വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി ലോക പുസ്തകമേള 2026 കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
10 JAN 2026 5:26PM by PIB Thiruvananthpuram
ന്യൂഡൽഹി ലോക പുസ്തകമേള (NDWBF) 2026 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് ഉദ്ഘാടനം ചെയ്തു. ഖത്തർ സാംസ്കാരിക മന്ത്രി അബ്ദുൾറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ അൽ താനി, സ്പെയിൻ സാംസ്കാരിക മന്ത്രി ഏണസ്റ്റ് ഉർട്ടാസുൻ ഡൊമെനെക്, സ്പെയിൻ സാംസ്കാരിക മന്ത്രാലയത്തിലെ ബുക്സ് ഡയറക്ടർ ജനറൽ ശ്രീമതി മരിയ ജോസ് ഗാൽവസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിനീത് ജോഷി, എൻബിടി ചെയർമാൻ ശ്രീ മിലിന്ദ് സുധാകർ മറാഠെ, എൻബിടി ഡയറക്ടർ ശ്രീ യുവരാജ് മാലിക്, ഖത്തർ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ ശ്രീ ധർമ്മേന്ദ്ര പ്രധാൻ "ദി സാഗ ഓഫ് കുഡോപാലി: ദി അൺസംഗ് സ്റ്റോറി ഓഫ് 1857" എന്ന പുസ്തകത്തിൻ്റെ മലയാളം, ബംഗ്ലാ, അസമിയ, പഞ്ചാബി, ഉറുദു, മറാത്തി പതിപ്പുകൾ പ്രകാശനം ചെയ്തു. കുഡോപാലിയുടെ വീരേതിഹാസത്തെക്കുറിച്ചുള്ള വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സിൽ നിന്ന് ഉപഭോക്താവിലേക്ക് (B2C) പുസ്തകമേളയായ NDWBF 2026, ആശയങ്ങളുടെ സംഗമം മാത്രമല്ല, ഇന്ത്യയുടെ ഊർജ്ജസ്വലമായ വായനാസംസ്കാരത്തിൻ്റെ ആഘോഷം കൂടിയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. “ഇന്ത്യൻ സൈനിക ചരിത്രം: വീര്യവും വിവേകവും @ 75” എന്ന പ്രമേയവും ഖത്തർ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തവും പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാംബൽപൂർ മണ്ണിലെ സ്വാതന്ത്ര്യ സമരത്തിൻ്റെ അറിയപ്പെടാത്ത അധ്യായങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന "ദി സാഗ ഓഫ് കുഡോപാലി: ദി അൺടോൾഡ് സ്റ്റോറി ഓഫ് 1857" എന്ന പുസ്തകം ബംഗാളി, ആസാമീസ്, പഞ്ചാബി, മറാത്തി, മലയാളം, ഉറുദു എന്നിവയുൾപ്പെടെ 9 ഇന്ത്യൻ ഭാഷകളിലും ഒരു അന്താരാഷ്ട്ര ഭാഷയായ സ്പാനിഷ് ഭാഷയിലും പുറത്തിറങ്ങിയിട്ടുണ്ടെന്ന് ശ്രീ പ്രധാൻ പറഞ്ഞു. പുസ്തകം നേരത്തെ ഹിന്ദി, ഇംഗ്ലീഷ്, ഒഡിയ ഭാഷകളിൽ പുറത്തിറങ്ങിയിരുന്നുവെന്നും ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. വീർ സുരേന്ദ്ര സായിയുടെ പൈതൃകത്തെയും രക്തസാക്ഷികളുടെ ത്യാഗത്തെയും ആദരിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ ബഹുഭാഷാ പാരമ്പര്യത്തെയും ആഗോള സംഭാഷണത്തെയും ശക്തിപ്പെടുത്തുന്നതാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വായനയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയെന്നും, പ്രധാനമന്ത്രിയുടെ 'വികസിത് ഭാരത്' എന്ന ദർശനം അടിസ്ഥാന സൗകര്യങ്ങളിലോ സാങ്കേതികവിദ്യയിലോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, മറിച്ച് രാഷ്ട്രനിർമ്മാണത്തിൻ്റെ അടിത്തറയായി അറിവിനെ അംഗീകരിക്കുന്ന, അവബോധമുള്ള, ചിന്താശേഷിയുള്ള, അറിവ് നയിക്കുന്ന ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിൽ ആഴത്തിൽ വേരൂന്നിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
എൻബിടി ഇന്ത്യയെ അഭിനന്ദിച്ച അദ്ദേഹം പുസ്തകമേളയുടെ വിജയകരമായ നടത്തിപ്പിന് ആശംസകൾ നേർന്നു. പുസ്തകങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഈ പരിപാടി രാജ്യത്തിൻ്റെ വായനാ സംസ്കാരത്തിലേക്ക് പുതിയ ഊർജ്ജം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്പെയിൻ-ഇന്ത്യ ഡ്യുവൽ ഇയർ 2026-ൻ്റെ ഭാഗമായുള്ള സ്പെയിനിൻ്റെ പങ്കാളിത്തത്തെ സ്പെയിൻ സാംസ്കാരിക മന്ത്രി ഏണസ്റ്റ് ഉർട്ടാസുൻ ഡൊമെനെക് എടുത്തുപറഞ്ഞു. സ്പാനിഷ് ഭാഷയിലും സാഹിത്യത്തിലും ഇന്ത്യയിൽ താല്പര്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സ്പാനിഷ് എഴുത്തുകാരെ ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഈ മേള മികച്ച അവസരമൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹുവാൻ റാമോൺ ജിമെനെസും രവീന്ദ്രനാഥ ടാഗോറും തമ്മിലുണ്ടായിരുന്ന ചരിത്രപരമായ സാഹിത്യ ബന്ധം അദ്ദേഹം അനുസ്മരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ ആഴമാണ് ഖത്തറിൻ്റെ പങ്കാളിത്തത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഖത്തർ സാംസ്കാരിക മന്ത്രി അബ്ദുൾറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് അൽ താനി പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും രാഷ്ട്രനിർമ്മാണത്തിനും സാംസ്കാരിക വിനിമയവും അറിവും അടിസ്ഥാനമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ B2C പുസ്തകമേളയായ ന്യൂഡൽഹി ലോക പുസ്തകമേള (NDWBF), 2026 ജനുവരി 10 മുതൽ 18 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. ആദ്യമായാണ് പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമാക്കുന്നത്. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷനാണ് മേളയുടെ സഹ-സംഘാടകർ. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈ പുസ്തകമേളയിൽ 35-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,000-ത്തിലധികം പ്രസാധകർ ഒത്തുചേരും. 1,000-ത്തിലധികം പ്രഭാഷകർ പങ്കെടുക്കുന്ന 600-ലേറെ പരിപാടികൾ ഇവിടെ നടക്കും. ഏകദേശം 20 ലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഇന്ത്യൻ സൈനിക ചരിത്രം: വീര്യവും വിവേകവും @ 75” എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രമേയം. ഇതിനോടൊപ്പം വന്ദേമാതരത്തിൻ്റെ 150 വർഷങ്ങളും സർദാർ വല്ലഭായ് പട്ടേലിൻ്റെ ജീവിതവും (Sardar Vallabhbhai Patel @ 150) ആഘോഷിക്കുന്ന പ്രത്യേക പ്രദർശനങ്ങളും മേളയുടെ ഭാഗമാകും.
NDWBF 2026-ൻ്റെ പ്രധാന ആകർഷണം “ഇന്ത്യൻ സൈനിക ചരിത്രം: വീര്യവും വിവേകവും @ 75” എന്ന പേരിലുള്ള തീം പവിലിയനാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കര, നാവിക, വ്യോമസേനകൾ നടത്തിയ ധീരതയെയും ത്യാഗത്തെയും രാഷ്ട്രനിർമ്മാണത്തിൽ അവർ വഹിച്ച പങ്കിനെയും ആദരിക്കുന്ന 1,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പവലിയനാണിത്. 360 ഡിഗ്രിയിൽ അനുഭവവേദ്യമാകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പവിലിയനിൽ 500-ലധികം പുസ്തകങ്ങൾ, ക്യൂറേറ്റ് ചെയ്ത പ്രദർശനങ്ങൾ, പോസ്റ്ററുകൾ, ഡോക്യുമെൻ്ററികൾ, ഇൻസ്റ്റലേഷനുകൾ എന്നിവ ഉണ്ടായിരിക്കും. അർജുൻ ടാങ്ക്, ഐഎൻഎസ് വിക്രാന്ത്, എൽസിഎ തേജസ് എന്നിവയുടെ മാതൃകകൾ, 21 പരം വീരചക്ര പുരസ്കാര ജേതാക്കൾക്കുള്ള ആദരവ്, 1947-ലെ ബുഡ്ഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള പ്രധാന യുദ്ധങ്ങളെയും സൈനിക നീക്കങ്ങളെയും കുറിച്ചുള്ള സെഷനുകൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്.
*****
(रिलीज़ आईडी: 2213349)
आगंतुक पटल : 14