ഉപരാഷ്ട്രപതിയുടെ കാര്യാലയം
ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ശ്രീനാരായണ ഗുരുവിന്റെ പാഠങ്ങളുടെ ശാശ്വതമായ പ്രസക്തി വിശദീകരിച്ച് ഉപരാഷ്ട്രപതി
ശിവഗിരി വെറുമൊരു തീർത്ഥാടനമല്ല; മറിച്ച് ഒരു ജീവിതരീതിയാണ്: ഉപരാഷ്ട്രപതി
ലോകത്തിന് കേരളം നൽകിയ മഹത്തായ സമ്മാനങ്ങളാണ് ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും: ഉപരാഷ്ട്രപതി
വിശ്വാസം, യുക്തി, സാമൂഹിക പരിഷ്കരണം എന്നിവയെ ശ്രീനാരായണ ഗുരു ഒന്നിച്ചു ചേർത്തു: ഉപരാഷ്ട്രപതി
ശ്രീനാരായണ ഗുരുവിന്റെ പാഠങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ഉപരാഷ്ട്രപതി യുവാക്കളോട് ആഹ്വാനം ചെയ്തു
प्रविष्टि तिथि:
30 DEC 2025 1:40PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് വർക്കലയിലെ ശിവഗിരി മഠത്തിൽ 93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തു. ശിവഗിരി വെറുമാരു തീർത്ഥാടന കേന്ദ്രം മാത്രമല്ല, മറിച്ച് ഒരു സജീവമായ തത്ത്വചിന്തയും ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സാമൂഹിക ഉണർവിന്റെ യാത്രയുമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ ഉപരാഷ്ട്രപതി വിശദീകരിച്ചു.
ആത്മീയാന്വേഷണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഐക്യമുള്ള ഒരു സംയോജനത്തെയാണ് ശിവഗിരി പ്രതീകപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയ ഉപരാഷ്ട്രപതി, ശിവഗിരിയിൽ വിശ്വാസം സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുകയും യുക്തി ഭക്തിക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.
ശിവഗിരി തീർത്ഥാടനം ഒരു ആചാരപരമായ ആശയമായിട്ടല്ല, മറിച്ച്, വിദ്യാഭ്യാസം, ശുചിത്വം, സംഘടന, തൊഴിൽ, ആത്മാഭിമാനം എന്നിവയിലൂടെ ഉണർവ്വ് നേടുന്നതിനുള്ള ഒരു പ്രസ്ഥാനമായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ഗുരു ഉന്നയിച്ച ശക്തമായ ഒരു ചോദ്യം സമൂഹത്തെ മാറ്റിമറിച്ചുവെന്ന് ഉപരാഷ്ട്രപതി നിരീക്ഷിച്ചു: എന്തുകൊണ്ടാണ് ഒരു മനുഷ്യൻ മറ്റൊരുവനേക്കാൾ താഴ്ന്നവനായി പരിഗണിക്കപ്പെടുന്നത്? നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിവേചനത്തെ പിടിച്ചുലച്ച വാക്കുകളിലൂടെ ഗുരു ഈ അനീതിക്ക് ഉത്തരം നൽകി: "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്."
ഗുരുവിന്റെ വിപ്ലവം ശാന്തവും, കാരുണ്യം നിറഞ്ഞതും, മാറ്റാനാവാത്തതും, അന്തസ്സ്, സമത്വം, മാനവികത എന്നിവയിൽ വേരൂന്നിയതുമാണെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു.
ഗുരുവിന്റെ ബൗദ്ധികമായ ആഴത്തെക്കുറിച്ച് വിശദീകരിച്ച ഉപരാഷ്ട്രപതി, ശ്രീനാരായണ ഗുരു യുക്തിയെ അടിയറവ് വയ്ക്കാതെ തന്നെ വിശ്വാസത്തെ ഉയർത്തിപ്പിടിച്ചുവെന്നും അന്ധവിശ്വാസത്തെ നിരാകരിച്ചുവെന്നും, യുക്തിസഹമായ ചോദ്യങ്ങളെ സ്വാഗതം ചെയ്തുവെന്നും കൂട്ടിച്ചേർത്തു. ആത്മീയതയുടെയും യുക്തിവാദത്തിന്റെയും ഈ സമന്വയം ഗുരുവിനെ തന്റെ കാലത്തു മാത്രം ഒതുങ്ങുന്ന ഒരു വിശുദ്ധനായല്ല, മറിച്ച് ഭാവിയിലേക്കുള്ള വഴികാട്ടിയാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നാഗരിക ധാർമ്മികതയെ എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യൻ ആത്മീയത എല്ലായ്പ്പോഴും സ്നേഹത്തെ ദൈവാരാധനയുടെ ഏറ്റവും ഉയർന്ന രൂപമായി പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരു ഈ തത്ത്വചിന്തയെ പ്രവൃത്തിയിലൂടെ കാണിച്ചുതന്നുവെന്നും, സമൂഹത്തോടുള്ള സേവനം ആചാരങ്ങളെക്കാൾ വലുതാണെന്നും, സഹജീവികളോടുള്ള സ്നേഹമാണ് ഭക്തിയുടെ ഏറ്റവും സത്യമായ രൂപമെന്നും തെളിയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾ ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവുമാണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, അവരുടെ തത്ത്വചിന്തകൾ മനുഷ്യരാശിയെ ഇനിയും പ്രചോദിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ തീർത്ഥാടനം വിനോദസഞ്ചാരമല്ല, പരിവർത്തനമാണെന്ന് നിരീക്ഷിച്ച ഉപരാഷ്ട്രപതി, ശിവഗിരി ഈ നാഗരിക സത്യത്തിന് ഉദാഹരണമാണെന്നും പറഞ്ഞു. നൂറ്റാണ്ടുകളായി സന്യാസിമാർ വിവിധ പ്രദേശങ്ങളിലൂടെയും ഭാഷകളിലൂടെയും സ്വതന്ത്രമായി സഞ്ചരിച്ചുവെന്നും വിശ്വാസങ്ങൾ തമ്മിലുള്ള ഐക്യത്തിൽ വേരൂന്നിയ ഇന്ത്യയുടെ ശാശ്വത ശക്തിക്ക് മുതൽക്കൂട്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
PRASAD പോലുള്ള പദ്ധതികൾ, വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ളവയിലൂടെയുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി, ആത്മീയ സർക്യൂട്ടുകളുടെ വികസനം എന്നിവയിലൂടെ തീർത്ഥാടന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ടെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. കാശി മുതൽ രാമേശ്വരം വരെ, ഈ സംരംഭങ്ങൾ ഐക്യം, ഏകത, സാമൂഹിക ഒരുമ എന്നിവ വളർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സമത്വം, സാഹോദര്യം, നീതി എന്നീ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ഉപരാഷ്ട്രപതി പൗരന്മാരോട്, പ്രത്യേകിച്ച് യുവാക്കളോട് ആഹ്വാനം ചെയ്തു. ശിവഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന ജ്ഞാനം ഇന്ത്യയെ സാമൂഹിക നീതി, അന്തസ്സ്, സാർവത്രിക സാഹോദര്യം എന്നിവയാൽ അടയാളപ്പെടുത്തുന്ന ഒരു ഭാവിയിലേക്ക് നയിക്കുമെന്ന് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിക്കവേ സൂചിപ്പിച്ചു.
ശിവഗിരി മഠത്തിലെത്തിയ ഉപരാഷ്ട്രപതി ശ്രീനാരായണ ഗുരുവിന്റെ പുണ്യ സമാധിയിൽ പ്രാർത്ഥനകൾ അർപ്പിക്കുകയും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.
ചടങ്ങിൽ, ശ്രീ ശശി തരൂർ എംപി രചിച്ച "ദി സേജ് ഹു റീ ഇമാജിൻ്ഡ് ഹിന്ദുയിസം: ദി ലൈഫ്, ലെസൻസ് ആൻഡ് ലെഗസി ഓഫ് ശ്രീനാരായണ ഗുരു"; ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ രചിച്ച "ശ്രീ നാരായണ ഗുരുദേവ ദിവ്യ ലീലാമൃതം"; 93-ാമത് ശിവഗിരി തീർത്ഥാടന ശില്പശാലയുടെ ഭാഗമായി കേരള സർവകലാശാല തയ്യാറാക്കിയ "നാം അറിവാകുന്നു"; പ്രൊഫ. (ഡോ.) പ്രകാശ് ദിവാകരൻ, ഡോ. സുരേഷ് കുമാർ മധുസൂധൻ എന്നിവർ രചിച്ച "എംപവറിങ് മൈൻഡ്സ് ആൻഡ് ട്രാൻസ്ഫോമിംഗ് ലൈവ്സ്" എന്നീ നാല് പുസ്തകങ്ങൾ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.
കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ശ്രീ സുരേഷ് ഗോപി; സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി ശ്രീ എം. ബി. രാജേഷ്; ശ്രീ ശശി തരൂർ എംപി; ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ; ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സ്വാമി ശുഭാംഗാനന്ദ; ശിവഗിരി തീർത്ഥാടന സമിതി സെക്രട്ടറി ശ്രീമദ് സ്വാമി ശാരദാനന്ദ; സോഹോ കോർപ്പറേഷൻ സ്ഥാപകനും സിഇഒയുമായ ശ്രീ ശ്രീധർ വെമ്പു; 93-ാമത് ശിവഗിരി തീർത്ഥാടന സമിതി ചെയർമാൻ ഡോ. എ. വി. അനൂപ്, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***
SK
(रिलीज़ आईडी: 2209756)
आगंतुक पटल : 35