പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'ഇന്ത്യ എനർജി വീക്ക്-2026' ൻ്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു


ഇന്ന് ഊർജ്ജ മേഖലയിൽ വലിയ അവസരങ്ങളുള്ള നാടാണ് ഇന്ത്യ: - പ്രധാനമന്ത്രി.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഏകോപനത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് ഇന്ത്യ-ഇയു(യൂറോപ്യൻ യൂണിയൻ)സ്വതന്ത്ര വ്യാപാര കരാർ (FTA):- പ്രധാനമന്ത്രി.

ഇന്ത്യ ഇപ്പോൾ ഊർജ്ജ സുരക്ഷയ്ക്ക് അപ്പുറം 'ഊർജ്ജ സ്വാതന്ത്ര്യം' (Energy Independence) എന്ന ദൗത്യത്തിലേക്ക് നീങ്ങുകയാണ്: - പ്രധാനമന്ത്രി.


നമ്മുടെ അഭിലാഷങ്ങളുടെ കേന്ദ്രബിന്ദുവാണ് ഊർജ്ജ മേഖല. ഇതിൽ 500 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകളാണുള്ളത്. അതുകൊണ്ട് തന്നെ: ഇന്ത്യയിൽ നിർമ്മിക്കൂ (Make in India), ഇന്ത്യയിൽ നൂതനാശയങ്ങൾ കണ്ടെത്തൂ (Innovate in India), ഇന്ത്യയോടൊപ്പം വളരൂ (Scale with India), ഇന്ത്യയിൽ നിക്ഷേപിക്കൂ (Invest in India):- പ്രധാനമന്ത്രി.

प्रविष्टि तिथि: 27 JAN 2026 11:31AM by PIB Thiruvananthpuram

ഇന്ത്യ എനർജി വീക്ക് 2026-ന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സദസ്സിനെ  അഭിസംബോധന ചെയ്തു. എനർജി വീക്കിന്റെ ഈ പുതിയ പതിപ്പിൽ ഏകദേശം 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഗോവയിൽ ഒത്തുചേർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഊർജ്ജ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇവർ ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പങ്കെടുത്ത എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുകയും ചെയ്തു.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇന്ത്യ എനർജി വീക്ക് ആശയവിനിമയത്തിനും പ്രവർത്തനത്തിനുമുള്ള ഒരു ആഗോള വേദിയായി മാറിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ഊർജ്ജ മേഖലയിൽ വലിയ അവസരങ്ങളുള്ള നാടാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും, അതിനർത്ഥം രാജ്യത്ത് ഊർജ്ജ ഉൽപ്പന്നങ്ങളുടെ ആവശ്യം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.ആഗോളതലത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ മുൻനിര അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും, 150-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ കയറ്റുമതി സാധ്യത  വ്യാപിച്ചുകിടക്കുന്നുണ്ടെന്നും ശ്രീ മോദി വ്യക്തമാക്കി. ഇന്ത്യയുടെ ഈ ശേഷി എല്ലാവർക്കും വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പങ്കാളിത്തങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് എനർജി വീക്ക് ഒരു മികച്ച വേദിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്നു.

തന്റെ പ്രസംഗം തുടരുന്നതിന് മുൻപ് ഒരു സുപ്രധാന സംഭവവികാസം എടുത്തുപറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഇന്നലെ ഒപ്പുവെച്ച നിർണ്ണായക കരാറിനെ ലോകമെമ്പാടുമുള്ളവർ "എല്ലാ കരാറുകളുടെയും മാതാവ്" (Mother of all deals) എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കരാർ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഏകോപനത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് ഇതെന്ന് അദ്ദേഹം അടിവരയിട്ടു. ആഗോള ജിഡിപിയുടെ (GDP) ഏകദേശം 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും ഈ കരാർ പ്രതിനിധീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാപാരത്തിന് അപ്പുറം, ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരുപക്ഷത്തിന്റെയും പങ്കിട്ട പ്രതിബദ്ധതയെ ഈ കരാർ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രിട്ടനും ഇ.എഫ്.ടി.എ-യുമായുള്ള (EFTA) കരാറുകളെ പൂരകമാക്കുന്നതാണ് യൂറോപ്യൻ യൂണിയനുമായുള്ള ഈ സ്വതന്ത്ര വ്യാപാര കരാറെന്നും, ഇത് വ്യാപാരത്തെയും ആഗോള വിതരണ ശൃംഖലയെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.ഈ നേട്ടത്തിൽ ഇന്ത്യയിലെ യുവാക്കളെയും എല്ലാ പൗരന്മാരെയും അദ്ദേഹം ഊഷ്മളമായി അഭിനന്ദിച്ചു. വസ്ത്രനിർമ്മാണം (Textiles), രത്നങ്ങളും ആഭരണങ്ങളും, തുകൽ വ്യവസായം, പാദരക്ഷകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ കരാർ ഏറെ ഗുണകരമാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം അവർക്ക് ആശംസകൾ നേർന്നു. ഈ വ്യാപാര കരാർ ഇന്ത്യയിലെ ഉൽപ്പാദന മേഖലയ്ക്ക് (Manufacturing) കരുത്തേകുക മാത്രമല്ല, സേവന മേഖലയെ (Services Sector) കൂടുതൽ വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ സ്വതന്ത്ര വ്യാപാര കരാർ ആഗോള ബിസിനസ്സ് ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്നും നിക്ഷേപകരുടെ ആത്മവിശ്വാസം ദൃഢമാക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഓരോ മേഖലയിലും ആഗോള പങ്കാളിത്തം ഉറപ്പാക്കാൻ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഊർജ്ജ മൂല്യശൃംഖലയുടെ (Energy value chain) വിവിധ തലങ്ങളിൽ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ പര്യവേക്ഷണ മേഖല (Exploration sector) ഗണ്യമായി തുറന്നുകൊടുത്ത കാര്യം വ്യക്തമാക്കിയ അദ്ദേഹം, 'സമുദ്ര മന്ഥൻ മിഷൻ' എന്നറിയപ്പെടുന്ന ആഴക്കടൽ പര്യവേക്ഷണ പദ്ധതിയെക്കുറിച്ച് പരാമർശിച്ചു. ഈ ദശകത്തിന്റെ അവസാനത്തോടെ പെട്രോളിയം-വാതക മേഖലയിലെ നിക്ഷേപം 100 ബില്യൺ ഡോളറായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. പര്യവേക്ഷണ പരിധി പത്ത് ലക്ഷം ചതുരശ്ര കിലോമീറ്ററായി വ്യാപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ 170-ലധികം ബ്ലോക്കുകൾ അനുവദിച്ചുകഴിഞ്ഞുവെന്നും, ഹൈഡ്രോകാർബൺ മേഖലയിൽ ആൻഡമാൻ നിക്കോബാർ തടം വലിയൊരു പ്രതീക്ഷയായി ഉയർന്നുവരികയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


പര്യവേക്ഷണ മേഖലയിൽ '*നോ-ഗോ' (No-Go) മേഖലകൾ കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അടിവരയിട്ടു പറഞ്ഞ ശ്രീ മോദി, ഇന്ത്യ എനർജി വീക്കിന്റെ മുൻ പതിപ്പുകളിൽ ലഭിച്ച നിർദ്ദേശങ്ങൾ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തുന്നതിനായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. പര്യവേക്ഷണ മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് ലാഭക്ഷമത വർദ്ധിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

(*കൽക്കരി, എണ്ണ, വാതകം അല്ലെങ്കിൽ ധാതുക്കൾ പോലുള്ളവയുടെ പര്യവേക്ഷണം, വേർതിരിച്ചെടുക്കൽ, വികസനം എന്നിവ കർശനമായി നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്തിട്ടുള്ള നിയുക്ത ഭൂമിശാസ്ത്രപരമായ ഒരു പ്രദേശത്തെ "നോ-ഗോ" മേഖല  എന്ന് പറയുന്നു)

ഊർജ്ജ മേഖലയിലെ നിക്ഷേപം ഏറെ ലാഭകരമാക്കുന്ന ഇന്ത്യയുടെ മറ്റൊരു സവിശേഷമായ കരുത്തിനെക്കുറിച്ച് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഇന്ത്യക്ക് വളരെ വലിയ ശുദ്ധീകരണ ശേഷിയുണ്ടെന്നും (Refining capacity) ഇക്കാര്യത്തിൽ രാജ്യം നിലവിൽ ലോകത്ത് രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താമസിയാതെ തന്നെ ശുദ്ധീകരണ ശേഷിയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ രാജ്യമായി മാറുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.നിലവിൽ ഇന്ത്യയുടെ ശുദ്ധീകരണ ശേഷി പ്രതിവർഷം ഏകദേശം 260 MMT(Million Metric Tonnes)ആണെന്നും, ഇത് പ്രതിവർഷം 300 MMT-ക്ക് മുകളിലേക്ക് ഉയർത്താനുള്ള നിരന്തരമായ ശ്രമങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് ഇത് വലിയൊരു നേട്ടമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.

 ഇന്ത്യയിൽ എൽ.എൻ.ജി (LNG) ഉൽപ്പന്നങ്ങളുടെ ആവശ്യം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, രാജ്യത്തിന്റെ ആകെ ഊർജ്ജ ആവശ്യത്തിന്റെ 15 ശതമാനം എൽ.എൻ.ജിയിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എൽ.എൻ.ജി മൂല്യശൃംഖലയുടെ എല്ലാ തലങ്ങളിലും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഗതാഗത മേഖലയിൽ ഇന്ത്യ വൻതോതിലുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും കുറിച്ചു.
അടുത്തിടെ ആരംഭിച്ച 70,000 കോടി രൂപയുടെ കപ്പൽ നിർമ്മാണ പദ്ധതിയുടെ (ship-building program) പിന്തുണയോടെ, എൽ.എൻ.ജി ഗതാഗതത്തിന് ആവശ്യമായ കപ്പലുകൾ ആഭ്യന്തരമായി നിർമ്മിക്കാൻ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യൻ തുറമുഖങ്ങളിൽ എൽ.എൻ.ജി ടെർമിനലുകൾ നിർമ്മിക്കുന്നതിലും *റീഗാസിഫിക്കേഷൻ (regasification) പദ്ധതികളിലും നിരവധി നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

(*ദ്രവീകൃത പ്രകൃതിവാതകം (LNG)  പൈപ്പ്‌ലൈനുകൾ വഴി വിതരണം ചെയ്യുന്നതിനായി അതിന്റെ വാതകാവസ്ഥയിലേക്ക് തിരികെ മാറ്റുന്ന വ്യാവസായിക പ്രക്രിയയാണ്-റീഗ്യാസിഫിക്കേഷൻ)

എൽ.എൻ.ജി ഗതാഗതത്തിനായി ഇന്ത്യക്ക് വലിയൊരു പൈപ്പ്‌ലൈൻ ശൃംഖല ആവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇതിനകം തന്നെ ഈ മേഖലയിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും, വൻതോതിലുള്ള അവസരങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ ഇതിനകം തന്നെ പല ഇന്ത്യൻ നഗരങ്ങളിലും എത്തിക്കഴിഞ്ഞുവെന്നും മറ്റ് നഗരങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഈ മേഖലയെ നിക്ഷേപത്തിന് ഏറ്റവും ആകർഷകമാക്കുന്നു.

ഇന്ത്യയിലെ വലിയ ജനസംഖ്യയും ക്രമാനുഗതമായി വളരുന്ന സമ്പദ്‌വ്യവസ്ഥയും കണക്കിലെടുക്കുമ്പോൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും ഇതിനായി വിപുലമായ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും ശ്രീ മോദി നിരീക്ഷിച്ചു. ഈ മേഖലയിലെ നിക്ഷേപം വലിയ വളർച്ച കൈവരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, അനുബന്ധ പ്രവർത്തനങ്ങളിൽ (downstream activities) നിക്ഷേപകർക്ക് ധാരാളം അവസരങ്ങൾ ലഭ്യമാണെന്നും കൂട്ടിച്ചേർത്തു.

"ഇന്നത്തെ ഇന്ത്യ റിഫോംസ് എക്‌സ്‌പ്രസ്സിലാണ് (Reforms Express) സഞ്ചരിക്കുന്നത്, ഓരോ മേഖലയിലും അതിവേഗത്തിലുള്ള പരിഷ്‌കാരങ്ങൾ രാജ്യം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്," ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആഗോള സഹകരണത്തിനായി സുതാര്യവും നിക്ഷേപ സൗഹൃദവുമായ അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം തന്നെ, ആഭ്യന്തര ഹൈഡ്രോകാർബൺ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ ഇപ്പോൾ ഊർജ്ജ സുരക്ഷയ്ക്ക് അപ്പുറം 'ഊർജ്ജ സ്വാതന്ത്ര്യം' (Energy Independence) എന്ന ദൗത്യത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. പ്രാദേശികമായ ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള ഒരു ഊർജ്ജ ആവാസവ്യവസ്ഥ ഇന്ത്യ വികസിപ്പിക്കുകയാണെന്നും, കുറഞ്ഞ ചെലവിലുള്ള ശുദ്ധീകരണ-ഗതാഗത സംവിധാനങ്ങളിലൂടെ ഇന്ത്യയുടെ കയറ്റുമതിയെ ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമമാക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

നമ്മുടെ രാജ്യത്തിന്റെ അഭിലാഷങ്ങളുടെ കേന്ദ്രബിന്ദുവാണ് ഊർജ്ജ മേഖലയെന്നും, 500 ബില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങളാണ് ഇത് വാഗ്ദാനം ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. "ഇന്ത്യയിൽ നിർമ്മിക്കൂ (Make in India), ഇന്ത്യയിൽ നൂതനാശയങ്ങൾ കണ്ടെത്തൂ (Innovate in India), ഇന്ത്യയോടൊപ്പം വളരൂ (Scale with India), ഇന്ത്യയിൽ നിക്ഷേപിക്കൂ (Invest in India)" എന്ന ആഗോള സമൂഹത്തോടുള്ള സന്ദേശത്തോടെ അദ്ദേഹം  പ്രസംഗം ഉപസംഹരിച്ചു.

കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

 

 

***

NK


(रिलीज़ आईडी: 2219104) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Gujarati , Tamil , Kannada