റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

‘ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ച്’ ദേശീയ പാത അതോറിട്ടി 2026 ജൂൺ വരെ നീട്ടി

प्रविष्टि तिथि: 12 JAN 2026 7:44PM by PIB Thiruvananthpuram

ദേശീയപാതകളിലെ ശൗചാലയങ്ങളുടെ ശുചിത്വവും യാത്രക്കാരുടെ അനുഭവവും കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ദേശീയ പാത അതോറിറ്റിയുടെ പൗര കേന്ദ്രീകൃത സംരംഭമായ ‘ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ച്’  2026 ജൂൺ 30 വരെ നീട്ടി. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനോടൊപ്പം പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും, ഈ സംരംഭവുമായി  ബന്ധിപ്പിച്ചിട്ടുള്ള ഫാസ്‌ടാഗ് റീചാർജ്ജ് റിവാർഡുകൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കാലാവധി നീട്ടിയത്.

സമയപരിധി നീട്ടിയിട്ടുള്ള ഈ പ്രചാരണ പരിപാടിക്ക് കീഴിൽ, ദേശീയപാത ഉപഭോക്താക്കൾ പങ്കുവെയ്ക്കുന്ന വൃത്തിയുള്ള ശൗചാലയങ്ങളുടെ ചിത്രങ്ങൾ ദിവസേന വിലയിരുത്തും. ഈ പദ്ധതി പ്രകാരം അർഹമായ ക്ലെയിമുകൾ സമയബന്ധിതമായി പരിഗണിക്കുന്നതാണ്. ചിത്രങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വാഹന രജിസ്‌ട്രേഷൻ നമ്പറിലേക്ക് ഫാസ്‌ടാഗ് റീചാർജ്ജ് റിവാർഡ് ക്രെഡിറ്റ് ചെയ്യും. ഇത് പ്രവർത്തനങ്ങളിലെ സുതാര്യതയും പ്രതികരണക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കും.

ദേശീയപാതകളിലെ ടോൾ പ്ലാസകളിലുള്ള വൃത്തിഹീനമായ ശൗചാലയങ്ങളെക്കുറിച്ച് സജീവമായി റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 സെപ്റ്റംബറിലാണ് അതോറിട്ടി ഈ സവിശേഷമായ ‘ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ച്’ ആരംഭിച്ചത്. ദേശീയപാത ഉപയോക്താക്കളിൽ നിന്ന് ഈ പദ്ധതിക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഏകദേശം 350 യാത്രക്കാർ വൃത്തിഹീനമായ ശൗചാലയങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയും, അതിൽ അർഹരായ 265 പേർക്ക് ഫാസ്‌ടാഗ് റീചാർജ്ജ് സമ്മാനമായി നല്കുകയും ചെയ്തു.

ഈ പദ്ധതി എല്ലാ ദേശീയപാത ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താം. ദേശീയപാത ഉപയോഗിക്കുന്നവർക്ക് 'രാജ്മാർഗ് യാത്ര' മൊബൈൽ ആപ്ലിക്കേഷൻ്റെ ഏറ്റവും പുതിയ പതിപ്പിലൂടെ വൃത്തിഹീനമായ ശൗചാലയങ്ങളുടെ വ്യക്തമായതും, ജിയോ ടാഗ് ചെയ്തതും, സമയം രേഖപ്പെടുത്തിയതുമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ചിത്രങ്ങൾ സമർപ്പിക്കുമ്പോൾ പേര്, സ്ഥലം, വാഹന രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ഉപഭോക്താക്കൾ നൽകേണ്ടതുണ്ട്.

ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന അർഹമായ ഓരോ വാഹന രജിസ്ട്രേഷൻ നമ്പറിനും 1,000 രൂപ (ആയിരം രൂപ മാത്രം) വീതം ഫാസ്‌ടാഗ് റീചാർജ്ജായി ലഭിക്കും. ഈ തുക ബന്ധിപ്പിച്ചിട്ടുള്ള വാഹന നമ്പറിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പദ്ധതിയുടെ കാലാവധിയിലുടനീളം ഒരു വാഹന നമ്പറിന് ഒരു തവണ മാത്രമേ റിവാർഡിന് അർഹതയുണ്ടാകൂ. ഈ റിവാർഡ് കൈമാറ്റം ചെയ്യാൻ സാധിക്കാത്തതും പണമായി കൈപ്പറ്റാൻ കഴിയാത്തതുമാണ്. കൂടാതെ, ഓരോ ദേശീയപാത ശൗചാലയത്തേയും സംബന്ധിച്ച റിപ്പോർട്ടുകൾ ഒരു ദിവസം ഒരു തവണ മാത്രമേ റിവാർഡിനായി പരിഗണിക്കുകയുള്ളൂ. ആ ശൗചാലയത്തെക്കുറിച്ച് എത്ര റിപ്പോർട്ടുകൾ ലഭിച്ചാലും ഇത് ബാധകമാണ്. ഒരേ ശൗചാലയത്തെക്കുറിച്ച് ഒരേ ദിവസം ഒന്നിലധികം റിപ്പോർട്ടുകൾ ലഭിക്കുകയാണെങ്കിൽ, രാജ്മാർഗ് യാത്ര ആപ്പ് വഴി ആദ്യം ലഭിക്കുന്ന സാധുവായ റിപ്പോർട്ടിനെ മാത്രമായിരിക്കും സമ്മാനത്തിനായി പരിഗണിക്കുക.

ദേശീയപാത അതോറിട്ടിയുടെ അധികാരപരിധിയിലുള്ളതോ, അതോറിട്ടി നേരിട്ട് നിർമ്മിച്ചതോ, പ്രവർത്തിപ്പിക്കുന്നതോ, പരിപാലിക്കുന്നതോ ആയ ശൗചാലയങ്ങൾക്ക് മാത്രമാണ് ഈ പദ്ധതി ബാധകമാകുന്നത്. പെട്രോൾ പമ്പുകൾ, ധാബകൾ, അല്ലെങ്കിൽ അതോറിട്ടിയുടെ നിയന്ത്രണത്തിലല്ലാത്ത മറ്റ് പൊതു സൗകര്യങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ശൗചാലയങ്ങളെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമർപ്പിക്കപ്പെടുന്ന എല്ലാ എൻട്രികളും നിർമ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള സ്ക്രീനിംഗിനും, ആവശ്യമുള്ള പക്ഷം നേരിട്ടുള്ള പരിശോധനയ്ക്കും വിധേയമാക്കും.

ഈ ഉദ്യമത്തിലൂടെ, ദേശീയപാതകളിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശുചിത്വവും ആരോഗ്യകരമായ ചുറ്റുപാടും നിലനിർത്തുന്നതിൽ എല്ലാവർക്കും പങ്കാളിത്തമുള്ള ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള പ്രതിബദ്ധത ദേശീയപാത അതോറിട്ടി ആവർത്തിക്കുന്നു.

***


(रिलीज़ आईडी: 2213964) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi