നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിനായി നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (MSDE) ലോക സാമ്പത്തിക ഫോറവുമായി (WEF) ഒരു സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവച്ചു.
प्रविष्टि तिथि:
22 JAN 2026 4:40PM by PIB Thiruvananthpuram
നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നിവയിൽ ബഹുമുഖ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിൽ, ഇന്ത്യയുടെ നൈപുണ്യശേഷിയും സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന (TVET) ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനായി ഭാരത സർക്കാരിന്റെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (MSDE) ലോക സാമ്പത്തിക ഫോറവുമായി (WEF) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഈ ധാരണാപത്രത്തിന്റെ ഭാഗമായി, MSDE ലോക സാമ്പത്തിക ഫോറവുമായി (WEF) സഹകരിച്ച് ഇന്ത്യയിൽ ഒരു സ്കിൽസ് ആക്സിലറേറ്റർ ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്യും. തൊഴിൽ ശക്തിയിലെ നിർണായക നൈപുണ്യ വിടവുകൾ പരിഹരിക്കുന്നതിന് നൂതന പരിഹാരങ്ങൾ കണ്ടെത്തുകയും അവ വിപുലീകരിക്കുകയും ചെയ്യുന്നതിനോടൊപ്പം, പൊതു–സ്വകാര്യ പങ്കാളിത്തങ്ങളെ ശക്തിപ്പെടുത്തുന്നതും ഈ സംരംഭത്തിന്റെ മുഖ്യലക്ഷ്യങ്ങളാണ്. വിവിധ പങ്കാളികളെ ഒരുമിപ്പിക്കുന്ന ഒരു ബഹുപങ്കാളിത്ത പ്ലാറ്റ്‌ഫോമായ ഈ ആക്സിലറേറ്റർ, നൈപുണ്യ സംരംഭങ്ങളും വ്യവസായമേഖലയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും വികസിച്ചു വരുന്ന ആവശ്യങ്ങളും തമ്മിലുള്ള പാരസ്പര്യം ഉറപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ–പരിശീലന (TVET) ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് വേഗം പകരും.
"ഇന്ത്യയുടെ നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ മന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി ഈ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് പറഞ്ഞു: “ഇന്ത്യയുടെ നൈപുണ്യ ആവാസവ്യവസ്ഥയെ ഭാവിയിലെ തൊഴിൽ ആവശ്യകതകളുമായി സമന്വയിപ്പിക്കുക എന്ന തന്ത്രപരമായ ദർശനത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. ഇന്നത് ഘടനാപരവും ആഗോളവുമായ ഒരു രൂപം കൈവരിച്ചിരിക്കുന്നു. ലോക സാമ്പത്തിക ഫോറവുമായി (WEF) സഹകരിച്ച് ഇന്ത്യ സ്കിൽസ് ആക്സിലറേറ്ററിനെ ഔപചാരികമാക്കുന്നത്, ഭാവിസജ്ജവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ഒരു തൊഴിൽ ശക്തി സൃഷ്ടിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ്. സർക്കാർ, വ്യവസായം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഒരുമിപ്പിക്കുന്നതിലൂടെ, നിലവിലുള്ളതും ഉയർന്നുവരുന്നതുമായ നൈപുണ്യ വിടവുകൾ പരിഹരിക്കാനും, ഫലാധിഷ്ഠിത നൈപുണ്യ ധനസഹായം പ്രാപ്തമാക്കാനും, ആഗോള തൊഴിൽ വിപണി ആവശ്യങ്ങളുമായി ആജീവനാന്ത പഠനത്തെ സമന്വയിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങളെ ഈ ഏകോപിത സംരംഭം ശക്തിപ്പെടുത്തുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഉം Vision India@2047 ഉം ഉൾപ്പെടെയുള്ള ദർശനങ്ങളുമായി യോജിച്ച്, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും ദേശീയ പരിവർത്തനത്തിന്റെയും കേന്ദ്ര സ്തംഭമായി നൈപുണ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ ഉദ്യമങ്ങൾ.”
പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിക്കവേ വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സുകാന്ത മജുംദാർ പറഞ്ഞു:
“ഇന്ത്യയിൽ സ്കിൽസ് ആക്സിലറേറ്റർ ആരംഭിക്കുന്നതിനായി നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവും ലോക സാമ്പത്തിക ഫോറവും തമ്മിൽ ഒപ്പുവച്ച നാഴികക്കല്ലായ ധാരണാപത്രത്തെ ഞാൻ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസത്തെ നൈപുണ്യ വികസനവുമായി ഫലപ്രദമായി സംയോജിപ്പിക്കുകയും, ആജീവനാന്ത പഠനത്തെ പ്രോത്സാഹിപ്പിക്കുകയും, ഭാവിയിലെ വ്യവസായ ആവശ്യകതകൾക്ക് അനുയോജ്യമായി പാഠ്യപദ്ധതികളെ ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ, ഈ സഹകരണം ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന്റെ ദർശനത്തെ ശക്തമായി പിന്തുണയ്ക്കുന്നു.”
നിർണായകമായ നൈപുണ്യ വിടവുകൾ പരിഹരിക്കുകയും, നമ്മുടെ യുവാക്കളുടെ ആഗോള തൊഴിൽക്ഷമത വർധിപ്പിക്കുകയും, ഇന്ത്യയുടെ പ്രതിഭാസമ്പത്തിനെ നിർമ്മിതബുദ്ധി, ഹരിത ഊർജം, റോബോട്ടിക്സ്, നൂതന ഉത്പാദനം തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളുമായി സമന്വയിപ്പിക്കുന്നതും ഉറപ്പാക്കുന്നതിനാൽ, ഈ സംരംഭം ഇന്ത്യയ്ക്ക് ഗണ്യമായ നേട്ടങ്ങൾ പ്രദാനം ചെയ്യും. വ്യവസായബന്ധിത പരിശീലനം, യോഗ്യതകളുടെ പരസ്പര അംഗീകാരം, നൈപുണ്യ വികസനത്തിനായുള്ള നൂതന ധനസഹായ മാർഗങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഈ പങ്കാളിത്തം ഇന്ത്യയുടെ സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ–പരിശീലന (TVET) ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് പിന്തുണ നൽകുകയും, 2047-ൽ വികസിത ഭാരതം സാക്ഷാത്കരിക്കുന്നതിനുള്ള ദിശയിൽ ഇന്ത്യയെ വൈദഗ്ധ്യമുള്ള മനുഷ്യശക്തിക്കും നൂതനാശയങ്ങൾക്കുമുള്ള ആഗോള കേന്ദ്രമായി സ്ഥാപിക്കുകയും ചെയ്യും.
ഇന്ത്യ സ്കിൽസ് ആക്സിലറേറ്ററിന്റെ സഹ-അധ്യക്ഷനും ബജാജ് ഫിൻസെർവ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ സഞ്ജീവ് ബജാജ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഇന്ത്യയുടെ ദീർഘകാല മത്സരശേഷി ശക്തിപ്പെടുത്തുന്നതിനുള്ള നിർണായകവും തന്ത്രപരവുമായ ചുവടുവയ്പ്പാണ് ഇന്ത്യ സ്കിൽസ് ആക്സിലറേറ്റർ സംരംഭം. ഇന്ത്യയുടെ പ്രതിഭാസമ്പത്തിനെ ഭാവിയിലെ തൊഴിലുകളുമായി ബന്ധപ്പെട്ട ആഗോള ദർശനങ്ങളുമായി സമന്വയിപ്പിക്കുന്നത്, ഉത്പാദനക്ഷമതയും നൂതനാശയങ്ങളും സമഗ്രമായ വളർച്ചയും പിന്തുണയ്ക്കുന്ന, വിപുലീകരിക്കാവുന്നതും വ്യവസായ ആവശ്യങ്ങൾക്കനുസൃതവുമായ ശക്തമായ നൈപുണ്യ ഘടന സൃഷ്ടിക്കാൻ സഹായിക്കും. 25 വയസ്സിന് താഴെയുള്ള 50 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ യുവാക്കളെ നൈപുണ്യവത്ക്കരിക്കുന്നത്, നമ്മുടെ ജനസംഖ്യാപരമായ നേട്ടത്തെ സാമ്പത്തിക നേതൃത്വമായി പരിവർത്തനം ചെയ്യുന്നതിൽ നിർണായകമാണ്. ബജാജ് ഫിൻസെർവിൽ, ഗ്രൂപ്പിന്റെ ₹5,000 കോടി മൂല്യമുള്ള ‘ബജാജ് ബിയോണ്ട്’ CSR പദ്ധതിയുടെ കീഴിൽ, നൈപുണ്യ വികസനം നമ്മുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ്. 2047 ഓടെ വികസിത ഭാരതമെന്ന ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം സാക്ഷാത്കരിക്കാൻ മനുഷ്യ മൂലധനത്തിൽ സുസ്ഥിര നിക്ഷേപം അനിവാര്യമായിരിക്കും.”
ഇന്ത്യയുടെ വിഷൻ @2047നും ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 നും അനുസൃതമായി, ആജീവനാന്ത പഠനം, നൈപുണ്യ വികസനം, പുനർനൈപുണ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നൈപുണ്യ വിടവുകൾ തന്ത്രപരമായി പരിഹരിക്കുന്നതിലാണ് സ്കിൽസ് ആക്സിലറേറ്റർ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ലളിതവും സൗകര്യപ്രദവുമായ പാഠ്യപദ്ധതികളുടെ രൂപീകരണം, തൊഴിലധിഷ്ഠിത, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ പഠന പാതകളുടെ സംയോജനം, യോഗ്യതകളുടെ പരസ്പര അംഗീകാരം, സ്ഥാപനങ്ങളിലുടനീളം പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ഈ സംരംഭം പ്രാധാന്യം നൽകും. ആക്സിലറേറ്ററിന്റെ രൂപകൽപ്പന, നിർവ്വഹണം, വിപുലീകരണം എന്നിവയെ പിന്തുണയ്ക്കുന്നതിനായി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, AICTE, UGC തുടങ്ങിയ നിയന്ത്രണ സ്ഥാപനങ്ങൾ എന്നിവയുമായി MSDE സഹകരിച്ച് പ്രവർത്തിക്കും.
സഹകരണത്തിന്റെ ഭാഗമായി, നൈപുണ്യ വികസനത്തിനായുള്ള നൂതന ധനസഹായ സംവിധാനങ്ങളെ സ്കിൽസ് ആക്സിലറേറ്റർ പിന്തുണയ്ക്കുകയും, പ്രധാന പങ്കാളികൾക്കിടയിൽ തന്ത്രപരമായ ഏകോപനം സാധ്യമാക്കുകയും, അന്താരാഷ്ട്ര തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനായി വ്യാപാര-തൊഴിൽ മേഖലകളിലെ ഉയർന്നുവരുന്ന ആഗോള ആവശ്യകതകളും വിതരണ സംബന്ധമായ പ്രവണതകളും തിരിച്ചറിയുകയും ചെയ്യും. ഹാക്കത്തോണുകൾ, ഘടനാപരമായ കർമ്മപദ്ധതികളുടെ അവതരണം തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളോടൊപ്പം, നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ഹരിത ഊർജ്ജം, സൈബർ സുരക്ഷ, നൂതന ഉത്പാദനം എന്നിവ ഉൾപ്പെടെയുള്ള ഉയർന്നുവരുന്ന ഭാവി തൊഴിൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകും.
ധാരണാപത്രത്തിന്റെ നടപ്പാക്കൽ, ലോക സാമ്പത്തിക ഫോറവുമായി (WEF) സഹകരിച്ച്, സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും സഹ-അധ്യക്ഷന്മാർ ഉൾപ്പെടുന്ന ഒരു കാര്യക്ഷമമായ ഭരണഘടനാ ചട്ടക്കൂടിലൂടെ മേൽനോട്ടം വഹിക്കപ്പെടും. സ്‌കിൽസ് ആക്‌സിലറേറ്ററിന്റെ തന്ത്രപരമായ ദിശ നിർണ്ണയിക്കുന്നതിലും, പങ്കാളികളുടെ ഇടപെടൽ ഏകോപിപ്പിക്കുന്നതിലും, വ്യവസായം, സർക്കാർ, പൊതുസമൂഹം എന്നിവയിലുടനീളം സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിലും MSDE നിർണായകമായ പങ്ക് വഹിക്കും. കൂടാതെ, മേൽനോട്ടവും ഗുണഫലങ്ങളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട സംവിധാനങ്ങളിൽ MSDE സജീവ സംഭാവന നൽകുകയും, സംരംഭത്തിന്റെ ഫലപ്രാപ്തിയും ദീർഘകാല പ്രഭാവവും ഉറപ്പാക്കുകയും ചെയ്യും.
ആഗോള പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ നൈപുണ്യ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവ സഹകരിച്ചു പ്രവർത്തിക്കുന്ന ശക്തമായ അന്തർ-മന്ത്രാലയ ഏകോപനത്തെയും ധാരണാപത്രം പ്രതിഫലിപ്പിക്കുന്നു.
ഈ സഹകരണം ഇന്ത്യയും ലോക സാമ്പത്തിക ഫോറവും (WEF) തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുന്നു. ജനുവരി 2025-ൽ സ്വിറ്റ്സർലാൻഡിലെ ഡാവോസ്-ക്ലോസ്റ്റേഴ്സിലെ 55-ാം WEF വാർഷിക യോഗത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തോടൊപ്പം സൃഷ്ടിക്കപ്പെട്ട മുന്നേറ്റത്തിന്റെ തുടർച്ചയായി, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും ആഗോള സഹകരണത്തിനും തന്ത്രപരമായ സ്തംഭമായി നൈപുണ്യ വികസനം ഉയർത്തിക്കാട്ടപ്പെട്ടതാണ് ഈ സഹകരണത്തിന്റെ യാഥാർത്ഥ മുഖം.
ലോക സാമ്പത്തിക ഫോറവുമായുള്ള (WEF) ഈ സഹകരണത്തിലൂടെ, നൈപുണ്യപരിഷ്കാരങ്ങളെ വേഗത്തിലാക്കുകയും, ആഗോള ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുകയും, നൈപുണ്യം, പ്രതിഭ, നവോത്ഥാന മേഖലകളിലെ മുൻനിര കേന്ദ്രമായി ഇന്ത്യയെ രൂപപ്പെടുത്തുകയും ചെയ്യുകയെന്നതാണ് MSDE ലക്ഷ്യമിടുന്നത്. ഇതിലൂടെ ഭാവി ദശകങ്ങൾക്കനുഗുണമായ പ്രതിരോധശേഷിയുള്ളതും, സർവ്വാശ്ലേഷിയും, ഭാവിസജ്ജവുമായ തൊഴിൽശക്തിയുടെ രൂപീകരണത്തിലും ഇന്ത്യ നിർണായക സംഭാവന നൽകും.
***
(रिलीज़ आईडी: 2217481)
आगंतुक पटल : 4