ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
'സമുദ്ര ഭക്ഷ്യ സുരക്ഷ: സമുദ്രമാണ് ഭാവി' എന്ന പ്രമേയത്തിലുള്ള രണ്ടാമത് ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നു.
प्रविष्टि तिथि:
12 JAN 2026 5:03PM by PIB Thiruvananthpuram
ഇസ്രായേൽ കൃഷി, ഭക്ഷ്യ സുരക്ഷാ മന്ത്രി അവി ഡിക്റ്ററുടെ ക്ഷണപ്രകാരം, 2026 ജനുവരി 13 മുതൽ 15 വരെ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇസ്രായേലിലെ എയ്‌ലാറ്റിൽ നടക്കുന്ന സമുദ്ര ഭക്ഷ്യ സുരക്ഷ: സമുദ്രമാണ് ഭാവി എന്ന പ്രമേയത്തിലുള്ള രണ്ടാമത് ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ഈ സന്ദർശനം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരവും സാമ്പത്തികവുമായ ബന്ധത്തിന് ഈ സന്ദർശനം അടിവരയിടുന്നു. കൂടാതെ മത്സ്യബന്ധന, മത്സ്യകൃഷി മേഖലയിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടേയും പങ്കിട്ട പ്രതിബദ്ധതയേയും ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു.
സന്ദർശന വേളയിൽ, 'സമുദ്രമാണ് ഭാവി' എന്ന ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു പുറമേ, ശ്രീ രാജീവ് രഞ്ജൻ സിംഗ് ഇസ്രായേൽ സഹമന്ത്രി അവി ഡിക്റ്ററുമായും സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളിലെ മന്ത്രിമാരുമായും പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നയപരമായ ഏകോപനത്തിലൂടെയും സ്ഥാപനപരമായ പങ്കാളിത്തത്തിലൂടെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക, സുസ്ഥിര മത്സ്യബന്ധന മാനേജ്‌മെൻ്റും ആധുനിക മത്സ്യക്കൃഷി സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഗവേഷണം, ശേഷി വർദ്ധിപ്പിക്കൽ, നവീകരണ ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്തുക, മികച്ച വിപണി പ്രവേശനത്തിലൂടെയും മാനദണ്ഡങ്ങളിലൂടെയും വ്യാപാരവും നിക്ഷേപവും സുഗമമാക്കുക, അത്യന്താധുനിക മത്സ്യക്കൃഷി മേഖലയിൽ സംയുക്ത ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുക, സുസ്ഥിരത, കാലാവസ്ഥാ പ്രതിരോധം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഊന്നൽ നല്കിക്കൊണ്ട് സമുദ്ര സമ്പദ്‌വ്യവസ്ഥ അജണ്ട മുന്നോട്ട് കൊണ്ടുപോകുക എന്നിവയും ചർച്ചാവിഷയമാകും.
കാർഷിക, മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലകളിലെ പ്രമുഖ ഇസ്രായേലി കമ്പനികളുടേയും സ്റ്റാർട്ടപ്പുകളുടേയും സി.ഇ.ഒമാരുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. മത്സ്യബന്ധന, മത്സ്യക്കൃഷി രംഗത്തെ ഇസ്രായേലിൻ്റെ അത്യാധുനിക സാങ്കേതിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നല്കുന്ന പ്രധാന സ്ഥാപനങ്ങളിലേക്കും നവീകരണ കേന്ദ്രങ്ങളിലേക്കുമുള്ള സന്ദർശനങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മത്സ്യബന്ധന- മത്സ്യക്കൃഷി മേഖലകളിലെ സഹകരണം ശക്തമാക്കാനും, ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള മേഖലകളിൽ സഹകരണത്തിൻ്റെ പുതിയ പാതകൾ തുറക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
SKY
**
(रिलीज़ आईडी: 2213817)
आगंतुक पटल : 18