പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
'വസുധൈവ കുടുംബകം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന കാഴ്ചപ്പാടിലൂടെ ഇന്ത്യയുടെ ഊർജ്ജ പരിവർത്തനം നയിക്കപ്പെടുന്നു: കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി
प्रविष्टि तिथि:
11 JAN 2026 5:54PM by PIB Thiruvananthpuram
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയിൽ നടന്ന അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസിയുടെ (IRENA) പതിനാറാമത് അസംബ്ലിയിൽ കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഇന്ന് ഇന്ത്യയുടെ ദേശീയ പ്രസ്താവന നടത്തി. നീതിയുക്തവും സമത്വപൂർണ്ണവും താങ്ങാനാവുന്നതും സുസ്ഥിരവുമായ ആഗോള ഊർജ്ജ പരിവർത്തനത്തിനായുള്ള ഇന്ത്യയുടെ ശക്തമായ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയുടെ ഊർജ്ജ പരിവർത്തന സമീപനം വസുധൈവ കുടുംബകം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന തത്വത്തിലധിഷ്ഠിതമാണെന്നും സമത്വം, ഉൾച്ചേർക്കൽ, നയപരമായ സ്ഥിരത എന്നിവയിലൂന്നിയ ദീർഘകാല കാഴ്ചപ്പാടാണ് ഇതിനുള്ളതെന്നും അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. 2030-ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുതി ഉത്പാദന ശേഷി 500 ജിഗാവാട്ട് ആയി ഉയർത്തുമെന്നും 2070-ഓടെ നെറ്റ് സീറോ ഉദ്വമനവും കൈവരിക്കുമെന്നുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത കേന്ദ്രമന്ത്രി ആവർത്തിച്ചു.
ഒരു സുപ്രധാന നാഴികക്കല്ല് എടുത്തുപറഞ്ഞുകൊണ്ട്, പാരീസ് ഉടമ്പടി പ്രകാരമുള്ള ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള സംഭാവന (NDC) എന്ന ലക്ഷ്യത്തേക്കാൾ അഞ്ച് വർഷം മുമ്പ് തന്നെ, 2025-ൽ ഇന്ത്യ മൊത്തം വൈദ്യുതി ഉത്പാദന ശേഷിയുടെ 50 ശതമാനം ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന് കൈവരിച്ചതായി ശ്രീ ജോഷി അറിയിച്ചു. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി ഇപ്പോൾ 266 ജിഗാവാട്ട് കടന്നിരിക്കുകയാണ്. ഇത് പുനരുപയോഗ ഊർജ്ജ വിന്യാസത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന ഊർജ്ജ വിപണികളിലൊന്നായ ഇന്ത്യ, ഊർജ്ജ സംഭരണ സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വിന്യാസം, ഗ്രിഡ് നവീകരണം, ഹരിത ഊർജ്ജ ഇടനാഴികളുടെ വികസനം, ഹൈബ്രിഡ്, മുഴുവൻ സമയ പുനരുപയോഗ ഊർജ്ജ പദ്ധതികൾ പോലുള്ള നൂതന ബിഡ്ഡിംഗ് രീതികൾ എന്നിവയിലൂടെ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ ഊർജ്ജ സംവിധാനങ്ങൾക്ക് മുൻഗണന നല്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. ശുദ്ധമായ ഊർജ്ജ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും സൗരോർജ്ജം, കാറ്റ്, ബാറ്ററികൾ, ഇലക്ട്രോലൈസറുകൾ എന്നിവയിലുടനീളം ആഭ്യന്തര നിർമ്മാണം വിപുലീകരിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളേയും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് രാജ്യത്തിൻ്റെ സ്വയംപര്യാപ്തതയ്ക്കും ആഗോള വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണത്തിനും ഒരുപോലെ സംഭാവന നല്കുന്നു.
ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിൻ്റെ ജനകേന്ദ്രീകൃത സ്വഭാവത്തിന് ഊന്നൽ നല്കിക്കൊണ്ട്, വീടുകളേയും കർഷകരേയും ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികളെക്കുറിച്ച് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. പിഎം സൂര്യഘർ: മുഫ്ത് ബിജ്‌ലി യോജന വഴി, രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 2.5 ദശലക്ഷം വീടുകൾക്ക് റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകളുടെ പ്രയോജനം ലഭിച്ചു. 2027 മാർച്ചോടെ 10 ദശലക്ഷം വീടുകളിൽ ഈ പദ്ധതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പിഎം-കുസും (PM-KUSUM) പദ്ധതിക്ക് കീഴിൽ, ഡീസൽ പമ്പുകൾ മാറ്റി സ്ഥാപിക്കുന്നതിലൂടെയും കാർഷിക ഫീഡറുകൾ സൗരോർജ്ജവൽക്കരിക്കുന്നതിലൂടെയും ഏകദേശം 2.17 ദശലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.
ആഗോള ഊർജ്ജ പരിവർത്തനത്തിന് അഭൂതപൂർവ്വമായ നിക്ഷേപവും സഹകരണവും ആവശ്യമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 2030-ഓടെ ഇന്ത്യയ്ക്ക് മാത്രം ഏകദേശം 300 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പുനരുപയോഗ ഊർജ്ജ ഉത്പാദനം, സംഭരണം, ഹരിത ഹൈഡ്രജൻ, ഗ്രിഡുകൾ, നിർമ്മാണ മേഖല എന്നിവയിലുടനീളം ഗണ്യമായ അവസരങ്ങൾ സൃഷ്ടിക്കുന്നു. സുസ്ഥിരമായ നയങ്ങളും സുതാര്യമായ വിപണികളും ഉള്ളതിനാൽ, ശുദ്ധമായ ഊർജ്ജ നിക്ഷേപത്തിനുള്ള ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ഇന്ത്യ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത ശ്രീ ജോഷി, സാങ്കേതിക കൈമാറ്റം, കുറഞ്ഞ ചെലവിലുള്ള ഫിനാൻസ്, ശേഷി വർദ്ധിപ്പിക്കൽ, മാനദണ്ഡങ്ങളുടെ ഏകീകരണം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ വികസന മോഹങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പുനരുപയോഗ ഊർജ്ജം വ്യാപിപ്പിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസിക്ക് (IRENA) ഇന്ത്യയുടെ ശക്തമായ പിന്തുണ വീണ്ടും ആവർത്തിച്ചുകൊണ്ട്, ഇന്ത്യയുടെ അനുഭവങ്ങളും സ്ഥാപനങ്ങളും സാങ്കേതിക വൈദഗ്ധ്യവും പങ്കുവെയ്ക്കാൻ രാജ്യം സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഊർജ്ജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് എല്ലാ അംഗരാജ്യങ്ങളുമായും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുമായും ചെറുകിട ദ്വീപ് രാഷ്ട്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇന്ത്യയുടെ ഊർജ്ജ പരിവർത്തനം എന്നത് കേവലം ഉത്പാദന ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, അത് ജനങ്ങളേയും അവസരങ്ങളേയും സുസ്ഥിരമായ ഭാവിയേയും സംബന്ധിച്ചുള്ളതാണെന്നും ശ്രീ ജോഷി എടുത്തുപറഞ്ഞു
അസംബ്ലിയുടെ ഭാഗമായി നടന്ന "ഊർജ്ജ ഭാവിയെ പുനർവിചിന്തനം ചെയ്യുക: പങ്കിട്ട സമൃദ്ധിക്കായുള്ള ധീരമായ ദർശനങ്ങൾ" എന്ന പ്രമേയത്തിലുള്ള ഉന്നതതല സംവാദത്തിലും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പങ്കെടുത്തു. ധനകാര്യം, സാങ്കേതികവിദ്യ, ഭരണനിർവ്വഹണം എന്നിവയിലുള്ള അന്താരാഷ്ട്ര സഹകരണത്തിലൂടെ എല്ലാവർക്കും സമൃദ്ധി ഉറപ്പാക്കുന്ന ജനകേന്ദ്രീകൃതമായ ഊർജ്ജ പരിവർത്തനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു. ഊർജ്ജ പരിവർത്തനം സമത്വത്തിലും എല്ലാവരെയും ഉൾക്കൊള്ളുന്നതിലും അധിഷ്ഠിതമായ ഒരു ജനകീയ പ്രസ്ഥാനമായി മാറണമെന്ന് ഊന്നിപ്പറഞ്ഞ കേന്ദ്രമന്ത്രി, 2025-ൽ ഇന്ത്യ ഏകദേശം 50 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർത്തതായും പറഞ്ഞു.
അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസിയുടെ (IRENA) അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കൂടാതെ വൈസ് പ്രസിഡൻ്റുമാരായ കെനിയ, സോളമൻ ഐലൻഡ്‌സ്, സ്പെയിൻ, ആൻ്റിഗ്വ, ബാർബുഡ എന്നിവയ്ക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇവരുടെ നേതൃത്വം ബഹുരാഷ്ട്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സുസ്ഥിരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ആഗോള ഊർജ്ജ പരിവർത്തനത്തെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം, ശുദ്ധമായ ഊർജ്ജം, ഭക്ഷ്യസുരക്ഷ എന്നിവയിൽ ഇന്ത്യ-യുഎഇ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അമ്‌ന ബിന്ത് അബ്ദുള്ള അൽ ദഹാക്കുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. ചർച്ചയ്ക്കിടെ, 2014-നും 2024-നും ഇടയിൽ ഒപ്പുവെച്ച നിരവധി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലും യുഎഇയുടെ 'നെറ്റ് സീറോ 2050' ലക്ഷ്യത്തിന് അനുസൃതമായും പുനരുപയോഗ ഊർജ്ജം, നിക്ഷേപം, നവീകരണം എന്നിവയിൽ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തം ഇരുപക്ഷവും അവലോകനം ചെയ്തു. പുനരുപയോഗ ഊർജ്ജം, വികേന്ദ്രീകൃത ഊർജ്ജ പരിഹാരങ്ങൾ, ഉത്പാദനം, ഊർജ്ജ സംഭരണം, സാങ്കേതിക സഹകരണം, ബ്ലെൻഡഡ് ഫിനാൻസ് എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിലായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഊർജ്ജ സുരക്ഷയും പ്രതിരോധശേഷിയും ദീർഘകാല സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി ജനകേന്ദ്രീകൃതവും വിപുലീകരിക്കാവുന്നതുമായ സംരംഭങ്ങൾക്ക് ചർച്ചയിൽ മുൻഗണന നല്കി.
IRENA-യെ കുറിച്ച്
സുസ്ഥിര ഊർജ്ജ ഭാവിക്കായുള്ള രാജ്യങ്ങളുടെ പരിവർത്തനത്തെ പിന്തുണയ്ക്കുകയും, അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രധാന വേദിയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു അന്തർദേശീയ സംഘടനയാണ് ഇൻ്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി (IRENA). പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട നയം, സാങ്കേതികവിദ്യ, വിഭവങ്ങൾ, സാമ്പത്തിക വിജ്ഞാനം എന്നിവയുടെ മികവിൻ്റെ കേന്ദ്രമായും വിജ്ഞാനശേഖരമായും ഇത് പ്രവർത്തിക്കുന്നു. നിലവിൽ 170 അംഗങ്ങളും (169 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും) 14 അംഗത്വ നടപടികൾ പൂർണ്ണമായും പൂർത്തിയാക്കാത്ത രാജ്യങ്ങളും ഇതിലുണ്ട്. IRENA- യുടെ സ്ഥാപക അംഗങ്ങളിൽ ഒന്നാണ് ഇന്ത്യ.
IRENA അസംബ്ലിയുടെ പതിനാറാമത് സമ്മേളനവും അനുബന്ധ യോഗങ്ങളും 2026 ജനുവരി 10 മുതൽ 12 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയിൽ നടക്കും. "മനുഷ്യരാശിയെ ശാക്തീകരിക്കുക: പങ്കിട്ട സമൃദ്ധിക്ക് പുനരുപയോഗ ഊർജ്ജം" എന്നതാണ് ഈ അസംബ്ലി സെഷൻ്റെ പ്രമേയം. ലോകമെമ്പാടുമുള്ള പുനരുപയോഗ ഊർജ്ജ വിന്യാസം ത്വരിതപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ ഊന്നിപ്പറയുന്നതിനുമായി ആഗോള നേതാക്കളും ഊർജ്ജ മേഖലയിലെ തീരുമാനങ്ങൾ എടുക്കുന്നവരും ഈ സമ്മേളനത്തിൽ ഒത്തുചേരുന്നു. സാമ്പത്തിക ഉൾച്ചേർക്കൽ, സമത്വം, മാനുഷിക ക്ഷേമം എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
***
(रिलीज़ आईडी: 2213505)
आगंतुक पटल : 12