രാഷ്ട്രപതിയുടെ കാര്യാലയം
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിനും രാഷ്ട്രപതി സ്വീകരണം നൽകി
प्रविष्टि तिथि:
27 JAN 2026 10:03PM by PIB Thiruvananthpuram
77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥികളായ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരെ ഇന്ന് വൈകുന്നേരം (ജനുവരി 27, 2026) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സ്വീകരിച്ചു. അവരോടുള്ള ബഹുമാന സൂചകമായി രാഷ്ട്രപതി വിരുന്ന് സംഘടിപ്പിച്ചു.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ യൂണിയൻ ആദ്യമായി പങ്കെടുക്കുന്ന അവസരത്തിൽ തന്നെ, മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് അവരെ സ്വാഗതം ചെയ്തുകൊണ്ട്, രാഷ്‌ട്രപതി പറഞ്ഞു.ഇത് നമ്മുടെ പരസ്പര ഇടപെടലിന്റെയും പരസ്പര വിശ്വാസത്തിന്റെയും ആഴത്തെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയും യൂറോപ്പും സമകാലിക താൽപ്പര്യങ്ങളാൽ മാത്രമല്ല, ജനാധിപത്യം, ബഹുസ്വരത, തുറന്ന വിപണി സമ്പദ്‌വ്യവസ്ഥ തുടങ്ങിയ പൊതുവായ മൂല്യങ്ങളാലും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിയിൽ ഈ തത്വങ്ങൾ നമ്മെ നയിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തം ശ്രദ്ധേയമായി നിലയിൽ വളർന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. സ്ഥിരതയുള്ളതും സന്തുലിതവും നിയമാധിഷ്ഠിതവുമായ ഒരു അന്താരാഷ്ട്ര ക്രമം രൂപപ്പെടുത്താനുള്ള നമ്മുടെ കൂട്ടായ അഭിലാഷത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.

അനിശ്ചിതത്വത്തിന്റെയും സംഘർഷത്തിന്റെയും ഈ കാലത്ത്, ഇന്ത്യയും യൂറോപ്യൻ യൂണിയനും ആഗോള സ്ഥിരത നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്വo പങ്കിടുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. നയതന്ത്രം, ബഹുരാഷ്ട്രവാദം, സമാധാനപരമായ സഹവർത്തിത്വം എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഞങ്ങളുടെ സഹകരണം വ്യക്തമായ സന്ദേശം നൽകുന്നു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങളുടെ ഒരു പ്രധാന സ്തംഭമാണ് സാമ്പത്തിക സഹകരണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. പൊതുവായ അഭിവൃദ്ധിയുടെയും സാമൂഹിക പുരോഗതിയുടെയും ഉപകരണങ്ങളായി ഞങ്ങൾ വ്യാപാരത്തെയും നിക്ഷേപത്തെയും കാണുന്നു.ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു.ഇത് നമ്മുടെ ജനങ്ങളുടെ ജീവിതത്തിൽ ഗണ്യമായ തോതിൽ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവർ കൂട്ടിച്ചേർത്തു.
ഇന്ന്, സാങ്കേതികവിദ്യയുടെ സ്വാധീനം സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം പോലെ തന്നെ ആഴമേറിയതാണ് അതിന് സമൂഹത്തിലുള്ള സ്വാധീനവുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. "ഉത്തരവാദിത്വപരമായ നൂതനാശയം" മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും. ഈ സന്ദർശനത്തിനിടെ തീരുമാനിച്ച സുരക്ഷാ, പ്രതിരോധ പങ്കാളിത്തം നമ്മുടെ പ്രതിരോധ വ്യവസായങ്ങൾക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
ശുദ്ധ ഊർജ്ജം, കാലാവസ്ഥാ ധനകാര്യം, സുസ്ഥിര സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ഈ സന്ദർശനത്തിനിടെ തീരുമാനത്തിലെത്തിയ സുപ്രധാന കരാറുകൾ ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കുമെന്ന് മൂന്ന് നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും സന്തുലിതാവസ്ഥയ്ക്കും സ്ഥിരതയ്ക്കും ശുഭാപ്തിവിശ്വാസത്തിനും വേണ്ടിയുള്ള ഒരു ശക്തിയായി ഉയർന്നുവരികയാണെന്നും ഒരുമിച്ച്, സുസ്ഥിരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, മാനുഷികവുമായ ഒരു ഭാവി നമുക്ക് രൂപപ്പെടുത്താൻ കഴിയുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണരൂപം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***
(रिलीज़ आईडी: 2219455)
आगंतुक पटल : 4