രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യന്‍ നാവികസേനയുടെ ഒന്നാം പരിശീലന സൈനിക കപ്പല്‍ വ്യൂഹത്തിന്റെ ദീര്‍ഘദൂര പരിശീലന ദൗത്യം തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക്

प्रविष्टि तिथि: 07 JAN 2026 4:39PM by PIB Thiruvananthpuram

ഇന്ത്യന്‍ നാവികസേനയുടെ ഒന്നാം പരിശീലന സൈനിക കപ്പല്‍വ്യൂഹത്തിലെ (1TS)  ഐ.എന്‍.എസ് തിര്‍, ഷര്‍ദുല്‍, സുജാത, ഐ.സി.ജി.എസ് സാരഥി എന്നീ കപ്പലുകള്‍ 110-ാമത് സംയോജിത ഉദ്യോഗസ്ഥ പരിശീലന  കോഴ്‌സിന്റെ (IOTC) ഭാഗമായി ദീര്‍ഘദൂര പരിശീലന ദൗത്യത്തിന്  തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക്  പുറപ്പെടുന്നു.

ദൗത്യത്തിന്റെ ഭാഗമായി സൈനിക കപ്പല്‍വ്യൂഹം സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കും. പരിശീലനം നേടുന്ന ഉദ്യോഗസ്ഥര്‍ക്ക്  വിപുലമായ പ്രവര്‍ത്തന പരിചയവും വിവിധ സംസ്‌കാരങ്ങളെക്കുറിച്ച് അറിവും നല്‍കുന്നതിനൊപ്പം ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്'  നയത്തിനും സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയെന്ന കാഴ്ചപ്പാടിനും അനുസൃതമായി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി  സമുദ്രബന്ധം ശക്തിപ്പെടുത്താനും  ദൗത്യം ലക്ഷ്യമിടുന്നു.

തുറമുഖ സന്ദര്‍ശന വേളയില്‍ ആതിഥേയ രാജ്യങ്ങളിലെ നാവികസേനകളുമായും സമുദ്ര ഏജന്‍സികളുമായും വിപുലമായ പ്രവര്‍ത്തനതല ആശയവിനിമയങ്ങളും പരിശീലന പരിപാടികളും സഹകരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഘടനാപരമായ പരിശീലന കൈമാറ്റങ്ങള്‍, കപ്പലുകള്‍ക്കിടയിലെ സന്ദര്‍ശനങ്ങള്‍, വിവിധ വിഷയങ്ങളിലെ വിദഗ്ധരുമായി കൂടിക്കാഴ്ചകള്‍, സംയുക്ത സമുദ്ര പങ്കാളിത്ത അഭ്യാസങ്ങള്‍  എന്നിവ ഇതിലുള്‍പ്പെടുന്നു.

പരസ്പര പ്രവര്‍ത്തനക്ഷമതയും വിശ്വാസവും  ധാരണയും  വര്‍ധിപ്പിക്കുന്നതിനൊപ്പം ഈ ഇടപെടലുകള്‍ മികച്ച സമുദ്രതല പ്രവര്‍ത്തനരീതികള്‍ പരസ്പരം പങ്കുവെക്കാനും സഹായിക്കുന്നു.  

110-ാമത് സംയോജിത ഉദ്യോഗസ്ഥ പരിശീലന കോഴ്‌സില്‍ ആറ് വിദേശ ഓഫീസര്‍ ട്രെയിനികളും പങ്കെടുക്കുന്നുണ്ട്. സൗഹൃദം പങ്കിടുന്ന വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ ശേഷി വര്‍ധിപ്പിക്കാനും അവര്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കാനും ഇന്ത്യന്‍ നാവികസേന നല്‍കിവരുന്ന നിരന്തര പിന്തുണയുടെ പ്രതിഫലനമാണിത്.

കൂടാതെ ഇന്ത്യന്‍ കരസേനയിലെയും വ്യോമസേനയിലെയും  ഉദ്യോഗസ്ഥരുടെ  ദൗത്യത്തിലെ പങ്കാളിത്തം  സേനകള്‍ തമ്മിലെ ഏകോപനവും ഐക്യവും കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

മേഖലയിലെ സമുദ്ര സുരക്ഷയോട് സ്വീകരിക്കുന്ന സഹകരണാത്മക  സമീപനത്തിനും സമുദ്ര നയതന്ത്രത്തിനും സൗഹൃദ മനോഭാവത്തിനും   സംഭാവന നല്‍കുന്നതിനൊപ്പം   പരിശീലന മികവിന്  നാവികസേന നല്‍കുന്ന പ്രാധാന്യവും ഈ ദീര്‍ഘദൂര പരിശീലന ദൗത്യം അടിവരയിടുന്നു.

***


(रिलीज़ आईडी: 2212273) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Tamil