പ്രധാനമന്ത്രിയുടെ ഓഫീസ്
കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ആശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
"ഇന്ത്യയിലെ ആയുർവേദം ഏതെങ്കിലും ഒരു കാലഘട്ടത്തിലോ പ്രദേശത്തോ മാത്രമായി ഒതുങ്ങിനിന്നിട്ടില്ല. കാലാതീതമായി, ജീവിതത്തെ മനസ്സിലാക്കാനും സന്തുലിതാവസ്ഥ കൈവരിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുമുള്ള വഴി ഈ പുരാതന ചികിത്സാ സമ്പ്രദായം നമുക്ക് കാണിച്ചുതരുന്നു." - പ്രധാനമന്ത്രി
"പ്രതിരോധ ആരോഗ്യ സംരക്ഷണത്തിലാണ് (preventive health) നമ്മൾ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ കാഴ്ചപ്പാടോടെയാണ് നാഷണൽ ആയുഷ് മിഷൻ ആരംഭിച്ചത്." - പ്രധാനമന്ത്രി
"മാറുന്ന കാലത്തിനനുസരിച്ച് നാം സ്വയം മാറേണ്ടതുണ്ട്. ആയുർവേദത്തിൽ ആധുനിക സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും ഉപയോഗം വർദ്ധിപ്പിക്കണം." - പ്രധാനമന്ത്രി
प्रविष्टि तिथि:
28 JAN 2026 2:25PM by PIB Thiruvananthpuram
കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ സുപ്രധാന വേളയിൽ ഏവരുമായും ബന്ധപ്പെടാൻ സാധിച്ചതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും വളർത്തുന്നതിലും ആര്യവൈദ്യശാല നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.125 വർഷത്തെ പ്രയാണത്തിനിടയിൽ ആയുർവേദത്തെ ഒരു കരുത്തുറ്റ ചികിത്സാ രീതിയായി പ്രതിഷ്ഠിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാര്യരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള സമർപ്പണവും ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കേരളത്തിലെ ആര്യവൈദ്യശാല, നൂറ്റാണ്ടുകളായി മാനവരാശിയെ സേവിക്കുന്ന ഭാരതത്തിന്റെ ചികിത്സാ പാരമ്പര്യത്തിന്റെ ജീവിക്കുന്ന അടയാളമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി മോദി,ഇന്ത്യയിലെ ആയുർവേദം ഒരിക്കലും ഒരു കാലഘട്ടത്തിലോ പ്രദേശത്തോ മാത്രമായി ഒതുങ്ങിനിന്നിട്ടില്ലെന്നും; ഓരോ യുഗത്തിലും ജീവിതത്തെ മനസ്സിലാക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുമുള്ള വഴി ഈ പുരാതന ചികിത്സാ സമ്പ്രദായം കാട്ടിത്തന്നിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞു.ഇന്ന് ആര്യവൈദ്യശാല 600-ലധികം ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ ആശുപത്രികളിൽ തദ്ദേശീയരെ കൂടാതെ ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള രോഗികൾ ഉൾപ്പെടെയുള്ളവർ ആയുർവേദ രീതികളിലൂടെ ചികിത്സ തേടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാല ഈ വിശ്വാസം നേടിയെടുത്തത് അവരുടെ പ്രവർത്തനങ്ങളിലൂടെയാണെന്നും, ആളുകൾ ദുരിതത്തിലായിരിക്കുമ്പോൾ ഈ സ്ഥാപനം അവർക്ക് വലിയൊരു പ്രത്യാശയുടെ കേന്ദ്രമായി മാറുന്നുവെന്നും ശ്രീ മോദി പ്രസ്താവിച്ചു.
"ആര്യവൈദ്യശാലയെ സംബന്ധിച്ചിടത്തോളം സേവനം എന്നത് വെറുമൊരു ആശയമല്ല, മറിച്ച് അതിന്റെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും സ്ഥാപനങ്ങളിലും പ്രതിഫലിക്കുന്ന ഒരു വികാരമാണ്," എന്ന് ശ്രീ മോദി പറഞ്ഞു. ആര്യവൈദ്യശാലയുടെ ചാരിറ്റബിൾ ആശുപത്രി കഴിഞ്ഞ 100 വർഷമായി തുടർച്ചയായി ജനങ്ങളെ സേവിച്ചു വരികയാണെന്ന് അദ്ദേഹം എടുത്തുപറയുകയും, ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സംഭാവനകളെ അംഗീകരിക്കുകയും ചെയ്തു. ആശുപത്രിയിലെ വൈദ്യന്മാർ, ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ചാരിറ്റബിൾ ആശുപത്രി, 100 വർഷത്തെ വിജയകരമായ യാത്ര പൂർത്തിയാക്കിയതിന് അദ്ദേഹം അവരെ അഭിനന്ദിച്ചു. കേരളത്തിലെ ജനങ്ങൾ നൂറ്റാണ്ടുകളായി ആയുർവേദ പാരമ്പര്യത്തെ സജീവമായി നിലനിർത്തുക മാത്രമല്ല, അവ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും മുന്നിലുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചു.
ദീർഘകാലമായി രാജ്യത്തെ പുരാതന ചികിത്സാ സമ്പ്രദായങ്ങൾ പരസ്പരം ഒത്തുപോകാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. എന്നാൽ കഴിഞ്ഞ 10-11 വർഷത്തിനിടയിൽ ഈ സമീപനത്തിൽ വലിയ മാറ്റമുണ്ടായെന്ന് അദ്ദേഹം ഊന്നിപറഞ്ഞു. നിലവിൽ ആരോഗ്യ സേവനങ്ങളെ ഒരു സമഗ്ര കാഴ്ചപ്പാടോടെയാണ് (holistic perspective) കാണുന്നതെന്നും ആയുർവേദം, യുനാനി, ഹോമിയോപ്പതി, സിദ്ധ, യോഗ എന്നിവയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ആയുഷ് മന്ത്രാലയം സ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന് (preventive health) ഗവൺമെന്റ് നിരന്തരം മുൻഗണന നൽകുന്നുണ്ടെന്ന് ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. ഇതിനായി നാഷണൽ ആയുഷ് മിഷൻ ആരംഭിക്കുകയും യോഗ, പ്രതിരോധ പരിചരണം, കമ്മ്യൂണിറ്റി ഹെൽത്ത് സർവീസസ് എന്നിവ നൽകുന്ന 12,000-ത്തിലധികം ആയുഷ് വെൽനസ് സെന്ററുകൾ തുറക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള മറ്റ് ആശുപത്രികളെയും ആയുഷ് സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആയുഷ് മരുന്നുകളുടെ കൃത്യമായ വിതരണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ പരമ്പരാഗത വൈദ്യശാസ്ത്ര അറിവുകളുടെ ഗുണഫലങ്ങൾ രാജ്യത്തിന്റെ ഓരോ കോണിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ വ്യക്തമായ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.
ഗവൺമെന്റ് നയങ്ങളുടെ വ്യക്തമായ സ്വാധീനം ആയുഷ് (AYUSH) മേഖലയിൽ ദൃശ്യമാണെന്നും, ആയുഷ് നിർമ്മാണ മേഖല അതിവേഗം വളരുകയും വികസിക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ പരമ്പരാഗത ആരോഗ്യ പരിരക്ഷാ രീതികളെ ലോകത്തിന് മുന്നിലെത്തിക്കാൻ ഗവൺമെന്റ് 'ആയുഷ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ' സ്ഥാപിച്ചിട്ടുണ്ടെന്നും, ആഗോള വിപണിയിൽ ആയുഷ് ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇതിനോടകം തന്നെ വളരെ നല്ല ഫലങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. 2014-ൽ ഇന്ത്യ ഏകദേശം 3,000 കോടി രൂപയുടെ ആയുഷ്-ഔഷധ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ അത് 6,500 കോടി രൂപയായി വർദ്ധിച്ചുവെന്നും, ഇത് രാജ്യത്തെ കർഷകർക്ക് വലിയ ഗുണം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു.
ആയുഷ് അധിഷ്ഠിത മെഡിക്കൽ ടൂറിസത്തിന്റെ (Medical Value Travel) വിശ്വസനീയമായ കേന്ദ്രമായി ഇന്ത്യ ഉയർന്നുവരികയാണെന്ന് അടിവരയിട്ട ശ്രീ മോദി, 'ആയുഷ് വിസ' ഏർപ്പെടുത്തിയത് പോലുള്ള നടപടികൾ വിദേശ സഞ്ചാരികൾക്ക് ആയുർവേദത്തിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നുണ്ടെന്നും പറഞ്ഞു.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിക്സ് (BRICS) ഉച്ചകോടികളിലായാലും ജി20 (G20) യോഗങ്ങളിലായാലും എല്ലാ പ്രധാന ആഗോള വേദികളിലും ഗവൺമെന്റ് ഇത് അഭിമാനപൂർവ്വം അവതരിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ വേദികളിലെല്ലാം ആയുർവേദത്തെ സമഗ്ര ആരോഗ്യത്തിന്റെ (holistic health) ഒരു മാധ്യമമായി താൻ ഉയർത്തിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ (WHO) 'ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്റർ' സ്ഥാപിച്ച് വരികയാണെന്നും, അവിടെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ' ഇതിനകം പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ആയുർവേദ മരുന്നുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഗംഗാ നദിയുടെ തീരങ്ങളിൽ ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു വലിയ നേട്ടം കൂടി പങ്കുവെച്ചുകൊണ്ട്, അടുത്തിടെ പ്രഖ്യാപിച്ച ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾക്കും പ്രാക്ടീഷണർമാർക്കും വലിയ ഉത്തേജനം നൽകുമെന്ന് ശ്രീ മോദി പ്രസ്താവിച്ചു. പ്രത്യേക നിയമങ്ങൾ നിലവിലില്ലാത്ത യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ, ഇന്ത്യയിൽ നിന്ന് നേടിയ പ്രൊഫഷണൽ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ആയുഷ് പ്രാക്ടീഷണർമാർക്ക് തങ്ങളുടെ സേവനങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് ആയുർവേദ, യോഗ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾക്ക് വലിയ ഗുണം ചെയ്യും. യൂറോപ്പിൽ ആയുഷ് വെൽനസ് സെന്ററുകൾ സ്ഥാപിക്കാനും ഈ കരാർ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടത്തിൽ ആയുർവേദ, ആയുഷ് മേഖലകളുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളെയും അദ്ദേഹം അഭിനന്ദിച്ചു.
ആയുർവേദത്തിലൂടെ ഭാരതം നൂറ്റാണ്ടുകളായി ജനങ്ങളെ ചികിത്സിക്കുന്നുണ്ടെങ്കിലും, ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്തിനകത്തും വിദേശത്തും വിശദീകരിക്കാൻ വലിയ പരിശ്രമങ്ങൾ വേണ്ടി വരുന്നു എന്നത് നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് പ്രധാന കാരണം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളുടെയും (evidence-based research) ഗവേഷണ പ്രബന്ധങ്ങളുടെയും കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുർവേദ രീതികൾ ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടുമ്പോൾ ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. സി.എസ്.ഐ.ആർ (CSIR), ഐ.ഐ.ടി (IIT) തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ആര്യവൈദ്യശാല ആയുർവേദത്തെ നിരന്തരം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ഉരകല്ലിൽ പരിശോധിക്കുന്നു എന്നതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. മരുന്ന് ഗവേഷണം (drug research), ക്ലിനിക്കൽ റിസർച്ച്, ക്യാൻസർ ചികിത്സ എന്നിവയിൽ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും, ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ക്യാൻസർ ഗവേഷണത്തിനായി ഒരു 'സെന്റർ ഓഫ് എക്സലൻസ്' സ്ഥാപിച്ചത് ഈ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാറുന്ന കാലത്തിനനുസരിച്ച് ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും (AI) കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രോഗസാധ്യതകൾ മുൻകൂട്ടി പ്രവചിക്കുന്നതിനും വിവിധ രീതികളിലൂടെയുള്ള ചികിത്സകൾ നൽകുന്നതിനും നൂതനമായ സമീപനങ്ങൾ സ്വീകരിക്കാൻ ഇത് സഹായിക്കും. പാരമ്പര്യവും ആധുനികതയും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുമെന്നും, ആരോഗ്യപരിചരണത്തിന് ജനങ്ങളുടെ ജീവിതത്തിൽ വിശ്വാസത്തിന്റെ വലിയൊരു അടിത്തറയാകാൻ സാധിക്കുമെന്നും ആര്യവൈദ്യശാല തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.ആധുനിക കാലത്തെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതോടൊപ്പം തന്നെ ആയുർവേദത്തിന്റെ പുരാതനമായ അറിവുകൾ സംരക്ഷിക്കാനും, ചികിത്സാ രീതികളെ വ്യവസ്ഥാപിതമാക്കാനും (systematizing), രോഗികൾക്ക് സേവനങ്ങൾ എത്തിക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞുവെന്ന് ശ്രീ മോദി കുറിച്ചു. പ്രചോദനാത്മകമായ ഈ പ്രയാണത്തിന് ആര്യവൈദ്യശാലയെ അദ്ദേഹം ഒരിക്കൽ കൂടി അഭിനന്ദിച്ചു. വരും വർഷങ്ങളിലും ഇതേ സമർപ്പണത്തോടും സേവന മനോഭാവത്തോടും കൂടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഈ സ്ഥാപനത്തിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
****
NK
(रिलीज़ आईडी: 2219627)
आगंतुक पटल : 17