ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിശ്ചലദൃശ്യത്തില്‍ നവ നീതിന്യായ സംഹിതയുടെ രാജ്യവ്യാപക നടത്തിപ്പും സാങ്കേതികവിദ്യയിലൂന്നിയ നീതിന്യായ പരിഷ്കാരങ്ങളും പ്രദർശിപ്പിക്കും
प्रविष्टि तिथि:
24 JAN 2026 7:26PM by PIB Thiruvananthpuram
റിപ്പബ്ലിക് ദിന പരേഡില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുക്കുന്ന നിശ്ചലദൃശ്യത്തില്‍ 2024 ജൂലൈ 1-ന് പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനീയം എന്നീ പുതിയ ക്രിമിനല്‍ നിയമങ്ങളുടെ രാജ്യവ്യാപക നടത്തിപ്പ് ആവിഷ്ക്കരിക്കും. നൂറ്റാണ്ടിലെ ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നാണ് ഈ മൂന്ന് നിയമങ്ങളുടെ നിർമാണം. ശിക്ഷ എന്ന തത്വത്തിലധിഷ്ഠിതമായ കൊളോണിയൽ പാരമ്പര്യത്തിന് പകരം 'നീതി' എന്ന ഇന്ത്യൻ തത്വശാസ്ത്രം അവലംബിച്ച ഈ നിയമങ്ങൾ വികസിത ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പ്രതീകമാണ്.
77-ാം റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യ പഥിൽ പ്രദർശിപ്പിക്കുന്ന നിശ്ചലദൃശ്യം പുതിയ നിയമങ്ങളുടെ രാജ്യവ്യാപക പ്രവർത്തനക്ഷമതയും ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവും സമയബന്ധിതവും പൗര കേന്ദ്രീകൃതവുമായ നീതിന്യായ വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനവും എടുത്തുകാട്ടും.
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്ന ഇ-സാക്ഷ്യ, ബയോമെട്രിക് തിരിച്ചറിയലിന് ഉപയോഗിക്കുന്ന ദേശീയ യന്ത്രവല്‍കൃത വിരലടയാള തിരിച്ചറിയല്‍ സംവിധാനം (NAFIS), കോടതികൾ ഡിജിറ്റലായി ഒപ്പുവെച്ച സമൻസുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയക്കാൻ സഹായിക്കുന്ന ഇ-സമൻ, വെർച്വൽ ഹിയറിങുകള്‍ ഉള്‍പ്പെടെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കോടതി നടപടികൾ എന്നിവ നിശ്ചലദൃശ്യത്തിലെ പ്രധാന സവിശേഷതകളാണ്. പരസ്പര ഏകോപിത ക്രിമിനൽ നീതിന്യായ വ്യവസ്ഥ (ICJS) ചട്ടക്കൂടിന് കീഴിൽ പൊലീസ്, ഫോറൻസിക്, പ്രോസിക്യൂഷൻ, കോടതികൾ, ജയിലുകൾ എന്നിവ തമ്മിലെ തടസരഹിത സംയോജനത്തെ ഇത് പ്രതിനിധീകരിക്കുന്നു. നിശ്ചലദൃശ്യത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്ന മൊബൈൽ ഫോറൻസിക് കേന്ദ്രങ്ങള്‍ മെച്ചപ്പെട്ട ഫോറൻസിക് സേവനങ്ങളെയും കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലെ ദ്രുതപ്രതികരണത്തെയും സൂചിപ്പിക്കുന്നു.

സംയോജിത കൺട്രോൾ റൂം സംവിധാനങ്ങള്‍, സിസിടിവി ക്യാമറകൾ പോലുള്ള മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയിലൂടെ ആവിഷ്ക്കരിച്ച ദ്രുതപ്രതികരണ രീതികളും വിവിധ ദൗത്യങ്ങളിലും പ്രതികരണ കേന്ദ്രങ്ങളിലും പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വർധിച്ചുവരുന്ന പങ്കും ഈ നിശ്ചലദൃശ്യം ചിത്രീകരിക്കുന്നു. പുതിയ നിയമങ്ങൾക്ക് കീഴിൽ ശിക്ഷയുടെ പരിഷ്കൃത രൂപമായി സാമൂഹ്യ സേവനം ഉൾപ്പെടുത്തിയത് നീതിയോടുള്ള പുരോഗമനപരവും മാനുഷികവുമായ സമീപനത്തിന്റെ പ്രതിഫലനമാണ്.
പരിഷ്കരിച്ച നിയമ ചട്ടക്കൂട് രാജ്യത്തെ പൗരന്മാർക്ക് മനസ്സിലാക്കാവുന്നതും പ്രാപ്യവുമാക്കാന്‍ അതിന്റെ പ്രവേശനക്ഷമതയും ഉൾച്ചേര്‍ക്കലും സുതാര്യതയും ഉറപ്പാക്കുന്നതിലെ സർക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ നിയമപുസ്തകങ്ങളുടെ ബഹുഭാഷാ പ്രാതിനിധ്യം അടിവരയിടുന്നത്.

ആധുനികവും പ്രൊഫഷണലും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ നീതിന്യായ വ്യവസ്ഥയിലേക്ക് ഇന്ത്യ നടത്തുന്ന ഉറച്ച ചുവടുവെയ്പ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിശ്ചലദൃശ്യം വരച്ചുകാട്ടുന്നത്. നീതി ലഭ്യമാക്കുന്നതില്‍ നിശ്ചയദാർഢ്യം, വേഗം, ആത്മാഭിമാനം എന്നിവ ഉറപ്പാക്കി ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന നീതിന്യായവ്യവസ്ഥ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നു.
****
(रिलीज़ आईडी: 2218345)
आगंतुक पटल : 4