|
വാണിജ്യ വ്യവസായ മന്ത്രാലയം
ഫാക്റ്റ്ഷീറ്റ്
ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ "മദർ ഓഫ് ഓൾ ഡീൽസ്" അവസരങ്ങളുടെ വാതിൽ തുറക്കുന്നു; ഇന്ത്യ@2047-നെ ശാക്തീകരിക്കുന്നു
प्रविष्टि तिथि:
27 JAN 2026 3:56PM by PIB Thiruvananthpuram
സ്വതന്ത്ര വ്യാപാര കരാറിനായുള്ള (Free Trade Agreement) ചർച്ചകൾ വിജയകരമായി പര്യവസാനിച്ചതായി ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) പ്രഖ്യാപിച്ചു. ഇന്ത്യയുടെ തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തങ്ങളിൽ സുപ്രധാന നാഴികക്കല്ലായി കരാർ വിലയിരുത്തപ്പെടുന്നു. ആധുനികവും നിയമാധിഷ്ഠിതവുമായ ഒരു വ്യാപാര പങ്കാളിത്തമെന്ന നിലയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സ്വതന്ത്ര വ്യാപാര കരാർ, ലോകത്തിലെ നാലാമത്തെയും രണ്ടാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വിപണി സംയോജനം സാധ്യമാക്കുന്നതിനൊപ്പം, സമകാലിക ആഗോള വെല്ലുവിളികൾക്ക് ഫലപ്രദമായ മറുപടിയും നൽകുന്നു.
ഇന്ത്യയിലെയും യൂറോപ്യൻ യൂണിയനിലെയും 200 കോടി ജനങ്ങൾക്കായി സമാനതകളില്ലാത്ത അവസരങ്ങൾ സൃഷ്ടിക്കുന്ന, ₹2091.6 ലക്ഷം കോടി (USD 24 ട്രില്യൺ) സംയോജിത വിപണി മൂല്യമുള്ള സ്വതന്ത്ര വ്യാപാര കരാർ വ്യാപാരത്തിലും നൂതനാശയങ്ങളിലും ഗണ്യമായ സാധ്യതകൾ തുറക്കുന്നു. സംവേദനാത്മക മേഖലകൾക്ക് നയപരമായ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട്, ഇന്ത്യയുടെ വികസന മുൻഗണനകൾ ശക്തിപ്പെടുത്തുകയും, വ്യാപാര മൂല്യത്തിന്റെ 99%–ലധികം ഉത്പന്നങ്ങൾക്കും അഭൂതപൂർവമായ വിപണി പ്രവേശനം സാധ്യമാക്കുകയും ചെയ്യുന്നു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സുസ്ഥിര വളർച്ച കൈവരിക്കുകയാണ്. 2024–25 വർഷത്തിൽ ഏകദേശം ₹11.5 ലക്ഷം കോടി (USD 136.54 ബില്യൺ) മൂല്യമുള്ള ഈ വ്യാപാരത്തിൽ, ഇന്ത്യ യൂറോപ്യൻ യൂണിയനിലേക്ക് ഏകദേശം ₹6.4 ലക്ഷം കോടിയുടെ (USD 75.85 ബില്യൺ) ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഇന്ത്യ–യൂറോപ്യൻ യൂണിയൻ സേവന വ്യാപാരത്തിന്റെ മൂല്യം 2024-ൽ ₹7.2 ലക്ഷം കോടി (USD 83.10 ബില്യൺ) ആയി ഉയർന്നു.
ആരോഗ്യകരവും വളർച്ചാധിഷ്ഠിതവുമായ വ്യാപാരം നിലനിന്നിട്ടും, വിപണി വലിപ്പവും വ്യാപാര ശേഷിയും കണക്കിലെടുത്താൽ വിനിയോഗിക്കപ്പെടാത്ത വലിയ സാധ്യതകൾ അവശേഷിക്കുന്നു. സ്വതന്ത്ര വ്യാപാര കരാർ സമാനതകളില്ലാത്ത അവസരങ്ങൾക്ക് വഴി തുറക്കും, കൂടാതെ സുപ്രധാന ഉഭയകക്ഷി സാമ്പത്തിക പങ്കാളികളായി ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉയർന്നുവരാനുള്ള സാദ്ധ്യതകളും തെളിയുന്നു.
തന്ത്രപരമായ പ്രാധാന്യമുള്ള ഈ സ്വതന്ത്ര വ്യാപാര കരാർ, ഇന്ത്യ– യൂറോപ്യൻ യൂണിയൻ ബന്ധങ്ങളെ പരമ്പരാഗതമായ രീതികളിൽ നിന്ന് ആധുനികവും ബഹുമുഖവുമായ പങ്കാളിത്തത്തിലേക്ക് പരിണമിപ്പിക്കുന്നു. ഇത് കയറ്റുമതിക്കാർക്ക് സുസ്ഥിരവും പ്രവചനക്ഷമവുമായ അന്തരീക്ഷം ഒരുക്കുകയും, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ബിസിനസുകൾക്ക് ദീർഘകാല നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യാനും, യൂറോപ്യൻ മൂല്യ ശൃംഖലകളിലേക്ക് സമഗ്രമായി സംയോജിക്കാനും, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിരതയാർന്നതും ഭാവാത്മകവുമായ വിപണി പ്രവേശനം നേടാനും വഴിയൊരുക്കുന്നു.
ബിസിനസുകളെ ശാക്തീകരിക്കാനും ഭാവി സുരക്ഷിതമാക്കാനും തടസ്സരഹിത വിപണി പ്രവേശനം
യൂറോപ്യൻ വിപണികളിലേക്കുള്ള തന്ത്രപ്രധാനമായ പ്രവേശനം ഇന്ത്യ ഉറപ്പാക്കുന്നു
യൂറോപ്യൻ വിപണികളിലെ 97% ഉത്പന്നങ്ങളുടെ തീരുവകളിലും ഇന്ത്യക്ക് മുൻഗണന ലഭിച്ചിട്ടുണ്ട്, ഇത് വ്യാപാര മൂല്യത്തിന്റെ 99.5%–നെ ഉൾക്കൊള്ളുന്നു.
- ഇന്ത്യയുടെ കയറ്റുമതിയുടെ 90.7%–നെ ഉൾക്കൊള്ളുന്ന 70.4% ഉത്പന്നങ്ങളായ തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, സ്പോർട്സ് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചിലയിനം സമുദ്രോത്പന്നങ്ങൾ തുടങ്ങിയ തൊഴിൽ-പ്രാധാന്യമുള്ള മേഖലകൾക്ക് തീരുവ ഉടനടി ഒഴിവാക്കപ്പെടും.
- ഇന്ത്യൻ കയറ്റുമതിയുടെ 2.9%–നെ ഉൾക്കൊള്ളുന്ന 20.3% ഉത്പന്നങ്ങളായ ചില സമുദ്രോത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവക്ക് 3–5 വർഷത്തേക്ക് തീരുവരഹിത പ്രവേശനം ലഭിക്കും.
- ഇന്ത്യയുടെ കയറ്റുമതിയുടെ 6%–നെ ഉൾക്കൊള്ളുന്ന 6.1% ഉത്പന്നങ്ങളായ, ചില കോഴി ഉത്പന്നങ്ങൾ, സംരക്ഷിത പച്ചക്കറികൾ, ബേക്കറി ഉത്പന്നങ്ങൾ എന്നിവയ്ക്ക് തീരുവ കുറയും. കാറുകൾ, ഉരുക്ക്, ചിലയിനം ചെമ്മീൻ/ചെമ്മീൻ ഉത്പന്നങ്ങൾ എന്നിവയ്ക്ക് TRQ (ടാരിഫ്-ക്വാണ്ടം) വഴിയുള്ള മുൻഗണന ലഭ്യമാകും.
- ₹2.87 ലക്ഷം കോടി മൂല്യമുള്ള പ്രധാന തൊഴിൽ മേഖലകളായ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, സമുദ്രോത്പന്നങ്ങൾ, തുകൽ, പാദരക്ഷകൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്/റബ്ബർ ഉത്പന്നങ്ങൾ, സ്പോർട്സ് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കരാറിന്റെ ഭാഗമാണ്.
യൂറോപ്യൻ യൂണിയനിൽ നിലവിൽ 4% മുതൽ 26% വരെ ഇറക്കുമതി തീരുവയ്ക്ക് വിധേയമാകുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായകവുമായ കോടിക്കണക്കിന് മൂല്യമുള്ള (USD 33 ബില്യൺ) കയറ്റുമതി, FTA പ്രാബല്യത്തിൽ വരുന്നതോടെ തീരുവ രഹിതമായി മാറുകയും അതുവഴി യൂറോപ്യൻ യൂണിയൻ വിപണിയിൽ മെച്ചപ്പെട്ട മത്സരക്ഷമത നേടുകയും ചെയ്യും. തീരുവ ഉദാരവത്ക്കരണത്തിൽ നിന്നും മെച്ചപ്പെട്ട മത്സരക്ഷമതയിൽ നിന്നും ഈ മേഖലകൾ പ്രയോജനം നേടും, ഇത് ആഗോള, യൂറോപ്യൻ മൂല്യ ശൃംഖലകളുമായി കൂടുതൽ ആഴത്തിലുള്ള സംയോജനം സാധ്യമാക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
യൂറോപ്യൻ യൂണിയനുള്ള ഇന്ത്യയുടെ വാഗ്ദാനങ്ങൾ
മൊത്തത്തിൽ, ഇന്ത്യ 92.1% ഉത്പന്നങ്ങൾക്ക് ഇളവ് വാഗ്ദാനം ചെയ്യുന്നു, ഇത് EU കയറ്റുമതിയുടെ 97.5% ഉൾക്കൊള്ളുന്നു. പ്രധാനമായും:
- 49.6% ഉത്പന്നങ്ങൾക്ക് ഉടൻ തീരുവ ഒഴിവാക്കും;
- 39.5% ഉത്പന്നങ്ങൾക്ക് 5, 7, 10 വർഷങ്ങളിൽ ഘട്ടംഘട്ടമായി ഉത്പന്നങ്ങൾക്ക്;
- 3% ഉത്പന്നങ്ങൾക്ക് ഘട്ടംഘട്ടമായി തീരുവ കുറയ്ക്കും, കൂടാതെ കുറച്ച് ഉത്പന്നങ്ങൾ (ആപ്പിൾ, പിയേഴ്സ്, പീച്ച്, കിവി പഴങ്ങൾ) TRQ (ടാരിഫ്-ക്വാണ്ടം) സംവിധാനത്തിലേക്ക് മാറും.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സങ്കീർണ്ണ സാങ്കേതികവിദ്യാ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യയുടെ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്ക്കരിക്കുമെന്നും, ബിസിനസുകളുടെ പ്രാഥമിക ചെലവ് കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ലഭിക്കാനും സഹായിക്കുമെന്നും, ഇന്ത്യൻ ബിസിനസുകൾക്ക് ആഗോള വിതരണ ശൃംഖലകളിൽ പ്രവേശിക്കാനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സുരക്ഷിത മാർഗ്ഗങ്ങളിലൂടെ കാർഷിക പുരോഗതിയും കർഷകക്ഷേമവും ഉറപ്പാക്കും
ഇന്ത്യയിലെ കാർഷിക മേഖലയിലും ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലും സ്വാതന്ത്രവ്യാപാര കരാർ ഗുണാത്മക സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, മുന്തിരി, ഗെർക്കിൻ, വെള്ളരി, ജലാംശം നീക്കിയ ഉള്ളി, കേടാകാതെ സൂക്ഷിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്കും, വിവിധങ്ങളായ സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾക്കും മുൻഗണനാ വിപണി പ്രവേശനം ലഭിക്കുന്നത് ഇവയെ യൂറോപ്യൻ യൂണിയനിൽ കൂടുതൽ മത്സരക്ഷമമാക്കുകയും, വിപണി സാധ്യതകൾ വിപുലീകരിക്കുകയും ചെയ്യും.
ഈ വിപണി പ്രവേശനം കർഷകരുടെ നേരിട്ടുള്ള വരുമാനം വർധിപ്പിക്കുകയും, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ ശക്തിപ്പെടുത്തുകയും, ഇന്ത്യൻ കാർഷിക ഉത്പന്നങ്ങളുടെ ആഗോള മത്സര ശേഷി ഉയർത്തുകയും ചെയ്യും.
പാൽ, ധാന്യങ്ങൾ, കോഴി, സോയാമീൽ, ചിലയിനം പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ സംവേദനാത്മക മേഖലകളെ ഇന്ത്യ വിവേകപൂർവ്വം സംരക്ഷിച്ചിട്ടുണ്ട്. അതിലൂടെ കയറ്റുമതി വളർച്ചയെ ആഭ്യന്തര മുൻഗണനകളുമായി സന്തുലിതമാക്കുന്നു. FTA ഇന്ത്യൻ കാർഷിക മേഖലയ്ക്ക് യൂറോപ്യൻ വിപണികളിൽ ഉയർന്ന മൂല്യവും അഭിവൃദ്ധിയും കൈവരിക്കാനും, സുസ്ഥിര ഉപജീവന മാർഗങ്ങൾ ഒരുക്കുന്നതിലൂടെയും വിശ്വസനീയമായ വരുമാന അവസരങ്ങൾ മുഖേനയും ദീർഘകാല പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഉള്ള അവസരം സൃഷ്ടിക്കുന്നു.
നിലവിലുള്ള വിതരണ ശൃംഖലകളുമായി സമന്വയിപ്പിച്ച ഉത്പന്ന-അധിഷ്ഠിത ചട്ടങ്ങൾ
FTA യുടെ കീഴിൽ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ അഭികാമ്യമായ സംസ്കരണവും ഉത്പാദനവും ഉറപ്പാക്കുന്നതിലൂടെ അവക്ക് ഉത്ഭവ പദവിയും മുൻഗണനാ പ്രവേശനവും ലഭിക്കുന്നു. ഉത്പന്ന-അധിഷ്ഠിത ചട്ടങ്ങൾ (Product Specific Rules) നിലവിലുള്ള വിതരണ ശൃംഖലകളുമായി ഏകീകൃതവും സന്തുലിതവുമാണ്. ആഗോള മൂല്യ ശൃംഖലകളിൽ നിന്നുള്ള ഇൻപുട്ടുകൾ ഉറവിടമാക്കാനും, ഗണ്യമായ പ്രോസസ്സിംഗ് ഉറപ്പാക്കാനും ഈ PSR സഹായിക്കുന്നു.
കൂടാതെ, ഉത്ഭവത്തെക്കുറിച്ചുള്ള സ്വയം സാക്ഷ്യപ്പെടുത്തൽ സംവിധാനത്തിലൂടെ, ഇന്ത്യൻ കയറ്റുമതിക്കാർക്ക് അനുവർത്തന സമയവും അനുബന്ധ ചെലവുകളും കുറയുന്നു, ഇതിലൂടെ ബിസിനസ്സ് പ്രവർത്തനങ്ങൾ സുഗമമാക്കാൻ FTA സഹായിക്കുന്നു. ചെമ്മീനിനും ഡൗൺസ്ട്രീം അലുമിനിയം ഉത്പന്നങ്ങൾക്കും ക്വാട്ട നിശ്ചയിച്ചുകൊണ്ട് MSME-കളുടെ ആവശ്യങ്ങൾ പരിഗണിച്ച് PSR-കൾ ഒരു നൂതനമായ മാർഗ്ഗം രൂപപ്പെടുത്തുന്നു. ഇത് നോൺ-ഒറിജിനേറ്റിംഗ് ഇൻപുട്ടുകളെ സ്രോതസ്സാക്കാൻ MSME-കളെ സഹായിക്കും. യന്ത്രസാമഗ്രികളിലും എയ്‌റോസ്‌പേസ് മേഖലയിലും ചില PSR-കൾക്കായി പരിവർത്തന കാലയളവിൽ നിർമ്മാണം നടത്തുന്നതിലൂടെ 'മെയ്ക്ക് ഇൻ ഇന്ത്യ'യെ പ്രോത്സാഹിപ്പിക്കും.
സേവനമേഖല - ഭാവിയിലെ വ്യാപാര വളർച്ചയുടെ പ്രധാന ചാലകശക്തി
ഇരു സമ്പദ്‌വ്യവസ്ഥകളിലെയും ശക്തവും അതിവേഗം വളരുന്നതുമായ സേവന മേഖലകൾ ഭാവിയിൽ കൂടുതൽ വ്യാപാര സാധ്യതകൾ സൃഷ്ടിക്കും. വിപണി പ്രവേശനം ഉറപ്പുവരുത്തൽ, വിവേചനരഹിതമായ പെരുമാറ്റം, ഡിജിറ്റൽ സേവനങ്ങളിലെ കേന്ദ്രീകരണം, സുഗമമായ ചലനാത്മകത എന്നിവയിലൂടെ സേവന കയറ്റുമതിക്ക് പുതിയ ഉത്തേജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
FTA പ്രകാരം, ഐടി/ഐടിഇഎസ്, പ്രൊഫഷണൽ സേവനങ്ങൾ, വിദ്യാഭ്യാസം, മറ്റ് ബിസിനസ് സേവനങ്ങൾ ഉൾപ്പെടെ 144 സേവന ഉപമേഖലകളിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിപുലവും ശക്തവുമായ പ്രതിബദ്ധതകൾ ഇന്ത്യ സ്വായത്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സേവനദാതാക്കൾക്ക് യൂറോപ്യൻ യൂണിയൻ വിപണിയിൽ സ്ഥിരതയാർന്നതും ഭാവാത്മകവുമായ രീതിയിൽ സേവനങ്ങൾ ലഭ്യമാക്കാൻ വിശാലമായ സേവന മേഖലകൾ അനുവദിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ മത്സരാധിഷ്ഠിതവും ഉയർന്ന സാങ്കേതിക വൈദഗ്ദ്ധ്യവുമുള്ള സേവനങ്ങൾ യൂറോപ്യൻ യൂണിയൻ ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഗുണം പകരുന്നതിനൊപ്പം, ഇന്ത്യയുടെ സേവന കയറ്റുമതിയെ ശക്തിപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ 102 ഉപമേഖലകളിലെ വാഗ്ദാനങ്ങൾ യൂറോപ്യൻ യൂണിയന്റെ മുൻഗണനാ മേഖലകളായ പ്രൊഫഷണൽ സേവനങ്ങൾ, ബിസിനസ്, വാർത്താവിനിമയം, സമുദ്രം, സാമ്പത്തികം, പരിസ്ഥിതി തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്നു. ഇത് യൂറോപ്യൻ യൂണിയൻ ബിസിനസുകൾക്ക് ഇന്ത്യയിലേക്ക് നിക്ഷേപവും നൂതന സേവനങ്ങളും കൊണ്ടുവരാനുള്ള പ്രവചനാത്മക സംവിധാനവും, കയറ്റുമതി വർദ്ധിപ്പിക്കാനുള്ള അവസരവും, ഇന്ത്യൻ ബിസിനസുകൾക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള പ്രേരണയും സൃഷ്ടിക്കുന്നു. സേവന വ്യാപാരം ത്വരിതപ്പെടുത്തുന്നതിനും, ഇന്ത്യൻ പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും പുതിയ അവസരങ്ങൾ തുറക്കുന്നതിനും, ഉയർന്ന മൂല്യമുള്ള ആഗോള വിപണികളിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും, നൂതനാശയങ്ങൾ, നൈപുണ്യ ചലനാത്മകത, വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ച എന്നിവ ശക്തിപ്പെടുത്തുന്നതിനും പരസ്പര പ്രയോജനകരമായ ഈ ചട്ടക്കൂട് സഹായിക്കുന്നു.
യൂറോപ്പിലുടനീളം ഇന്ത്യയുടെ പ്രതിഭാ സാന്നിധ്യം വിപുലീകരിക്കുന്നു
ബിസിനസ് സന്ദർശകർ, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറികൾ (ഒരു ജീവനക്കാരനെ മറ്റൊരു രാജ്യത്തുള്ള മറ്റൊരു ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുന്ന പ്രക്രിയ), കരാർ അടിസ്ഥാനത്തിലുള്ള സേവന വിതരണക്കാർ, സ്വതന്ത്ര പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർക്ക് താൽക്കാലിക പ്രവേശനത്തിനും താമസത്തിനും FTA സ്ഥിരതയാർന്നതും ഉറപ്പുള്ളതുമായ വ്യവസ്ഥ പ്രദാനം ചെയ്യുന്നു.
സമഗ്രമായ മൊബിലിറ്റി ചട്ടക്കൂട് മുഖാന്തിരം, പ്രതിഭകളുടെ ആഗോള കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. യൂറോപ്യൻ യൂണിയനിൽ നിലവിലുള്ള എല്ലാ സേവന മേഖലകളിലും ഇന്ത്യൻ കോർപ്പറേറ്റുകളുടെ ജീവനക്കാർക്കും അവരുടെ പങ്കാളികൾക്കും ആശ്രിതർക്കുമുള്ള ചലനാത്മകത ഈ ചട്ടക്കൂട് സുഗമമാക്കുന്നു. ഐടി, ബിസിനസ്, പ്രൊഫഷണൽ സേവനങ്ങൾ ഉൾപ്പെടെ 37 ഉപമേഖലകളിൽ, യൂറോപ്യൻ യൂണിയൻ ക്ലയന്റുകൾക്ക് കരാർ അടിസ്ഥാനത്തിൽ സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശന അവസരങ്ങൾ ലഭിക്കും.
യൂറോപ്യൻ യൂണിയൻ ക്ലയന്റുകൾക്ക് സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന സ്വതന്ത്ര പ്രൊഫഷണലുകൾക്ക് ഐടി, ഗവേഷണ വികസനം, ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള 17 ഉപമേഖലകളിൽ പ്രവേശനം ഉറപ്പാക്കുന്നു. ഇത് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിജ്ഞാനാധിഷ്ഠിത വ്യാപാരത്തിനും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ, എല്ലാ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുമായി 5 വർഷത്തിനുള്ളിൽ സാമൂഹിക സുരക്ഷാ കരാറുകൾ പ്രാബല്യത്തിൽ വരും വിധത്തിലുള്ള ക്രിയാത്മക ചട്ടക്കൂടും, ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനും പഠനാനന്തര തൊഴിൽ വിസ ലഭിക്കാനുള്ള ചട്ടക്കൂടും ഇന്ത്യ–യൂറോപ്യൻ യൂണിയൻ ധാരണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നു
ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾക്കും ആയുഷ് ചികിത്സകർക്കും FTA ഒരു ഉത്തേജനമായി വർത്തിക്കും. നിയന്ത്രണങ്ങൾ ഇല്ലാത്ത യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ, ആയുഷ് ചികിത്സകർക്ക് ഇന്ത്യയിൽ നേടിയ പ്രൊഫഷണൽ യോഗ്യതകൾ അടിസ്ഥാനമാക്കി സേവനങ്ങൾ നൽകാൻ സാധിക്കും.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ആയുഷ് വെൽനസ് സെന്ററുകളും ക്ലിനിക്കുകളും സ്ഥാപിക്കുന്നതിന് യൂറോപ്യൻ യൂണിയൻ സാധ്യതകൾ തുറക്കുകയും, ഈ ദിശയിൽ തടസ്സരഹിതമായി മുന്നേറാൻ FTA സഹായിക്കുകയും ചെയ്യുന്നു. ഇന്ത്യൻ പരമ്പരാഗത വൈദ്യ സേവനങ്ങളുടെ വ്യാപാരം സുഗമമാക്കുന്നതിനും, യൂറോപ്യൻ യൂണിയനുമായി കൂടുതൽ പ്രായോഗിക വിനിമയങ്ങൾ നടത്തുന്നതിനും FTA ശക്തവും വ്യവസ്ഥാപിതാവുമായ വേദി ഒരുക്കുന്നു.
നൂതനാശയങ്ങൾ, സംരക്ഷണം, അഭിവൃദ്ധി: ബൗദ്ധിക സ്വത്തവകാശങ്ങൾ ഔന്നത്യത്തിലേക്ക്
പകർപ്പവകാശം, വ്യാപാരമുദ്രകൾ, ഡിസൈനുകൾ, വ്യാപാര രഹസ്യങ്ങൾ, സസ്യ ഇനങ്ങൾ, ബൗദ്ധിക സ്വത്തവകാശ നിർവ്വഹണം എന്നിവയുമായി ബന്ധപ്പെട്ട് TRIPS-ന് കീഴിലുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണ ഉദ്യമങ്ങളെ FTA ശക്തിപ്പെടുത്തുന്നു. ഇത് ദോഹ പ്രഖ്യാപനത്തെ സ്ഥിരീകരിക്കുകയും, ഡിജിറ്റൽ ലൈബ്രറികളുടെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്യുന്നു. ഇന്ത്യ ആരംഭിച്ച പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി (Traditional Knowledge Digital Library) പദ്ധതിയെ വിശിഷ്യാ അംഗീകരിക്കുന്നു. സാങ്കേതികവിദ്യ കൈമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളും പ്രായോഗിക രീതികളും സംബന്ധിച്ച് കാഴ്ചപ്പാടുകളും വിവരങ്ങളും കൈമാറുന്നതിനുള്ള ക്രമീകരണങ്ങൾ, വിവര പ്രവാഹങ്ങൾ, ബിസിനസ് പങ്കാളിത്തങ്ങൾ എന്നിവ സുഗമമാക്കാനുള്ള നടപടികൾ IPR ചാപ്റ്റർ വ്യവസ്ഥ ചെയ്യുന്നു.
സുരക്ഷിതവും, മാനദണ്ഡബദ്ധവും, തടസ്സരഹിതവുമായ വ്യാപാരത്തിനായി SPS, TBT ലിങ്കുകളുടെ ശാക്തീകരണം
SPS, TBT കാര്യങ്ങളിൽ FTA മെച്ചപ്പെട്ട സഹകരണം അവതരിപ്പിക്കുന്നു. ഇത് കൺഫോർമിറ്റി അസസ്മെന്റ് ഫലങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും, കീട/രോഗ വ്യാപനങ്ങൾക്കുള്ള സാങ്കേതിക ന്യായീകരണത്തിലും പ്രാദേശിക പ്രതികരണങ്ങളിലും എസ്‌പിഎസ് നടപടികളിൽ തുല്യത സാധ്യമാക്കുകയും ചെയ്യും. ഡിജിറ്റൈസേഷൻ, വിവരവിനിമയം, അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ പാലനം എന്നിവയിലൂടെ, FTA വ്യാപാര തടസ്സങ്ങൾ കുറയ്ക്കുകയും, സുഗമമായ വിപണി പ്രവേശനം സാധ്യമാക്കുകയും, കയറ്റുമതിക്കാർക്കായി നിയന്ത്രണവും പ്രവചനക്ഷമതയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യ–EU സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള മേഖലാധിഷ്ഠിത നേട്ടങ്ങൾ
കൃഷിയിടങ്ങളിൽ പുരോഗതിയുടെ വിളവെടുപ്പ്: മുൻഗണനാക്രമത്തിലുള്ള പ്രവേശനം കാർഷിക വളർച്ചയ്ക്ക് ഇന്ധനമേകുന്നു
സംസ്കരിച്ച ഭക്ഷണങ്ങൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, മുന്തിരി, ഗെർക്കിൻ, വെള്ളരി, ആട്ടിറച്ചി, മധുരമുള്ള ചോളം, ജലാംശമില്ലാത്ത ഉള്ളി, ചിലയിനം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ ഇന്ത്യയുടെ കാർഷിക കയറ്റുമതിക്ക് മുൻഗണനാടിസ്ഥാനത്തിൽ വിപണി പ്രവേശനം ഉറപ്പാക്കുന്നു, ഇത് അവയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുകയും ആഗോള വിപണിയിൽ ഇന്ത്യയുടെ നില ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇത് ഗ്രാമീണ വരുമാനം ഉയർത്തുകയും, വനിതകളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും, യൂറോപ്പിലെ മുൻനിര, വിശ്വസനീയ വിതരണ രാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
ക്ഷീരോത്പന്നങ്ങൾ, ധാന്യങ്ങൾ, കോഴി, സോയാമീൽ, ചിലയിനം ഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള സംവേദനാത്മക മേഖലകൾക്കുള്ള തന്ത്രപരമായ സുരക്ഷാ നടപടികൾ, ആഭ്യന്തര മുൻഗണനകൾ സംരക്ഷിക്കുന്നതോടൊപ്പം കയറ്റുമതി വളർച്ച ഉറപ്പാക്കുന്നു.
എഞ്ചിനീയറിംഗ് മികവിലൂടെ കയറ്റുമതി ത്വരിതപ്പെടുത്തുന്നു
ഇന്ത്യയുടെ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ ഇപ്പോൾ 22% വരെ ഉയർന്ന തീരുവ നേരിടുന്ന സാഹചര്യത്തിൽ, FTA യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 1.44 ലക്ഷം കോടി രൂപ (USD 16.6 ബില്യൺ) ആയിരുന്നു. കൂടാതെ, ഏകദേശം 174.3 ലക്ഷം കോടി രൂപ (USD 2 ട്രില്ല്യൺ) മൂല്യമുള്ള യൂറോപ്യൻ യൂണിയന്റെ എഞ്ചിനീയറിംഗ് ഉത്പന്ന കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വ്യാവസായിക ആധുനികവത്ക്കരണത്തിനും ആഗോള മത്സരശേഷിക്കും ഉത്തേജനം പകർന്നു കൊണ്ട്, MSME കൾ നയിക്കുന്ന വ്യാവസായിക ക്ലസ്റ്ററുകളെ FTA ശക്തിപ്പെടുത്തുന്നു.
തൊഴിലും വളർച്ചയും: തൊഴിൽ-പ്രധാന വ്യവസായങ്ങൾ മത്സരക്ഷമത നേടുന്നു
- തുണിത്തരങ്ങളുടെ തീരുവ ഒഴിവാക്കിയതോടെ, തൊഴിലവസരങ്ങൾ വർദ്ധിക്കുകയും EU വിപണിയുമായി സംയോജനം സാധ്യമാകുകയും ചെയ്യുന്നതിനാൽ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, സ്പോർട്സ് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടുന്ന മേഖലകൾക്ക് മത്സരക്ഷമത ലഭിക്കുന്നു.
- യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ തുകൽ, പാദരക്ഷ കയറ്റുമതി വർദ്ധിക്കും
- തുകൽ, പാദരക്ഷ മേഖലകളിലെ ഇന്ത്യയുടെ ലോകപ്രശസ്ത കരകൗശല വൈദഗ്ധ്യവും MSME നവീകരണവും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, ഇത് യൂറോപ്യൻ വിപണിയിലേക്കുള്ള അഭൂതപൂർവമായ പ്രവേശനത്തിന് വഴിവെക്കുന്നു.
FTA പ്രാബല്യത്തിൽ വരുമ്പോൾ, എല്ലാ ഉത്പന്നങ്ങളിലും 17% മുതൽ പൂജ്യം വരെയായി തീരുവ കുറയ്ക്കുന്നത് ഏകദേശം 20.9 ആയിരം കോടി രൂപ (2.4 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ള ഇന്ത്യയുടെ യൂറോപ്യൻ യൂണിയൻ കയറ്റുമതിക്ക് സഹായകമാകും. കൂടാതെ, യൂറോപ്യൻ യൂണിയന്റെ ഏകദേശം 8.71 ലക്ഷം കോടി രൂപയുടെ (100 ബില്യൺ യുഎസ് ഡോളർ) തുകൽ, പാദരക്ഷ ഇറക്കുമതിയിൽ ഇന്ത്യയുടെ വിഹിതം ശക്തിപ്പെടും. റെഗുലേറ്ററി അലൈൻമെന്റ്, ലളിതവത്ക്കരിച്ച അനുവർത്തനം, ഡിസൈൻ, സുസ്ഥിര ഉത്പന്നങ്ങൾക്കുള്ള പിന്തുണ എന്നിവ കുറഞ്ഞ ലാഭവിഹിതമുള്ള ഉത്പാദനത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പാദനത്തിന്റെ ആഗോള നേതൃത്വത്തിലേക്ക് മുന്നേറാൻ സഹായകമാകും.
സമുദ്രോത്പന്ന കയറ്റുമതിയിൽ വൻമുന്നേറ്റം
വ്യാപാര മൂല്യത്തിന്റെ 100% മുൻഗണനാ പ്രവേശനവും, 26% വരെ തീരുവ കുറയുന്നതും മുഖേന, ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്കായി യൂറോപ്യൻ യൂണിയൻ വിപണി (INR 4.67 ലക്ഷം കോടി / USD 53.6 ബില്യൺ) തുറക്കപ്പെടുകയാണ്. ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ മത്സരശേഷി ഗണ്യമായി മെച്ചപ്പെടുത്തും. നിലവിൽ EU-വിലേക്ക് INR 8,715 കോടി (USD 1 ബില്യൺ) മൂല്യമുള്ള ഇന്ത്യയുടെ കയറ്റുമതി ശേഷി ശക്തിപ്പെടും. ചെമ്മീൻ, ശീതീകരിച്ച മത്സ്യം, മൂല്യവർദ്ധിത സമുദ്രോത്പന്ന കയറ്റുമതി എന്നിവയുടെ ടർബോ-ചാർജ് കയറ്റുമതി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കേരളം അടക്കമുള്ള തീരദേശ സമൂഹങ്ങളെയും ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയെയും ശാക്തീകരിക്കും.
ഇന്ത്യയുടെ മെഡിക്കൽ ഉപകരണങ്ങൾ, സാമഗ്രികൾ, അവശ്യവസ്തുക്കൾ
നൂതനമായ നിർമ്മാണം, നൂതനാശയങ്ങൾ, ഉന്നത വൈദഗ്ധ്യമുള്ള നൈപുണ്യങ്ങൾ എന്നിവ കൈമുതലാക്കി നിർമ്മിച്ച ഇന്ത്യയുടെ മെഡിക്കൽ ഉപകരണങ്ങൾ, സാമഗ്രികൾ,അവശ്യവസ്തുക്കൾ എന്നിവ യൂറോപ്യൻ യൂണിയനിലെ വിപണിയിൽ വൻ വളർച്ച നേടാൻ ഒരുങ്ങുകയാണ്. 99.1% ഉത്പന്നങ്ങളിൽ 6.7% വരെയുള്ള തീരുവ ഒഴിവാക്കലിലൂടെ, ലെൻസ്, കണ്ണട, മെഡിക്കൽ ഉപകരണങ്ങൾ, മെഷറിങ് -ടെസ്റ്റിംഗ് ഉപകരണങ്ങൾ എന്നിവക്ക് ചെലവ് കുറഞ്ഞ, മത്സരാധിഷ്ഠിത പ്രവേശനം ഉറപ്പാക്കുന്നു.
ഇന്ത്യയുടെ ആഭരണ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
കലാ നൈപുണ്യം, MSME സംരംഭകത്വം, പൈതൃക കരകൗശലം എന്നിവയുടെ സമന്വയമായ രത്ന-ആഭരണ മേഖല യൂറോപ്യൻ യൂണിയൻ വിപണിയിൽ മത്സരക്ഷമത നേടുകയാണ്. മുമ്പ് 4% വരെ തീരുവ ബാധകമായിരുന്ന വ്യാപാരത്തിൽ നിന്ന്, വ്യാപാര മൂല്യത്തിന്റെ 100% മുൻഗണനാ പ്രവേശനം ലഭിക്കുന്നതിലൂടെ ഇന്ത്യയുടെ 23,500 കോടി രൂപ (2.7 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ള ആഭരണ കയറ്റുമതി FTA മുഖാന്തിരം കൂടുതൽ മത്സരക്ഷമമാകുന്നു. ഇത് ഏകദേശം 6.89 ലക്ഷം കോടി രൂപ (79.2 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ള യൂറോപ്യൻ യൂണിയൻ ഇറക്കുമതി വിപണിയിൽ ഇന്ത്യൻ ആഭരണങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്തുകയും അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നെയ്തെടുത്ത വിജയം: വസ്ത്ര, തുണിത്തര മിർമ്മാണ മേഖലയ്ക്ക് സമാനതകളില്ലാത്ത നേട്ടം
തുണിത്തരങ്ങളിലും വസ്ത്രങ്ങളിലും തീരുവ രഹിത പ്രവേശനം ലഭിക്കുന്നതിലൂടെയും ഉത്പന്നങ്ങൾക്ക് 12% വരെ തീരുവ കുറയ്ക്കുന്നതിലൂടെയും യൂറോപ്യൻ യൂണിയന്റെ 22.9 ലക്ഷം കോടി രൂപയുടെ (USD 263.5 ബില്യൺ) ഇറക്കുമതി വിപണി ഇന്ത്യക്ക് മുന്നിൽ തുറക്കും. യൂറോപ്യൻ യൂണിയനിലേക്കുള്ള 62,700 കോടി രൂപയുടെ (USD 7.2 ബില്യൺ) കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള, ആഗോള തുണിത്തര-വസ്ത്ര കയറ്റുമതിയിൽ ഇന്ത്യയുടെ നിലവിലെ 3.19 ലക്ഷം കോടി രൂപ (USD 36.7 ബില്യൺ) വിഹിതം, മുൻഗണനാപ്രവേശനത്തിലൂടെയും നൂൽ, കോട്ടൺ നൂൽ, മനുഷ്യനിർമ്മിത ഫൈബർ വസ്ത്രങ്ങൾ, റെഡി-മെയ്ഡ് വസ്ത്രങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള വസ്ത്രങ്ങൾ, ഗാർഹിക തുണിത്തരങ്ങൾ എന്നിവയിലൂടെയും ഗണ്യമായ വളർച്ചയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കും. ഇത് MSME-കളെ വിപുലീകരിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വിശ്വസനീയവും സുസ്ഥിരവുമായ പങ്കാളിയെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കും.
പ്ലാസ്റ്റിക്, റബ്ബർ കയറ്റുമതിക്ക് ഉത്തേജനം
ഇന്ത്യയിലെ പ്ലാസ്റ്റിക്, റബ്ബർ വ്യവസായങ്ങൾക്ക് യൂറോപ്യൻ യൂണിയനിലേക്ക് മുൻഗണനാ പ്രവേശനം ലഭിക്കുന്നു. ഇത് ആഗോളതലത്തിൽ 27.67 ലക്ഷം കോടി രൂപ (317.5 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ള ഇറക്കുമതി സാധ്യതയാണ്. ഇന്ത്യയുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള നിലവിലെ കയറ്റുമതി 20.9 ആയിരം കോടി രൂപ (2.4 ബില്യൺ യുഎസ് ഡോളർ) ആയി തുടരുമ്പോൾ, മൊത്തം ആഗോള കയറ്റുമതി 1.13 ലക്ഷം കോടി രൂപ (13 ബില്യൺ യുഎസ് ഡോളർ) ആണ്. അതിനാൽ വളർച്ചയ്ക്ക് വലിയ സാധ്യതകൾ തുറന്നിരിക്കുന്നു. ഇന്ത്യയുടെ വൈദഗ്ധ്യമുള്ള തൊഴിലാളികളും MSME -അധിഷ്ഠിത നവീകരണവും സംയുക്തമായി FTA മുഖേനയുള്ള മെച്ചപ്പെട്ട പ്രവേശനത്തിലൂടെ, രാജ്യത്തെ തൊഴിലവസരങ്ങളും കയറ്റുമതിയും വർദ്ധിപ്പിക്കാനും ആഗോള വ്യാപാര ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.
രാസവസ്തുക്കൾ: കയറ്റുമതി വിപുലീകരണം, തൊഴിലവസര സൃഷ്ടി
ഇന്ത്യയുടെ കെമിക്കൽ കയറ്റുമതിയുടെ 97.5% ത്തിനും മൂല്യം അനുസരിച്ച് നികുതി ഒഴിവാക്കുമെന്ന് FTA ഉറപ്പാക്കുന്നു, ഇത് 12.8% വരെ തീരുവ ഒഴിവാക്കുകയും അജൈവ, ജൈവ, കാർഷിക രാസവസ്തുക്കളുടെ മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കയറ്റുമതി വിപുലീകരിക്കുന്നതിനും, MSME-കൾ നയിക്കുന്ന ക്ലസ്റ്ററുകളെ ശക്തിപ്പെടുത്തുന്നതിനും, ഉയർന്ന മൂല്യമുള്ളതും, സുസ്ഥിരവും, സാങ്കേതികമായി പുരോഗമിച്ചതുമായ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, EU- ന്റെ ഏകദേശം 43.57 ലക്ഷം കോടി രൂപ (USD 500 ബില്യൺ) മൂല്യമുള്ള ഇറക്കുമതി വിപണിയിലെ വിശ്വസനീയ വിതരണക്കാരായി ഇന്ത്യയെ സ്ഥാപിക്കുന്നതിനും FTA സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഖനി, ധാതു മേഖലകളിലെ അവസരങ്ങൾ
100% ഉത്പന്നങ്ങളും തീരുവ രഹിതമാകുന്നത് ചെലവ് കുറയ്ക്കുകയും, EU-യിലേക്കുള്ള ഇന്ത്യയുടെ ഗുണനിലവാരമുള്ളതും വിശ്വസനീയവും മൂല്യവർദ്ധിതവുമായ ധാതുക്കളുടെ കയറ്റുമതി ഉറപ്പാക്കുകയും ചെയ്യുന്നു. യൂറോപ്പിലെ ഉയർന്ന മൂല്യമുള്ള വിപണികളിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ FTA തുറക്കുന്നു. ഒപ്പം ഉരുക്ക്, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, പുനരുപയോഗ ഊർജ്ജം എന്നിവയിലും യൂറോപ്യൻ നിർമ്മാതാക്കളുമായി ദീർഘകാലീനവും പ്രവചനാത്മകവും ആയ പങ്കാളിത്തത്തിന് പ്രേരണ നൽകുന്നു.
വീട്ടുപകരണങ്ങൾ, തടികൊണ്ടുള്ള കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവയ്ക്ക് വിപുലമായ വിപണി പ്രവേശനം
10.5% വരെ കുറയുന്ന തീരുവ, മരം കൊണ്ടും, മുള കൊണ്ടും, കൈകൊണ്ടും നിർമ്മിച്ച ഇന്ത്യൻ ഫർണിച്ചറുകളടക്കമുള്ളവയുടെ ലഭ്യത മെച്ചപ്പെടുത്തുകയും മത്സരക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന മൂല്യമുള്ളതും ഡിസൈൻ അധിഷ്ഠിതവുമായ വിഭാഗങ്ങളിലെ വളർച്ചയെ FTA പിന്തുണയ്ക്കുകയും ആഗോള ഫർണിച്ചർ വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
*****
(रिलीज़ आईडी: 2219434)
|