ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ശ്രീ അമിത് ഷാ അസമിലെ നഗാവോണില്‍ ബാതദ്രവ ഥാന്‍ പുനര്‍വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 29 DEC 2025 6:08PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ, മഹാപുരുഷ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ നഗാവോണ്‍ ജില്ലയിലുള്ള ബാതദ്രവ ഥാന്‍ പുനര്‍വികസന പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്ര തുറമുഖ കപ്പല്‍ ജലഗതാഗത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, വിദേശകാര്യ സഹമന്ത്രി ശ്രീ പവിത്ര മാര്‍ഗരിറ്റ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.


 

ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ അമിത് ഷാ, പതിറ്റാണ്ടുകളായി കൈയേറ്റത്തിന് ഇരയായിരുന്ന ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കുകയും പുനര്‍വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയിലാകെ നവ വൈഷ്ണവ പാരമ്പര്യം പ്രചരിപ്പിച്ച ഈ പുണ്യഭൂമി സന്ദര്‍ശിക്കാന്‍ സാധിച്ചത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അസമിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിര്‍ത്തുന്നതില്‍ ഭാരതരത്‌ന ഗോപിനാഥ് ബോര്‍ഡോലോയ് വഹിച്ച നിര്‍ണ്ണായക പങ്ക് അദ്ദേഹം അനുസ്മരിച്ചു.


 

500 വര്‍ഷം പഴക്കമുള്ള ആത്മീയ പൈതൃകവുമായി ബന്ധപ്പെട്ട ബാതദ്രവ ഥാന്‍ ഇപ്പോള്‍ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഷാ പറഞ്ഞു. 2020 ഡിസംബര്‍ 26ന് താന്‍ തറക്കല്ലിട്ട പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ശ്രീമന്ത ശങ്കരദേവന്റെ ഭക്തിയും നൈതിക ജീവിതവും മാതൃരാജ്യത്തോടുള്ള സ്‌നേഹവും അസമിലെ ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പുണ്യസ്ഥലങ്ങളും 'നാംഘറുകളും' കൈയേറ്റങ്ങളില്‍ നിന്ന് മോചിപ്പിച്ചതിന് അസം സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. കാസിരംഗ നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം 1.29 ലക്ഷം ബിഘയിലധികം ഭൂമി കൈയേറ്റം ഒഴിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.


 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബോഡോ, കര്‍ബി, ആദിവാസി, ഡിഎന്‍എല്‍എ (DNLA), ഉള്‍ഫ (ULFA) ഗ്രൂപ്പുകളുമായുള്ള കരാറുകളിലൂടെ അസമില്‍ സമാധാനം പുനഃസ്ഥാപിച്ചതായി ശ്രീ ഷാ ചൂണ്ടിക്കാട്ടി. അസം ഇപ്പോള്‍ വിപ്ലവങ്ങളില്‍ നിന്ന് വികസനത്തിലേക്ക് മാറിയിരിക്കുകയാണെന്നും വടക്കുകിഴക്കന്‍ ഇന്ത്യയുടെ വളര്‍ച്ചാ യന്ത്രമായി അത് മാറിയെന്നും അദ്ദേഹം പറഞ്ഞു. ബിഹുവിന് ലഭിച്ച ആഗോള അംഗീകാരം, ചരൈഡിയോ മൈദാം യുനെസ്‌കോ പട്ടികയില്‍ ഇടംപിടിച്ചത്, ലചിത് ബോര്‍ഫുകന്റെ പൈതൃകത്തിന്റെ പ്രചാരം  തുടങ്ങിയ നേട്ടങ്ങളും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

****


( റിലീസ് ഐ.ഡി: 2209615) സന്ദര്‍ശക കൗണ്ടര്‍ : 35
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Gujarati , Odia