ആയുഷ്‌
azadi ka amrit mahotsav

ചെന്നൈയിൽ സംഘടിപ്പിച്ച 9-ാമത് സിദ്ധ ദിനാഘോഷം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 03 JAN 2026 4:59PM by PIB Thiruvananthpuram
സമകാലിക ലോകത്ത് സമഗ്രവും പ്രതിരോധാത്മകവും സുസ്ഥിരവുമായ ആരോഗ്യസംരക്ഷണ സംവിധാനമെന്ന നിലയിലുള്ള സിദ്ധ വൈദ്യത്തിന്റെ പ്രസക്തി അടിവരയിട്ട് വ്യക്തമാക്കി, ചെന്നൈയിലെ കലൈവനർ അരങ്ങത്ത് നടന്ന 9-ാമത് സിദ്ധ ദിനാഘോഷം ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്തു. നയരൂപകർത്താക്കൾ, സിദ്ധ ചികിത്സാവിദഗ്ദ്ധർ , അക്കാദമിക വിദഗ്ധർ, വിദ്യാർത്ഥികൾ അടക്കമുള്ള വിശിഷ്ടാതിഥികൾ അടങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്യവെ, സിദ്ധ വൈദ്യത്തിന്റെ ദൃഢമായ ദാർശനിക അടിത്തറ, ശാസ്ത്രീയ ഗഹനത, ശരീരം–മനസ്സ്–പ്രകൃതി ത്രയത്തിന്റെ സമഗ്ര സംയോജനം എന്നിവ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
 
സിദ്ധ, ആയുർവേദം, യോഗ എന്നിവയും മറ്റ് ആയുഷ് വിഭാഗങ്ങളും ഉൾപ്പെടുന്ന ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ ഭൂതകാലത്തിന്റെ അവശേഷിപ്പുകളല്ലെന്നും, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഗണ്യമായ സംഭാവന നൽകുന്ന ജീവസ്സുറ്റ പാരമ്പര്യങ്ങളാണെന്നും ഉപരാഷ്ട്രപതി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ആയിരക്കണക്കിന് വർഷങ്ങളായി സമാഹരിച്ച അറിവിന്റെ ആഴത്തിൽ വേരൂന്നിയ സിദ്ധ വൈദ്യം, രാജ്യത്തെ ഏറ്റവും പുരാതനവും സമ്പന്നവുമായ വൈദ്യശാസ്ത്ര പാരമ്പര്യങ്ങളിൽ ഒന്നാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ശരീരം, മനസ്സ്, പ്രകൃതി എന്നിവ തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുന്ന അതിന്റെ സമഗ്രമായ ചികിത്സാ സമീപനത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടി.
 
പുരാതന താളിയോല കയ്യെഴുത്തുപ്രതികൾ, ശ്രേഷ്ഠ ഗ്രന്ഥങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയെ ആസ്പദമാക്കിയ പ്രദർശനങ്ങളെയും അവതരണങ്ങളെയും അഭിനന്ദിച്ച ഉപരാഷ്ട്രപതി, ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര പൈതൃകം സംരക്ഷിക്കുകയും പുനരാവിഷ്കരിക്കുകയും ചെയ്യുന്നതിൽ പണ്ഡിതരും സ്ഥാപനങ്ങളും നടത്തുന്ന അസാധാരണമായ ശ്രമങ്ങളെ പ്രശംസിച്ചു. ചരിത്രപരമായ അവഗണനയും അപര്യാപ്തമായ രേഖപ്പെടുത്തലും മൂലം വിലമതിക്കാനാവാത്ത നിരവധി ഗ്രന്ഥങ്ങൾ ക്ഷയിക്കാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം, ഭാവി തലമുറകൾക്കായി അമൂല്യമായ ഈ അറിവ് സംരക്ഷിക്കുന്നതിനായി വ്യവസ്ഥാപിതമായ ശേഖരണം, സംരക്ഷണം, ഗവേഷണം എന്നിവയിൽ സുസ്ഥിരവും ഏകോപിതവുമായ ഉദ്യമങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കി.
 
പ്രതിരോധപരിചരണം, ജീവിതശൈലി മാനേജ്മെന്റ്, രോഗങ്ങളെ അവയുടെ മൂലകാരണങ്ങൾ മനസ്സിലാക്കി അഭിസംബോധന ചെയ്യൽ എന്നിവയിൽ സിദ്ധ വൈദ്യശാസ്ത്രം നൽകുന്ന ഊന്നൽ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. സമ്മർദ്ദവും അനാരോഗ്യകരമായ ശീലങ്ങളും നിറഞ്ഞ ഇന്നത്തെ വേഗമേറിയ ജീവിതശൈലിയിൽ അതിന്റെ വർധിച്ചുവരുന്ന പ്രസക്തി അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗനിർണയ രംഗത്ത് ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച പുരോഗതി അംഗീകരിക്കുമ്പോൾ തന്നെ, സിദ്ധ പോലുള്ള പരമ്പരാഗത ചികിത്സാ സംവിധാനങ്ങൾ ദീർഘകാല രോഗശാന്തിയും ശരീരവും മനസും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ പുനഃസ്ഥാപനവും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തപൂർണ്ണവും തെളിവുകളെ ആധാരമാക്കിയുള്ളതുമായ ചികിത്സാ രീതികളിലൂടെ പൊതുജനവിശ്വാസം ആർജ്ജിക്കാൻ അദ്ദേഹം ചികിത്സകരോട് ആഹ്വാനം ചെയ്തു.
 
യുവ പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനമേകിക്കൊണ്ട്, സിദ്ധ വൈദ്യശാസ്ത്രത്തിൽ നടക്കുന്ന നിരന്തര ഗവേഷണം നിലവിൽ ഭേദമാക്കാൻ കഴിയാത്തതായി കണക്കാക്കപ്പെടുന്ന രോഗങ്ങൾക്കുപോലും ശാശ്വതമായ ചികിത്സ ഉൾപ്പെടെയുള്ള സുപ്രധാന ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന ആത്മവിശ്വാസം ഉപരാഷ്ട്രപതി പ്രകടിപ്പിച്ചു. നൂതന പഠനങ്ങൾ തടസ്സരഹിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഗവേഷകർക്ക് എല്ലാ സാമ്പത്തിക പിന്തുണയും ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, ഭാവി തലമുറയിലെ ഗവേഷകർ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര വിജ്ഞാന സമ്പ്രദായങ്ങൾക്ക് ആഗോള അംഗീകാരം നേടിക്കൊടുക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
 
ഉദ്ഘാടന ചടങ്ങിൽ ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹമന്ത്രിയുമായ ശ്രീ പ്രതാപ് റാവു ജാദവ്, തമിഴ്‌നാട് സർക്കാരിന്റെ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ, കുടുംബക്ഷേമ മന്ത്രി ശ്രീ മ. സുബ്രഹ്മണ്യൻ, ആയുഷ് മന്ത്രാലയത്തിലെയും തമിഴ്‌നാട് സർക്കാരിലെയും മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സിദ്ധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 
ആരോഗ്യം, പ്രകൃതി, ബോധതലം എന്നിവയെക്കുറിച്ചുള്ള വിപുലവും സമഗ്രവുമായ ദർശനമാണ് സിദ്ധ വൈദ്യശാസത്രം ഉൾക്കൊണ്ടിരിക്കുന്നതെന്നും, സമകാലിക സമഗ്ര ആരോഗ്യസംരക്ഷണ രംഗത്ത് അതിന് ഏറെ പ്രസക്തിയുണ്ടെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ശ്രീ പ്രതാപ് റാവു ജാദവ് പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിലും, 2014-ൽ ആയുഷ് മന്ത്രാലയം സ്ഥാപിതമായതിനുശേഷവും, ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ പരിവർത്തനാത്മകമായ വളർച്ചയും ഊർജ്ജവും കൈവരിച്ചിട്ടുണ്ടെന്നതും അദ്ദേഹം എടുത്തുപറഞ്ഞു.
 
സിദ്ധ വിദ്യാഭ്യാസവും ഗവേഷണവും കൈവരിച്ച പ്രധാന നാഴികക്കല്ലുകൾ മന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിലെ അടിസ്ഥാന സൗകര്യ വികസനം, വൈദഗ്ധ്യാധിഷ്ഠിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിശീലന പരിപാടികൾ, കേന്ദ്ര സിദ്ധ ഗവേഷണ കൗൺസിലിന്റെ ശക്തമായ ഗവേഷണ നേട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ ICD-11 ലും വരാനിരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര പദാവലികളിലും സിദ്ധ രോഗാവസ്ഥ കോഡുകൾ ഉൾപ്പെടുത്തുന്നത്, ആഗോള ആരോഗ്യസംരക്ഷണ ഭൂപടത്തിൽ സിദ്ധ വൈദ്യത്തെ ഉറപ്പിച്ചുനിർത്തുന്ന നിർണായക നടപടിയായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
സിദ്ധ വൈദ്യശാസ്ത്രത്തിന് നൽകിയ അസാധാരണവും പ്രശംസനീയവുമായ സംഭാവനകളെ ആദരിക്കുന്നതിനായി, തദവസരത്തിൽ അഞ്ച് പ്രമുഖ വ്യക്തികളെ ആദരിച്ചു. ഡോ. ബി. മൈക്കൽ ജയരാജ്, ഡോ. ടി. കണ്ണൻ രാജാറാം, പരേതനായ ഡോ. ഐ. സൊർണമാരിയമ്മാൾ, ഡോ. മോഹന രാജ്, പ്രൊഫ. ഡോ. വി. ഭാനുമതി എന്നിവർ പുരസ്‌ക്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. സിദ്ധ വൈദ്യശാസ്ത്രത്തെ ദേശീയ തലത്തിലും സാമൂഹിക തലത്തിലും അക്കാദമിക രംഗത്തും ശക്തിപ്പെടുത്തുന്നതിന് അവർ നൽകിയ ആജീവനാന്ത സംഭാവനകൾക്കും, ഗവേഷണം, കൈയെഴുത്തുപ്രതി സംരക്ഷണം, വിദ്യാഭ്യാസം, നേതൃത്വം എന്നിവയ്ക്കുമുള്ള അംഗീകാരമായാണ് പുരസ്കാരങ്ങൾ നൽകിയത്.
 
"ആഗോള ആരോഗ്യത്തിന് സിദ്ധ" എന്ന പ്രമേയത്തിലൂന്നി നടന്ന പരിപാടിയിൽ രാജ്യത്തുടനീളമുള്ള സിദ്ധ ചികിത്സാ വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, പണ്ഡിതർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഗവേഷണം, വിദ്യാഭ്യാസം, നൂതനാശയങ്ങൾ, ആഗോള ഇടപെടൽ എന്നിവ മുഖേന സിദ്ധ വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും, ദേശീയവും അന്തർദേശീയവുമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ അവിഭാജ്യ ഘടകമായി അതിനെ സ്ഥാപിക്കാനും ആയുഷ് മന്ത്രാലയം പ്രകടമാക്കുന്ന പ്രതിബദ്ധത ഈ പരിപാടിയിലൂടെ ആവർത്തിച്ച് വ്യക്തമാക്കപ്പെട്ടു.
 
 
 
 
 
 
****

(रिलीज़ आईडी: 2211181) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Tamil