ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി കോമ്പോസിറ്റ് സാലറി അക്കൗണ്ട് പാക്കേജ് അവതരിപ്പിച്ച് ധനകാര്യ സേവന വകുപ്പ്

प्रविष्टि तिथि: 14 JAN 2026 7:28PM by PIB Thiruvananthpuram

കേന്ദ്ര സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ക്ഷേമവും സാമൂഹിക സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് (DFS) ഒരു സുപ്രധാന നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി, പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച്  ധനകാര്യ സേവന വകുപ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി കോമ്പോസിറ്റ് സാലറി അക്കൗണ്ട് പാക്കേജ് അവതരിപ്പിച്ചു.

ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ശ്രീ. എം. നാഗരാജു സാലറി അക്കൗണ്ട് പാക്കേജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്‌ബി‌ഐ ചെയർമാൻ, ദേശസാൽകൃത ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർമാരും സി‌ഇഒമാരും, എൻപിസിഐ സി‌ഇഒയും (വീഡിയോ കോൺഫറൻസിംഗ് മുഖേന), ഡി‌എഫ്‌എസിന്റെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 2047 ൽ ‘വികസിത ഭാരതം’ സാക്ഷാത്ക്കരിക്കുകയെന്ന സർക്കാരിന്റെ ദർശനത്തിനും 2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ് ഉറപ്പാക്കുന്നതിനുള്ള ദേശീയ പ്രതിബദ്ധതയ്ക്കും അനുപൂരകമായാണ്  ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകീകൃതവും സുഗമവുമായ അക്കൗണ്ട് ഘടനയിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബാങ്കിംഗ്, ഇൻഷുറൻസ് ആനുകൂല്യങ്ങളുടെ സമഗ്രമായ ഗുണഫലങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഗ്രൂപ്പ് എ, ബി, സി ഉൾപ്പെടെ എല്ലാ ശ്രേണികളിലുമുള്ള ജീവനക്കാർക്ക് പരമാവധി പരിരക്ഷ, ഏകതാനത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിന് പൊതുമേഖലാ ബാങ്കുകളുമായി കൂടിയാലോചിച്ച് സൂക്ഷ്മമായാണ് ഈ പാക്കേജുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബാങ്കിംഗ്, ഇൻഷുറൻസ്, കാർഡ് സേവനങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കോമ്പോസിറ്റ് സാലറി അക്കൗണ്ട് പാക്കേജ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാക്കേജ്, ഏകജാലക സാമ്പത്തിക പരിഹാരമായി വർത്തിക്കുന്നു. കോമ്പോസിറ്റ് സാലറി അക്കൗണ്ട് പാക്കേജിന്റെ പ്രധാന സവിശേഷതകൾ താഴെപ്പറയുന്നവയാണ്:

1 ബാങ്കിംഗ് സൗകര്യങ്ങൾ

വർദ്ധിത ആനുകൂല്യങ്ങളോടുകൂടിയ സീറോ ബാലൻസ് സാലറി അക്കൗണ്ട്

ചെക്ക് സൗകര്യങ്ങൾക്കൊപ്പം RTGS/NEFT/UPI വഴി സൗജന്യ പണമിടപാട് സൗകര്യവും

ഭവനം, വിദ്യാഭ്യാസം, വാഹനം, വ്യക്തിഗത ആവശ്യങ്ങൾ എന്നിവയ്ക്കുള്ള വായ്പകളിൽ പലിശ ഇളവ്

വായ്പാ പ്രോസസ്സിംഗ് ചാർജുകളിൽ ഇളവ്

ലോക്കർ വാടകയിൽ പ്രത്യേക ഇളവുകൾ

ഫാമിലി ബാങ്കിംഗ് ആനുകൂല്യങ്ങൾ


2 മെച്ചപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷ

₹1.50 കോടി വരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസ്

₹2 കോടി വരെയുള്ള വിമാന അപകട ഇൻഷുറൻസ് പരിരക്ഷ

₹1.50 കോടി വരെയുള്ള സ്ഥിരമായ പൂർണ്ണ, ഭാഗിക വൈകല്യ ഇൻഷുറൻസ് പരിരക്ഷ

ടേം ലൈഫ് ഇൻഷുറൻസ് –

താങ്ങാനാവുന്ന പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കുന്നതിന് അധിക ടോപ്പ്-അപ്പ് സൗകര്യത്തോടുകൂടിയ 20 ലക്ഷം രൂപ വരെയുള്ള ഇൻ-ബിൽറ്റ് ടേം ലൈഫ് ഇൻഷുറൻസ് പരിരക്ഷ.

ആരോഗ്യ ഇൻഷുറൻസ് –

കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കുന്നതിന് ഒരു അടിസ്ഥാന പ്ലാനും അധിക ടോപ്പ്-അപ്പ് സൗകര്യവുമുള്ള സമഗ്രമായ വ്യക്തിഗത, കുടുംബ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.


3 ഡിജിറ്റൽ, കാർഡ് സവിശേഷതകൾ

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ

വിമാനത്താവള ലൗഞ്ച് പ്രവേശനം, റിവാർഡ് പദ്ധതികൾ, ക്യാഷ്ബാക്ക് ഓഫറുകൾ

പരിധിയില്ലാത്ത ഇടപാടുകൾ, പരിപാലന ചാർജുകൾ ഇല്ല (Nil Maintenance Charges)

കോമ്പോസിറ്റ് സാലറി അക്കൗണ്ട് പാക്കേജിന്റെ പൂർണ്ണ വിവരങ്ങൾ DFS വെബ്സൈറ്റായ https://financialservices.gov.in ൽ ലഭ്യമാണ്.

പൊതുഭരണത്തിന്റെ അടിത്തറയായി വർത്തിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക്, ഏകജാലക പരിഹാരത്തിലൂടെ ആധുനിക ബാങ്കിംഗ് സേവനങ്ങളും സമഗ്രമായ സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്നതാണ് ഈ സംരംഭം. ഇൻഷുറൻസ്, മെഡിക്കൽ പരിരക്ഷ, മെച്ചപ്പെടുത്തിയ ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവയെ ഒരൊറ്റ സംയോജിത ശമ്പള അക്കൗണ്ട് പാക്കേജിലേക്കു ഏകീകരിക്കുന്നതിലൂടെ, പദ്ധതി ജീവനക്കാർക്ക് ലളിതമായ പ്രവേശനം, ശക്തമായ സാമ്പത്തിക സുരക്ഷ, മനസ്സമാധാനം എന്നിവ ഉറപ്പാക്കുന്നു.

ജീവനക്കാരുടെ ക്ഷേമവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ  നിരന്തര പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന കോമ്പോസിറ്റ് സാലറി അക്കൗണ്ട് പാക്കേജ്  ജീവനക്കാരും ബാങ്കുകളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നു.

പൊതുമേഖലാ ബാങ്കുകൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ മുഖേന ഈ സൗകര്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും, സർക്കാർ വകുപ്പുകളിൽ പ്രത്യേക അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്നും, വിശദമായ വിവരങ്ങൾ കേന്ദ്ര സർക്കാർ ജീവനക്കാരിലേക്ക് മുൻകൂട്ടി എത്തിക്കണമെന്നും, നിലവിലുള്ള ശമ്പള അക്കൗണ്ടുകൾ ജീവനക്കാരുടെ സമ്മതത്തോടെ ഈ പുതിയ പാക്കേജിലേക്ക് മാറ്റുന്നത് സുഗമമാക്കണമെന്നും DFS നിർദ്ദേശിച്ചു.

എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും അവരുടെ പൊതുമേഖലാ ബാങ്ക് ശമ്പള അക്കൗണ്ടുകൾ മുഖേന ഈ സമഗ്ര പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.


(रिलीज़ आईडी: 2214812) आगंतुक पटल : 72
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil