PIB Headquarters
ഇന്ത്യ - എഐ ഇംപാക്ട് സമ്മിറ്റ് 2026
എല്ലാവര്‍ക്കും ക്ഷേമം, എല്ലാവര്‍ക്കും സന്തോഷം
प्रविष्टि तिथि:
21 JAN 2026 1:58PM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
- ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന ആദ്യ ആഗോള നിര്‍മിതബുദ്ധി (എഐ) ഉച്ചകോടിയാണ് ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026.
- 2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന ഉച്ചകോടി നയം, ഗവേഷണം, വ്യവസായം, പൊതുജന പങ്കാളിത്തം എന്നിവ ഉൾക്കൊള്ളുന്ന അഞ്ച് ദിവസത്തെ പരിപാടിയായിരിക്കും.
- മനുഷ്യർ, ഭൂമി, പുരോഗതി എന്നീ മൂന്ന് അടിസ്ഥാന സ്തംഭങ്ങളെ ആസ്പദമാക്കിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
- ഇന്ത്യ എഐ ഇംപാക്ട് പ്രദര്‍ശനത്തില്‍ ഏഴിലേറെ പ്രമേയാധിഷ്ഠിത പവലിയനുകളിലായി നാനൂറിലധികം പ്രദർശകർ പങ്കെടുക്കുമെന്നും ഒന്നര ലക്ഷത്തിലേറെ സന്ദർശകർ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

ആമുഖം
ഭരണനിർവഹണം ശക്തിപ്പെടുത്താനും പൊതുസേവന വിതരണം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന ഘടകമാണ് നിര്‍മിതബുദ്ധി (എഐ). ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ വന്‍തോതില്‍ പിന്തുണയ്ക്കുന്ന നിര്‍മിതബുദ്ധി 2047-ലെ വികസിത ഭാരതമെന്ന കാഴ്ചപ്പാടുമായി ചേര്‍ന്നുനില്‍ക്കുന്നു. വൈവിധ്യമാർന്ന പൊതു ആവശ്യങ്ങൾക്കനുസൃതമായി ബഹുഭാഷാ, ബഹുതല എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം രാജ്യത്തിന് കരുത്തുറ്റ സ്ഥാനം നൽകുന്നു.
നിര്‍മിതബുദ്ധിയോട് ഇന്ത്യ സ്വീകരിക്കുന്ന വികസന കേന്ദ്രീകൃത സമീപനത്തിന്റെ അടിസ്ഥാനത്തിൽ 'ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026' ഫെബ്രുവരി 16 മുതല്‍ 20 വരെ തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആദ്യ ആഗോള എഐ ഉച്ചകോടിയാണിത്. ഭരണനിർവഹണം, നവീകരണം, സുസ്ഥിര വികസനം എന്നിവയിലുടനീളം നിര്‍മിതബുദ്ധിയുടെ പരിവർത്തന സാധ്യതകള്‍ പ്രദർശിപ്പിക്കാനും ചർച്ച ചെയ്യാനും ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, സാങ്കേതിക കമ്പനികൾ, നൂതനാശയക്കാർ, വിദഗ്ധർ എന്നിവർ ഉച്ചകോടിയില്‍ ഒത്തുചേരും.
പ്രമുഖ അന്താരാഷ്ട്ര എഐ വേദികളിലെ തീരുമാനങ്ങൾ മുൻനിർത്തി ഇന്ത്യ എഐ ദൗത്യം, ഡിജിറ്റൽ ഇന്ത്യ പദ്ധതികൾക്ക് കീഴിലെ ദേശീയ മുൻഗണനകൾക്ക് അനുസൃതമായി ആഗോളതല ചർച്ചകളെ ഇന്ത്യയുടെ വികസന നേട്ടങ്ങളാക്കി മാറ്റുന്നതില്‍ ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കും. ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്ന ഈ പ്രവര്‍ത്തനം ഇന്ത്യയുടെ ഭരണനിര്‍വഹണത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും അനുയോജ്യമായ പ്രായോഗികവും ജനകേന്ദ്രീകൃതവുമായ എഐ ചട്ടക്കൂടുകൾക്ക് മുൻതൂക്കം നൽകും.
ഇന്ത്യയെ സംബന്ധിച്ച് നിര്‍മിതബുദ്ധിയുടെ പ്രാധാന്യം
മനുഷ്യർ, ഭൂമി, പുരോഗതി എന്നീ തത്വങ്ങളിലധിഷ്ഠിതമായി ഇന്ത്യയുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ഭരണനിർവഹണം ശക്തമാക്കാനും പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ശേഷിയുള്ള പരിവർത്തന ശക്തിയായി എഐ ഉയർന്നു വന്നിട്ടുണ്ട്. മനുഷ്യർക്ക് വേണ്ടി, ടെലിമെഡിസിനിലൂടെയും രോഗനിർണയത്തിലൂടെയും ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ വർധിപ്പിച്ചും വ്യക്തിഗത പഠനത്തിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തിയും തട്ടിപ്പുകള്‍ കണ്ടെത്തുന്നതിലൂടെ സാമ്പത്തിക സംവിധാനങ്ങൾ സുരക്ഷിതമാക്കിയും എഐ അധിഷ്ഠിത പരിഹാരങ്ങൾ പൗരന്മാരെ ശാക്തീകരിക്കുന്നു. ഭൂമിക്ക് വേണ്ടി, വിള പ്രവചനവും കൃത്യതയാര്‍ന്ന കൃഷിയും ഡ്രോൺ അധിഷ്ഠിത നിരീക്ഷണവുമടക്കം രീതികളിലൂടെ മികച്ചതും സുസ്ഥിരവുമായ കൃഷി എഐ പ്രാപ്തമാക്കുന്നു. പുരോഗതിയ്ക്ക് വേണ്ടി, കോടതി വിധികൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തും സേവന വിതരണം മെച്ചപ്പെടുത്തിയും ഭക്ഷണ വിതരണവും യാത്രകളും വ്യക്തിഗത ഡിജിറ്റൽ സേവനങ്ങളും ശക്തമാക്കി ദൈനംദിന കാര്യക്ഷമത വർധിപ്പിച്ചും ഭരണനിർവഹണം എഐ ശക്തിപ്പെടുത്തുന്നു. ഗ്രാമീണ, നഗര ഇന്ത്യയ്ക്ക് ഒരുപോലെ പ്രാപ്യമായ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

- ആരോഗ്യ രംഗത്തെ എഐ: ഗ്രാമീണ മേഖലകളിലും സേവനലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും ആരോഗ്യസേവനങ്ങളും ഫലങ്ങളും മെച്ചപ്പെടുത്താൻ എഐ സഹായിക്കുന്നു. ഡോക്ടർമാരുടെ കുറവുള്ള സ്ഥലങ്ങളില്‍ രോഗനിര്‍ണയത്തിന് എഐ അധിഷ്ഠിത ഉപകരണങ്ങൾ സഹായിക്കുന്നു. സ്വയം പ്രവര്‍ത്തിക്കുന്ന രക്ത-മൂത്ര പരിശോധനാ സംവിധാനങ്ങള്‍ രോഗനിർണയവും ചികിത്സയും ത്വരിതപ്പെടുത്തുന്നു. ചാറ്റ്ബോട്ടുകളും രോഗലക്ഷണങ്ങള്‍ പരിശോധിക്കുന്ന സംവിധാനങ്ങളുമടങ്ങുന്ന ടെലിമെഡിസിൻ സൗകര്യങ്ങൾ ഗ്രാമീണ രോഗികളെ ഡോക്ടർമാരുമായി ബന്ധിപ്പിക്കുകയും യാത്രാസമയവും കാത്തിരിപ്പ് സമയവും കുറയ്ക്കുകയും ചെയ്യുന്നു. രോഗവ്യാപനം മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന സംവിധാനങ്ങളും എഐ അധിഷ്ഠിത ഔഷധ ഗവേഷണവും വ്യക്തിഗത ചികിത്സാ രീതികളും വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനൊപ്പം ചികിത്സയുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു
- കൃഷിയിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും എഐ: ഉല്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കാന്‍ വിവരാധിഷ്ഠിതവും കൂടുതൽ സമര്‍ത്ഥവുമായ കൃഷിരീതികൾ നിര്‍മിതബുദ്ധിയിലൂടെ സാധ്യമാകുന്നു. കാലാവസ്ഥ, കീടങ്ങളുടെ ആക്രമണം, ജലസേചന ആവശ്യങ്ങൾ എന്നിവ എഐ മുൻകൂട്ടി പ്രവചിക്കുകയും മൊബൈൽ സന്ദേശങ്ങളിലൂടെ കർഷകർക്ക് മാർഗനിർദേശം നൽകുകയും ചെയ്യുന്നു. എഐ അധിഷ്ഠിത ഡ്രോണുകൾ വിളകളുടെ ആരോഗ്യം നിരീക്ഷിക്കുകയും പാഴാകുന്നത് കുറയ്ക്കുകയും ചെയ്യുമ്പോൾ ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥാ വിവരങ്ങളും വിളവെടുപ്പ് പ്രവചിക്കാൻ സഹായിക്കുന്നു. വിപണി വില പ്രവചന മാതൃകകൾ ആവശ്യകതയുടെയും വിതരണത്തിന്റെയും പ്രവണതകള്‍ മുൻകൂട്ടി കാണാൻ കർഷകരെ സഹായിക്കുന്നു. 'മോസം ജിപിടി' പോലുള്ള ഉപകരണങ്ങളും 'കിസാൻ ഇ-മിത്ര' പോലുള്ള സംരംഭങ്ങളും പ്രാദേശിക ഭാഷകളിൽ തത്സമയവും കൃത്യവുമായ കാർഷിക വിവരങ്ങൾ ലഭ്യമാക്കുന്നു.
- വിദ്യാഭ്യാസ - പഠന രംഗങ്ങളിലെ എഐ: വിദ്യാഭ്യാസം കൂടുതൽ വ്യക്തിഗതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമാക്കി മാറ്റാന്‍ നിര്‍മിതബുദ്ധി സഹായിക്കുന്നു. എഐ അധിഷ്ഠിത സംവിധാനങ്ങള്‍ ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് പഠന ഉള്ളടക്കങ്ങൾ ക്രമീകരിക്കുന്നത് പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും മിടുക്കരായ വിദ്യാർത്ഥികൾക്കും ഒരുപോലെ സഹായകമാകുന്നു. എഐ അധിഷ്ഠിത ഭാഷാ വിവർത്തനം ഉള്ളടക്കങ്ങളെ പ്രാദേശിക ഭാഷകളിലേക്ക് മാറ്റി ഭാഷാപരമായ തടസങ്ങൾ ഇല്ലാതാക്കുന്നു. എഐ അധിഷ്ഠിത പരിശീലന സംവിധാനങ്ങൾ തൽസമയ പ്രതികരണങ്ങളും 24 മണിക്കൂര്‍ പഠന പിന്തുണയും നൽകുന്നു. വിവിധ വിഭാഗങ്ങളിലെ പഠിതാക്കൾക്ക് അനുയോജ്യവും പ്രാപ്യവുമായ വിദ്യാഭ്യാസ ഉള്ളടക്കം നൽകാന്‍ 'ദീക്ഷ' പോലുള്ള സംവിധാനങ്ങളും എഐ പ്രയോജനപ്പെടുത്തുന്നു.
- ധനകാര്യ വാണിജ്യ മേഖലകളിലെ എഐ: സാമ്പത്തിക സുരക്ഷയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും സേവന കാര്യക്ഷമതയും നിര്‍മിതബുദ്ധി ശക്തിപ്പെടുത്തുന്നു. എഐ അധിഷ്ഠിത സംവിധാനങ്ങൾ തട്ടിപ്പുകൾ കണ്ടെത്തുകയും ഡിജിറ്റൽ ഇടപാടുകൾ തത്സമയം സുരക്ഷിതമാക്കുകയും ചെയ്യുന്നു. ബാങ്കിങ് സേവനങ്ങൾ വേണ്ടത്ര ലഭ്യമല്ലാത്തവർക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും വായ്പകൾ ലഭ്യമാക്കാൻ എഐ അധിഷ്ഠിത ക്രെഡിറ്റ് സ്കോറിങ് സഹായിക്കുന്നു. ബാലൻസ് പരിശോധന, പണമിടപാടുകള്‍ തുടങ്ങിയ ദൈനംദിന സേവനങ്ങൾക്ക് ബാങ്കിങ് ചാറ്റ്ബോട്ടുകൾ 24 മണിക്കൂര്‍ സഹായം നൽകുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിക്കും അനുയോജ്യമായ സാമ്പത്തിക ഉല്പന്നങ്ങളും ഉപദേശങ്ങളും എഐ അധിഷ്ഠിത വ്യക്തിഗത സേവനങ്ങൾ വഴി നല്‍കുന്നു.
- ഭരണനിർവഹണ പൊതുസേവന രംഗത്തെ എഐ: പൊതുസേവനങ്ങളുടെ കാര്യക്ഷമത, ലഭ്യത, സുതാര്യത എന്നിവ നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നു. കോടതി വിധികൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ എഐ സഹായിക്കുന്നത് നീതി ലഭ്യത സുഗമമാക്കുന്നു. ട്രാഫിക്, മാലിന്യ സംസ്കരണം, പൊതു സുരക്ഷാ സംവിധാനങ്ങൾ എന്നിവ കാര്യക്ഷമമാക്കി സ്മാർട്ട് സിറ്റി നിര്‍വഹം പിന്തുണയ്ക്കുന്ന എഐ വിവിധ പദ്ധതികളുടെയും അപേക്ഷകളുടെയും നടപടിക്രമങ്ങളുടെ സമയം കുറച്ച് സർക്കാർ സേവനങ്ങളുടെ വിതരണം സുഗമമാക്കുന്നു. നീതിന്യായ സംവിധാനത്തില്‍ കേസ് നടത്തിപ്പ് മെച്ചപ്പെടുത്താനും നിയമസഹായം എളുപ്പത്തിൽ ലഭ്യമാക്കാനും എഐ സഹായിക്കുന്നു.
നിര്‍മിതബുദ്ധിയുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ് കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉയർന്ന മുൻഗണന നൽകിയിട്ടുണ്ട്. 'ഇന്ത്യ എഐ ദൗത്യം', എഐ കംപ്യൂട്ട് അടിസ്ഥാന സൗകര്യ വികസനം, തദ്ദേശീയ എഐ മാതൃകകളുടെ പ്രോത്സാഹനം തുടങ്ങിയ പദ്ധതികൾ ഉത്തരവാദിത്തപൂര്‍ണമായ എഐ ഉപയോഗത്തിന് ശക്തമായ അടിത്തറയിടുന്നു.

കൂടാതെ, ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിലും ധാർമികമായ രീതിയില്‍ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും സമ്പദ്‌വ്യവസ്ഥയുടെ മുൻഗണനാ മേഖലകളിൽ എഐ ഉപയോഗം ത്വരിതപ്പെടുത്തുന്നതിലും ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും. സാങ്കേതികമായി ശാക്തീകരിക്കപ്പെട്ട ഇന്ത്യ എന്ന കാഴ്ചപ്പാടിനനുസൃതമായി നിര്‍മിതബുദ്ധി അധിഷ്ഠിത നൂതനാശയങ്ങളുടെയും എഐ വിന്യാസത്തിന്റെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിൽ ഉച്ചകോടി സുപ്രധാന പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അടിസ്ഥാന സ്തംഭങ്ങള്‍: ആഗോള എഐ സഹകരണത്തിന് കരുത്തേകുന്ന മൂന്ന് ‘സൂത്ര’ങ്ങളും ഏഴ് ‘ചക്ര’ങ്ങളും
നിര്‍ണയിക്കാവുന്ന സാമൂഹ്യ -സാമ്പത്തിക ഫലങ്ങൾക്ക് ഊന്നൽ നൽകി നിര്‍മിതബുദ്ധിയോടുള്ള ജനകേന്ദ്രീകൃത സമീപനം മുന്നോട്ടുകൊണ്ടുപോകാനാണ് 2026-ലെ ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് ലക്ഷ്യമിടുന്നത്. 'സൂത്രങ്ങൾ' എന്നറിയപ്പെടുന്ന മൂന്ന് അടിസ്ഥാന സ്തംഭങ്ങളിലധിഷ്ഠിതമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. അറിവിനെയും പ്രവൃത്തിയെയും തമ്മിൽ കോർത്തിണക്കുന്ന 'അടിസ്ഥാന തത്വങ്ങൾ' എന്നാണ് സംസ്കൃത പദമായ 'സൂത്ര' അർത്ഥമാക്കുന്നത്. ബഹുരാഷ്ട്ര സഹകരണത്തിലൂടെ എല്ലാവരുടെയും നന്മയ്ക്കായി എഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ സൂത്രങ്ങൾ നിർവചിക്കുന്നു.
മൂന്ന് അടിസ്ഥാന സൂത്രങ്ങളെ മുൻനിർത്തി ഉച്ചകോടിയിലെ ചർച്ചകൾ ഏഴ് ‘ചക്ര’ങ്ങൾക്ക് ചുറ്റും ക്രമീകരിച്ചിരിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമൂഹ്യ ഫലങ്ങളിലേക്ക് കൂട്ടായ പരിശ്രമങ്ങളെ നയിക്കുന്ന ബഹുരാഷ്ട്ര സഹകരണത്തിന്റെ പ്രധാന മേഖലകളെയാണ് ഈ ‘ചക്ര’ങ്ങള്‍ പ്രതിനിധീകരിക്കുന്നത്.
- മനുഷ്യ വിഭവശേഷി: ലക്ഷ്യാധിഷ്ഠിത നൈപുണ്യ വികസനത്തിലൂടെ എല്ലാവർക്കും തുല്യമായ രീതിയിൽ എഐ പുനർ-നൈപുണ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് ഈ ചക്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയ വികസന മുൻഗണനകൾക്ക് അനുസൃതമായി എഐ സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ടി തൊഴിൽ സേനയെ സജ്ജമാക്കാൻ ഇത് സഹായിക്കുന്നു.
- സാമൂഹ്യ ശാക്തീകരണ പങ്കാളിത്തം: പങ്കിട്ട എഐ പരിഹാരങ്ങളിലൂടെയും വിപുലീകരിക്കാവുന്ന മാതൃകകളിലൂടെയും എല്ലാവരെയും ഉൾപ്പെടുത്തി പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ഈ ചക്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയിലെ ജനകേന്ദ്രീകൃത എഐ സേവനങ്ങൾക്കും ഏറ്റവും സാധാരണക്കാരിലേക്ക് എത്തുന്ന സേവനങ്ങൾക്കും ഇത് കരുത്തേകുന്നു.
- സുരക്ഷിതവും വിശ്വസനീയവുമായ എഐ: ഉത്തരവാദിത്തപൂര്‍ണ എഐ ഉപയോഗത്തിന് ആഗോള തത്വങ്ങളെ പ്രായോഗികവും പരസ്പരബന്ധിതവുമായ സുരക്ഷാ-ഭരണനിര്‍വഹണ ചട്ടക്കൂടുകളിലേക്ക് മാറ്റുന്നതിലാണ് ഈ ചക്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര എഐ ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിലൂടെ പൊതു വേദികളില്‍ എഐ സുരക്ഷിതമായി വിന്യസിക്കാനും പൊതുജന വിശ്വാസം വളർത്താനും ഇത് സഹായിക്കുന്നു.
- അതിജീവനശേഷി, നൂതനാശയങ്ങള്‍, കാര്യക്ഷമത: വന്‍ തോതിലുള്ള എഐ സംവിധാനങ്ങൾ ഉയർത്തുന്ന പരിസ്ഥിതി-വിഭവ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലാണ് ഈ ചക്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എഐ വികസനം പരിസ്ഥിതിയോട് ഉത്തരവാദിത്തവും സാമൂഹ്യ തുല്യതയുമുള്ളതാണെന്ന് ഇത് ഉറപ്പാക്കുന്നു.
- ശാസ്ത്രം: വിവരശേഖരം, കമ്പ്യൂട്ട്, ഗവേഷണ ശേഷി എന്നിവ ലഭ്യമാക്കുന്നതിലെ അസമത്വങ്ങൾ പരിഹരിക്കാനും പുതിയ കണ്ടെത്തലുകൾ ത്വരിതപ്പെടുത്താനും എഐ ഉപയോഗിക്കുന്നതിൽ ഈ ചക്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ ഗവേഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന ഈ രംഗം ആരോഗ്യം, കൃഷി, കാലാവസ്ഥ എന്നീ മേഖലകളിൽ പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
- എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം: എഐ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും താങ്ങാവുന്ന നിരക്കില്‍ തുല്യമായ രീതിയിൽ ലഭ്യമാകുന്ന ആഗോള എഐ ആവാസവ്യവസ്ഥയാണ് ഈ ചക്രം വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും പൊതുസ്ഥാപനങ്ങൾക്കും ആഗോള എഐ മൂല്യശൃംഖലയിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇത് വഴിയൊരുക്കുന്നു.
- സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ നന്മയ്ക്കും എഐ: സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ നന്മയ്ക്കും മാതൃകയാക്കാവുന്ന മികച്ച എഐ ഉപയോഗങ്ങള്‍ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്ത് എല്ലാവരെയും ഉൾച്ചേര്‍ത്ത് വളർച്ച കൈവരിക്കുന്നതില്‍ നിര്‍മിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതികൾ ഈ ചക്രം പരിശോധിക്കുന്നു.
രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും മറ്റ് പങ്കാളികൾക്കും എഐ തന്ത്രങ്ങൾ ഒരുപോലെ ആസൂത്രണം ചെയ്യാനും അറിവുകൾ പങ്കുവെയ്ക്കാനും പൊതു വെല്ലുവിളികൾ പരിഹരിക്കാനും സഹായിക്കുന്ന സമഗ്ര ചട്ടക്കൂട് ഈ ചക്രങ്ങൾ ഉറപ്പാക്കുന്നു.
ഉച്ചകോടിയിലെ എഐ ഇംപാക്ട് പരിപാടികള്‍
ഇന്ത്യ–എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് 'എഐ ഇംപാക്ട് പരിപാടികളിലൂടെയാണ്. ഇന്ത്യൻ എഐ സംരംഭങ്ങൾ, വിവിധ മേഖലകളിലെ ഉപയോഗങ്ങൾ, സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവ അവതരിപ്പിക്കാന്‍ ഈ പരിപാടികൾ ഔദ്യോഗിക വേദി നൽകുന്നു. ഒപ്പം പ്രതികരണങ്ങൾ അറിയാനും പരസ്പര പഠനത്തിനും അന്താരാഷ്ട്ര നിലവാരവുമായി താരതമ്യം ചെയ്യാനും ഇത് അവസരമൊരുക്കുന്നു.
ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന പരിപാടികൾ
ഇന്ത്യ–എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി പ്രാഥമിക കൂടിയാലോചനകളും പ്രത്യേക വിഷയങ്ങളില്‍ ചർച്ചകളും സുഗമമാക്കുന്നതിന് ഉച്ചകോടിക്ക് മുന്നോടിയായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമായി നടന്ന ഈ ഒത്തുചേരലുകള്‍ സര്‍ക്കാരുകളെയും അക്കാദമിക-ഗവേഷണ സ്ഥാപനങ്ങളെയും വ്യാവസായിക മേഖലകളെയും സ്റ്റാർട്ടപ്പുകളെയും സിവിൽ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്നു.
പ്രാദേശിക എഐ സമ്മേളനങ്ങള്‍
ദേശീയ എഐ മുൻഗണനകളെ പ്രാദേശിക ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് ഇന്ത്യ–എഐ ഇംപാക്ട് സമ്മിറ്റ് 2026-ന് മുന്നോടിയായി പ്രാദേശിക എഐ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബറിനും 2026 ജനുവരിക്കുമിടയിൽ മേഘാലയ, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, തെലങ്കാന എന്നിവിടങ്ങളില്‍ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് എട്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രാദേശിക എഐ ഉപയോഗങ്ങൾ, നയപരമായ നിർദേശങ്ങൾ, വൈദഗ്ധ്യത്തിലെ കുറവുകൾ എന്നിവ തിരിച്ചറിയുന്ന ഈ സമ്മേളനങ്ങളില്‍ ഉരുത്തിരിയുന്ന ചർച്ചകൾ ഇന്ത്യ–എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ അജണ്ടയും ഫലങ്ങളും രൂപപ്പെടുത്താൻ സഹായിക്കും.
പ്രധാന ഉച്ചകോടി
ഉച്ചകോടിയുടെ ഏഴ് 'ചക്രങ്ങളെ' ആസ്പദമാക്കിയായിരിക്കും പ്രധാന ഉച്ചകോടി സംഘടിപ്പിക്കുന്നത്. വ്യാവസായിക മേഖലയെയും അക്കാദമിക രംഗത്തെയും അന്താരാഷ്ട്ര പങ്കാളികളെയും ഒന്നിപ്പിക്കുന്ന ഈ സെഷനുകൾ എഐ ഉപയോഗങ്ങൾ പരിശോധിക്കാനും നയപരമായ അനുഭവങ്ങൾ പങ്കുവെയ്ക്കാനും വികസനോന്മുഖ എഐ വിന്യാസത്തിന് പ്രായോഗിക രീതികൾ കണ്ടെത്താനും സഹായിക്കും. ഉച്ചകോടിക്ക് ലഭിച്ച 700-ലധികം നിർദേശങ്ങൾ ഇതിനോടുള്ള ശക്തമായ ആഗോള പ്രതികരണത്തിന്റെ പ്രതിഫലനമാണ്.
എഐ വിജ്ഞാന സമാഹാരം
ഇന്ത്യ–എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ പ്രധാന വിജ്ഞാന ശേഖരമാണ് എഐ വിജ്ഞാന സമാഹാരം. ഉച്ചകോടിയ്ക്കിടെ 2026 ഫെബ്രുവരി 17-ന് ഇത് പ്രകാശനം ചെയ്യും. മുൻഗണനാ മേഖലകളിലുടനീളം നിര്‍മിതബുദ്ധിയുടെ യഥാർത്ഥ പ്രയോഗങ്ങൾ രേഖപ്പെടുത്തുന്ന ഒരു കൂട്ടം പ്രമേയാധിഷ്ഠിത കേസ് ബുക്കുകൾ ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദഗ്ധർക്കും മറ്റ് പങ്കാളികൾക്കും റഫറൻസിന് ഉപയോഗിക്കാവുന്ന സ്രോതസ്സായി നിലകൊള്ളുന്ന ഈ വിജ്ഞാന സമാഹാരം ഉത്തരവാദിത്തപൂര്‍ണവും വികസനോന്മുഖവുമായ എഐ പരിഹാരങ്ങളുടെ തുടർച്ചയായ സഹകരണത്തെയും സ്വീകാര്യതയെയും ഉച്ചകോടിക്ക് ശേഷവും പിന്തുണയ്ക്കും.

പ്രധാന പരിപാടികൾ
- എഐ ഫോർ ഓൾ: ഗ്ലോബൽ ഇംപാക്ട് ചലഞ്ച്: വന്‍ തോതില്‍ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള എഐ പരിഹാരങ്ങൾ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന പരിപാടിയാണിത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വ്യാവസായിക ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. നഗര അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ വിന്യസിക്കാനാവുന്ന എഐ പരിഹാരങ്ങളിലാണ് മത്സരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പരിഹാരങ്ങൾ ഉച്ചകോടിയിൽ പ്രദർശിപ്പിക്കുകയും രണ്ടരക്കോടി രൂപ വരെ സമ്മാനത്തുക നൽകുകയും ചെയ്യും.
- എഐ ബൈ ഹെർ: ഗ്ലോബൽ ഇംപാക്ട് ചലഞ്ച്: എഐ മേഖലയിൽ സ്ത്രീകൾ നയിക്കുന്ന നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. നീതി ആയോഗിന്റെ വനിതാ സംരംഭകത്വ സംവിധാനവുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ മത്സരം വന്‍തോതില്‍ യഥാർത്ഥ പൊതു വെല്ലുവിളികൾ പരിഹരിക്കുന്ന എഐ സംവിധാനങ്ങൾ അവതരിപ്പിക്കാൻ വനിതാ സാങ്കേതിക വിദഗ്ധരെ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പരിഹാരങ്ങൾ ഉച്ചകോടിയിൽ പ്രദർശിപ്പിക്കുകയും രണ്ടര കോടി രൂപ വരെ പുരസ്കാരത്തുക നല്‍കുകയും ചെയ്യും.
- യുവ എഐ: ഗ്ലോബൽ യൂത്ത് ചലഞ്ച്: യഥാർത്ഥ ലോകത്തെ വെല്ലുവിളികൾക്ക് എഐ പരിഹാരങ്ങൾ വികസിപ്പിക്കാൻ യുവ നൂതനാശയക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ മത്സരത്തില്‍ 13 മുതല്‍ 21 വരെ പ്രായക്കാരായ വ്യക്തികൾക്കും ടീമുകൾക്കും പങ്കെടുക്കാം. മൈഭാരത്, ദേശീയ ഇലക്ട്രോണിക്സ് വിവരസാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 85 ലക്ഷം രൂപ വരെ സമ്മാനങ്ങൾ ലഭിക്കും.
- ഗവേഷണ സിംപോസിയം: ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ ഭാഗമായി 2026 ഫെബ്രുവരി 18-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് നിര്‍മിതബുദ്ധിയും അതിന്റെ സ്വാധീനവും സംബന്ധിച്ച ഗവേഷണ സിംപോസിയം സംഘടിപ്പിക്കുന്നത്. ഹൈദരാബാദ് ഐഐഐടി-യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അത്യാധുനിക ഗവേഷണങ്ങൾ അവതരിപ്പിക്കാനും എഐ സ്വാധീനത്തെക്കുറിച്ച് അറിവുകൾ പങ്കുവെയ്ക്കാനും ഗവേഷകരും ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഒരുമിക്കും. പ്ലീനറി സെഷനുകൾ, അന്താരാഷ്ട്ര ഗവേഷണ അവതരണങ്ങൾ, ഗ്ലോബൽ സൗത്ത് ഗവേഷണ പ്രദർശനങ്ങൾ എന്നിവ സിംപോസിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
- ഇന്ത്യ എഐ ഇംപാക്ട് പ്രദര്‍ശനം 2026: സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയമാണ് ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 70,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ സജ്ജീകരിക്കുന്ന പ്രദർശനത്തിൽ 1,50,000-ലധികം സന്ദർശകരെയും ഏഴ് പവലിയനുകളിലായി 400-ലേറെ പ്രദർശകരെയും പ്രതീക്ഷിക്കുന്നു. ഗവേഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും വിപുലമായ നിര്‍മിതബുദ്ധി വിന്യാസത്തിലേക്കുണ്ടായ മാറ്റം ഈ വേദിയില്‍ പ്രദർശിപ്പിക്കും.
- ഇന്ത്യ എഐ ടിങ്കർപ്രണർ: 6 മുതൽ 12 വരെ ക്ലാസ്സുകളിലെ സ്കൂൾ വിദ്യാർത്ഥികളിൽ എഐ, സംരംഭകത്വ കഴിവുകൾ വളർത്തുന്നതിന് ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റിനോടനുബന്ധിച്ച് നടത്തുന്ന ദേശീയതല വേനല്‍ക്കാല തീവ്രപരിശീലന പരിപാടിയാണിത്. എഐ ടൂളുകളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും നേരിട്ട് അറിവ് നേടാനും സാമൂഹ്യ സ്വാധീനമേറിയ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് എഐ ഉല്പന്നങ്ങൾ വികസിപ്പിക്കാനും കുട്ടികളെ പരിപാടിയിലൂടെ പ്രാപ്തരാക്കുന്നു. ഓൺലൈൻ സെഷനുകളിലൂടെയും വിദഗ്ധ മാർഗനിർദേശത്തിലൂടെയും ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ നൂതന ചിന്താഗതിയും പ്രശ്നപരിഹാര ശേഷിയും വളർത്താൻ ഈ സംരംഭം സഹായിക്കുന്നു.
ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റിലെ പരിപാടികളും പ്രമുഖ പങ്കാളികളും
നയപരമായ ചർച്ചകള്‍, അറിവ് പങ്കുവെയ്ക്കുന്ന വിജ്ഞാന ശേഖരങ്ങളുടെ പ്രകാശനം, ഗവേഷണ-വ്യാവസായിക സെഷനുകള്‍ എന്നിവയിലൂടെയാണ് ഇന്ത്യ നൂതനാശയ മേളയോടെ ആരംഭിക്കുന്ന പരിപാടി മുന്നോട്ടുപോവുക. ആഗോള നേതാക്കളുടെ പങ്കാളിത്തത്തിനും ആഗോള എഐ പങ്കാളിത്ത സമിതി (ജിപിഎഐ) യോഗങ്ങള്‍ക്കും ശേഷം ഉച്ചകോടി സമാപിക്കും.
|
തീയതി
|
പരിപാടി
|
വേദി
|
|
2026 ഫെബ്രുവരി 16–20
|
എഐ ഇംപാക്ട് പ്രദര്‍ശനം
|
ഭാരത് മണ്ഡപം, ന്യൂഡല്‍ഹി
|
|
2026 ഫെബ്രുവരി 16
|
മുഖ്യപ്രഭാഷണം, പാനല്‍ ചര്‍ച്ചകള്‍, വട്ടമേശ സമ്മേളനങ്ങള്‍
|
ഭാരത് മണ്ഡപം/ സുഷമ സ്വരാജ് ഭവന്‍/ അംബേദ്കര്‍ ഭവന്‍, ന്യൂഡല്‍ഹി
|
|
2026 ഫെബ്രുവരി 17
|
ആരോഗ്യം, ഊര്‍ജം, വിദ്യാഭ്യാസം, കൃഷി, ലിംഗശാക്തീകരണം, അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ രംഗങ്ങളില്‍ നിര്‍മിതബുദ്ധിയുടെ സ്വാധീനം പ്രതിപാദിക്കുന്ന എഐ വിജ്ഞാന സമാഹാരത്തിന്റെ പ്രകാശനം
|
ഭാരത് മണ്ഡപം, ന്യൂഡല്‍ഹി
|
|
പ്രായോഗിക എഐ സംബന്ധിച്ച് സെമിനാര്‍
|
|
എഐ ബൈ ഹെര്‍: ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച്
|
സുഷമ സ്വരാജ് ഭവന്‍, ന്യൂഡല്‍ഹി
|
|
മുഖ്യപ്രഭാഷണം, പാനല്‍ ചര്‍ച്ചകള്‍, വട്ടമേശ സമ്മേളനങ്ങള്‍
|
ഭാരത് മണ്ഡപം/ സുഷമ സ്വരാജ് ഭവന്‍/ അംബേദ്കര്‍ ഭവന്‍, ന്യൂഡല്‍ഹി
|
|
2026 ഫെബ്രുവരി 18
|
ഗവേഷണ സിംപോസിയം
|
ഭാരത് മണ്ഡപം, ന്യൂഡല്‍ഹി
|
|
വ്യാവസായിക സെഷന്‍
|
|
എഐ ബൈ ഹെര്‍: ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച്
|
സുഷമ സ്വരാജ് ഭവന്‍, ന്യൂഡല്‍ഹി
|
|
മുഖ്യപ്രഭാഷണം, പാനല്‍ ചര്‍ച്ചകള്‍, വട്ടമേശ സമ്മേളനങ്ങള്‍
|
ഭാരത് മണ്ഡപം/ സുഷമ സ്വരാജ് ഭവന്‍/ അംബേദ്കര്‍ ഭവന്‍, ന്യൂഡല്‍ഹി
|
|
ഉച്ചകോടി അത്താഴവിരുന്ന്
|
കണ്‍വെന്‍ഷന്‍ സെന്റര്‍, ന്യൂഡല്‍ഹി
|
|
2026 ഫെബ്രുവരി 19
|
ഉദ്ഘാടനച്ചടങ്ങ്
|
ഭാരത് മണ്ഡപം, ന്യൂഡല്‍ഹി
|
|
നേതാക്കളുടെ പ്ലീനറി സെഷനുകള്‍
|
|
സിഇഒ-മാരുടെ വട്ടമേശ സമ്മേളനം
|
|
മുഖ്യപ്രഭാഷണം, പാനല്‍ ചര്‍ച്ചകള്‍, വട്ടമേശ സമ്മേളനങ്ങള്‍
|
ഭാരത് മണ്ഡപം/ സുഷമ സ്വരാജ് ഭവന്‍/ അംബേദ്കര്‍ ഭവന്‍, ന്യൂഡല്‍ഹി
|
|
2026 ഫെബ്രുവരി 20
|
GPAI സമിതി യോഗം
|
ഭാരത് മണ്ഡപം, ന്യൂഡല്‍ഹി
|
|
മുഖ്യപ്രഭാഷണം, പാനല്‍ ചര്‍ച്ചകള്‍, വട്ടമേശ സമ്മേളനങ്ങള്‍
|

(*2026 ജനുവരി 16 വരെ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ അജണ്ട) - ഈ അജണ്ട താല്‍ക്കാലികമാണ്, മാറ്റങ്ങൾ വന്നേക്കാം.
ഉച്ചകോടിയിൽ ഉൾപ്പെട്ട സ്ഥാപനപരമായ പ്രധാന ചട്ടക്കൂടുകൾ
നയരൂപീകരണം, പദ്ധതി നിര്‍വഹണം, ആവാസവ്യവസ്ഥയുടെ വികസനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിത്തപ്പെട്ട പ്രധാന സർക്കാർ സ്ഥാപനങ്ങളാണ് ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026-ന് പിന്തുണ നൽകുന്നത്. ഭരണപരമായ നേതൃത്വവും സാങ്കേതിക പിന്തുണയും ഇവരുടെ പങ്കാളിത്തത്തിലൂടെ ഉറപ്പാക്കുന്നു. ഉച്ചകോടിയിലെ ചർച്ചകളെ പ്രായോഗിക ഫലങ്ങളിലേക്ക് മാറ്റാൻ ഇത് സഹായിക്കുന്നു.

- ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം: ഇന്ത്യയിലെ എഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് സമഗ്രവും നയപരവുമായ ദിശ നൽകുന്നത് ഈ മന്ത്രാലയമാണ്. നിര്‍മിതബുദ്ധി, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഭരണനിര്‍വഹണം എന്നിവയിലെ ദേശീയ മുൻഗണനകൾക്കനുസരിച്ച് മന്ത്രാലയം ഉച്ചകോടിയ്ക്ക് നേതൃത്വം നല്‍കുന്നു. വിവിധ മന്ത്രാലയങ്ങൾ തമ്മിലെ ഏകോപനവും സംസ്ഥാന സർക്കാരുകളുമായി സഹകരണവും ഇതിലൂടെ ഉറപ്പാക്കുന്നു.
- ഇന്ത്യ എഐ ദൗത്യം: ഇന്ത്യയിലെ എഐ വികസനത്തെ പിന്തുണയ്ക്കുന്ന പ്രധാന ദൗത്യമാണിത്. എഐ കംപ്യൂട്ട് അടിസ്ഥാനസൗകര്യങ്ങള്‍, വിവരശേഖരങ്ങള്‍, തദ്ദേശീയ എഐ മാതൃകകള്‍, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പ് പിന്തുണ എന്നിവയുൾപ്പെടെ ഉച്ചകോടിയുടെ പ്രധാന വിഷയങ്ങള്‍ക്ക്ഈ ദൗത്യം രൂപം നല്‍കുന്നു. സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ഇത് എടുത്തുകാണിക്കുന്നു.
- ഇന്ത്യയിലെ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്കുകള്‍ (STPI): സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, നൂതനാശയക്കാർ എന്നിവരുടെ ഉച്ചകോടിയിലെ പങ്കാളിത്തത്തെ എസ്ടിപിഐ പിന്തുണയ്ക്കുന്നു. മാര്‍ഗനിര്‍ദേശക പരിശീലന സൗകര്യങ്ങളും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും ഇതുവഴി നൽകുന്നു. രാജ്യത്തുടനീളം കേന്ദ്രങ്ങളുടെ ശൃംഖല വഴി പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുകയും എഐ അധിഷ്ഠിത സംരംഭങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എഐ നൂതനാശയങ്ങളെ ആഗോള വിപണികളുമായും കയറ്റുമതി അവസരങ്ങളുമായും ബന്ധിപ്പിക്കുന്നതിൽ ഇത് സുപ്രധാന പങ്കുവഹിക്കുന്നു.
- ഡിജിറ്റൽ ഇന്ത്യ സംരംഭം: ഇന്ത്യയിൽ വിപുലമായ എഐ വിന്യാസത്തിനാവശ്യമായ അടിസ്ഥാന ചട്ടക്കൂട് നൽകുന്നത് ഡിജിറ്റൽ ഇന്ത്യയാണ്. ഡിജിറ്റൽ പൊതു സംവിധാനങ്ങള്‍, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ജനകേന്ദ്രീകൃത ഭരണം എന്നിവയിലെ ഇതിന്റെ ഊന്നൽ ഉച്ചകോടിയുടെ പ്രമേയങ്ങളിലും പ്രതിഫലിക്കുന്നു. ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്ന എഐ പരിഹാരങ്ങൾ സേവന വിതരണവുമായും സുതാര്യതയുമായും പൊതുവിശ്വാസ്യതയുമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ഡിജിറ്റൽ ഇന്ത്യ സംരംഭം ഉറപ്പാക്കുന്നു.
ഉച്ചകോടിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഫലങ്ങൾ
ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന ലക്ഷ്യാധിഷ്ഠിത ഫലങ്ങൾ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026 നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മിതബുദ്ധിയുടെ പ്രായോഗിക വിന്യാസം, നയപരമായ യോജിപ്പ്, സർക്കാർ-വ്യാവസായിക മേഖലകൾ തമ്മിലെ ഏകോപനം എന്നിവയ്ക്ക് ഉച്ചകോടി പ്രാധാന്യം നൽകും. ഭരണനിർവഹണവും നിയന്ത്രണ ചട്ടക്കൂടുകളും ശക്തമാക്കുന്ന ഈ നടപടി എഐ അധിഷ്ഠിത വ്യവസായ വളർച്ചയുടെ പ്രാദേശിക സന്നദ്ധത വിലയിരുത്തും. കൂടാതെ, എഐ സംവിധാനങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കാനും സർക്കാറിനും അക്കാദമിക് മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും വ്യവസായിക രംഗത്തിനുമിടയില്‍ സുസ്ഥിര പങ്കാളിത്തം വളർത്താനും ഇത് വഴിയൊരുക്കും.
ഉപസംഹാരം
ഇന്ത്യയുടെ വികസന മുൻഗണനകളിൽ നിര്‍മിതബുദ്ധിയെ ഒരു തന്ത്രപ്രധാന ഘടകമായി ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026 അടയാളപ്പെടുത്തുന്നു. ഭരണനിർവഹണം, പൊതുസേവന വിതരണം, ഗവേഷണം, വ്യവസായം എന്നിവയിൽ എഐ പ്രയോഗിക്കുന്നതിലെ പ്രായോഗിക മാർഗങ്ങൾ കണ്ടെത്താന്‍ ദേശീയ-പ്രാദേശിക തലങ്ങളിലെ അനുഭവങ്ങൾ ഉച്ചകോടി ക്രോഡീകരിക്കുന്നു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലും സേവന വിതരണത്തിലും നിര്‍മിതബുദ്ധിയുടെ പങ്ക് ശക്തമാക്കി ഡിജിറ്റൽ ഇന്ത്യയുടെ ലക്ഷ്യങ്ങളെ ഉച്ചകോടി പിന്തുണയ്ക്കുന്നു. അതേസമയം കംപ്യൂട്ട് അടിസ്ഥാനസൗകര്യങ്ങള്‍, വിവരശേഖരങ്ങള്‍, തദ്ദേശീയ നൂതനാശയങ്ങള്‍ എന്നിവയിലെ ആഭ്യന്തര ശേഷിക്ക് ഊന്നൽ നൽകി ദേശീയ സ്വയംപര്യാപ്തതയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
അവലംബം:
Click here to see PDF
***
(रिलीज़ आईडी: 2217496)
आगंतुक पटल : 7