നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

രാഷ്ട്രപതി SOAR പരിപാടിയിൽ പങ്കെടുത്ത് എഐ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും

प्रविष्टि तिथि: 30 DEC 2025 4:39PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, സ്കിൽ ഇന്ത്യ മിഷൻ്റെ ഭാഗമായ SOAR (സ്കില്ലിങ് ഫോർ എഐ റെഡിനസ്) പദ്ധതിക്ക് കീഴിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കും. 2026 ജനുവരി 1 വ്യാഴം രാവിലെ 11-ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിലാണ് (RBCC) ചടങ്ങ്.
 
ഇന്ത്യാ ഗവണ്മെൻ്റിൻ്റെ നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയം (MSDE) സംഘടിപ്പിക്കുന്ന പരിപാടി, എഐ അധിഷ്ഠിത ഭാവിക്കായി ഇന്ത്യയുടെ തൊഴിൽസേനയെ സജ്ജമാക്കുന്നതിനുള്ള ഗവണ്മെൻ്റിൻ്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.
 
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ്റെയും കേന്ദ്ര നൈപുണ്യവികസന-സംരംഭക സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ ജയന്ത് ചൗധരിയുടെയും സാന്നിധ്യത്തിലാണ് പരിപാടി നടക്കുക.
 
ചടങ്ങിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, വിദ്യാർഥികളും പാർലമെൻ്റംഗങ്ങളും ഉൾപ്പെടെയുള്ള പഠിതാക്കൾക്ക് നിർമിതബുദ്ധി (എഐ) സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കൂടാതെ, ഭാവിക്കാവശ്യമായ നൈപുണ്യ വികസന പദ്ധതികളിൽ കൂടുതൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള #SkillTheNation Challenge എന്ന ദേശീയ ബോധവൽക്കരണ യജ്ഞവും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഇതിൻ്റെ ഭാഗമായി, മന്ത്രാലയത്തിൻ്റെ പ്രധാന എഐ നൈപുണ്യ പങ്കാളിയായ ഗൂഗിളുമായി സഹകരിച്ച്, ആഗോളതലത്തിൽ പ്രശസ്തനായ എഐ വിദഗ്ധൻ്റെ നേതൃത്വത്തിൽ, “തുടക്കക്കാർക്കായി എഐ” എന്ന പ്രത്യേക സംവേദനാത്മക പഠന സെഷനും മന്ത്രാലയം സംഘടിപ്പിക്കും.
 
ഒഡിഷയുടെ വടക്കൻ മേഖലയിലെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി റൈരംഗ്‌പുരിലെ ഇഗ്നോ പ്രാദേശിക കേന്ദ്രം രാഷ്ട്രപതി വിർച്വലായി ഉദ്ഘാടനം ചെയ്യും. നൈപുണ്യ വികസന പരിപാടികളിലൂടെയും പരിശീലന സഹായങ്ങളിലൂടെയും ഈ മേഖലയിലെ ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി ഇതു പ്രവർത്തിക്കും.
 
നിർമിത ബുദ്ധി ഇന്നു വിവിധ മേഖലകളിലെ തൊഴിലിൻ്റെ സ്വഭാവത്തിലും ആവശ്യമായ കഴിവുകളിലും വലിയ മാറ്റങ്ങൾ വരുത്തുകയാണ്. ഏവർക്കും പ്രാപ്യമായതും പ്രസക്തവുമായ രീതിയിൽ എഐ നൈപുണ്യ വികസനം കൊണ്ടുവരുന്നതിന് നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം വലിയ പ്രാധാന്യമാണ് നൽകുന്നത്. “SOAR – സ്കില്ലിങ് ഫോർ എഐ റെഡിനസ്” പോലുള്ള സംരംഭങ്ങളിലൂടെ, ഉയർന്നുവരുന്ന വ്യവസായ ആവശ്യങ്ങൾക്കനുസൃതമായ അവശ്യ എഐ വൈദഗ്ധ്യം ആർജിക്കാൻ മന്ത്രാലയം പഠിതാക്കളെ പ്രാപ്തരാക്കുന്നു.
 
*****

(रिलीज़ आईडी: 2209906) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil