രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സേനാവ്യൂഹം ഇന്തോനേഷ്യയുമായി സമുദ്ര ബന്ധം ശക്തിപ്പെടുത്തുന്നു

प्रविष्टि तिथि: 25 JAN 2026 12:14PM by PIB Thiruvananthpuram

 

ഇന്ത്യൻ മഹാസമുദ്ര നാവിക സിംപോസിയത്തിലെ (IONS) അംഗരാജ്യമായ ഇന്തോനേഷ്യയുമായി സമുദ്ര പങ്കാളിത്തം വർധിപ്പിക്കാനും 'മഹാസാഗർ' കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകാനും ലക്ഷ്യമിട്ട് ഇന്ത്യൻ നാവികസേനയുടെ പ്രഥമ പരിശീലന സേനാവ്യൂഹം 2026 ജനുവരി 23-ന് ബെലവാനിൽ നിന്ന് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിൻ്റെ ഭാഗമായി പ്രഥമ പരിശീലന സേനാവ്യൂഹത്തിലെ ഐഎൻഎസ് തീർ, ശർദുൽ, സുജാത, ഐസിജിഎസ് സാരഥി എന്നീ കപ്പലുകളിലെ ജീവനക്കാരും പരിശീലനാര്‍ത്ഥികളും ഇന്തോനേഷ്യൻ നാവികസേനയുമായി വിവിധ മേഖലകളിൽ ആശയവിനിമയം നടത്തി. ഇതിൻ്റെ ഭാഗമായി  വിദഗ്ധ ചര്‍ച്ചകളും സാംസ്കാരിക കൈമാറ്റങ്ങളും പരിശീലന സന്ദർശനങ്ങളും സൗഹൃദ കായിക മത്സരങ്ങളും നടത്തി.   ഇരുരാജ്യങ്ങളും തമ്മിലെ പരസ്പര ധാരണ വളർത്താനും സൗഹൃദബന്ധം  ശക്തിപ്പെടുത്താനും ഇത് വഴിയൊരുക്കി.  

പ്രഥമ പരിശീലന സേനാവ്യൂഹത്തിൻ്റെ സീനിയർ ഓഫീസർ ക്യാപ്റ്റൻ ടിജോ കെ. ജോസഫ്, സേനാവ്യൂഹ  കപ്പലുകളിലെ കമാൻഡിംഗ് ഓഫീസർമാർ എന്നിവർ ഇന്ത്യോനേഷ്യയുടെ നാവിക മേഖലാ കമാൻഡ് I  കമാൻഡർ ലക്സാമന മുഡ (റിയര്‍ അഡ്മിറല്‍) ഡെനി സെപ്റ്റിയാനയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ നാവികസേനയും ഇന്തോനേഷ്യൻ നാവികസേനയും തമ്മിലെ സമുദ്ര താല്പര്യങ്ങളെക്കുറിച്ച് അവര്‍ കാഴ്ചപ്പാടുകൾ കൈമാറി.

പ്രഥമ പരിശീലന സേനാവ്യൂഹത്തിൻ്റെ സീനിയർ ഓഫീസറും മെഡാനിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ചേർന്ന് കപ്പലിലൊരുക്കിയ സ്വീകരണത്തില്‍ ഇന്തോനേഷ്യന്‍ നാവിക മേഖലാ കമാന്‍ഡിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ചീഫ് ഓഫ് ഓപ്പറേഷൻസ് കൊളോണൽ വിരാവൻ അബി പി. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഔദ്യോഗിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഇരു നാവികസേനകളും തമ്മിലെ സന്മനോഭാവം വളർത്താനും സ്വീകരണം അവസരമൊരുക്കി.

കൊമാൻഡോ ഡെറ അങ്കാതൻ ലോട്ട് I (നാവിക മേഖലാ കമാൻഡ് I) ലെ വിവിധ സൗകര്യങ്ങൾ ഇന്ത്യൻ നാവിക പരിശീലനാര്‍ത്ഥികള്‍ സന്ദർശിച്ചു. മേഖലയിലെ കമാൻഡിൻ്റെ ചുമതലകളും പ്രവർത്തനങ്ങളും മനസ്സിലാക്കാൻ ഇത് അവസരമൊരുക്കി.  കൂടാതെ ഇന്തോനേഷ്യൻ നാവികസേനാംഗങ്ങളുമായി ചേർന്ന് സൗഹൃദ കായിക മത്സരങ്ങളും സംയുക്ത യോഗ സെഷനുകളും സംഘടിപ്പിച്ചു. സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കപ്പലുകൾ സന്ദർശിക്കാൻ അവസരം നൽകിയത് മികച്ച പ്രതികരണമുണ്ടാക്കി.  കപ്പലുകളിലെ കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയത് വിദ്യാർത്ഥികളിൽ ആവേശവും ആകാംക്ഷയും ഉണർത്തുകയും സന്ദർശനം പ്രചോദനാത്മകവും അവിസ്മരണീയവുമാക്കുകയും ചെയ്തു.

പ്രഥമ പരിശീലന സേനാവ്യൂഹത്തിൻ്റെ ഇന്തോനേഷ്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലെ ദീർഘകാല സമുദ്ര ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും സമുദ്ര സാന്നിധ്യവും സഹകരണവും വിപുലീകരിച്ച് ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്'  നയത്തെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു. സൗഹൃദങ്ങൾ ശക്തിപ്പെടുത്താനും പരിശീലന അനുഭവങ്ങൾ സമ്പന്നമാക്കാനും സുസ്ഥിരവും സുരക്ഷിതവും സഹകരണാത്മകവുമായ സമുദ്ര അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും ഇന്ത്യൻ നാവികസേന കൈക്കൊള്ളുന്ന പ്രതിബദ്ധതയെ സന്ദർശനം അടയാളപ്പെടുത്തുന്നു. 

 

 

***


(रिलीज़ आईडी: 2218530) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी