പരിസ്ഥിതി, വനം മന്ത്രാലയം
അംഗീകാരങ്ങൾ വേഗത്തിലാക്കാനും, കാലതാമസം ഒഴിവാക്കാനും, പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്താനുമായി വായു-ജല നിയമങ്ങൾക്കു കീഴിലുള്ള ഏകീകൃത അംഗീകാര മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര ഗവണ്മെൻ്റ്
प्रविष्टि तिथि:
28 JAN 2026 9:19AM by PIB Thiruvananthpuram
രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വ്യവസായങ്ങൾക്കുള്ള അനുമതിനടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, 1981-ലെ വായു (മലിനീകരണ പ്രതിരോധ - നിയന്ത്രണ) നിയമം, 1974-ലെ ജല (മലിനീകരണ പ്രതിരോധ - നിയന്ത്രണ) നിയമം എന്നിവയ്ക്ക് കീഴിലുള്ള ഏകീകൃത അംഗീകാര മാർഗ്ഗനിർദ്ദേശങ്ങളിൽ ഗവണ്മെൻ്റ് ഭേദഗതി വരുത്തി. നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കാനും പരിസ്ഥിതി ഭരണസംവിധാനം ശക്തിപ്പെടുത്താനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള അനുമതി (CTE), പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി (CTO) എന്നിവ നൽകുന്നതിനും നിരസിക്കുന്നതിനും റദ്ദാക്കുന്നതിനും ഏകീകൃതമായ ചട്ടക്കൂട് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. രാജ്യത്തുടനീളമുള്ള സമ്മതപത്ര മാനേജ്‌മെന്റിൽ സുതാര്യതയും ഉത്തരവാദിത്വവും സ്ഥിരതയും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഉറപ്പാക്കുന്നു.
ഏകോപിത സമ്മതപത്രവും അധികാരപത്രവും നൽകാനുള്ള വ്യവസ്ഥയാണ് ഈ പരിഷ്കാരങ്ങളിലെ പ്രധാന ഘടകം. ഇനിമുതൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് (SPCB) പൊതു അപേക്ഷ പരിഗണിക്കാനും, വായു-ജല നിയമങ്ങൾ പ്രകാരമുള്ള അനുമതികളും വിവിധ മാലിന്യ സംസ്‌കരണ ചട്ടങ്ങൾ പ്രകാരമുള്ള അധികാരപത്രങ്ങളും ഉൾപ്പെടുത്തി ഏകീകൃത അനുമതിപത്രം നൽകാനും സാധിക്കും. ഇത്തരത്തിലുള്ള സംയോജിത അനുമതികൾവഴി അപേക്ഷകളുടെ എണ്ണം കുറയുകയും, അംഗീകാരങ്ങൾ ലഭിക്കാനുള്ള സമയപരിധി ലഘൂകരിക്കപ്പെടുകയും ചെയ്യും. അതേസമയം, നിരീക്ഷണം, നിയമപാലനം, അനുമതി റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ട ശക്തമായ വ്യവസ്ഥകൾ നിലനിൽക്കുകയും ചെയ്യും.
പരിസ്ഥിതിസംരക്ഷണത്തിനായുള്ള സുരക്ഷാമാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, കൂടുതൽ വേഗതയുള്ളതും വ്യക്തവും കാര്യക്ഷമവുമായ അനുമതി നടപടികൾ ഉറപ്പാക്കുകയാണ് ഈ ഭേദഗതികൾ ലക്ഷ്യമിടുന്നത്. അപേക്ഷകൾ പരിശോധിക്കുന്നതിലും പരിശോധനകൾ നടത്തുന്നതിലും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളെയും (SPCB), മലിനീകരണ നിയന്ത്രണ സമിതികളെയും (PCC) ഇത് സഹായിക്കുന്നു. കൂടാതെ, പ്രവർത്തനാനുമതി പുതുക്കുന്നതിലെ കാലതാമസം കാരണം വ്യവസായ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും തടസ്സങ്ങളും ഈ പരിഷ്കാരം നീക്കം ചെയ്യുന്നു.
പ്രവർത്തനാനുമതിയുടെ (CTO) കാലാവധി സംബന്ധിച്ചുള്ളതാണ് ഈ ഭേദഗതികളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരിക്കൽ ലഭിച്ച CTO അത് റദ്ദാക്കുന്നത് വരെ സാധുവായിരിക്കും. കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളിലൂടെ പരിസ്ഥിതിനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് തുടരും. എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ അനുമതി റദ്ദാക്കാനും വ്യവസ്ഥയുണ്ട്. ഇടയ്ക്കിടെയുള്ള പുതുക്കലുകളുടെ ആവശ്യം ഒഴിവാക്കുന്നതിലൂടെ കടലാസ് ജോലികളും വ്യവസായങ്ങൾക്കുള്ള അധിക ബാധ്യതകളും കുറയുകയും തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. കൂടാതെ, ചുവപ്പ് വിഭാഗത്തിലുള്ള (Red Category) വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള സമയപരിധി 120 ദിവസത്തിൽ നിന്ന് 90 ദിവസമായി കുറച്ചിട്ടുണ്ട്.
അപേക്ഷകൾ തീർപ്പാക്കുന്നത് കൂടുതൽ വേഗത്തിലാക്കുന്നതിനായി, മലിനീകരണ നിയന്ത്രണ ബോർഡ് (SPCB) ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്ക് പുറമെ, ‘പരിസ്ഥിതി ഓഡിറ്റ് ചട്ടങ്ങൾ 2025’ പ്രകാരം സാക്ഷ്യപ്പെടുത്തിയ രജിസ്റ്റേർഡ് പരിസ്ഥിതി ഓഡിറ്റർമാർക്കും ഇനിമുതൽ സ്ഥലപരിശോധന നടത്താനും നിയമപാലനം ഉറപ്പാക്കാനും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുമതി നൽകുന്നു. ഇത് പരിശോധനാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം, കൂടുതൽ മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിയമങ്ങൾ കർശനമായി നടപ്പിലാക്കാനും ബോർഡുകളെ പ്രാപ്തരാക്കുന്നു.
വിജ്ഞാപനം ചെയ്ത വ്യവസായിക എസ്റ്റേറ്റുകളിലോ വ്യവസായമേഖലകളിലോ പ്രവർത്തിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കായി പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള യൂണിറ്റുകൾക്കായി നീക്കിവച്ചിട്ടുള്ള ഭൂമി മുൻകൂട്ടി പരിസ്ഥിതിസൗഹൃദമാണെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതിനാൽ, സ്വയംസാക്ഷ്യപ്പെടുത്തിയ അപേക്ഷ സമർപ്പിക്കുമ്പോൾതന്നെ ഇവർക്ക് സ്ഥാപനാനുമതി (CTE) ലഭിച്ചതായി കണക്കാക്കും.
കൂടാതെ, വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനായുള്ള കൃത്യമായ ദൂരപരിധി നിബന്ധനകൾക്ക് പകരം, അതത് സ്ഥലത്തെ പരിസ്ഥിതി ആഘാത പഠനത്തിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാർഗ്ഗനിർദ്ദേശങ്ങൾ മാറ്റിയിട്ടുണ്ട്. ഇതുവഴി ജലാശയങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, സ്മാരകങ്ങൾ, പരിസ്ഥിതിലോലപ്രദേശങ്ങൾ എന്നിവയുമായുള്ള സാമീപ്യം കണക്കിലെടുത്ത് പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ സുരക്ഷാ മുൻകരുതലുകൾ നിർദ്ദേശിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിക്കും.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും 5 മുതൽ 25 വർഷം വരെയുള്ള കാലയളവിലേക്ക് ഒറ്റത്തവണ പ്രവർത്തനാനുമതി ഫീസ് നിശ്ചയിക്കാൻ പുതിയ ഭേദഗതികൾ അനുമതി നൽകുന്നു. ഇത് ആവർത്തിച്ചുള്ള ഫീസ് ശേഖരണവും ഭരണപരമായ നടപടിക്രമങ്ങളും കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഫീസ് നിർണ്ണയിക്കുന്നതിലെ അവ്യക്തത ഒഴിവാക്കാനും എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃതമായ രീതി ഉറപ്പാക്കാനും ‘മൂലധന നിക്ഷേപം’ എന്നതിന് കൃത്യവും വ്യക്തവുമായ നിർവ്വചനം ഷെഡ്യൂൾ II-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, അനുമതിയിലെ വ്യവസ്ഥകൾ ലംഘിക്കുക, പരിസ്ഥിതിക്ക് നാശം വരുത്തുക, അല്ലെങ്കിൽ നിരോധിത മേഖലകളിൽ വ്യവസായം സ്ഥാപിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ അനുമതി നിഷേധിക്കാനോ റദ്ദാക്കാനോ ഉള്ള സുരക്ഷാ വ്യവസ്ഥകൾ ഭേദഗതിയിലും നിലനിർത്തിയിട്ടുണ്ട്. നിരന്തരമായ നിരീക്ഷണം, വിശ്വാസത്തിലധിഷ്ഠിതമായ ഭരണം, ഏകീകൃത ദേശീയ സമ്മത സംവിധാനം എന്നിവയിലൂടെ വ്യവസായ നടത്തിപ്പ് സുഗമമാക്കലിനും പരിസ്ഥിതി സംരക്ഷണത്തിനുമിടയിൽ സമതുലിതാവസ്ഥ ഉറപ്പാക്കാൻ ഈ പരിഷ്കരിച്ച ചട്ടക്കൂട് സഹായിക്കുന്നു.
*1981-ലെ വായു നിയമപ്രകാരമുള്ള നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ*
*1974-ലെ ജല നിയമപ്രകാരമുള്ള അംഗീകാര മാർഗ്ഗനിർദ്ദേശങ്ങൾ*
***
(रिलीज़ आईडी: 2219593)
आगंतुक पटल : 7