ലോക്സഭാ സെക്രട്ടേറിയേറ്റ്
കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെയും 28-ാമത് സമ്മേളനം (CSPOC) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
ഉദ്ഘാടന സമ്മേളനത്തെ ലോക്‌സഭാ സ്പീക്കര്‍ അഭിസംബോധന ചെയ്തു
प्रविष्टि तिथि:
15 JAN 2026 4:41PM by PIB Thiruvananthpuram
കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെയും 28-ാമത് സമ്മേളനം (CSPOC) സംവിധാന്‍ സദനിലെ ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ലോക്‌സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ശ്രീ. ഹരിവംശ്, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രിസൈഡിങ് ഓഫീസര്‍മാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
സമൂഹങ്ങളെയും ഭരണസംവിധാനങ്ങളെയും പുനരാവിഷ്‌കരിക്കുന്ന അതിവേഗ സാങ്കേതിക മാറ്റങ്ങളിലേക്ക് സ്വാഗതപ്രസംഗത്തില്‍ ലോക്‌സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള ശ്രദ്ധ ക്ഷണിച്ചു. നിര്‍മിതബുദ്ധിയും (എഐ) സമൂഹമാധ്യമങ്ങളും ജനാധിപത്യ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ധിപ്പിച്ചതായി അദ്ദേഹം നിരീക്ഷിച്ചു. അതേസമയം ഇവയുടെ ദുരുപയോഗം വ്യാജപ്രചാരണങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും സാമൂഹ്യ ധ്രുവീകരണവുമടക്കം ഗുരുതര ആശങ്കകള്‍ക്ക് ഇടയാക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം വെല്ലുവിളികളെ ഗൗരവത്തില്‍ സമീപിക്കാനും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്താനും നിയമനിര്‍മാണ സഭകള്‍ക്ക് കൂട്ടായ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ധാര്‍മിക എഐ സംവിധാനങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും വിശ്വസനീയവും സുതാര്യവും ഉത്തരവാദിത്തപൂര്‍ണവുമായ സമൂഹമാധ്യമ ചട്ടക്കൂടുകളുടെ ഉയര്‍ന്ന പ്രസക്തിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഈ നിര്‍ണായക ആഗോള പ്രശ്‌നങ്ങളില്‍ ആഴമേറിയ ചര്‍ച്ചകള്‍ക്ക് സമ്മേളനം വഴിയൊരുക്കുമെന്നും സാങ്കേതികവിദ്യയെ മാതൃകാപരവും ഉത്തരവാദിത്തപൂര്‍ണവുമായ തരത്തില്‍ പ്രയോജനപ്പെടുത്താന്‍ നിയമ നിര്‍മാണ സഭകളെ പ്രാപ്തമാക്കുന്ന കൃത്യമായ നയരൂപീകരണത്തിലേക്ക് ഇത് നയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യന്‍ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും നിര്‍മിതബുദ്ധിയുടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും ഉപയോഗം ക്രമാനുഗതമായി കൂടിവരുന്നതായി രാജ്യത്തിന്റെ പൊതു അനുഭവം വിലയിരുത്തിയ സ്പീക്കര്‍ പറഞ്ഞു. നിയമനിര്‍മാണ സ്ഥാപനങ്ങള്‍ ഘട്ടംഘട്ടമായി കടലാസ് രഹിതമായി മാറുകയും ഏകീകൃത ഡിജിറ്റല്‍ സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യതയിലും കാര്യക്ഷമതയിലും ഇത് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതായും ശ്രീ ബിര്‍ള വ്യക്തമാക്കി.
പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ കാലഹരണപ്പെട്ടതും അനാവശ്യവുമായ നിരവധി നിയമങ്ങള്‍ ഇന്ത്യ റദ്ദാക്കിയതായും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായ പുതിയ ക്ഷേമ നയങ്ങളും നിയമങ്ങളും രൂപീകരിച്ചതായും ശ്രീ ബിര്‍ള നിരീക്ഷിച്ചു. ഇന്ത്യയെ വികസിതവും സ്വയംപര്യാപ്തവുമായ രാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലെ പുരോഗതി ഈ സംരംഭങ്ങളിലൂടെ ത്വരിതപ്പെടുത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ജനകേന്ദ്രീകൃത നയങ്ങളും ക്ഷേമനിയമങ്ങളും കൈമുതലാക്കി നിഷ്പക്ഷവും ശക്തവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ഇന്ത്യ അതിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ നിരന്തരം ശക്തിപ്പെടുത്തിയതായി സ്പീക്കര്‍ പറഞ്ഞു. ഈ ശ്രമങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ പൗരപങ്കാളിത്തത്തിലെ ഉള്‍ച്ചേര്‍ക്കല്‍ ഉറപ്പാക്കുകയും ജനാധിപത്യത്തില്‍ പൊതുജനവിശ്വാസം ആഴത്തിലാക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള പ്രാധാന്യമേറിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് വിവിധ ജനാധിപത്യ രാജ്യങ്ങളിലെ നിയമനിര്‍മാണ സഭാധ്യക്ഷന്മാരെ ഒരുമിച്ചുകൊണ്ടുവരാന്‍ ഇത്തരം വേദികള്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി ഫോറങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിച്ച സ്പീക്കര്‍ പറഞ്ഞു. ലോകത്തെ നിയമ നിര്‍മാണ സഭകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ കൂട്ടായ വിവേകവും പങ്കിട്ട ഉത്തരവാദിത്തവും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐപിയു) പ്രസിഡന്റ്, കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ (സിപിഎ) ചെയര്‍പേഴ്‌സണ്‍, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഇന്ത്യയിലെ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന നിയമസഭാ പ്രിസൈഡിങ് ഓഫീസര്‍മാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ക്കും മറ്റ് വിശിഷ്ട പ്രതിനിധികള്‍ക്കും അദ്ദേഹം ഹൃദ്യമായ സ്വാഗതമാശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യം പങ്കാളികളെ സംബന്ധിച്ച് വലിയ അഭിമാനവും ബഹുമതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണ നേതൃത്വത്തിലൂടെയും പരിഷ്‌കാരങ്ങളിലൂടെയും ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നതായി അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യയുടെ നേതൃത്വം ആഗോള വെല്ലുവിളികള്‍ക്ക് നിര്‍ണായക പരിഹാരങ്ങള്‍ ഉറപ്പുനല്‍കുന്നതായും ലോകം ഇന്ന് ദിശാബോധത്തിനും സ്ഥിരതയ്ക്കും പ്രചോദനത്തിനും ഇന്ത്യയെ ഉറ്റുനോക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഈ സംഗമം ജനാധിപത്യ സംവാദങ്ങളും സഹകരണവും പൊതുമൂല്യങ്ങളും ശക്തിപ്പെടുത്തുന്ന കൂട്ടായ പ്രതിബദ്ധതയുടെ പ്രതീകമാണെന്ന് സമ്മേളനത്തിന്റെ പ്രാധാന്യത്തിലൂന്നി സ്പീക്കര്‍ പറഞ്ഞു. കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലുടനീളം പാര്‍ലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന മികച്ച പ്രവര്‍ത്തന രീതികളും നൂതനാശയങ്ങളും അനുഭവങ്ങളും കൈമാറാന്‍ സവിശേഷ അവസരമാണ് സമ്മേളനം ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്റ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ സമകാലിക വെല്ലുവിളികളെക്കുറിച്ചും മികച്ച പ്രവര്‍ത്തനരീതികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രിസൈഡിങ് ഓഫീസര്‍മാരെയും പാര്‍ലമെന്ററി നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നത് സഭാധ്യക്ഷന്മാരുടെ നിഷ്പക്ഷത, നീതിയുക്തമായ പ്രവര്‍ത്തനം എന്നിവയെക്കുറിച്ചും പാര്‍ലമെന്റുകളുടെ വിശ്വാസ്യതയും പൊതുജനവിശ്വാസവും വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണെന്ന് സമ്മേളനത്തിന്റെ കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ച ശ്രീ ബിര്‍ള പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പാര്‍ലമെന്ററി സ്ഥാപനങ്ങളുടെ അന്തസ്സും വിശ്വാസ്യതയും പദവിയും നിലനിര്‍ത്തുകയെന്നത് എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും പരമപ്രധാനമായ മുന്‍ഗണനയായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമ നിര്‍മാണ സഭകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് കൂട്ടായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് സമ്മേളനത്തിലെ ചര്‍ച്ചകള്‍ അര്‍ത്ഥപൂര്‍ണമായ സംഭാവനകള്‍ നല്‍കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്താനും പാര്‍ലമെന്ററി പ്രക്രിയകളില്‍ പൊതുപങ്കാളിത്തം വര്‍ധിപ്പിക്കാനും ജനാധിപത്യ സ്ഥാപനങ്ങളില്‍ പൗരന്മാരുടെ വിശ്വാസം ശക്തിപ്പെടുത്താനും ഈ ആശയവിനിമയം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ആവേശപൂര്‍വം പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും നന്ദി രേഖപ്പെടുത്തിയ ശ്രീ ബിര്‍ള കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെയും 28-ാമത് സമ്മേളനത്തിന്റെ ഗുണഫലങ്ങള്‍ കോമണ്‍വെല്‍ത്തിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
കോമണ്‍വെല്‍ത്ത് പരമാധികാര രാഷ്ട്രങ്ങളിലെ 53 ദേശീയ പാര്‍ലമെന്റുകളിലെ സ്പീക്കര്‍മാരെയും പ്രിസൈഡിങ് ഓഫീസര്‍മാരെയും സമ്മേളനം ഒരുമിച്ച് കൊണ്ടുവരുന്നു. 14 അര്‍ധ-സ്വയംഭരണ പാര്‍ലമെന്റുകളിലെ പ്രിസൈഡിങ് ഓഫീസര്‍മാര്‍, സിപിഎ സെക്രട്ടറി ജനറല്‍, ഐപിയു പ്രസിഡന്റ്, സെക്രട്ടറി ജനറല്‍മാര്‍ തുടങ്ങിയവരാണ് മറ്റ് പ്രതിനിധികള്‍.
42 അംഗരാജ്യങ്ങളില്‍ നിന്നും 4 അര്‍ധ-സ്വയംഭരണ പാര്‍ലമെന്റുകളില്‍ നിന്നുമായി 45 സ്പീക്കര്‍മാരും 16 ഡെപ്യൂട്ടി സ്പീക്കര്‍മാരും ഉള്‍പ്പെടെ ആകെ 61 പ്രിസൈഡിങ് ഓഫീസര്‍മാരാണ് സമ്മേളനത്തിന്റെ ഭാഗമാകുന്നത്.
'പാര്‍ലമെന്റിലെ നിര്‍മിതബുദ്ധി: നൂതനാശയങ്ങളും മേല്‍നോട്ടവും അവലംബവും സന്തുലിതപ്പെടുത്തല്‍', 'സമൂഹമാധ്യമവും പാര്‍ലമെന്റ് അംഗങ്ങളിലെ സ്വാധീനവും', 'പാര്‍ലമെന്റിനെക്കുറിച്ച് പൊതുജനങ്ങളുടെ അറിവ് വര്‍ധിപ്പിക്കാനും വോട്ട് രേഖപ്പെടുത്തുന്നതിനപ്പുറം പൗരപങ്കാളിത്തവും സുരക്ഷയും ഉറപ്പാക്കാനും നൂതന തന്ത്രങ്ങള്‍', 'പാര്‍ലമെന്റ് അംഗങ്ങളുടെയും ജീവനക്കാരുടെയും ആരോഗ്യവും ക്ഷേമവും', 'കരുത്തുറ്റ ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പില്‍ സ്പീക്കര്‍മാരുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെയും പങ്ക്' എന്നിവയാണ് പ്ലീനറി സെഷനുകളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍:
ലോക്‌സഭാ സ്പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം നാളെ സമാപിക്കും.
****
(रिलीज़ आईडी: 2215036)
आगंतुक पटल : 7