രാജ്യരക്ഷാ മന്ത്രാലയം
റിപ്പബ്ലിക് ദിനം 2026: 'ഓപ്പറേഷൻ സിന്ദൂർ: വിക്ടറി ത്രൂ ജോയിന്റ്‌നെസ്' എന്ന പ്രമേയത്തിലൂന്നി മൂന്ന് സൈനിക വിഭാഗങ്ങളുടെയും ആഭിമുഖ്യത്തിലുള്ള നിശ്ചലദൃശ്യം കർത്തവ്യപഥത്തിൽ അവതരിപ്പിക്കും
प्रविष्टि तिथि:
23 JAN 2026 4:47PM by PIB Thiruvananthpuram
2025 ജനുവരി 26-ന് ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 77-ആം റിപ്പബ്ലിക് ദിന പരേഡിൽ, ഇന്ത്യൻ സായുധസേന 'ഓപ്പറേഷൻ സിന്ദൂർ: വിക്ടറി ത്രൂ ജോയിന്റ്‌നെസ്' എന്ന പ്രമേയത്തിലൂന്നി മൂന്ന് സൈനിക വിഭാഗങ്ങളുടെയും ആഭിമുഖ്യത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിക്കും. കൃത്യത, സമന്വയം, തദ്ദേശീയ മേധാവിത്വം എന്നിവയിലേക്കുള്ള നിർണായക പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതും രാഷ്ട്രത്തിന്റെ വികസിത സൈനിക സിദ്ധാന്തത്തിന്റെ ശക്തിയും ആധികാരികതയും പ്രകടമാകുന്നതുമായ മനോഹര ദൃശ്യമായി അത് മാറും. നിർണായകവും സംയുക്തവും സ്വാശ്രയവുമായ സൈനിക ശക്തിയുടെ പുതുയുഗം ആരംഭിച്ചതിന്റെ അടയാളമായും ഇന്ത്യയുടെ സൈനിക ശക്തിയുടെ സ്ഥിരീകരണമായും ഇത് നിലകൊള്ളും.
പ്രധാനമന്ത്രിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂർ, ആത്മനിർഭർ ഭാരതത്തിലൂടെ ഉയർന്നുവന്ന ശക്തിയെയും, സ്വയം നയിക്കപ്പെടുന്നതും ഏകോപിതവും അചഞ്ചലവുമായ പ്രതിരോധ ശേഷിയാൽ നിർവ്വചിക്കപ്പെടുന്ന വിക്സിത് ഭാരത് @ 2047 എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ അചഞ്ചലമായ മുന്നേറ്റത്തെയും പ്രതിഫലിപ്പിക്കുന്നു. ത്രി-സേനാ ഏകോപനത്തിന്റെ ശക്തിയെ ചലനാത്മകവും ക്രമാനുഗതവുമായ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യം, പ്രസ്തുത ആഖ്യാനത്തെ ജീവസുറ്റതാക്കുന്നു.
ആദ്യ ഭാഗം ഇന്ത്യൻ നാവികസേനയുടെ സമുദ്ര ആധിപത്യത്തെ ഉയർത്തിക്കാട്ടുന്നു; സമുദ്രതീര മേഖലകളിൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കി, ശത്രുവിന് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന നിർണായക ദൃശ്യമാണ് ഇതിൽ പ്രതിഫലിക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ ഉരുക്കിന് സമാനമായ ദൃഢനിശ്ചയം ദൃശ്യവൽക്കരിക്കപ്പെടുന്നു; M777 അൾട്രാ-ലൈറ്റ് ഹൗവിറ്റ്സർ തോക്കുകൾ കൃത്യതയോടെയും നിയന്ത്രിതമായും തീതുപ്പി ശത്രുലക്ഷ്യങ്ങളെ ഫലപ്രദമായി നിർവീര്യമാക്കുന്നു. പിന്നിൽ കാവൽ നിൽക്കുന്ന ആകാശ് വ്യോമ പ്രതിരോധ സംവിധാനം, പാളികളുള്ളതും സംയോജിതവുമായ ഇന്ത്യയുടെ വ്യോമ പ്രതിരോധ കവചത്തെയും തകർക്കാനാകാത്ത വ്യോമാധിപത്യത്തെയും പ്രതിനിധീകരിക്കുന്നു.
ഇന്ത്യയുടെ ദേശസുരക്ഷാ സിദ്ധാന്തത്തിന്റെ നവസാധാരണത്വത്തെ പ്രതിഫലിപ്പിക്കുന്ന ശക്തമായ ആക്രമണ ആഖ്യാനമാണ് നിശ്ചലദൃശ്യത്തിന്റെ കേന്ദ്രബിന്ദു — ദ്രുത പ്രതികരണം, നിയന്ത്രിത മുന്നേറ്റം, വിട്ടുവീഴ്ചയില്ലാത്ത കൃത്യത എന്നിവയുടെ സമന്വയമാണിത്. HAROP ലോയിറ്ററിംഗ് മ്യൂണിഷൻ ശത്രുവിന്റെ വ്യോമ പ്രതിരോധ റഡാർ സംവിധാനത്തെ നശിപ്പിക്കുന്നതിലൂടെ, മനുഷ്യസാന്നിധ്യമാവശ്യമില്ലാത്ത കൃത്യതാ യുദ്ധരംഗത്ത് ഇന്ത്യ കൈവരിച്ച സാങ്കേതിക മുന്നേറ്റത്തെ പ്രകടമാക്കുന്നു. തുടർന്ന് SCALP മിസൈലുകൾ ഘടിപ്പിച്ച റാഫേൽ യുദ്ധവിമാനം ഭീകര അടിസ്ഥാനസൗകര്യങ്ങളിൽ ശസ്ത്രക്രിയാ സമാന കൃത്യതയോടെ ആക്രമണം നടത്തുന്നു. ബ്രഹ്മോസ് ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ വിക്ഷേപിച്ച് കരുത്തുറ്റ വിമാന ഷെൽട്ടറുകൾ തകർക്കുന്ന SU-30 MKI യുടെ പ്രഹരവേഗം ഈ ദൃശ്യത്തിൽ ഉച്ചകോടിയിലെത്തുന്നു. ആഴത്തിൽ പ്രഹരിക്കാനും, വേഗത്തിൽ പ്രതികരിക്കാനും, കുറ്റമറ്റ കൃത്യതയോടെ ലക്ഷ്യം കൈവരിക്കാനും ഇന്ത്യക്ക് ഉള്ള ശേഷിയുടെ വ്യക്തവും ശക്തവുമായ പ്രകടനമാണിത്.
ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ ശൃംഖലയുടെ വിപുലീകരിച്ച പ്രഹരവ്യാപ്തി ഈ ഓപ്പറേഷന്റെ ദൃശ്യവത്ക്കരണത്തിൽ ഉച്ചകോടിയിലെത്തുന്നു. 350 കിലോമീറ്റർ ദൂരത്തിൽ, ഓപ്പറേഷനിലെ ദീർഘദൂര ദൗത്യം കൃത്യതയോടെ വിജയിപ്പിക്കുന്ന S-400 വ്യോമ പ്രതിരോധ സംവിധാനം, ശത്രുവിന്റെ എയർബോൺ എർലി വാർണിംഗ് പ്ലാറ്റ്‌ഫോമിനെ നിർവീര്യമാക്കുന്നു. ഇന്ത്യ ആദ്യം കണ്ടെത്തുന്നു, ആദ്യം തീരുമാനിക്കുന്നു, ആദ്യം തകർക്കുന്നു എന്ന് സംശയാതീതമായി പ്രഖ്യാപിക്കുന്ന ശക്തവും വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകപ്പെടുന്നത്.
ഓപ്പറേഷൻ സിന്ദൂരിന്റെ ഓരോ ഘട്ടവും സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പക്വത വെളിവാക്കിയിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള രഹസ്യവിവരങ്ങൾ ഏകീകരിക്കപ്പെടുകയും, ലക്ഷ്യങ്ങൾ കൃത്യതയോടെ തിരഞ്ഞെടുക്കപ്പെടുകയും, കുറഞ്ഞ നാശനഷ്ടങ്ങളോടെ ദൗത്യലക്ഷ്യങ്ങൾ കൈവരിക്കപ്പെടുകയും ചെയ്തു. ഭീകരതയും രക്തവും ഒരുമിച്ച് ഒഴുകുകയില്ലെന്നും, ഭീകരതയെ സ്പോൺസർ ചെയ്യുകയും പിന്തുണയ്ക്കുകയും അഭയം നൽകുകയും ചെയ്യുന്നവർക്ക് വേഗത്തിലുള്ളതും കൃത്യവും അതിശക്തവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഉള്ള ആഖ്യാനം ദേശീയ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു.
ബ്രാൻഡ് ഇന്ത്യ ഡിഫൻസിന്റെ പിന്തുണയോടെ, തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുക മാത്രമല്ല, ശക്തമായി മുന്നേറുകയുമാണെന്ന് ഈ നിശ്ചലദൃശ്യം വ്യക്തമാക്കുന്നു. ട്രൈ-സർവീസ് ഇന്ററോപ്പറബിലിറ്റി, സിവിൽ-സൈനിക സംയോജനം, തത്സമയ പ്രവർത്തന ഏകോപനം എന്നിവ വിശ്വസനീയമായ പവർ പ്രൊജക്ഷന്റെ ആധാരശിലയായി മാറുന്ന രാജ്യത്തെ നിശ്ചലദൃശ്യം അവതരിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാൽ, ഓപ്പറേഷൻ സിന്ദൂർ കേവലം ഒറ്റപ്പെട്ട സൈനിക പ്രതികരണം മാത്രമല്ലെന്നും മറിച്ച്, സംയുക്ത പ്രവർത്തന വിജയം എന്നത് ഇപ്പോൾ ഇന്ത്യയുടെ പ്രവർത്തന വ്യക്തിത്വവും സന്ദേശവുമാണെന്നുമുള്ള തന്ത്രപരമായ പ്രഖ്യാപനമാണിത്.
***
(रिलीज़ आईडी: 2218051)
आगंतुक पटल : 4