്കാനും പിന്തുണ നൽകുന്നു. ശുദ്ധമായ ഊർജ്ജ മൂല്യ ശൃംഖലകളിൽ സഹകരണത്തിനുള്ള വലിയ സാധ്യത തിരിച്ചറിഞ്ഞ മന്ത്രിമാർ, ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ, സുസ്ഥിര വ്യോമയാന ഇന്ധനങ്ങൾ, ബാറ്ററി ഊർജ്ജ സംഭരണം, നിർണായക ധാതുക്കൾ, ശുദ്ധ സാങ്കേതികവിദ്യകൾ, വൈദ്യുതി സംവിധാനങ്ങൾ, ഊർജ്ജ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി, നിർമ്മിത ബുദ്ധിയുടെ പ്രയോഗം എന്നിവ ഉൾപ്പെടുന്ന പുനരുപയോഗ ഊർജ്ജ മേഖലകളിൽ സഹകരിക്കാനുള്ള അവസരങ്ങൾ തിരിച്ചറിഞ്ഞു.
കാനഡ നിരീക്ഷകരാജ്യമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ബയോഫ്യൂവൽസ് അലയൻസ് (GBA) മുഖേന, ജൈവ ഇന്ധനങ്ങളുടെ ആഗോള വികസനവും വിന്യാസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള, ആഗോള ഊർജ്ജ പരിവർത്തന ഉദ്യമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന നിരന്തര സഹകരണ ശ്രമങ്ങളെക്കുറിച്ച് മന്ത്രിമാർ സംസാരിച്ചു.
ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഇരുപക്ഷവും തമ്മിൽ ഇനിപ്പറയുന്ന കാര്യങ്ങളിൽ ധരണയായി:
ഊർജ്ജ സുരക്ഷയുടെയും വൈവിധ്യമാർന്ന ഊർജ്ജ വിതരണ ശൃംഖലകളുടെയും പ്രാധാന്യം മന്ത്രിമാർ അംഗീകരിച്ചു. ഇന്ത്യ പ്രധാന ഉപഭോക്താവായും കാനഡ സുരക്ഷിതവും വിശ്വസനീയവുമായ വിതരണരാജ്യവുമായി പ്രവർത്തിക്കുമ്പോൾ, ഉഭയകക്ഷി വ്യാപാരം കൂടുതൽ ആഴത്തിലാക്കാനും, സുസ്ഥിരവും സുരക്ഷിതവുമായ ഊർജ്ജ വിതരണം ഉറപ്പാക്കാനും സാധിക്കും. സേവനങ്ങൾ ഉൾപ്പെടെ ഊർജ്ജ മേഖലയിലെ വ്യാപാരത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയും കാനഡയും പ്രതിജ്ഞാബദ്ധരാണ്.
ഇന്ത്യ-കാനഡ മന്ത്രിതല ഊർജ്ജ സംഭാഷണം, പതിവായും തുടർച്ചയായും നടക്കുന്ന വിദഗ്ദ്ധ സഹകരണം എന്നിവയിലൂടെ, സർക്കാരുകൾ തമ്മിലെ സംഭാഷണത്തിനും സഹകരണത്തിനും ശക്തമായ അടിസ്ഥാനമൊരുക്കുന്നു.
മൂല്യ ശൃംഖലയിലുടനീളം അർത്ഥവത്തായ ബിസിനസ്സ്-ടു-ബിസിനസ്സ് (B2B), ബിസിനസ്സ്-ടു-ഗവൺമെന്റ് (B2G) സഹകരണങ്ങളെ പിന്തുണയ്ക്കാനും സഹകരിച്ച് പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും സന്നദ്ധമാണ്.
കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുകയും, ആഗോള സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉഭയകക്ഷി, ബഹുമുഖ സംവിധാനങ്ങൾ, വ്യവസായ പങ്കാളികൾ എന്നിവയുമായി സഹകരണം തുടരുകയും ചെയ്യുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
***
(रिलीज़ आईडी: 2219742)
आगंतुक पटल : 4