യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത് ഭാരത് യുവ നേതൃസംവാദം രണ്ടാം ദിവസത്തിലേക്ക്; ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രൗഢോജ്ജ്വല തുടക്കം

प्रविष्टि तिथि: 10 JAN 2026 5:32PM by PIB Thiruvananthpuram

യുവജനകാര്യ-കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യുവ നേതൃസംവാദം (VBYLD 2026) രണ്ടാം ദിവസത്തിന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രൗഢമായ ഉദ്ഘാടനച്ചടങ്ങോടെ തുടക്കമായി. കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ, യുവജനകാര്യ സെക്രട്ടറി ഡോ. പല്ലവി ജെയ്ൻ ഗോവിൽ, അഡീഷണൽ സെക്രട്ടറി ശ്രീ നിതേഷ് കുമാർ മിശ്ര എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. യുവജന ശാക്തീകരണം, നേതൃപാടവം, രാഷ്ട്രസേവനം എന്നിവയില്‍  രാജ്യത്തെ യുവതയ്ക്ക് ഇന്നും പ്രചോദനം പകരുന്ന സ്വാമി വിവേകാനന്ദൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പരമ്പരാഗത ദീപം തെളിയിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.

 

 

ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത ഡോ. മൻസുഖ് മാണ്ഡവ്യ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പങ്കാളികളെ സ്വാഗതം ചെയ്യുകയും ഉദ്യമത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ പ്രശംസിക്കുകയും ചെയ്തു. ആദ്യഘട്ട ക്വിസ് മത്സരത്തില്‍ ഏകദേശം 50 ലക്ഷം യുവാക്കൾ പങ്കെടുത്തതായും  ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ലക്ഷം പേർ നിശ്ചിത പത്ത് വിഷയങ്ങളിലൊന്നില്‍ ഉപന്യാസം സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പ്രഗത്ഭരായ പ്രൊഫസര്‍മാര്‍ വിലയിരുത്തിയ ഉപന്യാസങ്ങളിൽ നിന്ന് സംസ്ഥാന തലത്തിൽ ആശയങ്ങൾ അവതരിപ്പിക്കാൻ 30,000 പേരെ തിരഞ്ഞെടുത്തു. ഇക്കൂട്ടത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 3,000 യുവ നേതാക്കൾക്ക് പരിഷ്കരിച്ച ആശയങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കാൻ അവസരം ലഭിക്കും. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നടത്തുന്ന പ്രയാണത്തില്‍ രാജ്യത്തെ യുവതയില്‍ അചഞ്ചലമായ വിശ്വാസമർപ്പിക്കുന്ന പ്രധാനമന്ത്രി ദേശീയ യുവജന ദിനത്തിൽ യുവനേതാക്കളുമായി മണിക്കൂറുകളോളം നേരിട്ട് സംവദിക്കുകയും അവരുടെ ആശയങ്ങൾ കേൾക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

 

 

യുവാക്കളാണ് രാജ്യത്തിൻ്റെ ചാലകശക്തിയെന്ന് വിശദീകരിച്ച ഡോ. മാണ്ഡവ്യ രാഷ്ട്രീയ പിന്തുണയില്ലാതെ അടിസ്ഥാന തലത്തിൽ നിന്ന് നേതൃപാടവം വളർത്തിയെടുക്കുന്ന പ്രക്രിയയാണ് വികസിത് ഭാരത് യുവ നേതൃസംവാദമെന്ന് വ്യക്തമാക്കി. വികസിത ഭാരതമെന്നത് സർക്കാർ തനിയെ കൈവരിക്കേണ്ടതല്ലെന്നും  മറിച്ച് രാജ്യത്തിനായി വിഭാവനം ചെയ്ത പഞ്ചപ്രതിജ്ഞകളാല്‍ നയിക്കപ്പെടുന്ന 140 കോടി പൗരന്മാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അത് സാധ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു. 'രാഷ്ട്രം പ്രഥമം' എന്ന മന്ത്രം ഉയർത്തിപ്പിടിക്കണമെന്നും അച്ചടക്കത്തോടും അർപ്പണബോധത്തോടും കൂടി കര്‍ത്തവ്യങ്ങള്‍ നിർവഹിക്കണമെന്നും അദ്ദേഹം യുവജനങ്ങളോട് അഭ്യർത്ഥിച്ചു. ജനസംഖ്യാപരമായ ഇന്ത്യയുടെ അനുകൂല നേട്ടങ്ങളെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം കോവിഡിന് ശേഷം രാജ്യം സ്ഥിരതയാർന്ന പുരോഗതി കൈവരിക്കുന്നതായും തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതായും നിരീക്ഷിച്ചു.

ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ സ്വന്തം യുവത്വം അനുസ്മരിക്കുകയും വ്യക്തിജീവിതത്തിലും രാഷ്ട്രത്തിൻ്റെ വിധി നിർണയിക്കുന്നതിലും ശരിയായ തീരുമാനങ്ങളെടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഓരോ ദിവസവും കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ നിലവാരമാണ് ഒരാളുടെ ജീവിതത്തിൻ്റെ ഗതിയും വേഗവും നിർണയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതല്‍ ഈ കഴിവ് ബോധപൂർവം വളർത്തിയെടുക്കാൻ യുവനേതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു. യുവതയുടെ ഏറ്റവും വലിയ കരുത്ത് ശരിയായ തിരഞ്ഞെടുപ്പുകളിലാണെന്ന് അഭിപ്രായപ്പെട്ട ശ്രീ അജിത് ഡോവല്‍ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ദീർഘവീക്ഷണത്തോടും അച്ചടക്കത്തോടുംകൂടി പ്രായോഗിക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ത്യാഗങ്ങളെ  അനുസ്മരിച്ച അദ്ദേഹം കരുത്തും ആത്മവിശ്വാസവും കൈമുതലാക്കിയ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു. 

 

   

 

പ്രചോദനം താൽക്കാലികമാണെന്നും അച്ചടക്കം ശാശ്വതമാണെന്നും വിശദീകരിച്ച അദ്ദേഹം അച്ചടക്കത്തെ ദൈനംദിന പ്രചോദനമാക്കി മാറ്റാനും ഒട്ടും വൈകാതെ പ്രവർത്തിച്ച് തുടങ്ങാനും യുവ നേതാക്കളോട് നിര്‍ദേശിച്ചു. സ്വയം വിശ്വാസമര്‍പ്പിച്ച് മുന്നേറാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ച അദ്ദേഹം അവരുടെ തീരുമാനങ്ങളിൽ അഞ്ചുവർഷത്തെ പ്രതിബദ്ധത പുലർത്താൻ ആഹ്വാനം ചെയ്തു. അചഞ്ചലമായ ഇച്ഛാശക്തി കാലക്രമേണ അജയ്യത കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചോദ്യോത്തര വേളയിൽ യുവ പങ്കാളികളുമായി സംവദിച്ച ശ്രീ ഡോവൽ നിർണായക സാഹചര്യങ്ങളിൽ സമ്മർദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും യുക്തിസഹമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെക്കുറിച്ചും ഉൾക്കാഴ്ചകൾ പങ്കുവെച്ചു.

ഏകദേശം 50 ലക്ഷം യുവാക്കൾ ഉൾപ്പെട്ട അഞ്ചുമാസം നീണ്ടുനിന്ന രാജ്യവ്യാപക പ്രക്രിയയുടെ പരിസമാപ്തിയാണ് സംവാദവേദിയെന്നും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മികച്ച യുവ നേതാക്കളെ തിരഞ്ഞെടുക്കാന്‍ ഇത് വഴിയൊരുക്കിയെന്നും സ്വാഗതഭാഷണത്തില്‍ ഡോ. പല്ലവി ജൈൻ ഗോവിൽ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ക്ക് അവര്‍ നന്ദി അറിയിച്ചു. യുവജനങ്ങളുടെ ശബ്ദം കേൾക്കാനും അവരുടെ ആശയങ്ങൾ മനുഷ്യകേന്ദ്രീകൃതവും രൂപകല്പനാധിഷ്ഠിതവുമായ സമീപനത്തിലൂടെ നയരൂപീകരണത്തില്‍ ഉൾപ്പെടുത്താനും മികച്ച വേദിയാണ് വികസിത് ഭാരത് യുവ നേതൃസംവാദമെന്ന് അവർ വ്യക്തമാക്കി. രാജ്യത്തുടനീളം 144 നഗരങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വികസിത ഭാരത് കൂട്ടയോട്ടം ഇന്ത്യയുടെ മൃദു ശക്തി പ്രദർശിപ്പിക്കുന്ന സുപ്രധാന സംരംഭമാണെന്ന് അവർ കൂട്ടിച്ചേർത്തു.

വേദിയിലെ വിശിഷ്ട വ്യക്തികൾക്കും പ്രഭാഷകർക്കും സംഘാടകർക്കും യുവ പങ്കാളികൾക്കും അവരുടെ  സജീവ ഇടപെടലുകൾക്ക് നന്ദി രേഖപ്പെടുത്തിയ യുവജനകാര്യ അഡീഷണൽ സെക്രട്ടറി ശ്രീ നിതേഷ് കുമാർ മിശ്രയുടെ നന്ദി പ്രകാശനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സമാപിച്ചത്. വികസിത് ഭാരത് യുവനേതൃസംവാദം പോലുള്ള തുടർച്ചയായ സംവാദങ്ങളിലൂടെയും പങ്കാളിത്ത വേദികളിലൂടെയും യുവജന നേതൃത്വത്തെ പരിപോഷിപ്പിക്കാന്‍ മന്ത്രാലയം കൈക്കൊള്ളുന്ന പ്രതിബദ്ധത ആവർത്തിച്ച അദ്ദേഹം വരാനിരിക്കുന്ന സെഷനുകള്‍ പരമാവധി പ്രയോജനപ്പെടുത്താൻ പങ്കാളികളെ  പ്രോത്സാഹിപ്പിച്ചു.  

പരിപാടിയില്‍ പങ്കെടുത്തവര്‍ പ്ലീനറി സെഷന് ശേഷം പത്ത് പ്രമേയങ്ങളെ അടിസ്ഥാനമാക്കി സെഷനുകള്‍ സംഘടിപ്പിച്ച വേദികളിലേക്ക് മാറി. സെഷനുകൾ നയിച്ചവര്‍‌ ഓരോ പ്രമേയത്തിൻ്റെയും ചട്ടക്കൂടും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. തുടർന്ന് പ്രമുഖ വിഷയ വിദഗ്ധരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചർച്ചകൾ സഹകരണാത്മക പഠനവേദിയൊരുക്കി. പ്രശ്നങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്നതിലും ആശയങ്ങൾ കൈമാറുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച ചർച്ചകളിലൂടെ വിദഗ്ധ മാർഗനിർദേശം പ്രയോജനപ്പെടുത്താന്‍ ഇത് പങ്കാളികള്‍ക്ക് അവസരമൊരുക്കി.

For more information click on the link:  https://www.pib.gov.in/PressReleseDetail.aspx?PRID=2213265&reg=3&lang=2&v

****


(रिलीज़ आईडी: 2213325) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Kannada