PIB Headquarters
ഇന്ത്യയുടെ സൗരോർജ്ജ മുന്നേറ്റം
129 ജിഗാവാട്ട് സൗരോർജ്ജത്തിനായുള്ള ഇന്ത്യയുടെ ശ്രമം മൊത്തം സ്ഥാപിത വൈദ്യുതി ശേഷിയുടെ 50% ത്തിലധികമായി ഫോസിൽ ഇതര ഇന്ധനങ്ങളുടെ പങ്ക് വർദ്ധിപ്പിച്ചു.
प्रविष्टि तिथि:
06 DEC 2025 9:44AM by PIB Thiruvananthpuram
|
പ്രധാന വസ്തുതകൾ
- ഇന്ത്യയുടെ സൗരോർജ്ജ ശേഷി 2014-ലെ 3 GW-ൽ നിന്ന് 2025-ൽ 129 GW ആയി ഉയർന്നു.
- ഇന്ത്യയുടെ 500 GW ശേഷിയുടെ 50% കടന്ന് ഫോസിലിതര ഊർജ്ജം.
- പി.എം.സൂര്യഘർ പദ്ധതിയിലൂടെ 22.65 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകിക്കൊണ്ട് മേൽക്കൂര സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചു.
- പി.എം.കുസും പദ്ധതി കർഷകർക്കായി 9.2 ലക്ഷം സോളാർ പമ്പുകൾ ലഭ്യമാക്കി, ഇത് കാർഷിക മേഖലയിൽ ശുദ്ധ ഊർജ്ജ ഉപയോഗം വർദ്ധിപ്പിച്ചു.
|
ആമുഖം
ഇന്ത്യയുടെ സൗരോർജ്ജ യാത്ര ആഗോള ശുദ്ധ ഊർജ്ജ നേതാവെന്ന നിലയിലുള്ള വളർച്ചയിൽ കരുത്തുപകരുന്നു. ഗുരുഗ്രാമിലെ ഇന്റർനാഷണൽ സോളാർ അലയൻസ് (ISA) ആസ്ഥാനം സ്ഥാപിച്ചതും അതിന്റെ ആതിഥേയത്വം വഹിക്കുന്നതും വഴി, 125-ൽ അധികം അംഗരാജ്യങ്ങളിലുടനീളം സൗരോർജ്ജ വിന്യാസം, ധനസഹായം, സാങ്കേതിക കൈമാറ്റം എന്നിവയ്ക്ക് ഇന്ത്യ നേതൃത്വം നൽകി. 2025 ഒക്ടോബറിൽ ന്യൂഡൽഹിയിൽ ഇന്ത്യ 8-ാമത് ISA അസംബ്ലിക്ക് ആതിഥേയത്വം വഹിച്ചു. ഇത് സൗരോർജ്ജ മൂല്യ ശൃംഖലകൾ, എല്ലാവർക്കുമുള്ള ലഭ്യത, സൗരോർജ്ജത്തിന്റെ ത്വരിതപ്പെടുത്തിയ സ്വീകാര്യത എന്നിവയ്ക്കുള്ള തന്ത്രങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ലോകമെമ്പാടുമുള്ള മന്ത്രിമാരെയും പ്രതിനിധികളെയും ഒരുമിപ്പിച്ചു.
കഴിഞ്ഞ ദശകത്തിലെ സൗരോർജ്ജ പ്ലാന്റുകളുടെ കുതിച്ചുചാട്ടം ഇന്ത്യയുടെ ആകെ സ്ഥാപിത വൈദ്യുതി ശേഷി ഇരട്ടിയാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. നിലവിൽ, സൗരോർജ്ജ ശേഷി 129 GW ആണ്. അതേസമയം ഫോസിലിതര വൈദ്യുതി ശേഷി 259 ജിഗാവാട്ട് കവിഞ്ഞു, 2025 ഒക്ടോബർ വരെ ഇത് രാജ്യത്തിന്റെ മൊത്തം സ്ഥാപിത വൈദ്യുതി ശേഷിയുടെ 50% ത്തിലധികം വരും, ഇത് കുറഞ്ഞ കാർബൺ ഊർജ്ജത്തിലേക്കുള്ള ചരിത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
വേഗത്തിലുള്ള ആഭ്യന്തര വിന്യാസവും ആഗോള സഹകരണവും സംയോജിപ്പിച്ചുകൊണ്ട്, ലോകത്തിന് മാതൃകയാക്കാവുന്ന, സുസ്ഥിരവും സൗരോർജ്ജത്താൽ പ്രവർത്തിക്കുന്നതുമായ ഒരു ഊർജ്ജ ഭാവിക്കായി ഇന്ത്യ അടിത്തറയിടുന്നു.
ഹരിത പരിവർത്തനത്തിന്റെ പ്രേരകശക്തി; പഞ്ചാമൃത് ചട്ടക്കൂടിന് കീഴിലുള്ള ഇന്ത്യയുടെ കർമ്മപദ്ധതി
പുനരുപയോഗ ഊർജ്ജ വിപുലീകരണത്തിലെ അതിവേഗ പുരോഗതിക്ക് കാരണം വിപണിയിലെ മുന്നേറ്റം മാത്രമല്ല, ശക്തമായ നയപരവും തന്ത്രപരവുമായ ചട്ടക്കൂടുകൾ കൂടിയാണ്. ഗ്ലാസ്‌ഗോയിലെ COP26-ൽ (2021 നവംബർ) പ്രഖ്യാപിച്ച പഞ്ചാമൃത് പ്രഖ്യാപനത്തിന് കീഴിൽ വിശദീകരിച്ച ദേശീയ ലക്ഷ്യങ്ങളും ആഗോള കാലാവസ്ഥാ പ്രതിബദ്ധതകളും സുസ്ഥിരമായ ഊർജ്ജ ഭാവിക്കായി വ്യക്തമായ ഒരു കർമ്മപദ്ധതി നൽകുന്നു.
പഞ്ചാമൃത് ചട്ടക്കൂടിന്റെ അഞ്ച് പ്രധാന ഘടകങ്ങൾ താഴെ പറയുന്നു:
- 2030-ഓടെ 500 GW ഫോസിലിതര ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥാപിത വൈദ്യുതി ശേഷി: സൗരോർജ്ജം, കാറ്റ്, ബയോമാസ്, ജലവൈദ്യുതി, ആണവോർജ്ജം എന്നിവ ഉൾക്കൊള്ളുന്ന ഈ ലക്ഷ്യം, ഇന്ത്യയുടെ വൈദ്യുതി മിശ്രിതത്തിൽ ശുദ്ധ ഊർജ്ജത്തിന്റെ പങ്ക് ഗണ്യമായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
- 2030-ഓടെ ഫോസിലിതര സ്രോതസ്സുകളിൽ നിന്ന് സ്ഥാപിത വൈദ്യുതി ശേഷിയുടെ 50% വിഹിതം: ഊർജ്ജ പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- 2030-ഓടെ ആകെ കാർബൺ ഉദ്‌വമനത്തിൽ 1 ബില്യൺ ടണ്ണിന്റെ കുറവ്: ശുദ്ധമായ ഊർജ്ജത്തിലൂടെയും മെച്ചപ്പെടുത്തിയ കാര്യക്ഷമതാ നടപടികളിലൂടെയും ഹരിതഗൃഹ വാതക ഉദ്‌വമനം ലഘൂകരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
- 2030-ഓടെ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രതയിൽ 45% കുറവ് (2005-ലെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ): ഊർജ്ജ കാര്യക്ഷമത, കുറഞ്ഞ കാർബൺ സാങ്കേതികവിദ്യകൾ, സുസ്ഥിരമായ വ്യാവസായിക രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
- 2070-ഓടെ നെറ്റ് സീറോ എമിഷൻ: കാർബൺ നീക്കം ചെയ്യലുമായി ഉദ്‌വമനം സന്തുലിതമാക്കാൻ ലക്ഷ്യമിടുന്ന ദീർഘകാല ലക്ഷ്യം, സുസ്ഥിര വികസനം ഉറപ്പാക്കുന്നു.

ഇന്ത്യയുടെ സൗരോർജ്ജ കുതിപ്പ്: 40 മടങ്ങിലധികം ശ്രദ്ധേയമായ വർധന
കഴിഞ്ഞ ദശകത്തിൽ സൗരോർജ്ജ മേഖല അഭൂതപൂർവമായ വേഗതയിലാണ് വികസിച്ചത്. 2014-ലെ കേവലം 3 GW-ൽ നിന്ന് 2025 ഒക്ടോബറോടെ 129.92 GW ആയി വർധിച്ചു — ഇത് 40 മടങ്ങിലധികം ശ്രദ്ധേയമായ വർധനയാണ്. ഈ ദ്രുതഗതിയിലുള്ള വളർച്ച കാറ്റ്, ജലവൈദ്യുതി, ബയോമാസ് ശേഷി എന്നിവയെ മറികടന്ന് പുനരുപയോഗ ഊർജ്ജ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വലിയ സംഭാവനയായി സൗരോർജ്ജത്തെ മാറ്റി.
സൗരോർജ്ജ ശേഷിയിലെ ഈ കുതിച്ചുചാട്ടം മൊത്തത്തിലുള്ള ഊർജ്ജ മിശ്രിതത്തിൽ പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക് ക്രമാനുഗതമായി വർധിപ്പിക്കുന്നു. ഈ നേട്ടങ്ങൾ കുറഞ്ഞ കാർബൺ ഊർജ്ജ പരിവർത്തനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും സുസ്ഥിരവും സുരക്ഷിതവുമായ വൈദ്യുതി സംവിധാനം കെട്ടിപ്പടുക്കുന്നതിൽ സൗരോർജ്ജത്തിന്റെ നിർണ്ണായക പങ്ക് എടുത്തുകാണിക്കുകയും ചെയ്യുന്നു.

|
ആഗോള പുനരുപയോഗ ഊർജ്ജ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം
IRENA റിന്യൂവബിൾ എനർജി സ്റ്റാറ്റിസ്റ്റിക്സ് 2025 അനുസരിച്ച്, ഇന്ത്യയുടെ റാങ്കിംഗ്:
- സൗരോർജ്ജത്തിൽ 3-ാം സ്ഥാനം
- കാറ്റിൽ നിന്നുള്ള ഊർജ്ജത്തിൽ 4-ാം സ്ഥാനം
- സ്ഥാപിത പുനരുപയോഗ ഊർജ്ജ ശേഷിയിൽ ആഗോളതലത്തിൽ 4-ാം സ്ഥാനം
ആഗോള ശുദ്ധ ഊർജ്ജ വിപണികളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും എല്ലാവർക്കും താങ്ങാനാവുന്നതും, പ്രാപ്യവും, സുസ്ഥിരവുമായ ഊർജ്ജം വികസിപ്പിക്കുന്നതിൽ അതിന്റെ നിർണായക പങ്കിനെയും ഈ റാങ്കിംഗുകൾ അടിവരയിടുന്നു.
|
നയം പ്രാവർത്തികമാകുന്നു: ഇന്ത്യയുടെ സൗരോർജ്ജ അഭിലാഷങ്ങളെ ത്വരിതപ്പെടുത്തുന്നു
ഇന്ത്യയുടെ നെറ്റ്-സീറോ എമിഷൻ കൈവരിക്കാനുള്ള പ്രതിബദ്ധത, വിവിധങ്ങളായ ബൃഹദ് ഗവൺമെന്റ് പദ്ധതികളിലൂടെ പ്രവർത്തനക്ഷമമാക്കി മാറ്റുന്നു. പുനരുപയോഗ ഊർജ്ജ ഉപയോഗം ത്വരിതപ്പെടുത്താനും സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ ക്ലീൻ ടെക്നോളജി ഇക്കോസിസ്റ്റം ശക്തിപ്പെടുത്താനും വേണ്ടിയാണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പിഎം സൂര്യ ഘർ
മുഫ്ത് ബിജ്‍ലി യോജന പിഎം സൂര്യ ഘർ മിഷൻ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജത്തിലേക്കും നെറ്റ്-സീറോ എമിഷനിലേക്കുമുള്ള മുന്നേറ്റത്തിലെ പ്രധാന സ്തംഭങ്ങളിൽ ഒന്നാണ്. 2024 ഫെബ്രുവരി 13-ന് കേന്ദ്ര മന്ത്രിസഭാ അംഗീകാരത്തോടെ ആരംഭിച്ച പദ്ധതിയുടെ ആകെ ചെലവ് ₹75,021 കോടിയാണ്. ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സോളാർ സംവിധാന വിതരണത്തിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതിലൂടെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ സ്വീകരിക്കുന്നതിനെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. 2025 മാർച്ച് വരെ 22.65 ലക്ഷം കുടുംബങ്ങൾക്ക് പുരപ്പുറ സോളാർ പ്ലാന്റുകൾ പൂർത്തിയാക്കി. 1 കോടി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വീടുകൾ എന്ന ലക്ഷ്യത്തിലേക്ക് പദ്ധതി അതിവേഗം മുന്നേറുകയാണ്.

ദേശീയ സൗരോർജ്ജ മിഷൻ (NSM)
2010 ജനുവരിയിൽ ആരംഭിച്ച ദേശീയ സൗരോർജ്ജ മിഷൻ രാജ്യത്തുടനീളം വലിയ തോതിലുള്ള സൗരോർജ്ജ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന പദ്ധതിയാണ്. കുറഞ്ഞ കാർബൺ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയിലും പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങളും കൈവരിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു.
NSM-ൻ്റെയും അനുബന്ധ സംരംഭങ്ങളുടെയും നയപരമായ പിന്തുണ കാരണം കഴിഞ്ഞ ദശകത്തിൽ സൗരോർജ്ജ ശേഷി വലിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. വിവിധ സോളാർ സാങ്കേതികവിദ്യകളാണ് ഈ വളർച്ചയ്ക്ക് പിന്നിൽ.
- ഗ്രൗണ്ട് മൗണ്ടഡ് സൗരോർജ പ്ലാൻ്റുകൾ - 98.72 GW
- ഗ്രിഡ് ബന്ധിത പുരപ്പുറ സോളാർ സംവിധാനങ്ങൾ - 22.42 GW
- ഹൈബ്രിഡ് സോളാർ പദ്ധതികൾ (സോളാർ ഘടകം മാത്രം) - 3.32 GW
- ഓഫ്-ഗ്രിഡ് സോളാർ സംവിധാനങ്ങൾ - 5.45 GW
പുനരുപയോഗ ഊർജ്ജ വിന്യാസത്തിൽ ഇന്ത്യയുടെ തുടർച്ചയായ നേതൃത്വത്തെ ഈ പുരോഗതി പ്രകടമാക്കുന്നു, കൂടാതെ പാരീസ് ഉടമ്പടി പ്രകാരം വാഗ്ദാനം ചെയ്തതും COP ഉച്ചകോടിയിൽ ആവർത്തിച്ചതുമായ 2030-ഓടെ 500 GW ഫോസിലിതര ഇന്ധനാധിഷ്ഠിത ഊർജ്ജ ശേഷി കൈവരിക്കുക എന്ന വലിയ ലക്ഷ്യവുമായി ഇത് പൊരുത്തപ്പെടുന്നു.
സോളാർ പിവിക്ക് വേണ്ടിയുള്ള ഉല്പാദന ബന്ധിത പ്രോത്സാഹന (പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് – PLI) പദ്ധതി
ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകളിൽ ഗിഗാ വാട്ട് (GW) തോതിലുള്ള ഉൽപ്പാദന ശേഷി കൈവരിക്കുന്നതിനായി, കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) PLI പദ്ധതി നടപ്പാക്കുന്നു. ₹ 24,000 കോടിയാണ് ആകെ ചെലവ്. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനുമാണ് ഇത്. കമ്മീഷൻ ചെയ്തതിന് ശേഷം അഞ്ച് വർഷത്തേക്ക്, സുതാര്യമായ പ്രക്രിയയിലൂടെയുള്ള തിരഞ്ഞെടുപ്പോടെ, യഥാർത്ഥ വിൽപ്പനയും കാര്യക്ഷമതയും അടിസ്ഥാനമാക്കി, ഈ പദ്ധതി പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത് - ട്രാൻചെ I (₹4,500 കോടി, ഏപ്രിൽ 2021 ന് അംഗീകരിച്ചത്) ട്രാൻചെ II (₹19,500 കോടി, സെപ്റ്റംബർ 2022 ന് അംഗീകരിച്ചത്) - 48,337 മെഗാവാട്ട് സംയോജിതവും ഭാഗികമായി സംയോജിതവുമായ ഉൽപ്പാദന ശേഷി സ്ഥാപിക്കുന്നതിനുള്ള ലെറ്റർ ഓഫ് അവാർഡ് പുറപ്പെടുവിച്ചു.
|
നിങ്ങൾക്കറിയാമോ?
2025 സെപ്റ്റംബർ വരെ, സോളാർ പിവിക്കായുള്ള പിഎൽഐ പദ്ധതി ₹52,900 കോടി നിക്ഷേപം ആകർഷിക്കുകയും ഏകദേശം 44,400 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പിഎൽഐ തുക പ്രാദേശിക ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു, ശക്തമായ ഒരു സോളാർ പിവി ആവാസവ്യവസ്ഥയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നു, നൂതന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നു, ഇന്ത്യയുടെ ഊർജ്ജ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നു.
|
2025 ജൂൺ വരെ, ഈ പദ്ധതി ₹48,120 കോടി നിക്ഷേപം ആകർഷിക്കുകയും ഏകദേശം 38,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. PLI തുക പ്രാദേശിക ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു, ശക്തമായ ഒരു സോളാർ PV ആവാസവ്യവസ്ഥയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നു, നൂതന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നു, ഇന്ത്യയുടെ ഊർജ്ജ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നു.
പിഎം-കുസും പദ്ധതി
2019 ൽ ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (പിഎം-കുസും) പദ്ധതി കർഷകരെ ഊർജ്ജ ഉൽപാദകരാക്കുന്നതിലൂടെ കാർഷിക മേഖലയിൽ സൗരോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. പദ്ധതിയിൽ മൂന്ന് ഘടകങ്ങൾ ഉൾപ്പെടുന്നു:
ഘടകം എ: തരിശായതോ പാഴായതോ ആയ ഭൂമിയിലെ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള ചെറിയ പുനരുപയോഗ ഊർജ്ജ പ്ലാന്റുകൾ സ്ഥാപിക്കൽ.
ഘടകം ബി: പരിമിതമായ ഗ്രിഡ് ആക്‌സസ് ഉള്ള പ്രദേശങ്ങളിൽ സോളാർ പമ്പുകൾ സ്ഥാപിക്കൽ.
ഘടകം സി: നിലവിലുള്ള ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള കാർഷിക പമ്പുകളെ സൗരോർജ്ജത്തിൽ പ്രവർത്തനക്ഷമമാക്കുക, ഇതുവഴി കർഷകർക്ക് അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകാൻ അനുവദിക്കുന്നു.

2025 വരെ, 19 ലക്ഷത്തിലധികം പമ്പുകൾ സ്ഥാപിച്ചു/സൗരോർജ്ജത്തിലേക്ക് മാറ്റി, ഇത് രാജ്യവ്യാപകമായി 9.2 ലക്ഷത്തിലധികം കർഷകർക്ക് സ്വതന്ത്ര സോളാർ പമ്പുകൾ പ്രയോജനപ്പെടുത്തി. സൗരോർജ്ജം സ്വീകരിക്കുന്നത് കൂടുതൽ താങ്ങാനാവുന്നതാക്കുന്നതിനായി, ബി, സി ഘടകങ്ങൾക്ക് കീഴിൽ ഗവൺമെൻ്റ് 30% കേന്ദ്ര സാമ്പത്തിക സഹായം (സിഎഫ്എ) നൽകുന്നത്,
വടക്കുകിഴക്കൻ, കുന്നിൻ പ്രദേശങ്ങൾ, ദ്വീപ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇത് 50% ആയി വർദ്ധിപ്പിച്ചു.
സോളാർ പാർക്കുകളും അൾട്രാ-മെഗാ സോളാർ പവർ പ്രോജക്ടുകളും
2014 ഡിസംബറിൽ നവ പുനരുപയോഗ ഊർജ്ജ മന്ത്രാലയം (എംഎൻആർഇ) സോളാർ പാർക്കുകളുടെയും അൾട്രാ-മെഗാ സോളാർ പവർ പ്രോജക്ടുകളുടെയും വികസന പദ്ധതി ആരംഭിച്ചു, പ്രാരംഭ ലക്ഷ്യം 20 ജിഗാവാട്ട് ആയിരുന്നു, പിന്നീട് 2017 മാർച്ചിൽ ഇത് 40 ജിഗാവാട്ടായി ഉയർത്തി. 2025 ഒക്ടോബർ 31 വരെ, 13 സംസ്ഥാനങ്ങളിലായി 39,973 മെഗാവാട്ട് സംയുക്ത ശേഷിയുള്ള 55 സോളാർ പാർക്കുകൾക്ക് അംഗീകാരം ലഭിച്ചു. ഈ പാർക്കുകളിൽ ആകെ 14,922 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്രോജക്ടുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്, ബാക്കി നടപ്പാക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്.
അംഗീകൃതമായ എല്ലാ സോളാർ പാർക്കുകളും പൂർത്തിയാക്കുന്നതിനായി പദ്ധതി 2029 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. വലിയ തോതിലുള്ള സൗരോർജ്ജ പദ്ധതികളുടെ വിന്യാസത്തിനായി ഭൂമി ഏറ്റെടുക്കൽ, പവർ ഇവാക്വേഷൻ സിസ്റ്റം, റോഡ്, ജല സൗകര്യങ്ങൾ തുടങ്ങിയ പങ്കിട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഈ പാർക്കുകൾ സാധ്യമാക്കുന്നു.
സൗരോർജ്ജം: സൗരോർജ്ജത്തിനായുള്ള അന്താരാഷ്ട്ര സഖ്യങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുന്നു
തന്ത്രപരമായ പങ്കാളിത്തങ്ങളിലൂടെയും നവീകരണത്തിലൂടെയും അന്താരാഷ്ട്ര അജണ്ടയിൽ സജീവമായി സംഭാവന നൽകിക്കൊണ്ട്, ശുദ്ധമായ ഊർജ്ജത്തിലും കാലാവസ്ഥാ പ്രവർത്തനത്തിലും ആഗോള നേതാവായി ഇന്ത്യ സ്വയം ഉറച്ചുനിൽക്കുന്നു. മിഷൻ ഇന്നൊവേഷന്റെയും ക്ലീൻ എനർജി മിനിസ്റ്റീരിയലിന്റെയും സ്ഥാപക അംഗമെന്ന നിലയിൽ, സ്മാർട്ട് ഗ്രിഡുകൾ, സുസ്ഥിര ജൈവ ഇന്ധനങ്ങൾ, ഓഫ്-ഗ്രിഡ് വൈദ്യുതീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിർണായക സംരംഭങ്ങൾക്ക് ഇന്ത്യ സഹ-നേതൃത്വം നൽകുന്നു, ഇത് ആഗോള തലത്തിലെ ശുദ്ധമായ സാങ്കേതികവിദ്യ വിന്യാസത്തോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
ഗ്ലാസ്‌ഗോയിൽ (നവംബർ 2021) നടന്ന COP26-ൽ, 2070-ഓടെ നെറ്റ്-സീറോ ബഹിർഗമനം കൈവരിക്കാനുള്ള പ്രതിബദ്ധത ഉൾപ്പെടെയുള്ള പഞ്ചാമൃത് ചട്ടക്കൂട് ഇന്ത്യ അനാച്ഛാദനം ചെയ്തു, ഇത് കാലാവസ്ഥാ മേഖലയിലെ രാജ്യത്തിൻ്റെ നേതൃത്വത്തിന് ആഗോള അംഗീകാരം നൽകി കൊടുത്തു. 2030 ഓടെ ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ശേഷിയുടെ 50% എന്ന ലക്ഷ്യം അഞ്ച് വർഷം മുമ്പേ ഇന്ത്യ മറികടന്നു, ആഗോള ശുദ്ധോർജ്ജ നേതാവെന്ന സ്ഥാനം ശക്തിപ്പെടുത്തി.
ഫ്രാൻസുമായി സഹകരിച്ച് സ്ഥാപിതമായ അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം (ISA) പോലുള്ള തന്ത്രപരമായ സഖ്യങ്ങളിലൂടെ സൗരോർജ്ജത്തിൽ നേതൃത്വം നൽകുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര ഇടപെടലിന്റെ അടിസ്ഥാനമാണ്. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ISA, അംഗരാജ്യങ്ങളിലുടനീളം സൗരോർജ്ജത്തിൽ ആഗോള നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനും വിന്യാസം, സാങ്കേതിക കൈമാറ്റം, ധനകാര്യ സംയോജനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സമർപ്പിച്ചിരിക്കുന്ന ഒരു അന്തർ-ഗവൺമെൻ്റ് സംഘടനയാണ്. 2025 ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടന്ന ISA യുടെ 8-ാമത് അസംബ്ലി, ആഗോള സൗരോർജ്ജ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി 125-ലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരെയും പ്രതിനിധികളെയും ഒരുമിച്ച് കൊണ്ടുവന്നു. സൗരോർജ്ജ ധനസഹായം, കരുത്തുറ്റ വിതരണ ശൃംഖലകൾ, താങ്ങാനാവുന്ന വിലയിലുള്ള പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള സമഗ്രമായ പ്രവേശനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത അസംബ്ലി വീണ്ടും ഉറപ്പിച്ചു, ആഗോള സൗരോർജ്ജ അജണ്ട രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നിർണായക പങ്ക് അടിവരയിട്ടു.
|
ഐഎസ്എയുടെ എട്ടാമത് അസംബ്ലി - പ്രധാന സവിശേഷതകൾ
⦁ അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ (ഐഎസ്എ) ത്തിൻ്റെ എട്ടാമത് അസംബ്ലി 2025 ഒക്ടോബർ 27 മുതൽ 30 വരെ ന്യൂഡൽഹിയിൽ ചേർന്നു.
⦁ ഇന്ത്യയുടെ അധ്യക്ഷതയിൽ 125+ അംഗരാജ്യങ്ങളിൽ നിന്നും
അംഗത്വത്തിന് സന്നദ്ധരായ രാജ്യങ്ങളിൽ നിന്നുമുള്ള 550-ലധികം പ്രതിനിധികളും 30+ മന്ത്രിമാരും യോഗം ചേർന്നു.
⦁ സൗരോർജ്ജം വൈദ്യുതി ഉൽപാദനം മാത്രമല്ല, ശാക്തീകരണത്തെയും സമഗ്ര വികസനത്തെയും കുറിച്ചാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു എടുത്തുപറഞ്ഞു.
⦁ സൗരോർജ്ജ വിപ്ലവത്തിൽ ഒരു സ്ത്രീയോ, ഒരു കർഷകനോ, ഒരു ഗ്രാമമോ, ഒരു ചെറിയ ദ്വീപോ "പിന്നാക്കം" ആകുന്നില്ലെന്ന് ഉറപ്പാക്കുന്ന സമഗ്ര അജണ്ടയ്ക്ക് തുടക്കം കുറിച്ചു.
⦁ "ഒരു സൂര്യൻ, ഒരു ലോകം, ഒരു ഊർജ്ജശൃംഖല" എന്ന ദർശനത്തിന്റെ ശക്തിപ്പെടുത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ, സ്ത്രീ നേതൃത്വം, ഡിജിറ്റൽ ഉൾപ്പെടുത്തൽ എന്നിവ വിജയത്തിന്റെ അളവുകോലുകളായി ഊന്നിപ്പറയുക.
⦁ നാല് തന്ത്രപരമായ സ്തംഭങ്ങൾ നിർവചിച്ചു: കാറ്റലിറ്റിക് ഫിനാൻസ് ഹബ്, ആഗോള ശേഷി വികസന കേന്ദ്രം & ഡിജിറ്റൈസേഷൻ, പ്രാദേശിക & രാജ്യ ഇടപെടൽ, സാങ്കേതികവിദ്യാ മാർഗരേഖ & നയം.
|
ഇതിനു പൂരകമായി, 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ച ഒരു സൂര്യൻ, ഒരു ലോകം, ഒരു ഊർജ്ജശൃംഖല (OSOWOG) സംരംഭം, രാജ്യങ്ങളിലെ പുനരുപയോഗ ഊർജ്ജ ഊർജ്ജശൃംഖലയെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൗരോർജ്ജത്താൽ സമ്പന്നമായ പ്രദേശങ്ങളെ ആഗോളതലത്തിൽ വൈദ്യുതി വിതരണം ചെയ്യാൻ പ്രാപ്തമാക്കുന്നതിലൂടെ, ഊർജ്ജ സുരക്ഷയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തർദേശീയ പുനരുപയോഗ ഊർജ്ജ ശൃംഖല സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
കാലാവസ്ഥാ നേതൃത്വത്തിനും സന്തുലിത വികസന സമീപനത്തിനും ഇന്ത്യയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തത് ഈ നേട്ടങ്ങളാണ്. "സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലി (LiFE)" പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം G20 ന്യൂഡൽഹി നേതാക്കളുടെ പ്രഖ്യാപനം (2023) അംഗീകരിക്കുകയും കാലാവസ്ഥ, പരിസ്ഥിതി മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. അതുപോലെ, അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) ഇന്ത്യയെ "ആഗോള ഊർജ്ജ പ്രവണതകളിൽ ഒരു പ്രധാന പ്രേരകശക്തി"യായി വിശേഷിപ്പിച്ചു, ലോകത്തിന്റെ ഊർജ്ജ ഭാവി "ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ആസൂത്രണം ചെയ്യാൻ കഴിയില്ല" എന്ന് അഭിപ്രായപ്പെട്ടു. ആഗോള ശുദ്ധ ഊർജ്ജ പരിവർത്തനം രൂപപ്പെടുത്തുന്നതിലും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ നിർണായക പങ്കിനെ ഈ സ്ഥിരീകരണങ്ങൾ ഒരുമിച്ച് അടിവരയിടുന്നു.
ഉപസംഹാരം
ലക്ഷ്യബോധമുള്ള നയം, സാങ്കേതിക കണ്ടുപിടുത്തങ്ങൾ, തന്ത്രപരമായ സഹകരണം എന്നിവ ഒരു രാജ്യത്തിന്റെ ഊർജ്ജ ഭൂപ്രകൃതിയെ എങ്ങനെ പരിവർത്തനം ചെയ്യുമെന്ന് ഇന്ത്യയുടെ സൗരോർജ്ജ യാത്ര ചിത്രീകരിക്കുന്നു. സൗരോർജ്ജം ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മിശ്രിതത്തിന്റെ നട്ടെല്ലായി മാത്രമല്ല, സുസ്ഥിര സാമ്പത്തിക വളർച്ച, ഊർജ്ജ സുരക്ഷ, കാലാവസ്ഥാ നേതൃത്വം എന്നിവയ്ക്കുള്ള ഉത്തേജകമായും മാറിയിരിക്കുന്നു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിലൂടെയും OSOWOG പോലുള്ള സംരംഭങ്ങളിലൂടെയും ആഗോള പങ്കാളിത്തങ്ങളുമായി വലിയ തോതിലുള്ള വിന്യാസം സംയോജിപ്പിക്കുന്നതിലൂടെ, സൗരോർജ്ജം ഒരു ആഭ്യന്തര പരിഹാരവും ആഗോള ശുദ്ധമായ ഊർജ്ജ പുരോഗതിയുടെ ഒരു ചാലകവുമാകുമെന്ന് ഇന്ത്യ തെളിയിക്കുകയാണ്.
ഇന്ത്യ അതിന്റെ സൗരോർജ്ജ ശേഷി വികസിപ്പിക്കുകയും, നൂതനാശയം വളർത്തുകയും, എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവേശനം പ്രാപ്തമാക്കുകയും ചെയ്യുന്നത് തുടരുമ്പോൾ, പ്രതിരോധശേഷിയുള്ളതും കുറഞ്ഞ കാർബൺ ഉള്ളതുമായ ഒരു ഭാവിയിലേക്കുള്ള വ്യക്തമായ പാത അത് രൂപപ്പെടുത്തുന്നു - ദേശീയവും ആഗോളവുമായ കാലാവസ്ഥാ അഭിലാഷങ്ങൾ കൈവരിക്കുന്നതിന് സൗരോർജ്ജം കേന്ദ്രമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നു.
References
Press Information Bureau:
https://www.pib.gov.in/PressReleasePage.aspx?PRID=1809204
https://www.pib.gov.in/PressReleasePage.aspx/pib.gov.in/Pressreleaseshare.aspx?PRID=2117501
https://www.pib.gov.in/PressReleasePage.aspx?PRID=2144627
https://www.pib.gov.in/PressReleaseIframePage.aspx?PRID=2004187
https://www.pib.gov.in/PressReleasePage.aspx?PRID=1795071
https://www.pib.gov.in/PressReleasePage.aspx?PRID=2041641
https://www.pib.gov.in/PressReleaseIframePage.aspx?PRID=2111106
https://www.pib.gov.in/PressReleasePage.aspx?PRID=2156173
https://www.pib.gov.in/PressReleasePage.aspx?PRID=2110283
https://www.pib.gov.in/PressReleasePage.aspx?PRID=2042069
https://www.pib.gov.in/PressNoteDetails.aspx?id=155063&NoteId=155063&ModuleId=3
https://www.pib.gov.in/PressReleseDetailm.aspx?PRID=1961797
https://www.pib.gov.in/PressReleasePage.aspx?PRID=1795071
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=154717&id=154717
https://www.pib.gov.in/PressReleasePage.aspx?PRID=2117501
https://www.pib.gov.in/PressReleasePage.aspx?PRID=1763712
https://static.pib.gov.in/WriteReadData/specificdocs/documents/2022/nov/doc2022119122601.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2183866
https://www.pib.gov.in/PressReleasePage.aspx?PRID=2176518
https://www.pib.gov.in/PressReleasePage.aspx?PRID=2183434
https://www.pib.gov.in/PressReleasePage.aspx?PRID=1943779
Ministry Of New and Renewable Energy:
https://mnre.gov.in/en/policies-and-regulations/schemes-and-guidelines/schemes/
https://mnre.gov.in/en/wind-policy-and-guidelines/
https://missionlife-moefcc.nic.in/
https://mnre.gov.in/en/physical-progress/
https://mnre.gov.in/en/year-wise-achievement
https://sansad.in/getFile/loksabhaquestions/annex/185/AU491_lHmqAc.pdf
https://pmkusum.mnre.gov.in/#/landing
Ministry of Electronics & Information Technology
https://mnre.gov.in/en/national-green-hydrogen-mission
NITI Aayog
https://www.niti.gov.in/sites/default/files/2022-11/Mission_LiFE_Brochure.pdf
https://niti.gov.in/key-initiatives/life
Others
https://cdnbbsr.s3waas.gov.in/s3716e1b8c6cd17b771da77391355749f3/uploads/2025/09/2025091984030227.pdf
https://pmsuryaghar.gov.in/
See in PDF
***
SK
(रिलीज़ आईडी: 2212343)
आगंतुक पटल : 11