ഉപരാഷ്ട്രപതിയുടെ കാര്യാലയം
2026-ലെ മൈ ഭാരത് - എൻഎസ്എസ് റിപ്പബ്ലിക് ദിന ക്യാമ്പ് പ്രതിനിധി സംഘവുമായി ഉപരാഷ്ട്രപതി സംവദിച്ചു
प्रविष्टि तिथि:
27 JAN 2026 8:35PM by PIB Thiruvananthpuram
2026-ലെ റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിൽ പങ്കെടുത്ത മൈ ഭാരത് -എൻഎസ്എസ് പ്രതിനിധി സംഘവുമായി ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് നടന്ന ഔദ്യോഗികസന്ദർശന വേളയിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി സംവദിച്ചു.
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട്, യുവ വോളന്റിയർമാരെ കണ്ടുമുട്ടിയതിൽ ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. എൻഎസ്എസ് പ്രവർത്തകരുടെ ആവേശവും അച്ചടക്കവും ഇന്ത്യയിലെ യുവാക്കളുടെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ നാഷണൽ സർവീസ് സ്‌കീമുമായുള്ള തന്റെ ബന്ധം അദ്ദേഹം ഓർമ്മിച്ചെടുത്തു. യുവ പൗരന്മാർക്കിടയിൽ വ്യക്തിത്വം, അച്ചടക്കം, സാമൂഹിക ഉത്തരവാദിത്തം എന്നിവ രൂപപ്പെടുത്തുന്നതിൽ എൻഎസ്എസിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
കർത്തവ്യ പാതയിലൂടെയുള്ള മൈ ഭാരത്-എൻഎസ്എസ് സംഘത്തിന്റെ മാർച്ചിനെ താൻ അഭിമാനത്തോടെ വീക്ഷിച്ചതായി റിപ്പബ്ലിക് ദിന പരേഡിനെ പരാമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. മൈ ഭാരത്-എൻഎസ്എസ് പരിപാടി ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്ന കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യയുടെ കരുത്ത് ദേശീയോദ്ഗ്രഥനത്തിലും സമൂഹത്തിനായുള്ള കൂട്ടായ സേവനത്തിലുമാണ് നിലകൊള്ളുന്നതെന്ന്, ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. സർദാർ വല്ലഭായ് പട്ടേലിനെപ്പോലുള്ള നേതാക്കൾ മുന്നോട്ടുവച്ച ഐക്യത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് നിർണായകമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. നിസ്വാർത്ഥമായി സമൂഹത്തെ സേവിക്കാനും ദേശീയ താൽപ്പര്യത്തിനായി പ്രതിജ്ഞാബദ്ധരായിരിക്കാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി വിഭാവനം ചെയ്ത 2047-ഓടെ വികസിത ഭാരതം എന്ന ദർശനം എടുത്തുപറഞ്ഞുകൊണ്ട്, അച്ചടക്കവും ദേശസ്നേഹവും ഉത്തരവാദിത്തവുമുള്ള പൗരന്മാരെ ആവശ്യമുള്ള ഒരു കൂട്ടായ പ്രയാണമാണ് ഈ ലക്ഷ്യമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്നത്തെ യുവതയുടെ കഴിവുകൾ, അഭിലാഷങ്ങൾ, ആഗോളതലത്തിലുള്ള അറിവ് എന്നിവയാൽ നയിക്കപ്പെട്ട്, 2047 ഓടെ ഒരു മുൻനിര രാഷ്ട്രമായി ഇന്ത്യ ഉയർന്നുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വികസിതമായൊരു ഇന്ത്യയ്ക്ക് സാമ്പത്തിക പുരോഗതി മാത്രമല്ല, മൈ ഭാരത്-എൻഎസ്എസ് പ്രവർത്തനങ്ങളിലൂടെ വളർത്തിയെടുക്കപ്പെടുന്ന സാമൂഹിക സൗഹാർദ്ദം, ധാർമ്മിക ശക്തി, ശക്തമായ മൂല്യങ്ങൾ എന്നിവയും ആവശ്യമാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ബഹുജന സാക്ഷരത, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ അവബോധം, സാമൂഹിക പുരോഗതി, ദുരന്ത നിവാരണം, പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ എൻഎസ്എസ് വോളന്റിയർമാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.
'ഞാനല്ല, മറിച്ച് നിങ്ങളാണ്' എന്ന എൻഎസ്എസ് മുദ്രാവാക്യം ഉയർത്തിപ്പിടിക്കാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, എൻഎസ്എസ് ബാഡ്ജ് ധരിക്കുന്നത് രാജ്യത്തിന്റെ വിശ്വാസം വഹിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു. കുറുക്കുവഴികൾ ഒഴിവാക്കാനും, സേവനത്തിൽ ക്ഷമാശീലരാവാനും, സ്വയം അച്ചടക്കം, സ്ഥിരോത്സാഹം, കടമ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യുവാക്കളെ ഉപദേശിച്ച ഉപരാഷ്ട്രപതി, ആത്മാർത്ഥമായ ശ്രമം ഒടുവിൽ വിജയത്തിലേക്ക് നയിക്കുമെന്ന് അവർക്ക് ഉറപ്പുനൽകി.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും മുതിർന്ന ഉദ്യോഗസ്ഥരും പരിശീലകരും അധ്യാപകരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
*****
(रिलीज़ आईडी: 2219438)
आगंतुक पटल : 4