ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട സഹായ, വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി വർധിപ്പിക്കാൻ ₹44,700 കോടിയുടെ പദ്ധതികൾ

प्रविष्टि तिथि: 27 DEC 2025 8:06PM by PIB Thiruvananthpuram

ഇന്ത്യയുടെ ആഭ്യന്തര കപ്പൽ നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിനും ആഗോള തലത്തിൽ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള രണ്ട് പ്രധാന സംരംഭങ്ങൾ എന്ന നിലയിൽ കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ പദ്ധതി (SBFAS), കപ്പൽ നിർമ്മാണ വികസന പദ്ധതി (SbDS) എന്നിവയ്ക്കുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) വിജ്ഞാപനം ചെയ്തു. ഈ അംഗീകൃത മാർഗ്ഗനിർദ്ദേശങ്ങൾ പദ്ധതികളുടെ ഫലപ്രദമായ നിർവ്വഹണത്തിനുതകുന്ന സുതാര്യവും ഉത്തരവാദിത്തപൂർണ്ണവുമായ സമഗ്ര ചട്ടക്കൂട് ഉറപ്പാക്കുന്നു.
 
ഇന്ത്യയുടെ കപ്പൽ നിർമ്മാണ മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗ്ഗദർശനത്തിൽ നിർണായകമായ നയ പുനഃക്രമീകരണം സാധ്യമായിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര കപ്പൽ നിർമ്മാണത്തെ പുനരുജ്ജീവിപ്പിക്കുകയും, കപ്പൽ വ്യവസായത്തെ പിന്തുണയ്ക്കുന്ന മറ്റ് വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും, ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും, വൻതോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ ലോകോത്തര കപ്പൽ നിർമ്മാണ ശേഷി വികസിപ്പിക്കപ്പെടുകയും, ‘വികസിത് ഭാരത്’, ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിലും സമുദ്രകാര്യങ്ങളിലും ഗണ്യമായ ശക്തിയും സാന്നിധ്യവും സ്വാധീനവുമുള്ള രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള സുസ്ഥിരവും സുതാര്യവുമായ ചട്ടക്കൂട് രൂപപ്പെടുകയും ചെയ്യുന്നു, എന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.

SBFAS പദ്ധതിയുടെ ഭാഗമായി, ആകെ ₹24,736 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കപ്പലിന്റെ വിഭാഗം അനുസരിച്ച് ഓരോ കപ്പലിനും 15 ശതമാനം മുതൽ 25 ശതമാനം വരെ സർക്കാർ സാമ്പത്തിക സഹായം നൽകും. സാധാരണ ചെറിയ കപ്പലുകൾ, സാധാരണ വലിയ കപ്പലുകൾ, പ്രത്യേക കപ്പലുകൾ എന്നിവയ്ക്കായി തരം  തിരിച്ചുള്ള പിന്തുണ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർവചിക്കപ്പെട്ട  നാഴികക്കല്ലുകളുമായി ബന്ധിപ്പിച്ച് ഘട്ടം ഘട്ടമായി ആയിരിക്കും പദ്ധതിയുടെ ഭാഗമായുള്ള സഹായ വിതരണം. കൂടാതെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുകയും ചെയ്യും. തുടർച്ചയായ  ഓർഡറുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ഇളവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കപ്പൽ നിർമ്മാണ സംരംഭങ്ങളുടെ ഏകോപിത ആസൂത്രണവും കാര്യക്ഷമമായ നിർവ്വഹണവും ഉറപ്പാക്കുന്നതിനായി ദേശീയ കപ്പൽ നിർമ്മാണ ദൗത്യം നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, ഇന്ത്യൻ യാർഡുകളിൽ കപ്പലുകൾ പൊളിക്കുന്ന കപ്പൽ ഉടമകൾക്ക് സ്ക്രാപ്പ് മൂല്യത്തിന്റെ 40 ശതമാനത്തിന് തുല്യമായ തുക വായ്പ ലഭിക്കുന്ന ‘കപ്പൽ ബ്രേക്കിംഗ് ക്രെഡിറ്റ് നോട്ടും’ പദ്ധതി അവതരിപ്പിക്കുന്നു. ഇത് കപ്പൽ പുനരുപയോഗത്തെ പുതിയ കപ്പലുകളുടെ  നിർമ്മാണവുമായി ബന്ധിപ്പിക്കുകയും, ചാക്രിക സമ്പദ്‌വ്യവസ്ഥാ നയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഭരണനിർവ്വഹണം  കാര്യക്ഷമമാക്കുന്നതിനും പൊതു ഫണ്ടുകളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുന്നതിനുമായി സ്വതന്ത്ര മൂല്യനിർണ്ണയവും നാഴികക്കല്ലുകൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളും നിർബന്ധമാക്കിയിട്ടുണ്ട്.

അടുത്ത ഒരു ദശകത്തിനുള്ളിൽ, ഏകദേശം ₹96,000 കോടി രൂപയുടെ കപ്പൽ നിർമ്മാണ പദ്ധതികൾക്ക് പിന്തുണ നൽകുകയും, ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും, സമുദ്ര മൂല്യ ശൃംഖലയിലുടനീളം വ്യാപകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് SBFAS പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

₹19,989 കോടി രൂപയുടെ ബജറ്റ് വിഹിതമുള്ള കപ്പൽ നിർമ്മാണ വികസന പദ്ധതി (SbDS), ദീർഘകാല ശേഷി വികസനത്തിനും, അടിസ്ഥാനസൗകര്യ സൃഷ്ടിക്കും സവിശേഷ പ്രാധാന്യം  നൽകുന്നു. ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകളുടെ വികസനം, നിലവിലുള്ള ബ്രൗൺഫീൽഡ് കപ്പൽശാലകളുടെ വിപുലീകരണവും ആധുനികവത്ക്കരണവും, ഗവേഷണം, രൂപകൽപ്പന, നൂതനാശയങ്ങൾ, നൈപുണ്യ വികസനം എന്നിവയ്ക്ക് പിന്തുണ നൽകുന്നതിനായി ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ കീഴിൽ ഇന്ത്യാ ഷിപ്പ് ടെക്നോളജി സെന്റർ സ്ഥാപിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.

SbDS പദ്ധതിയുടെ ഭാഗമായി, ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾക്ക് 50:50 അനുപാതത്തിൽ കേന്ദ്ര–സംസ്ഥാന പ്രത്യേക ഉദ്ദേശ്യ സ്ഥാപനത്തിലൂടെ (Special purpose vehicle-SPV) പൊതുവായ സമുദ്ര അടിസ്ഥാനസൗകര്യങ്ങൾക്കും ആഭ്യന്തര അടിസ്ഥാനസൗകര്യങ്ങൾക്കുമായി 100 ശതമാനം മൂലധന പിന്തുണ നൽകും. ഒപ്പം, നിലവിലുള്ള കപ്പൽശാലകൾക്ക് ഡ്രൈ ഡോക്കുകൾ, ഷിപ്പ് ലിഫ്റ്റുകൾ, ഫാബ്രിക്കേഷൻ സൗകര്യങ്ങൾ, ഓട്ടോമേഷൻ സംവിധാനങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങളടങ്ങുന്ന ബ്രൗൺഫീൽഡ് വിപുലീകരണത്തിനായി 25 ശതമാനം മൂലധന സഹായത്തിന് അർഹത ഉണ്ടായിരിക്കും.  നിർവചിക്കപ്പെട്ട നാഴികക്കല്ലുകളുമായി ബന്ധിപ്പിച്ച് ഘട്ടം ഘട്ടമമായി ആയിരിക്കും സഹായവിതരണം. സ്വതന്ത്ര മൂല്യനിർണയ ഏജൻസികൾ ഇത് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.

പദ്ധതികളുടെ ധന സാധ്യതകളും സാമ്പത്തിക പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിനായി, ഷിപ്പ്മെന്റിന് മുമ്പുള്ളതും ഷിപ്പ്മെന്റിന് ശേഷമുള്ളതുമായ അപകടസാധ്യതകൾക്കും, വെണ്ടർ ഡിഫോൾട്ട് റിസ്കുകൾക്കും സർക്കാർ പിന്തുണയുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ക്രെഡിറ്റ് റിസ്ക് കവറേജ് ഫ്രെയിംവർക്ക് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉന്നത വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും സൃഷ്ടിക്കപ്പെടുന്നതിന്റെ ഫലമായി, ഇന്ത്യയുടെ വാണിജ്യ കപ്പൽ നിർമ്മാണ ശേഷി 2047 ആകുമ്പോഴേക്കും പ്രതിവർഷം ഏകദേശം 4.5 ദശലക്ഷം ഗ്രോസ് ടണ്ണായി ഉയരുമെന്ന് മന്ത്രാലയം അറിയിച്ചു.

‘വികസിത് ഭാരത്’ എന്നാൽ ഇന്ത്യയുടെ വ്യാവസായിക ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ് അർത്ഥം. കപ്പൽ നിർമ്മാണവും സമുദ്ര മേഖലയിലെ ശേഷികളും ശക്തിപ്പെടുത്തുന്നതിനിലൂടെ, ആത്മനിർഭർ ഭാരതത്തിന്റെ ആത്മാവിനനുസൃതമായുള്ള ഇന്ത്യയുടെ വളർച്ച സ്വാശ്രയത്വം, നൈപുണ്യം, ആഗോള മത്സരക്ഷമത എന്നിവയിൽ അധിഷ്ഠിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ കൂട്ടിച്ചേർത്തു.

SBFAS ഉം SbDS 2036 ഉം മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും, 2047 വരെ പദ്ധതികൾ  തുടരാനും തത്വത്തിൽ ധാരണയായിട്ടുണ്ട്. ഈ പദ്ധതികൾ വിപുലമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും, തദ്ദേശീയ സാങ്കേതിക വികസനത്തിന് പ്രോത്സാഹനമേകുകയും, ഇന്ത്യയുടെ സമുദ്ര സുരക്ഷയും സാമ്പത്തിക പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

പദ്ധതികളുടെ ഘടനാപരവും സുതാര്യവുമായ നിർവ്വഹണം ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുകയും, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://shipmin.gov.in -ൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

****

 


(रिलीज़ आईडी: 2209183) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi