വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ദാവോസിൽ ഇന്ത്യയുടെ വിജയഗാഥ രണ്ടാം ദിനവും ചർച്ച ചെയ്യപ്പെടുന്നു

प्रविष्टि तिथि: 22 JAN 2026 9:09PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ആഴത്തിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങൾ കാരണമാണ് ഇന്ത്യയുടെ പരിഷ്‌കാര വേഗത സുസ്ഥിര പാതയിൽ മുന്നേറുന്നത് എന്ന് കേന്ദ്ര റെയിൽവേ, വാർത്താ വിനിമയ, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചു. ഈ മുന്നേറ്റം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉയർന്ന വളർച്ചയുള്ള, ശക്തമായ പ്രതിരോധ ശേഷിയുള്ള, ആഗോള തലത്തിൽ വിശ്വാസയോഗ്യമായ ലക്ഷ്യസ്ഥാനമാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ സംസാരിക്കവേ, തൊഴിൽ നിയമ പരിഷ്കാരങ്ങൾ, ചരക്ക് സേവന നികുതി ലളിതവത്കരണം, ഊർജ്ജ മേഖലയിലെ പരിഷ്കാരങ്ങൾ, ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കൽ എന്നിവ ഉൾപ്പെടെ സമീപ വർഷങ്ങളിൽ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ സമസ്ത മേഖലകളിലും നിക്ഷേപകരിൽ ശക്തമായ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പരിഷ്‌കരണ പ്രക്രിയ നിരന്തരം പുരോഗമിക്കുകയാണെന്നും   ഇന്ത്യയിലെ നയപരമായ അന്തരീക്ഷം നിക്ഷേപകരെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അവരുടെ പ്രതിബദ്ധതകൾ കൂടുതൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം ഇരട്ടിയാക്കാനുള്ള പദ്ധതികൾ IKEA പ്രഖ്യാപിച്ചതും, ഇന്ത്യയിലെ തൊഴിൽശേഷി Qualcomm ഗണ്യമായി വിപുലീകരിച്ചതും ഉൾപ്പെടെ ഒട്ടേറെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു.വിവിധ മേഖലകളിലെ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് സമകാലിക ഘട്ടത്തെ അനുകൂലമായ സമയമായി കാണുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ഥൂല സാമ്പത്തിക അടിസ്ഥാനങ്ങൾ വിലയിരുത്തുമ്പോൾ, ഇന്ത്യയിന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6-8 ശതമാനത്തിന്റെ സ്ഥിരമായ വളർച്ച പ്രതീക്ഷിക്കുന്നതായും ശ്രീ അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചു. മിതമായ പണപ്പെരുപ്പവും ഉയർന്ന വളർച്ചയും യാഥാർത്ഥ്യമായതിൽ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ  നടപ്പിലാക്കിയ സാമ്പത്തിക പരിവർത്തനങ്ങളുടെ സംഭാവന പ്രതിഫലിക്കുന്നുണ്ടെന്നും, ഇത് ആഗോള ശ്രദ്ധ ആകർഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള ആഗോള അനിശ്ചിതത്വങ്ങളെക്കുറിച്ച് പരാമർശിക്കവേ, ഭൗമരാഷ്ട്രീയ, ഭൗമസാമ്പത്തിക, ഭൗമസാങ്കേതിക പ്രക്ഷുബ്ധതകളെ നേരിടാൻ തക്ക വണ്ണം രാജ്യത്തിൻറെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് ആഭ്യന്തര ശേഷി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ആഗോള തടസ്സങ്ങളെ അതിജീവിക്കാൻ ഇന്ത്യയെ സജ്ജമാക്കുന്നതിനായി സമ്പദ്‌വ്യവസ്ഥയുടെ എല്ലാ അടിസ്ഥാന ഘടകങ്ങളും സ്ഥിരതാപൂർവ്വം നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ സ്വന്തം സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ സ്ഥിരതയോടെയും കാര്യക്ഷമതയോടെയും വികസിപ്പിക്കുകയും, സമഗ്രമായ നിർമ്മിതബുദ്ധി സ്റ്റാക്ക് സൃഷ്ടിക്കുകയും, പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കുകയും, പരമ്പരാഗത സോഫ്റ്റ്‌വെയർ സേവനങ്ങളിൽ നിന്ന് AI-ആധാരിത പരിഹാരങ്ങളിലേക്ക് മാറാൻ ഇന്ത്യൻ ഐടി സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ടെന്ന് ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.  ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിൽ ഈ ശ്രമങ്ങൾ കൂട്ടായിസംഭാവന സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദാവോസിൽ ഇന്ത്യയെക്കുറിച്ചുള്ള ആഗോള ധാരണ ഏറെ ഭാവാത്മകമാണെന്നും, സ്ഥിരതയാർന്ന സാമ്പത്തിക വളർച്ച നിലനിർത്തുന്ന ഇന്ത്യയെ വിശ്വസനീയ രാജ്യമെന്ന നിലയിൽ വ്യാപകമായി വിലയിരുത്തുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയരുന്നത് ഇനി കേവലം സാധ്യതയല്ല മാത്രമല്ലെന്നും, അതിന് എത്ര സമയം വേണ്ടിവരും എന്നത് മാത്രമാണ്  അറിയേണ്ടതെന്നും ഉള്ള വിശാലമായ അഭിപ്രായ സമന്വയമാണ് പാനൽ ചർച്ചകളിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സമഗ്ര വളർച്ചാ മാതൃക ഉയർത്തിക്കാട്ടിക്കൊണ്ട്, 54 കോടിയിലധികം ജൻധൻ ബാങ്ക് അക്കൗണ്ടുകളും, 80 കോടിയിലധികം ഗുണഭോക്താക്കൾക്ക് സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള  സംരംഭങ്ങളും സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ അവസാന വ്യക്തിയിൽ വരെ എത്തുന്നുവെന്ന് ഉറപ്പാക്കിയതായി  ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ സമഗ്ര വളർച്ചാ മാതൃകയുടെ വ്യാപ്തിയും സ്വാധീനവും ആഗോളതലത്തിൽ വ്യാപകമായി അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന്  അദ്ദേഹം വ്യക്തമാക്കി.
 
****

(रिलीज़ आईडी: 2217565) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Gujarati , Telugu , Kannada