തെരഞ്ഞെടുപ്പ് കമ്മീഷന്‍
IICDEM-2026-ൽ ‘ECINET’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി
प्रविष्टि तिथि:
22 JAN 2026 8:17PM by PIB Thiruvananthpuram
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഏകജാലക ഡിജിറ്റൽ സംവിധാനമായ ECINET, ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷൻ (ECI) ഇന്നു പുറത്തിറക്കി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘ജനാധിപത്യവും തെരഞ്ഞെടുപ്പു നടത്തിപ്പും സംബന്ധിച്ച ഇന്ത്യ അന്താരാഷ്ട്ര സമ്മേളനം (IICDEM) 2026’-ന്റെ വേദിയിലാണ് ഇതു പുറത്തിറക്കിയത്. ജനുവരി 21-ന് ആരംഭിച്ച മൂന്നു ദിവസത്തെ സമ്മേളനം 23 വരെയാണു നടക്കുക.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ (CEC) ശ്രീ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പു കമ്മീഷണർമാരായ (EC) ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ വിഭാവനംചെയ്തതാണ് ECINET. 2025 മെയ് മാസത്തിലാണ് ഇതിന്റെ വികസനപ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്.
പൂർണമായും നിയമവിധേയമായാണ് ECINET വികസിപ്പിച്ചതെന്നും ഇംഗ്ലീഷിനു പുറമെ 22 ഔദ്യോഗിക ഭാഷകളിൽ ഇതു ലഭ്യമാണെന്നും പ്രകാശനവേളയിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ പറഞ്ഞു. അതതു രാജ്യങ്ങളിലെ നിയമങ്ങൾക്കും ഭാഷകൾക്കും അനുസൃതമായി സമാനമായ ഡിജിറ്റൽ സംവിധാനം വികസിപ്പിക്കുന്നതിന്, ലോകത്തെ മറ്റു തെരഞ്ഞെടുപ്പു നിർവഹണ സമിതികളുമായി (EMB) സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
EMB-യിലുള്ള വിശ്വാസം വർധിപ്പിക്കാൻ ഉതകുന്ന മികച്ച സംവിധാനമാണ് ECINET എന്നു തെരഞ്ഞെടുപ്പു കമ്മീഷണർ ഡോ. സുഖ്ബീർ സിങ് സന്ധു പറഞ്ഞു. ഇതു കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും വിവരങ്ങൾ കൈമാറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയുടെയും നൂതന ഡിജിറ്റൽ സംവിധാനങ്ങളുടെയും ഉപയോഗത്തെക്കുറിച്ചുള്ള ആഗോള മാതൃകകൾ പഠിക്കാനും അവ ഉൾക്കൊള്ളാനും ഈ സമ്മേളനം EMB-കൾക്ക് അവസരമൊരുക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷണർ ഡോ. വിവേക് ജോഷി പറഞ്ഞു.
സൈബർ സുരക്ഷ ECINET-ന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണെന്ന് അവതരണവേളയിൽ IT വിഭാഗം ഡയറക്ടർ ജനറൽ ഡോ. സീമ ഖന്ന വ്യക്തമാക്കി. സാങ്കേതികവിദ്യ എന്നത് ഇപ്പോൾ സഹായസംവിധാനം മാത്രമല്ലെന്നും, തന്ത്രപ്രധാന ചാലകശക്തിയാണെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിലെ സുതാര്യത, കാര്യക്ഷമത, വിശ്വാസ്യത, പൊതുജനവിശ്വാസം എന്നിവ വർധിപ്പിക്കാൻ ECINET സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ നാൽപ്പതിലധികം മൊബൈൽ ആപ്ലിക്കേഷനുകളെയും പോർട്ടലുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ച്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ എല്ലാ തെരഞ്ഞെടുപ്പു സേവനങ്ങളും ഒരുമിച്ചു നൽകുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു സേവന സംവിധാനമാണ് ECINET.
ഇന്ത്യയുടെ ഭരണഘടന, 1950-ലെയും 1951-ലെയും ജനപ്രാതിനിധ്യ നിയമങ്ങൾ, 1960-ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ ചട്ടങ്ങൾ, 1961-ലെ തെരഞ്ഞെടുപ്പു നടത്തിപ്പു ചട്ടങ്ങൾ എന്നിവ പൂർണമായും പാലിച്ചാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.
പൗരന്മാർ, സ്ഥാനാർത്ഥികൾ, രാഷ്ട്രീയകക്ഷികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ECINET പരസ്പരം കൂട്ടിയിണക്കുന്നു. വോട്ടർ രജിസ്ട്രേഷൻ, വോട്ടർപട്ടികയിലെ പരിശോധന, അപേക്ഷകളുടെ നിലവിലെ സ്ഥിതി മനസിലാക്കുക, സ്ഥാനാർത്ഥിയെ മനസിലാക്കുക, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുക, BLO-യുമായുള്ള ഫോൺ കോൾ ബുക്ക് ചെയ്യുക, e-EPIC ഡൗൺലോഡ് ചെയ്യുക, പോളിങ് പ്രവണതകൾ, പരാതിപരിഹാരം തുടങ്ങി നിരവധി സുപ്രധാന സേവനങ്ങൾ ഈ സുരക്ഷിതമായ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്നു.
2025-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രത്യേക തീവ്ര പുനഃപരിശോധനാ (SIR) സമയത്തും ECINET-ന്റെ ബീറ്റാ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇതു പൗരകേന്ദ്രീകൃത തെരഞ്ഞെടുപ്പു സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നൽകുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനും തെരഞ്ഞെടുപ്പു കമ്മീഷനെ പ്രാപ്തമാക്കി. പ്ലാറ്റ്‌ഫോമിന് അന്തിമരൂപം നൽകുന്നതിനു മുമ്പായി പൊതുജനങ്ങളിൽനിന്നു നിർദേശങ്ങൾ തേടിയിരുന്നു.
ബീറ്റാ പതിപ്പു പുറത്തിറങ്ങിയതുമുതൽ, പ്രതിദിനം ശരാശരി 2.7 ലക്ഷം ഫോം എന്ന നിലയിൽ, ഇതുവരെ 10 കോടിയിലധികം രജിസ്ട്രേഷൻ ഫോം ECINET വഴി കൈകാര്യം ചെയ്തു. 11 ലക്ഷത്തിലധികം ബൂത്തുതല ഓഫീസർമാർ (BLO) ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. SIR സമയത്ത് ഇതുവരെ 150 കോടിയിലധികം രേഖകൾ ഈ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ രൂപത്തിലാക്കി. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള തടസ്സരഹിതസംവിധാനവും ECINET ഉറപ്പാക്കുന്നു.
-SK-
(रिलीज़ आईडी: 2217445)
आगंतुक पटल : 22