ഊര്‍ജ്ജ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2025: ഊർജ്ജ മന്ത്രാലയം
प्रविष्टि तिथि:
16 JAN 2026 11:41AM by PIB Thiruvananthpuram
ഊർജ്ജ ഉത്പാദനം, പ്രസരണം, വിതരണം എന്നിവയിൽ സാധ്യമാക്കിയ ചരിത്രപരമായ മുന്നേറ്റത്തിനൊപ്പം, ഇന്ത്യയുടെ ഊർജ്ജ മേഖലയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലായി മാറിയ വർഷമായിരുന്നു 2025. 242.49 GW എന്ന ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റിയത് മുതൽ 2025-26 സാമ്പത്തിക വർഷത്തിൽ ദേശീയ തലത്തിൽ ഊർജ്ജ ക്ഷാമം കേവലം 0.03% ആയി കുറച്ചതുവരെ, ഈ മേഖല സുസ്ഥിര വളർച്ചയ്ക്കുള്ള പ്രതിരോധശേഷിയും പ്രതിബദ്ധതയും പ്രകടമാക്കി. ഊർജ്ജ സംരക്ഷണം, ഉപഭോക്തൃ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ഗണ്യമായ മുന്നേറ്റങ്ങൾ, എല്ലാവർക്കും വിശ്വസനീയവും ശുദ്ധവുമായ ഊർജ്ജം ഉറപ്പാക്കാനുള്ള സർക്കാർ ഉദ്യമങ്ങൾക്ക് ഊർജ്ജം പകരുന്നു. സാർവത്രിക വൈദ്യുതീകരണം, മെച്ചപ്പെട്ട ഗ്രാമീണ വൈദ്യുതി ലഭ്യത, ആധുനിക സാങ്കേതികവിദ്യകളുടെ വിനിയോഗം എന്നിവയിലൂടെ, ആഗോള ഊർജ്ജ നേതൃത്വത്തിലേക്ക് ഇന്ത്യ മുന്നേറുകയാണ്.
വൈദ്യുതി വിതരണത്തിൽ നില മെച്ചപ്പെടുത്തി ഇന്ത്യ
1. റെക്കോർഡ് ആവശ്യകത നിറവേറ്റി:
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ പരമാവധി വൈദ്യുതി ആവശ്യകതയായ 242.49 GW വിജയകരമായി നിറവേറ്റി.
2. വൈദ്യുതി ക്ഷാമത്തിൽ ഗണ്യമായ കുറവ്:
ഉത്പാദന, പ്രസരണ ശേഷികളിലെ ഗണ്യമായ വർദ്ധനയിലൂടെ, ദേശീയ തലത്തിൽ ഊർജ്ജ ക്ഷാമം 2025-26 സാമ്പത്തിക വർഷത്തിൽ വെറും 0.03% ആയി കുറഞ്ഞു, 2013-14 സാമ്പത്തിക വർഷത്തിലെ 4.2% ൽ നിന്ന് വലിയ മുന്നേറ്റം.
3. പ്രതിശീർഷ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധന:
ഇന്ത്യയിലെ പ്രതിശീർഷ വൈദ്യുതി ഉപഭോഗം 2024-25 ൽ 1460 kWh ആയി ഉയർന്നു. 2013-14 ലെ 957 kWh ൽ നിന്ന് 52.6% വർദ്ധന (503 kWh).
4. മെച്ചപ്പെട്ട വൈദ്യുതി ലഭ്യത:
ഗ്രാമപ്രദേശങ്ങളിലെ ശരാശരി വൈദ്യുതി ലഭ്യത 2014-ലെ 12.5 മണിക്കൂറിൽ നിന്ന് ഇപ്പോൾ 22.6 മണിക്കൂറായി വർദ്ധിച്ചു, നഗരപ്രദേശങ്ങളിലാകട്ടെ ഇപ്പോൾ 23.4 മണിക്കൂർ വരെ വൈദ്യുതി ലഭിക്കുന്നു, 2014-ൽ 22.1 മണിക്കൂറായിരുന്നു ഇത്. വൈദ്യുതി സേവനങ്ങളുടെ വിശ്വാസ്യതയിലും വ്യാപ്തിയിലും ഗണ്യമായ പുരോഗതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഉത്പാദനം:
5. സ്ഥാപിത ശേഷിയിൽ ഗണ്യമായ വളർച്ച:
ഇന്ത്യയുടെ മൊത്തം സ്ഥാപിത വൈദ്യുതി ഉത്പാദന ശേഷി 104.4% വർദ്ധിച്ച് 2014 മാർച്ച് 31 ലെ 249 GW ൽ നിന്ന് 2025 നവംബർ 30 ൽ 509.743 GW ആയി . 2025 ജനുവരി മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ ഉത്പാദന ശേഷി 55.57 GW ആണ്.
6. പുനരുപയോഗ ഊർജ്ജത്തിൽ സുപ്രധാന മുന്നേറ്റം:
2014 ഏപ്രിൽ മുതൽ, വലിയ ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ 178 GW പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിൽ 130 GW സൗരോർജ്ജം, 33 GW കാറ്റാടി വൈദ്യുതി, 3.4 GW ബയോമാസ്, 1.35 GW ചെറുകിട ജലവൈദ്യുത പദ്ധതികൾ, 9.9 GW വൻകിട ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ സംഭാവനയാണ്. ഇത് ശുദ്ധമായ ഊർജ്ജത്തോടുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത വ്യക്തമാക്കുന്നു.
7. താപവൈദ്യുത പദ്ധതികൾക്ക് അനുമതി:
ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിനായി, 2025-26 സാമ്പത്തിക വർഷത്തിൽ (30.11.2025 വരെ) 13.32 GW പുതിയ കൽക്കരി അധിഷ്ഠിത താപവൈദ്യുത പദ്ധതി അനുവദിച്ചു. കൂടാതെ, 2025-26 സാമ്പത്തിക വർഷത്തിൽ (30.11.2025 വരെ) 7.21 GW ശേഷി കമ്മീഷൻ ചെയ്തു. കൽക്കരി, ലിഗ്നൈറ്റ് അധിഷ്ഠിത താപവൈദ്യുത നിലയങ്ങളുടെ മൊത്തം സ്ഥാപിത ശേഷി ഇപ്പോൾ 226.23 GW ആണ്. 40.35 GW അധിക ശേഷി നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്, 2025-26 സാമ്പത്തിക വർഷത്തിൽ 7.03 GW കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 24.02 GW പദ്ധതികൾ ആസൂത്രണം, അനുമതി, ലേലം എന്നിവയുടെ വിവിധ ഘട്ടങ്ങളിലാണ്.
8. കൽക്കരി സ്റ്റോക്കിൻ്റെ തൽസ്ഥിതി വിവരങ്ങൾ:
2025 മാർച്ച് വരെ, ആഭ്യന്തര കൽക്കരി അധിഷ്ഠിത (DCB) വൈദ്യുത പ്ലാൻ്റുകളിൽ 55.48 MT കൽക്കരി സ്റ്റോക്ക് ലഭ്യമായിരുന്നു. 2025 ഡിസംബർ 21 വരെ, ഈ പ്ലാൻ്റ ുകളിൽ 51.7 MT കൽക്കരി സ്റ്റോക്ക് ഉണ്ടായിരുന്നു, ഇത് 2026 മാർച്ചോടെ 66 MT ആയി ഉയർത്താൻ ലക്ഷ്യമിടുന്നു. 2026 സാമ്പത്തിക വർഷത്തിലെ ഒന്നും, രണ്ടും പാദങ്ങളിലെ സുസ്ഥിര കൽക്കരി വിതരണം 2025 ജൂണിൽ 242.49 GW എന്ന പരമാവധി ആവശ്യകത നിറവേറ്റുന്നുവെന്ന് ഉറപ്പാക്കി. ആഭ്യന്തര കൽക്കരി ലഭ്യത മെച്ചപ്പെട്ടതോടെ, 2024 ഒക്ടോബർ 15 ന് ശേഷം ഇറക്കുമതി ചെയ്ത കൽക്കരി കൂടി ഉപയോഗിക്കണമെന്ന ഉപദേശം വൈദ്യുതി മന്ത്രാലയം പിൻവലിച്ചു.
9. 'ശക്തി' നയത്തിൽ പരിഷ്കരണം:
വൈദ്യുതി മേഖലയ്ക്കുള്ള കൽക്കരി വിഹിതത്തിനായുള്ള പരിഷ്കരിച്ച ശക്തി (കരി സുതാര്യമായി ഉപയോഗപ്പെടുത്തുന്നതിനും അനുവദിക്കുന്നതിനുമുള്ള പദ്ധതി) നയം സാമ്പത്തിക കാര്യ മന്ത്രിതല സമിതി 2025 മെയ് മാസത്തിൽ അംഗീകരിച്ചു, ഇത് വൈദ്യുതി മേഖലയ്ക്കുള്ള കൽക്കരി ലിങ്കേജ് സംവിധാനങ്ങൾ കാര്യക്ഷമമാക്കി. പരിഷ്കരിച്ച ശക്തി നയം നിലവിൽ വന്നതോടെ, കൽക്കരി വിഹിതത്തിനായുള്ള ശക്തി നയത്തിലെ നിലവിലുള്ള എട്ട് മാനദണ്ഡങ്ങൾ രണ്ട് വിൻഡോകളിലേക്ക് മാത്രമായി മാപ്പ് ചെയ്‌തു, ബിസിനസ്സ് സുഗമമാക്കൽ, കൽക്കരി ലഭ്യത വർദ്ധിപ്പിക്കൽ, പ്രവർത്തന ലാളിത്യം, മത്സരക്ഷമത എന്നിവ ലക്ഷ്യമിട്ടാണിത്. ഇത് താപ ശേഷിയുടെ പരമാവധി ഉപയോഗം ഉറപ്പാക്കുന്നു, താങ്ങാനാവുന്ന വിലയിലുള്ള വൈദ്യുതി ലഭ്യത പ്രോത്സാഹിപ്പിക്കുന്നു, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നു, ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നു.
10. ജലവൈദ്യുത പദ്ധതികൾ.
2025 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ അരുണാചൽ പ്രദേശിലെ ടാറ്റോ-II ജലവൈദ്യുത പദ്ധതി (700 മെഗാവാട്ട്) അംഗീകരിച്ചു. 8146.21 കോടി രൂപ ചെലവിൽ 72 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. കൂടാതെ, പാർബതി-II ജലവൈദ്യുത പദ്ധതി (800 മെഗാവാട്ട്) 15.04.2025 ന് NHPC പൂർണ്ണമായും കമ്മീഷൻ ചെയ്തു.
11. പമ്പ് സ്റ്റോറേജ് പദ്ധതികൾ (PSP):
ഇന്ത്യയിൽ ഏകദേശം 258 GWൻ്റെ PSP-ശേഷിയുണ്ട്, ഇതുവരെ ഏകദേശം 7 GW (2.7%) വികസിപ്പിച്ചെടുത്തു. 2031-32 ആകുമ്പോഴേക്കും 57 GW PSP ശേഷി കൂട്ടിച്ചേർക്കുക എന്ന അഭിലാഷകരമായ ലക്ഷ്യം സർക്കാർ നിശ്ചയിച്ചിട്ടുണ്ട്, അതിൽ 12 GW നിർമ്മാണ ഘട്ടത്തിലാണ്, ബാക്കിയുള്ളവ വികസന ഘട്ടത്തിലാണ്.
12. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS):
BESS ൻ്റെ വികസനത്തിനായുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) സ്കീമുകൾക്ക് കീഴിൽ, 43,220 MWh ശേഷി കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നു.
പ്രസരണം:
13. ദേശീയ വൈദ്യുതി പദ്ധതി:
2032 ആകുമ്പോഴേക്കും 458 GW എന്ന ഉയർന്ന ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര, സംസ്ഥാന പ്രസരണ സംവിധാനങ്ങൾക്കായി 2023 മുതൽ 2032 വരെ നടപ്പാക്കുന്ന ദേശീയ വൈദ്യുതി പദ്ധതിക്ക് ഭാരത സർക്കാർ അന്തിമരൂപം നൽകി. പദ്ധതിയുടെ ആകെ ചെലവ് 9.16 ലക്ഷം കോടി രൂപയാണ്. 2017-22 ലെ മുൻ പദ്ധതി പ്രകാരം, ഏകദേശം 17,700 സർക്യൂട്ട് കിലോമീറ്റർ (ckm) ലൈനുകളും 73 GVA പരിവർത്തന ശേഷിയും പ്രതിവർഷം കൂട്ടിക്കിച്ചേർത്തു. പുതിയ പദ്ധതി പ്രകാരം, രാജ്യത്തെ പ്രസരണ ശൃംഖല 2025 നവംബറിലെ 4.98 ലക്ഷം ckm ൽ നിന്ന് 2032 ൽ 6.48 ലക്ഷം ckm ആയി വികസിപ്പിക്കും. അതേ കാലയളവിൽ പരിവർത്തന ശേഷി 1,398 GVA ൽ നിന്ന് 2,345 GVA ആയി വർദ്ധിക്കും. ഇന്റർ-റീജിയണൽ ട്രാൻസ്ഫർ ശേഷി 120 GW ൽ നിന്ന് 168 GW ആയി വർദ്ധിക്കും. ഈ പദ്ധതി 220 kV യും അതിനുമുകളിലുള്ളതുമായ ശൃംഖലകൾ ഉൾക്കൊള്ളുന്നു. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും, പുനർനിർമ്മാണ സംയോജനം, ഗ്രിഡിലേക്കുള്ള ഹരിത ഹൈഡ്രജൻ ലോഡുകൾ എന്നിവ സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായകമാകും.
14. 25.8 GW ISTS ശേഷിയ്ക്ക് അംഗീകാരം:
ജനുവരി 25 മുതൽ നവംബർ 25 വരെ 38,849 കോടി രൂപ മൂല്യമുള്ള 25.8 GGW RE ലിങ്ക്ഡ് ഇൻ്റർ സ്റ്റേറ്റ് ട്രാൻസ്മിഷൻ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 2030 ആകുമ്പോഴേക്കും 280 GW വേരിയബിൾ പുനരുപയോഗ ഊർജ്ജം (VRE) ഇൻ്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റവുമായി (ISTS) ബന്ധിപ്പിക്കുന്നതിന് ഏകദേശം 335 GW ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് ആവശ്യമായി വരും. ഇതിൽ 48 GW ഇതിനകം പൂർത്തിയായി, 172 GW നിർമ്മാണത്തിലാണ്, 18.5 GW ലേലത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്. ബാക്കി 96.5 GW വൈകാതെ അംഗീകരിക്കപ്പെടും.
15. പ്രസരണ സംവിധാനത്തിലെ മുന്നേറ്റം:
2025-ൽ, 6,511 സി.കെ.എം പ്രസരണ ലൈനുകൾ (220 കെ.വി.യും അതിനുമുകളിലും), 1,00,368 എം.വി.എ ട്രാൻസ്ഫോർമേഷൻ ശേഷി (220 കെ.വി.യും അതിനുമുകളിലും), 1600 മെഗാവാട്ട് ഇൻ്റർ-റീജിയണൽ ട്രാൻസ്ഫർ ശേഷി എന്നിവ കൂട്ടിച്ചേർത്തു.
16. റൈറ്റ് ഓഫ് വേ (RoW) നഷ്ടപരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ:
2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം പ്രയോജനപ്പെടുത്തുന്നതിനായി വൈദ്യുതി പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ സമയബന്ധിതമായ വികസനം ഉറപ്പാക്കും വിധം 2024 ജൂണിൽ റൈറ്റ് ഓഫ് വേ (RoW) മാർഗ്ഗനിർദ്ദേശങ്ങൾ ഊർജ്ജ മന്ത്രാലയം പരിഷ്കരിച്ചു, നഷ്ടപരിഹാരം ഭൂമിയുടെ വിപണി മൂല്യവുമായി ബന്ധിപ്പിച്ചു. ടവർ ബേസ് ഏരിയയ്ക്ക്, നഷ്ടപരിഹാരം ഭൂമിയുടെ മൂല്യത്തിൻ്റെ 85% ൽ നിന്ന് 200% ആയി വർദ്ധിപ്പിച്ചു. RoW ഇടനാഴിക്ക്, നഷ്ടപരിഹാരം ഭൂമിയുടെ മൂല്യത്തിൻ്റെ 15% ൽ നിന്ന് 30% ആയി ഉയർത്തി.
കൂടാതെ, RoW നെ സംബന്ധിച്ച നഷ്ടപരിഹാരം നൽകുന്നതിനുള്ള അനുബന്ധ മാർഗ്ഗനിർദ്ദേശങ്ങൾ ഊർജ്ജ മന്ത്രാലയം 21.03.2025 ന് പുറപ്പെടുവിച്ചു. സ്വതന്ത്ര ഭൂമി മൂല്യനിർണ്ണയക്കാരുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കി ഒരു മാർക്കറ്റ് റേറ്റ് കമ്മിറ്റി (MRC) നിർണ്ണയിക്കുന്ന ഭൂമിയുടെ വിപണി നിരക്ക് വിലയിരുത്തുന്നതിന് ഈ അനുബന്ധ മാർഗ്ഗനിർദ്ദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു. ഗ്രാമീണ മേഖലകളിലെ ഭൂമിയുടെ വിലയുടെ 30%, സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത മുനിസിപ്പൽ കോർപ്പറേഷനുകളിലും മെട്രോപൊളിറ്റൻ പ്രദേശങ്ങളിലും ഭൂമിയുടെ വിലയുടെ 60%, മുനിസിപ്പാലിറ്റികൾ, നഗർ പഞ്ചായത്തുകൾ, സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത മറ്റ് എല്ലാ നഗരാസൂത്രണ മേഖലകൾ എന്നിവയ്ക്ക് ഭൂമിയുടെ വിലയുടെ 45% എന്നിങ്ങനെയാണ് ISTS ലൈനുകൾക്ക് RoW ഇടനാഴിക്കുള്ള നഷ്ടപരിഹാര തുക പരിഷ്കരിച്ചിരിക്കുന്നത്.
വിതരണം:
17. നവീകരിച്ച വിതരണ മേഖലാ പദ്ധതി (RDSS):
വൈദ്യുത വിതരണ കമ്പനികളുടെ (Discoms) പ്രവർത്തന കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള RDSS പ്രകാരം, ₹1,30,671 കോടി ചെലവിൽ 19,79,30,131 പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകളും, 52,52,692 DT മീറ്ററുകളും, 2,05,475 ഫീഡർ മീറ്ററുകളും അനുവദിച്ചു.നഷ്ടം കുറയ്ക്കുന്നതിനുള്ള ₹1,52,854 കോടിയുടെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും RDSS പ്രകാരം ₹38,187 കോടി അനുവദിക്കുകയും ചെയ്തു. 31.12.2025 വരെ, RDSS പ്രകാരം 3.76 ഉപഭോക്തൃ മീറ്ററുകളും, 12.56 DT മീറ്ററുകളും, 1.58 ഫീഡർ മീറ്ററുകളും സ്ഥാപിച്ചു. പദ്ധതി പ്രകാരം സ്വീകരിച്ച പരിഷ്കരണ നടപടികളുടെ ഫലമായി. പദ്ധതി പ്രകാരം സ്വീകരിച്ച പരിഷ്കരണ നടപടികളുടെ ഫലമായി. 2021 സാമ്പത്തിക വർഷത്തിൽ യഥാക്രമം 21.91% ഉം 0.69/kWh ഉം ആയിരുന്ന AT&C നഷ്ടങ്ങൾ 16.16% (താൽക്കാലികം) ഉം ACS-ARR വ്യത്യാസം 0.11/kWh (താൽക്കാലികം) ഉം ആയി കുറഞ്ഞു.
18.പിഎം-ജൻമൻ (പ്രധാൻ മന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാൻ) പ്രകാരം അതീവ ദുർബല വിഭാഗങ്ങളിൽ (PVTGs) നിന്നുള്ള എല്ലാ കുടുംബങ്ങൾക്കും, DA-JGUA (ധർത്തി ആബ ജനജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ) പ്രകാരം ഗോത്ര കുടുംബങ്ങൾക്കും, പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ യോജന (പിഎം-അജയ്) പ്രകാരം തിരിച്ചറിഞ്ഞ വീടുകൾക്കും RDSS പ്രകാരം ഓൺ-ഗ്രിഡ് വൈദ്യുതി കണക്ഷനുകൾ നൽകുന്നു. പിഎം-ജൻമൻ, DA-JGUA സംരംഭത്തിന് കീഴിൽ തിരിച്ചറിഞ്ഞ പൊതു സ്ഥലങ്ങൾക്കൊപ്പം, RDSS ന് കീഴിൽ 13,65,139 വീടുകളുടെ വൈദ്യുതീകരണത്തിനായി ഇതുവരെ ആകെ 6,522 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഊർജ്ജ സംരക്ഷണവും കാര്യക്ഷമതയും:
19. ഇന്ത്യൻ കാർബൺ വിപണി:
ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്നതിനും കാർബൺ ക്രെഡിറ്റുകൾ നേടുന്നതിനും വ്യവസായങ്ങളെ ശാക്തീകരിക്കുന്ന കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്‌കീം ഊർജ്ജ മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സംരംഭം പരിവർത്തനാത്മക സാങ്കേതികവിദ്യകളിൽ നിക്ഷേപം വളർത്തുകയും ആഗോള ഹരിത സാമ്പത്തിക സഹായത്തിൽ ഇന്ത്യയെ നേതൃസ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യുന്നു. CCTS ഭൂമികയിൽ വിപുലമായ രണ്ട് സംവിധാനങ്ങൾ ഉൾപ്പെടുന്നു - a.) അനുവർത്തനം b.) ഓഫ്‌സെറ്റ്.
a. അനുവർത്തന അംവിധാനത്തിന് കീഴിൽ, ബാധ്യതയുള്ള സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹരിതഗൃഹ ബഹിർഗമന തീവ്രത (GEI) ലക്ഷ്യങ്ങൾ പാലിക്കേണ്ടതുണ്ട്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്ക് താഴെ GHG ബഹിർഗമന തീവ്രത കുറയ്ക്കുന്ന സ്ഥാപനങ്ങൾക്ക് കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ (CCC-കൾ) നൽകും, അതേസമയം ലക്ഷ്യവേധിയായ GHG ബഹിർഗമന തീവ്രത കൈവരിക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് ഇന്ത്യൻ കാർബൺ വിപണിയിൽ നിന്ന് CCC-കൾ വാങ്ങുന്നതിലൂടെ കുറവ് നികത്താനാകും. ബാധ്യതയുള്ള 282 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന അലുമിനിയം, സിമൻ്റ്, ക്ലോർ-ആൽക്കലി, പൾപ്പ് ആൻഡ് പേപ്പർ എന്നീ നാല് മേഖലകൾക്കായുള്ള ഹരിതഗൃഹ വാതക ബഹിർഗമന തീവ്രത (GEI) ലക്ഷ്യ വിജ്ഞാപനം 2025 ഒക്ടോബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കി.
b. സ്വമേധയാ ഉള്ള പദ്ധതി അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന, ക്രെഡിറ്റ് മെക്കാനിസമായ ഓഫ്‌സെറ്റ് മെക്കാനിസത്തിന് കീഴിൽ, ബാധ്യതയില്ലാത്ത സ്ഥാപനങ്ങൾക്ക് കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായി GHG ബഹിർഗമനം കുറയ്ക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഒഴിവാക്കുന്നതിനോ വേണ്ടി അവരുടെ പദ്ധതികൾ രജിസ്റ്റർ ചെയ്യാൻ കഴിയും. അനുവർത്തന അംവിധാനത്തിന് കീഴിൽ വരാത്ത മേഖലകളിൽ നിന്ന് ഇളവ് നേടാൻ ഈ സംവിധാനം രാജ്യത്തെ പ്രാപ്തമാക്കും, കൂടാതെ അത്തരം മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാനും കഴിയും. ഓഫ്‌സെറ്റ് മെക്കാനിസത്തിന് കീഴിൽ, 9 രീതിശാസ്ത്രങ്ങളും വിശദമായ നടപടിക്രമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
20. മാനദണ്ഡങ്ങളും ലേബലിംഗും:
ഊർജ്ജ തീവ്ര ഗൃഹോപകരണങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും അവബോധപൂർണ്ണമായ തിരഞ്ഞെടുപ്പ് ഉപഭോക്താവിന് സാധ്യമാക്കുന്നതിൽ BEE യുടെ സ്റ്റാൻഡേർഡ്സ് ആൻഡ് ലേബലിംഗ് (S&L) പ്രോഗ്രാം വിജയിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ EV ചാർജറിനും എയർ കൂളറിനും വേണ്ടിയുള്ള വോളണ്ടറി സ്റ്റാർ ലേബലിംഗ് പ്രോഗ്രാം അവതരിപ്പിച്ചു. ഇതോടെ, പദ്ധതിയിലിപ്പോൾ 41 ഉപകരണങ്ങൾ ഉൾക്കൊള്ളുന്നു, അതിൽ 18 ഉപകരണങ്ങൾ നിർബന്ധിത ഘട്ടത്തിലും, ശേഷിക്കുന്ന 23 ഉപകരണങ്ങൾ സ്വമേധയാ ഉള്ള ഘട്ടത്തിലുമാണ്.
21. MSME-കളിൽ ഊർജ്ജ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനായി, 2025 ജൂലൈയിൽ ₹1,000 കോടി വകയിരുത്തി ADEETIE (വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ഊർജ്ജ കാര്യക്ഷമമായ സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിനുള്ള സഹായം) ആരംഭിച്ചു. ഇത് നിക്ഷേപ-ഗ്രേഡ് ഓഡിറ്റ് പിന്തുണ, ഹാൻഡ്‌ഹോൾഡിംഗ്, പലിശ ഇളവ് (സൂക്ഷ്മ/ചെറുകിട സംരംഭങ്ങൾക്ക് 5%; ഇടത്തരം സംരംഭങ്ങൾക്ക് 3%) എന്നിവ ഉറപ്പാക്കുന്നു. ഊർജ്ജ കാര്യക്ഷമതയും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി 14 മേഖലകളിലായി 60 ക്ലസ്റ്ററുകൾ ഇത് ഉൾക്കൊള്ളുന്നു.
പരിഷ്കാരങ്ങളും സംരംഭങ്ങളും
22. ലേറ്റ് പേയ്‌മെൻ്റ് സർചാർജ് ചട്ടങ്ങൾ, 2022:
വൈദ്യുതി മേഖലയിലെ മൂല്യശൃംഖലയിലുടനീളം സമയബന്ധിതമായ പണമടവും ശക്തമായ സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുന്നതിനായി, ഉത്പാദന കമ്പനികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും നേരിട്ടിരുന്ന വർധിച്ചുവരുന്ന കുടിശ്ശികകൾ എന്ന ദീർഘകാല പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാർ 2022 ജൂൺ 3-ന് ലേറ്റ് പേയ്‌മെൻ്റ് സർചാർജ് ചട്ടങ്ങൾ, 2022 വിജ്ഞാപനം ചെയ്തു. ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 03.06.2022-നുള്ള കണക്കുപ്രകാരം ₹1,39,947 കോടി രൂപയായിരുന്ന പഴയ കുടിശ്ശികയിൽ നിന്ന്, 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 39 ഇഎംഐകൾ, മുൻകൂർ പേയ്മെൻ്റുകൾ, അനുരഞ്ജന ശ്രമങ്ങൾ എന്നിവയിലൂടെ ₹1,31,942 കോടി രൂപ അടച്ചുതീർത്തു. ഇതിൻ്റെ ഫലമായി, ശേഷിക്കുന്ന പഴയ കുടിശ്ശിക ₹8,005 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. അതോടൊപ്പം, വൈദ്യുത വിതരണ കമ്പനികൾ ഇപ്പോൾ നിലവിലെ കുടിശ്ശികകൾ കൃത്യസമയത്ത് അടയ്ക്കുന്നു. വൈദ്യുതി മേഖലയിലെ സാമ്പത്തിക ശാസ്ത്രീയതയും ധനകാര്യ അച്ചടക്കവും ഗണ്യമായി മെച്ചപ്പെട്ടുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെല്ലം.
2025 മെയ് 2-ന് വൈദ്യുതി മന്ത്രാലയം വൈദ്യുതി (ലേറ്റ് പേയ്‌മെൻ്റ് സർചാർജും അനുബന്ധ കാര്യങ്ങളും) ചട്ടങ്ങളിൽ ഭേദഗതി വരുത്തി, സംസ്ഥാനത്തിനകത്തെ ട്രാൻസ്മിഷൻ ലൈസൻസികളെ നിയമ പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന പണമടവ് സുരക്ഷാ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു. ഈ നടപടി സംസ്ഥാനത്തിനകത്തെ ട്രാൻസ്മിഷൻ ലൈസൻസികളെ സമയബന്ധിതമായ പണമടവ് ഉറപ്പാക്കാനും സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും. അതുവഴി സംസ്ഥാനത്തിനകത്തെ പ്രസരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ നിക്ഷേപം ലഭിക്കും. ആസൂത്രിതമായ നവീകരണ ഊർജ്ജ ഉത്പാദന ശേഷി വിപുലീകരണത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കാര്യക്ഷമമായി കൈമാറുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
23. വൈദ്യുതി (ഭേദഗതി) ചട്ടങ്ങൾ, 2025:
ഉപഭോക്തൃ ഉടമസ്ഥതയിലുള്ള ഊർജ്ജ സംഭരണം അനുവദിക്കുന്നതിനായി 2005 ലെ വൈദ്യുതി ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഊർജ്ജ സംവിധാനത്തിൽ ഊർജ്ജ സംഭരണം മെച്ചപ്പെടുത്തുന്നതിനും വിശ്വാസ്യത, ലാളിത്യം, പുനരുപയോഗ ഊർജ്ജ ഉപയോഗം എന്നിവ വർദ്ധിപ്പിക്കുന്നതിനും ഈ ഭേദഗതികൾ നിയന്ത്രണ ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്നു.
24. 01.08.2025 ലെ വിജ്ഞാപനത്തിലൂടെ, ജലവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്കുള്ള മൂലധന ചെലവ് പരിധി ₹3,000 കോടിയായി ഭാരത സർക്കാർ പരിഷ്കരിച്ചു, ഇതിന് CEA അനുമതി ആവശ്യമാണ്. കൂടാതെ, മൂലധന ചെലവിൻ്റെ പരിധി പരിഗണിക്കാതെ, ഓഫ്-സ്ട്രീം ക്ലോസ്ഡ്-ലൂപ്പ് പമ്പ്ഡ് സ്റ്റോറേജ് സ്കീമുകളെ CEA യുടെ അനുമതി ആവശ്യകതയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
25. ഊർജ്ജ പരിവർത്തനവും NDC നേട്ടവും:
ലക്ഷ്യമിട്ടതിനും ഏകദേശം അഞ്ച് വർഷം മുമ്പേ ഇന്ത്യ ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവന (NDC ) ലക്ഷ്യമായ 50% സഞ്ചിത ഫോസിൽ ഇതര വൈദ്യുത ശേഷി നേടി. ഫോസിൽ ഇതര ശേഷി വിഹിതം 2014-ൽ 32% ആയിരുന്നത് 2025 ഒക്ടോബറോടെ 51% ആയി ഉയർന്നു, ഇത് ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവർത്തനത്തെയും ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയെയും പ്രകടമാക്കുന്നു.
***
(रिलीज़ आईडी: 2215532)
आगंतुक पटल : 6