യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

2026 -ലെ ദേശീയ കായിക ഭരണനിര്‍വഹണ (ദേശീയ കായിക സമിതികൾ) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു

प्रविष्टि तिथि: 12 JAN 2026 4:53PM by PIB Thiruvananthpuram

ദേശീയ കായിക ഭരണനിര്‍വഹണ നിയമം-2025 പ്രകാരം 2026 -ലെ ദേശീയ കായിക  ഭരണനിര്‍വഹണ (ദേശീയ കായിക സമിതികൾ) ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. 

അസാമാന്യ മികവ് പുലർത്തിയ കായികതാരങ്ങളെ ഉൾപ്പെടുത്തുന്ന തിനുള്ള ചട്ടക്കൂട്, ജനറൽ ബോഡിയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഘടന, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, ദേശീയ കായിക സമിതികളിലെയും പ്രാദേശിക കായിക ഫെഡറേഷനുകളിലെയും അംഗങ്ങളുടെ അയോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യുന്നു.

ദേശീയ കായിക തിരഞ്ഞെടുപ്പ് പാനല്‍ സംബന്ധിച്ച വ്യവസ്ഥകളും അംഗീകൃത യൂണിറ്റുകൾ ദേശീയ കായിക ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതും കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ പുതുക്കുന്നതും സംബന്ധിച്ച നടപടിക്രമങ്ങളും ചട്ടങ്ങളിൽ വിശദീകരിക്കുന്നുണ്ട്.

ദേശീയ കായിക സമിതികളുടെ ജനറൽ ബോഡികളിൽ അസാമാന്യ മികവ് പുലർത്തിയ നാല് കായികതാരങ്ങളെയെങ്കിലും ഉൾപ്പെടുത്തണമെന്നതാണ് ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ജനറൽ ബോഡിയിൽ വനിതാ കായികതാരങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഇവരില്‍ 50 ശതമാനം വനിതകളായിരിക്കണമെന്നും ചട്ടങ്ങളിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

2025-ലെ ദേശീയ കായിക ഭരണനിര്‍വഹണ നിയമപ്രകാരം ദേശീയ കായിക സമിതികളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാല് വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഓരോ ദേശീയ കായിക സമിതിക്കും നിയമാവലി വഴി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വനിതകൾക്ക് പ്രത്യേക തസ്തികകൾ സംവരണം ചെയ്യാം. 

ദേശീയ കായിക സമിതികളുടെ ജനറൽ ബോഡിയിലേക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും അസാമാന്യ മികവ് പുലർത്തിയ കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പൊതുവായ യോഗ്യതാ മാനദണ്ഡങ്ങളും വിവിധ തലങ്ങളിലെ വ്യവസ്ഥകളും ചട്ടങ്ങളിൽ പ്രതിപാദിക്കുന്നു.  

അസാമാന്യ മികവ് പുലര്‍ത്തിയ കായികതാരമായി അംഗീകരിക്കപ്പെടാൻ അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. അവര്‍ സജീവ കായിക ജീവിതത്തിൽ നിന്ന് വിരമിച്ചവരാകണം. അപേക്ഷ സമർപ്പിക്കുന്ന തീയതിക്ക് ഒരു വർഷം മുന്‍പുവരെ കാലയളവില്‍ ജില്ലയെയോ സംസ്ഥാനത്തെയോ ഇന്ത്യയെയോ പ്രതിനിധീകരിക്കാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും മത്സര കായിക ഇനങ്ങളിൽ  ഇവർ പങ്കെടുത്തിട്ടുണ്ടാകരുത്.

കായിക ഇനത്തിൻ്റെ സ്വഭാവവും ഇന്ത്യൻ കായികതാരങ്ങൾ വിവിധ ഇനങ്ങളിൽ കൈവരിച്ച നേട്ടങ്ങളും കണക്കിലെടുത്ത് ചട്ടങ്ങളിൽ വിവിധ തലങ്ങളിലായി മാനദണ്ഡങ്ങള്‍  നിശ്ചയിച്ചിട്ടുണ്ട്. വേനൽക്കാല ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ശീതകാല ഒളിമ്പിക്സ് എന്നിവയിൽ സ്വർണമോ വെള്ളിയോ വെങ്കലമോ നേടിയ കായികതാരങ്ങൾ മുതൽ ദേശീയ ഗെയിംസിലോ ദേശീയ  ചാമ്പ്യൻഷിപ്പിലോ മെഡൽ നേടിയവർ വരെ ഉൾപ്പെടുന്ന 10 തലങ്ങൾ  ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. 

വിവിധ കായിക ഇനങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്ന വിധം വിപുലമായാണ് ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഓരോ ഘട്ടത്തിലെയും സമയപരിധി സഹിതം ഈ ചട്ടങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നു. അസാമാന്യ മികവ് പുലര്‍ത്തുന്ന കായികതാരമാകാന്‍ അപേക്ഷ സമർപ്പിക്കുന്നത് മുതൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം, അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദേശ പത്രിക ക്ഷണിക്കൽ എന്നിവ ഇതിലുൾപ്പെടുന്നു.

ദേശീയ കായിക സമിതി ജനറൽ ബോഡിയിലോ ഏതെങ്കിലും കമ്മിറ്റിയിലോ അംഗമാകാനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കോ അത്‌ലറ്റ്സ് കമ്മിറ്റിയിലേക്കോ മത്സരിക്കാനും അയോഗ്യരാക്കുന്ന വ്യവസ്ഥകളും ചട്ടത്തിലുണ്ട്. നിയമകോടതി ശിക്ഷിക്കുകയും തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്ത വ്യക്തികളെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കോ അത്‌ലറ്റ്സ് കമ്മിറ്റിയിലേക്കോ മത്സരിക്കുന്നതിൽ നിന്നും ജനറൽ ബോഡിയിലോ മറ്റ് കമ്മിറ്റികളിലോ അംഗമാകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.

ദേശീയ കായിക തിരഞ്ഞെടുപ്പ് പാനലിൽ ദേശീയ കായിക ഭരണനിര്‍വഹണ നിയമം 2025 പ്രകാരം യോഗ്യരായ കുറഞ്ഞത് ഇരുപത് അംഗങ്ങൾ എപ്പോഴും ഉണ്ടായിരിക്കണമെന്ന് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. 

തിരഞ്ഞെടുപ്പ് പാനലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന തിര‍‍ഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ്റെ പ്രതിഫലം പരമാവധി 5 ലക്ഷം രൂപയെന്ന പരിധിക്ക് വിധേയമായി ഉദ്യോഗസ്ഥനുമായി പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ദേശീയ കായിക സമിതിക്ക് തീരുമാനിക്കാം.  കൂടാതെ സഹായിയുണ്ടെങ്കിൽ അവർക്കും പരസ്പര സമ്മതപ്രകാരം തുക പ്രതിഫലമായി നൽകാം.   

ചട്ടങ്ങൾ നിലവിൽ വന്ന് ആറ് മാസത്തിനകം എല്ലാ ദേശീയ കായിക സമിതികളും വ്യവസ്ഥകൾക്കനുസൃതമായി അവരുടെ നിയമാവലി  ഭേദഗതി ചെയ്യേണ്ടതുണ്ട്. 

ദേശീയ കായിക സമിതിയിൽ നിന്ന് അപേക്ഷ ലഭിച്ചാൽ രേഖാമൂലം അറിയിക്കുന്ന കാരണങ്ങള്‍ക്ക് ചട്ടങ്ങളിലെ വ്യവസ്ഥകളിൽ പന്ത്രണ്ട് മാസക്കാലത്തേക്ക് ഇളവ് നൽകാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്.

ദേശീയ കായിക ഭരണനിര്‍വഹണ നിയമം 2025 നടപ്പാക്കിയതിന് പിന്നാലെ നിയമപരമായ കായിക ഭരണനിര്‍വഹണ  ചട്ടക്കൂടിലേക്കുള്ള സുഗമമായ പരിവര്‍ത്തനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ചട്ടങ്ങളുടെ വിജ്ഞാപനം. 

***


(रिलीज़ आईडी: 2213919) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil