ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഡിഎൽഐ പദ്ധതിക്ക് കീഴിൽ അംഗീകാരം ലഭിച്ച സെമികണ്ടക്ടർ ചിപ്പ് ഡിസൈൻ കമ്പനികളുമായി കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് സംവദിച്ചു.

प्रविष्टि तिथि: 27 JAN 2026 6:22PM by PIB Thiruvananthpuram

സെമികോൺ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച സെമികണ്ടക്ടർ ചിപ്പ് ഡിസൈൻ കമ്പനികളുമായി കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.


പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും, ഡിസൈൻ രംഗത്തെ നവീകരണങ്ങൾ  മനസ്സിലാക്കുന്നതിനും, രാജ്യത്തിനകത്തുതന്നെ ശക്തമായ ഒരു സെമികണ്ടക്ടർ ഡിസൈൻ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടായിരുന്നു ഈ കൂടിക്കാഴ്ച. SoC-കൾ, ടെലികോം, പവർ മാനേജ്‌മെൻ്റ്, നിർമ്മിതബുദ്ധി, ഐ.ഒ.ടി തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളേയും കമ്പനികളേയും പിന്തുണയ്ക്കുന്നതിലൂടെ ആഭ്യന്തര ചിപ്പ് ഡിസൈൻ കഴിവുകളെ വേഗത്തിലാക്കാനും, അതിലൂടെ നിർണ്ണായകമായ സെമികണ്ടക്ടർ സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത ശക്തിപ്പെടുത്താനുമാണ് ഡി.എൽ.ഐ പദ്ധതി ലക്ഷ്യമിടുന്നത്.

ഡി.എൽ.ഐ പദ്ധതിയുടെ പിന്തുണയുള്ള കമ്പനികൾ നിരീക്ഷണം, നെറ്റ്‌വർക്കിംഗ്, എംബഡഡ് സിസ്റ്റങ്ങൾ എന്നിവയ്ക്കായുള്ള തദ്ദേശീയ SoC-കളും ASIC-കളും, RISC-V അധിഷ്ഠിത പ്രോസസ്സറുകളും ആക്സിലറേറ്ററുകളും, ഐ.ഒ.ടി, എഡ്ജ് ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായുള്ള കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്ന AI ചിപ്പുകൾ തുടങ്ങി വിപുലമായ മേഖലകളിൽ സെമികണ്ടക്ടർ രൂപകൽപ്പനയിൽ ഏർപ്പെട്ടിരിക്കുകയാണ്. ടെലികോം, വയർലെസ് ചിപ്പ്സെറ്റുകൾ, പവർ മാനേജ്‌മെൻ്റ്, മിക്സഡ്-സിഗ്നൽ ഐ.സി- കൾ എന്നിവയ്ക്കും ഓട്ടോമോട്ടീവ്, ഊർജ്ജം, ബഹിരാകാശം, പ്രതിരോധം തുടങ്ങിയ തുടങ്ങിയ തന്ത്രപ്രധാന മേഖലകളും അവരുടെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു. ഇത് രാജ്യത്ത് സ്വയംപര്യാപ്തമായ ഒരു സെമികണ്ടക്ടർ ഡിസൈൻ ആവാസവ്യവസ്ഥയുടെ വികസനത്തിന് സംഭാവന നല്കുന്നു.

സെമികണ്ടക്ടർ വികസനത്തിനായുള്ള സർക്കാരിൻ്റെ ബഹുവർഷ, ആവാസവ്യവസ്ഥാധിഷ്ഠിത സമീപനം വ്യക്തമായ ഫലങ്ങൾ നല്കുന്നുണ്ടെന്ന് പങ്കാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ വൈഷ്ണവ് പറഞ്ഞു. കേവലം ഒറ്റപ്പെട്ട പദ്ധതികൾക്ക് പകരം ഒരു സമ്പൂർണ്ണ സെമികണ്ടക്ടർ ആവാസവ്യവസ്ഥ രൂപീകരിക്കാനും, ദീർഘകാല തന്ത്രങ്ങൾ നടപ്പിലാക്കാനും, ഇന്ത്യയെ ഒരു സേവന കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉൽപ്പന്ന നിർമ്മാണ രാഷ്ട്രമായി മാറ്റാനുമായി 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായി അവതരിപ്പിച്ച കാഴ്ചപ്പാടോടെയാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തതിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതിയുടെ വിജയം എടുത്തുപറഞ്ഞുകൊണ്ട്, തുടക്കത്തിൽ പ്രതീക്ഷകൾ മിതമായിരുന്നെങ്കിലും ഇന്ന് ഈ പ്രോഗ്രാം 24 സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ പല കമ്പനികളും ഇതിനോടകം ടേപ്പ്-ഔട്ടുകൾ പൂർത്തിയാക്കുകയും, ഉൽപ്പന്നങ്ങൾ സാക്ഷ്യപ്പെടുത്തുകയും, വിപണിയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് സ്വീകാര്യത കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അത്യാധുനിക ഡിസൈൻ ഉപകരണങ്ങൾ, ഐ.പി ലൈബ്രറികൾ, വേഫർ, ടേപ്പ്-ഔട്ട് പിന്തുണ എന്നിവ ലഭ്യമാക്കുന്നതിലൂടെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാന തടസ്സങ്ങൾ നീക്കാനുള്ള സർക്കാരിൻ്റെ കാതലായ സമീപനം ഇതിലൂടെ ശരിവെയ്ക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പിന്തുണാ സംവിധാനം ആഗോളതലത്തിൽ തന്നെ സവിശേഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യ സെമികണ്ടക്ടർ ദൗത്യം നല്കുന്ന സമഗ്ര പിന്തുണ സമാനതകളില്ലാത്തതാണെന്ന് മന്ത്രി അടിവരയിട്ടു. അടുത്ത ഘട്ടത്തിൽ കുറഞ്ഞത് 50 ഫാബ്‌ലെസ് സെമികണ്ടക്ടർ കമ്പനികളെയെങ്കിലും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി വിപുലീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. വരും വർഷങ്ങളിൽ, മുൻനിര അന്താരാഷ്ട്ര കമ്പനികളോട് കിടപിടിക്കുന്ന തരത്തിൽ ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള ഫാബ്‌ലെസ് കമ്പനികൾ ഇന്ത്യയിൽ നിന്ന് ഉയർന്നുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടന്ന സമീപകാല ആഗോള ചർച്ചകളിൽ നിന്നുള്ള പ്രതികരണങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇന്ത്യയുടെ സെമികണ്ടക്ടർ പ്രോഗ്രാമിൻ്റെ ഗൗരവം, വ്യാപ്തി, നിർവ്വഹണ ശേഷി എന്നിവ അന്താരാഷ്ട്ര വ്യവസായ പ്രമുഖർ കൂടുതലായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022-ൽ തുടക്കത്തിലുണ്ടായിരുന്ന സംശയങ്ങൾ മാറി, ആഗോള കാഴ്ചപ്പാടിൽ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. ഇന്ത്യയുടെ വളരുന്ന സെമികണ്ടക്ടർ ആവാസവ്യവസ്ഥയിൽ പങ്കാളികളാകാൻ വ്യവസായ പ്രമുഖർ ഇപ്പോൾ അതീവ താല്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ട്, ആർ.എഫ് & വയർലെസ്സ്, നെറ്റ്‌വർക്കിംഗ്, പവർ മാനേജ്‌മെൻ്റ്, സെൻസറുകൾ, മെമ്മറി എന്നിങ്ങനെ ആറ് പ്രധാന സിസ്റ്റം വിഭാഗങ്ങളിൽ ഇന്ത്യയുടെ സെമികണ്ടക്ടർ ഡിസൈൻ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തമായ തന്ത്രം മന്ത്രി വിശദീകരിച്ചു. മിക്ക ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുടേയും അടിസ്ഥാന ശിലകളായ ഈ വിഭാഗങ്ങൾ, പ്രതിരോധം, ബഹിരാകാശം, ഓട്ടോമോട്ടീവ്, റെയിൽവേ, ഡ്രോണുകൾ തുടങ്ങി മറ്റ് തന്ത്രപ്രധാന മേഖലകളിലെ വിപുലമായ ആവശ്യങ്ങൾക്കായി സ്വന്തമായി പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ഇന്ത്യയെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിക്കവേ, എസ്.സി.എൽ മൊഹാലി 180 നാനോമീറ്റർ റേഞ്ചിലുള്ള ടേപ്പ്-ഔട്ടുകളെ പിന്തുണയ്ക്കുമെന്നും, ധൊലേരയിലെ വരാനിരിക്കുന്ന ഫാബ്രിക്കേഷൻ സൗകര്യത്തിലൂടെ 28 നാനോമീറ്റർ വരെയുള്ള അഡ്വാൻസ്ഡ് നോഡുകൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ആഭ്യന്തര ഡിസൈൻ കഴിവുകൾക്ക് അനുയോജ്യമായ ശക്തമായ നിർമ്മാണ അടിത്തറ നല്കും. വൈദഗ്ധ്യമുള്ള പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ സർക്കാർ നല്കുന്ന തുടർച്ചയായ ശ്രദ്ധയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ 85,000 നൈപുണ്യമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനെതിരെ, വെറും നാല് വർഷത്തിനുള്ളിൽ 67,000-ത്തിലധികം സെമികണ്ടക്ടർ പ്രൊഫഷണലുകൾക്ക് ഇതിനകം പരിശീലനം നല്കിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള സെമികണ്ടക്ടർ ആവാസവ്യവസ്ഥയിലെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മന്ത്രി, വരും വർഷങ്ങളിൽ ലോകത്തിലെ സെമികണ്ടക്ടർ ഡിസൈൻ ജോലികളുടെ വലിയൊരു ഭാഗം ഇന്ത്യയിൽ നടക്കുമെന്ന് പറഞ്ഞു. സ്വന്തമായി ഐ.പി, പേറ്റൻ്റുകൾ, സംരംഭങ്ങൾ എന്നിവ സൃഷ്ടിക്കുന്നത്തിലൂടെ ആഭ്യന്തര സ്റ്റാർട്ടപ്പുകളും എഞ്ചിനീയർമാരും നൂതനാശയക്കാരും ഇതിന് നേതൃത്വം നല്കും.

2029-ഓടെ ആഭ്യന്തര ആവശ്യങ്ങളുടെ ഏകദേശം 70–75 ശതമാനത്തോളം വരുന്ന ചിപ്പുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള ശേഷി ഇന്ത്യ കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ അടിത്തറയിൽ നിന്നുകൊണ്ട്, സെമികോൺ 2.0 എന്ന അടുത്ത ഘട്ടം അത്യാധുനിക നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 3-നാനോമീറ്റർ, 2-നാനോമീറ്റർ സാങ്കേതിക വിദ്യകൾ കൈവരിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ  ഇതിനുണ്ടാകും. 2035-ഓടെ ലോകത്തിലെ മുൻനിര സെമികണ്ടക്ടർ രാഷ്ട്രങ്ങളിൽ ഒന്നായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

പദ്ധതിക്ക് കീഴിലുള്ള സ്റ്റാർട്ടപ്പുകൾ ഏകദേശം 430 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് ആകർഷിച്ചിട്ടുണ്ടെന്നും, ഇത് ഇന്ത്യയുടെ ഡിസൈൻ ആവാസവ്യവസ്ഥയിലുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഡി.എൽ.ഐ പ്രോഗ്രാമിൽ പങ്കെടുക്കുന്ന 24 സ്റ്റാർട്ടപ്പുകളിൽ 14 സ്റ്റാർട്ടപ്പുകൾക്ക് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു. നാല് വർഷം മുമ്പ് ആരംഭിച്ച ഇന്ത്യ സെമികണ്ടക്ടർ ദൗത്യം മികച്ച ഫലങ്ങൾ നല്കിയിട്ടുണ്ടെന്നും, നിർമ്മാണത്തിലിരിക്കുന്ന 10 പ്രോജക്ടുകൾ, ഈ വർഷം ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 4 പ്രോജക്ടുകൾ, 315 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി സെമികണ്ടക്ടർ ചിപ്പ് ഡിസൈനിൽ പരിശീലനം നേടിയ 67,000 വിദ്യാർത്ഥികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെമികണ്ടക്ടറുകൾ, നിർമ്മിതബുദ്ധി, ബയോടെക്നോളജി, ബഹിരാകാശം, മറ്റ് ഡീപ്-ടെക് ഡൊമെയ്‌നുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ നൂതനാശയങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2026-ൽ സർക്കാർ  'ഡീപ് ടെക് അവാർഡുകൾ' ഏർപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അവാർഡുകളുടെ ആദ്യ ഘട്ടം വർഷാവസാനത്തോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡി.എൽ.ഐ (DLI) പദ്ധതിയെക്കുറിച്ച്:

ഇന്ത്യയിൽ സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു സെമികണ്ടക്ടർ ചിപ്പ് ഡിസൈൻ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം (MeitY) നടപ്പിലാക്കുന്ന സെമികോൺ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ നടപ്പിലാക്കുന്ന ഒരു പ്രധാന സംരംഭമാണ് ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതി. ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ICs), ചിപ്പ് സെറ്റുകൾ, സിസ്റ്റംസ്-ഓൺ-ചിപ്പ് (SoCs), സിസ്റ്റങ്ങൾ, ഐ.പി കോറുകൾ എന്നിവയുൾപ്പെടെ സെമികണ്ടക്ടർ രൂപകൽപ്പനയുടെ മുഴുവൻ ഘട്ടങ്ങളിലും, അതായത് ഡിസൈനും വികസനവും മുതൽ വിന്യാസം വരെ, ഈ പദ്ധതി പിന്തുണ നല്കുന്നു. അഡ്വാൻസ്ഡ് ഇ.ഡി.എ ടൂളുകൾക്കും പ്രോട്ടോടൈപ്പിംഗിനുമായി ചിപ്പ്-ഇൻ സെൻ്റർ പോലുള്ള സൗകര്യങ്ങളിലൂടെ ഡിസൈൻ അടിസ്ഥാന സൗകര്യ പിന്തുണയും, കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങളും (അർഹമായ ചെലവുകളുടെ തിരിച്ചടവും വിറ്റുവരവുമായി ബന്ധപ്പെട്ട ഇൻസെൻ്റീവും ഉൾപ്പെടെ) ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. സെമികണ്ടക്ടർ ഡിസൈനിംഗിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപ്പുകൾ, എം.എസ്.എം.ഇ-കൾ, മറ്റ് ആഭ്യന്തര കമ്പനികൾ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. 2021 ഡിസംബറിൽ ആരംഭിച്ച ഡി.എൽ.ഐ പദ്ധതി നിരവധി ചിപ്പ് ഡിസൈൻ പ്രോജക്ടുകൾക്കും, ടേപ്പ്-ഔട്ടുകൾക്കും, ചിപ്പ് നിർമ്മാണത്തിനും വഴിയൊരുക്കുകയും ഇന്ത്യയുടെ സെമികണ്ടക്ടർ ഡിസൈൻ പ്രതിഭാ സമ്പത്ത് ശക്തിപ്പെടുത്തുകയും ചെയ്തു. തദ്ദേശീയമായ സെമികണ്ടക്ടർ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ആഭ്യന്തര മൂല്യവർദ്ധന കൂട്ടുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം.
 

***
 


(रिलीज़ आईडी: 2219358) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Kannada