ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പുതുച്ചേരിയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പൈതൃകം സംരക്ഷിക്കുകയും ഭാവി തലമുറകള്‍ക്ക് കൈമാറുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്ത് കാട്ടി ഉപരാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 29 DEC 2025 6:41PM by PIB Thiruvananthpuram
പുതുച്ചേരിയില്‍ നടന്ന പൗര സ്വീകരണത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്‍ സ്മാര്‍ട്ട് സിറ്റി മിഷനു കീഴിലുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കള്‍ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച 216 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച അദ്ദേഹം, സമഗ്രവും സുസ്ഥിരവുമായ നഗര വികസനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു.

പുതുച്ചേരി സിറ്റിസണ്‍സ് ഫോറം അംഗങ്ങള്‍, മതനേതാക്കള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ, കരകൗശല സംഘടനകള്‍, ബാര്‍ കൗണ്‍സില്‍, ഹോട്ടല്‍ അസോസിയേഷനുകള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ പുതുച്ചേരിയിലെ വിവിധ സംഘടനകളാണ് പൗര സ്വീകരണം സംഘടിപ്പിച്ചത്. പുതുച്ചേരി മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുള്ള  ശ്രീ സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി അയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പുതുച്ചേരി സന്ദര്‍ശനമാണിത്.

സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി താന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയി സേവനം അനുഷ്ഠിച്ച കാലം ഓര്‍ത്തെടുത്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ അദ്ദേഹം അതുല്യമായ നാഗരിക, സാംസ്‌കാരിക, ആത്മീയ പ്രാധാന്യമുള്ള നാടായി വിശേഷിപ്പിച്ചു. റോമക്കാരുമായുള്ള ഇന്ത്യയുടെ സമുദ്ര ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന പുരാതന തുറമുഖമായ അരിക്കമേടിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, പുതുച്ചേരി എപ്പോഴും ഒരു ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക കേന്ദ്രമായി ലോകത്തിന് മുന്നില്‍ നിലകൊള്ളുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ അനുസ്മരിച്ചുകൊണ്ട്, ശ്രീ സി.പി. രാധാകൃഷ്ണന്‍, പുതുച്ചേരി ഇന്ത്യയുമായി ലയിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്ത കീഴൂരിലെ ചരിത്രപ്രസിദ്ധമായ റഫറണ്ടത്തെക്കുറിച്ച് പരാമര്‍ശിച്ചു. ജനങ്ങളുടെ ആഴത്തിലുള്ള ദേശസ്‌നേഹവും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും ഇത് പ്രതിഫലിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും ഭാവി തലമുറകള്‍ക്ക് കൈമാറേണ്ടതിന്റെയും ആവശ്യകതയെ പറ്റി അദ്ദേഹം എടുത്ത് പറഞ്ഞു.

ഭവന പദ്ധതി നേരത്തെ പൂര്‍ത്തീകരിച്ചതില്‍ സംതൃപ്തി പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, വീട് എന്നത് വെറുമൊരു ഭൗതിക ഘടനയല്ല, മറിച്ച് അന്തസ്സിന്റെയും സുരക്ഷയുടെയും കുടുംബങ്ങള്‍ക്ക് മികച്ച ഭാവിയുടെയും ഉറവിടമാണെന്ന് വിലയിരുത്തി. ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന കാലത്ത് അദ്ദേഹം പദ്ധതി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.

കുമാരഗുരു പള്ളം പ്രദേശത്ത് കൈമാറിയ വീടുകള്‍ ഉപരാഷ്ട്രപതി സന്ദര്‍ശിക്കുകയും ഗുണഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ ഗുണഭോക്താക്കള്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ സംരംഭങ്ങളെ കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, പിഎം-കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ സംവിധാനങ്ങള്‍ സുതാര്യതയും ഫലപ്രദമായ സഹായ വിതരണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'എല്ലാവര്‍ക്കും വീട്' എന്ന ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തെ അദ്ദേഹം അഭിനന്ദിക്കുകയും പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പുതുച്ചേരി സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

 തുടര്‍ന്ന്, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്‍ പുതുച്ചേരിയിലെ പെറ്റിറ്റ് സെമിനേര്‍ സിബിഎസ്ഇ സ്‌കൂളിന്റെ സീനിയര്‍ സെക്കന്‍ഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. 181 വര്‍ഷത്തെ പാരമ്പര്യത്തില്‍ പടുത്തുയര്‍ത്തിയ സമഗ്ര വിദ്യാഭ്യാസത്തിനും മൂല്യാധിഷ്ഠിത അധ്യാപനത്തിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു.

വിദ്യാഭ്യാസം മാത്രമാണ് ഒരിക്കലും നശിക്കാത്ത സമ്പത്ത് എന്ന് എടുത്ത് പറഞ്ഞ ഉപരാഷ്ട്രപതി, ആഴത്തിലും, സമഗ്രമായും, സാമൂഹിക ഉത്തരവാദിത്തത്തോടെയും അറിവ് നേടാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. 2047 ലെ വികസിത് ഭാരത് നിര്‍മ്മിക്കപ്പെടുന്നത് അടിസ്ഥാന സൗകര്യങ്ങളിലൂടെ മാത്രമല്ല, അറിവ്, സ്വഭാവം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ സംയോജനത്തിലൂടെയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരിവര്‍ത്തനാത്മക പ്രഭാവത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ കേവലം മനഃപാഠമാക്കുക എന്നതില്‍ നിന്നും വിമര്‍ശനാത്മക ചിന്തയിലേക്കും സര്‍ഗ്ഗാത്മകതയിലേക്കും സമഗ്ര വികസനത്തിലേക്കും മാറ്റിയത് ഈ നയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശേഷം, പുതുച്ചേരിയിലെ ഭാരതീയാര്‍ സ്മാരകത്തില്‍ മഹാകവി സുബ്രഹ്മണ്യ ഭാരതീയാറിന്റെ പ്രതിമ ശ്രീ സി.പി. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു, ഭയരഹിതമായ വാക്കുകള്‍, വിപ്ലവകരമായ ആശയങ്ങള്‍, തമിഴിനോടും ഭാരതത്തോടുമുള്ള അതിരറ്റ സ്‌നേഹം എന്നിവയാല്‍ ഒരു ജനതയെ ഉണര്‍ത്തിയ ഇതിഹാസ കവിക്ക് അദ്ദേഹം ആദരവ് അര്‍പ്പിച്ചു.

മഹാകവി സുബ്രഹ്മണ്യ ഭാരതിയാര്‍ സ്വതന്ത്ര ചിന്തയോടും സര്‍ഗ്ഗാത്മക വൈഭവത്തോടും കൂടി ഒരു ദശാബ്ദത്തോളം ജീവിച്ച മണ്ണില്‍, അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനായത് ഏറെ അഭിമാനകരമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആഴത്തിലുള്ള ദാര്‍ശനിക അന്വേഷണവും ജ്ഞാനാന്വേഷണവും കൊണ്ട് അടയാളപ്പെടുത്തിയ പുതുച്ചേരിയിലെ ഭാരതീയാറിന്റെ വര്‍ഷങ്ങള്‍ ആധുനിക തമിഴ് സാഹിത്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി പരക്കെ കണക്കാക്കപ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തിരു കെ. കൈലാസനാഥന്‍, മുഖ്യമന്ത്രി തിരു എന്‍. രംഗസ്വാമി, ജന പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.

****

( റിലീസ് ഐ.ഡി: 2209613) സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil