ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
നിര്‍മിതബുദ്ധി സംബന്ധിച്ച അറിവിനെ ജനാധിപത്യവൽക്കരിക്കാന്‍ സുപ്രധാന ചുവടുവെയ്പ്പായി 'യുവ എഐ ഫോര്‍ ഓള്‍'
എഐ അധിഷ്ഠിത ഭാവി അവസരങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും രാജ്യത്തെ യുവജനങ്ങളെ സജ്ജരാക്കുന്ന പദ്ധതി
प्रविष्टि तिथि:
13 JAN 2026 3:16PM by PIB Thiruvananthpuram
2026 ജനുവരി 12-ന് ദേശീയ യുവജന ദിനാഘോഷത്തിൻ്റെ പശ്ചാത്തലത്തില്‍ പുതുതായി ആരംഭിച്ച ദേശീയ നിര്‍മിതബുദ്ധി സാക്ഷരത പരിപാടിയിലൂടെയും 'യുവ എഐ ഫോർ ഓൾ' എന്ന പ്രധാന കോഴ്സിലൂടെയും കേന്ദ്രസർക്കാര്‍ യുവജന ശാക്തീകരണത്തിലെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നു. പ്രബുദ്ധരായ യുവത എന്ന സ്വാമി വിവേകാനന്ദൻ്റെ കാഴ്ചപ്പാടിനെ ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2026 ജനുവരി 6-ന് ജയ്പൂരിൽ സംഘടിപ്പിച്ച രാജസ്ഥാൻ പ്രാദേശിക എഐ ഇംപാക്ട് ഉച്ചകോടിയില്‍ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻ ലാൽ ശർമ, വാര്‍ത്താവിതരണ പ്രക്ഷേപണ, ഐടി-റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ഇലക്ട്രോണിക്സ് - വിവരസാങ്കേതിക, വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ എന്നിവർ ചേർന്നാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വികസിത ഭാരതമെന്ന ലക്ഷ്യത്തിനും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനും അനുസൃതമായാണ് ഈ ദേശീയ എഐ സാക്ഷരതാ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ദേശീയ യുവജന ദിനം മുന്നോട്ടുവെയ്ക്കുന്ന 'യുവശക്തി' എന്ന സങ്കല്പത്തിനനുസൃതമായി എഐ സാക്ഷരതയെ സുപ്രധാന ജീവിത നൈപുണ്യമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച പദ്ധതിയുടെ ഭാഗമായി 'യുവ എഐ ഫോർ ഓൾ' എന്ന അടിസ്ഥാന കോഴ്സിന് സവിശേഷ പ്രാധാന്യം നൽകുന്നു. സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കും എളുപ്പത്തിൽ പഠിക്കാവുന്ന തരത്തിൽ നാല് മണിക്കൂറിലധികം മാത്രം ദൈർഘ്യത്തിലാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. 'നിര്‍മിതബുദ്ധി, ഇതിന് പിന്നിലെ സാങ്കേതികവിദ്യ, പഠിക്കാനും ചിന്തിക്കാനും ആസൂത്രണം ചെയ്യാനും നിര്‍മിതബുദ്ധി ഉപയോഗിക്കേണ്ട രീതികള്‍, നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട ധാർമികത, നിര്‍മിതബുദ്ധിയുടെ ഭാവി' എന്നീ വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുവജനങ്ങളടക്കം രാജ്യത്തെ പൗരന്മാര്‍ എഐ എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എവിടെ ഉപയോഗിക്കുന്നുവെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് നിര്‍മിതബുദ്ധി സംബന്ധിച്ച കൂട്ടായ പഠനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ചെറുകിട സംരംഭങ്ങൾക്ക് ദൈനംദിന ജോലികളിൽ എഐ ഉപയോഗിക്കാൻ സാധിച്ചാല്‍ ഉല്പാദനക്ഷമത വർധിപ്പിക്കാനാവും. ഈ ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതെന്നും അടുത്ത വർഷത്തിനകം 10 ലക്ഷം പഠിതാക്കളെ പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ (അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്) ലഭ്യമായ ഈ കോഴ്സ് തികച്ചും സൗജന്യമാണ്. ഫ്യൂച്ചർ സ്കിൽസ് പ്രൈം, ഐ-ജിഒടി കർമയോഗി, ദീക്ഷ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ പോർട്ടലുകൾ വഴി ലഭ്യമാകുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക സാക്ഷ്യപത്രം ലഭിക്കും.
നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട അറിവുകൾ എല്ലാവർക്കും ലഭ്യമാക്കാനും എഐ അധിഷ്ഠിത ഭാവി അവസരങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും രാജ്യത്തെ യുവാക്കളടക്കം പൗരന്മാരെ സജ്ജരാക്കാനും നടത്തുന്ന സുപ്രധാന ചുവടുവെയ്പ്പാണ് 'യുവ എഐ ഫോർ ഓൾ' ദേശീയ എഐ സാക്ഷരതാ പദ്ധതി. കേവലം ഒരു ദിവസത്തെ പഠന നേട്ടമെന്നതിലുപരി സുസ്ഥിരവും വിപുലീകരിക്കാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ സാക്ഷരതാ മുന്നേറ്റത്തിൻ്റെ അടിത്തറയെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ ഏകോപിത പ്രവർത്തനങ്ങളിലൂടെ വികസിത ഭാരതമെന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് ഈ പദ്ധതി അർത്ഥപൂര്‍ണമായ സംഭാവനകൾ നൽകും. പൗരന്മാരെ ശാക്തീകരിക്കുകയും ഉത്തരവാദിത്തപൂര്‍ണമായ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ സംരംഭം പൊതുനന്മ ലക്ഷ്യമിടുന്ന നിര്‍മിതബുദ്ധി രംഗത്ത് ഇന്ത്യയുടെ നേതൃത്വം ശക്തിപ്പെടുത്തും.
പൊതുജനങ്ങൾക്ക് https://www.futureskillsprime.in/course/yuva-ai-for-all/ എന്ന ലിങ്ക് വഴി കോഴ്സിൽ ചേരാം.
****
(रिलीज़ आईडी: 2214245)
आगंतुक पटल : 5