ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

തുമകൂരുവിൽ നടന്ന ഡോ. ശ്രീ ശ്രീ ശിവകുമാര മഹാസ്വാമികളുടെ ഏഴാമത് അനുസ്മരണ ദിനത്തിൽ ഉപരാഷ്ട്രപതി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

"സേവനമാണ് സാധന, മനുഷ്യത്വമാണ് ആരാധനയുടെ ഏറ്റവും ഉന്നതമായ രൂപം": സിദ്ധഗംഗ മഠത്തിൽ ഉപരാഷ്ട്രപതി

प्रविष्टि तिथि: 21 JAN 2026 3:36PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് കർണാടകയിലെ തുമകൂരുവിലുള്ള ശ്രീ സിദ്ധഗംഗ മഠത്തിൽ ഡോ. ശ്രീ ശ്രീ ശിവകുമാര മഹാസ്വാമികളുടെ ഏഴാമത് അനുസ്മരണ ദിനത്തിൽ പങ്കെടുക്കുകയും, ആദരണീയനായ ആ പുണ്യാത്മാവിനെ കാരുണ്യത്തിൻ്റേയും ത്യാഗത്തിൻ്റേയും നിസ്വാർത്ഥ സേവനത്തിൻ്റേയും വഴികാട്ടിയായി അനുസ്മരിച്ചുകൊണ്ട് അത്യധികം ആദരവോടെ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

മഹാസ്വാമിജി സമാധിയായി ഏഴ് വർഷങ്ങൾ പിന്നിട്ടെങ്കിലും, കാലം അദ്ദേഹത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. അനിശ്ചിതത്വവും ഭിന്നതയും അതിരുകളില്ലാത്ത ആഗ്രഹങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തിൽ, സ്വാമിജിയുടെ ജീവിതം ഒരു ധാർമ്മിക ദിശാസൂചകമായി നിലകൊള്ളുന്നുവെന്നും, സ്വാർത്ഥതയേക്കാൾ മനുഷ്യത്വം തിരഞ്ഞെടുക്കാൻ സമൂഹത്തെ അത് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ ശ്രീ സിദ്ധഗംഗ മഠത്തിൻ്റെ  സമ്പന്നമായ പൈതൃകത്തെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഭക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവയിലൂടെയുള്ള സേവനം എന്ന ത്രിവിധ ദാസോഹത്തിൻ്റെ ദീർഘകാല പാരമ്പര്യത്തെ അനുസ്മരിച്ചു. 1941-ൽ മഠത്തിൻ്റെ  ചുമതലയേറ്റ ഡോ. ശ്രീ ശ്രീ ശിവകുമാര മഹാസ്വാമികൾ ആചാരങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഒരു സന്യാസിയല്ലായിരുന്നുവെന്നും, മറിച്ച് ആത്മീയതയെ സേവനമായും ഭക്തിയെ കർത്തവ്യമായും മാറ്റിയ കർമ്മയോഗിയായ സന്യാസിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സേവനമാണ് സാധനയെന്നും മനുഷ്യത്വമാണ് ആരാധനയുടെ ഏറ്റവും ഉന്നതമായ രൂപമെന്നുമുള്ള കാലാതീതമായ ഭാരതീയ സത്യത്തെ സ്വാമിജിയുടെ ജീവിതം വീണ്ടും ഉറപ്പിച്ചവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പ്രായമേറിയ കാലത്തും അചഞ്ചലമായ അച്ചടക്കത്തോടും വിനയത്തോടും കാരുണ്യത്തോടും കൂടി സേവനത്തിൽ സ്വാമിജി പ്രതിജ്ഞാബദ്ധനായി തുടർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഡോ. ശ്രീ ശ്രീ ശിവകുമാര മഹാസ്വാമികളുടേയും ഇപ്പോഴത്തെ മഠാധിപതിയുടേയും മാർഗ്ഗനിർദ്ദേശത്തിൽ സിദ്ധഗംഗ മഠം ശക്തമായ ഒരു സാമൂഹിക പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ജാതിക്കും സമുദായത്തിനും പ്രാദേശികതയ്ക്കും അതീതമായി ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുട്ടികൾ മഠത്തിൽ നിന്ന് വിദ്യാഭ്യാസവും ഭക്ഷണവും അഭയവും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഒരു ദാനധർമ്മമായിട്ടല്ല, മറിച്ച് അന്തസ്സോടും സ്നേഹത്തോടും കൂടി നല്കപ്പെടുന്ന ഒരു അവകാശമായിട്ടാണ് അവർക്ക് ലഭിക്കുന്നത്

വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ സിദ്ധഗംഗ മഠം പോലുള്ള ആത്മീയ സ്ഥാപനങ്ങൾ വഹിക്കുന്ന നിർണ്ണായക പങ്കിനേക്കുറിച്ച് ഉപരാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. ധർമ്മം, സേവനം, വസുധൈവ കുടുംബകം, പ്രകൃതിയോടുള്ള ആദരവ് എന്നീ മൂല്യങ്ങളിലൂടെ ഭാരതത്തിൻ്റെ ആത്മീയ-സാംസ്കാരിക പാരമ്പര്യങ്ങൾ സമൂഹത്തെ നിലനിർത്തിയിട്ടുണ്ടെന്നും, അവ എല്ലാവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന് തുടർന്നും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമീപ വർഷങ്ങളിൽ, ഈ കാലാതീതമായ സാംസ്കാരിക മൂല്യങ്ങൾ അന്താരാഷ്ട്ര വേദികളിലെ ഭരണസംവിധാനത്തിലൂടെ സ്ഥാപനപരമായ ആവിഷ്കാരം കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൈതൃക സംരക്ഷണം, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ, സന്യാസിമാർക്കും ഋഷിമാർക്കും ആത്മീയ സ്ഥാപനങ്ങൾക്കും നല്കുന്ന അംഗീകാരം എന്നിവ വിശ്വാസത്തെ ബഹുമാനിക്കുന്നതോടൊപ്പം എല്ലാ പൗരന്മാരെയും ഒരുപോലെ സേവിക്കുന്ന ഒരു ഭരണമാതൃകയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ബോധത്തിൻ്റെ പുനരുജ്ജീവനം, നാം ആരാണെന്നും എവിടെ നിന്ന് വരുന്നുവെന്നും ഏത് മൂല്യങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത് എന്നും അറിയുന്നതിൻ്റെ  അന്തസ്സിനെക്കുറിച്ചാണെന്ന്  ഉപരാഷ്ട്രപതി പറഞ്ഞു.

വികസനവും പൈതൃകവും തമ്മിലുള്ള ഐക്യത്തെക്കുറിച്ച്  ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, സ്വന്തം സംസ്കാരത്തിൽ വേരൂന്നിയ ഒരു രാഷ്ട്രം ആത്മവിശ്വാസത്തോടും കാരുണ്യത്തോടും എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവത്തോടും കൂടി ആധുനിക ലോകത്ത് കൂടുതൽ ഉയരത്തിൽ നിൽക്കുമെന്ന് പറഞ്ഞു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സാമൂഹിക ഐക്യത്തിനും രാഷ്ട്ര വികസനത്തിനും സംഭാവനകൾ നല്കുന്നതോടൊപ്പം തന്നെ സമൂഹത്തെ ആത്മീയമായി നങ്കൂരമിട്ടു നിർത്തുന്നതിൽ സിദ്ധഗംഗ മഠം പോലുള്ള സ്ഥാപനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. ശ്രീ ശ്രീ ശിവകുമാര മഹാസ്വാമികൾക്കുള്ള യഥാർത്ഥ ശ്രദ്ധാഞ്ജലി കേവലം ഹാരങ്ങളിലോ പ്രസംഗങ്ങളിലോ അല്ല, മറിച്ച് പ്രവൃത്തിയിലാണ് അടങ്ങിയിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. ഒരു കുട്ടിക്ക് കൂടി വിദ്യാഭ്യാസം നല്കുക, വിശക്കുന്ന ഒരാൾക്ക് കൂടി ഭക്ഷണം നല്കുക, സഹായം ആവശ്യമുള്ള ഒരാൾക്ക് കൂടി താങ്ങായി നിൽക്കുക എന്നിവയാണത്. സമൂഹം ഈ ദാസോഹത്തിൻ്റെ  പാതയിലൂടെ സഞ്ചരിക്കുകയാണെങ്കിൽ, സ്വാമിജി വെറുമൊരു ഭൂതകാല സ്മരണയായിട്ടല്ല, മറിച്ച് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന ജീവിക്കുന്ന സാന്നിധ്യമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, ഉപരാഷ്ട്രപതി ശ്രീ സിദ്ധഗംഗ മഠത്തിലെ ഡോ. ശ്രീ ശ്രീ ശിവകുമാര മഹാസ്വാമികളുടെ  പവിത്രമായ സമാധിയിൽ പ്രാർത്ഥനകൾ അർപ്പിച്ചു. മഠത്തിലെ യുവ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

കർണാടക ഗവർണർ ശ്രീ തവർചന്ദ് ഗെഹ്‌ലോട്ട്, കേന്ദ്ര റെയിൽവേ- ജലശക്തി സഹമന്ത്രി ശ്രീ വി. സോമണ്ണ, കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, ശ്രീ സിദ്ധഗംഗ മഠത്തിൻ്റെ അധ്യക്ഷൻ ശ്രീ ശ്രീ സിദ്ധലിംഗ മഹാസ്വാമികൾ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

***

(रिलीज़ आईडी: 2216988) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Tamil , Kannada