ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 22 DEC 2025 2:53PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഉപരാഷ്ട്രപതിയുടെ വസതിയിൽ വെച്ച് 2023, 2024 ബാച്ചുകളിലെ ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് (ഐഡിഎഎസ്) ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്തു.

ഓഫീസർ ട്രെയിനികളെ സ്വാഗതം ചെയ്തു സംസാരിക്കവേ, ഡിഫൻസ് അക്കൗണ്ട്സ് വകുപ്പിന് 275 വർഷത്തിലേറെയുള്ള സമ്പന്നമായ പാരമ്പര്യമുണ്ടെന്നും ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ഏറെ പഴക്കമുള്ള വകുപ്പുകളിൽ ഒന്നാണെന്നും ഉപരാഷ്ട്രപതി അഭിമാനപൂർവം പറഞ്ഞു.

2047-ഓടെ വികസിത ഭാരതം എന്ന ഉത്കൃഷ്ടലക്ഷ്യത്തിലേക്ക് രാഷ്ട്രം നീങ്ങുമ്പോൾ, ഈ കാഴ്ചപ്പാടു യാഥാർത്ഥ്യമാക്കുന്നതിൽ സിവിൽ സർവീസുകാർ നിർണായക പങ്ക് വഹിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അമൃതകാലത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ വ്യക്തമായ ആഹ്വാനം ഓർമ്മിപ്പിച്ച അദ്ദേഹം, വികസനം ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയിലും ഏതു കോണിലുമെത്തുന്ന സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതിന് ഊന്നൽ നൽകി. രാഷ്ട്രനിർമ്മാണത്തിൽ യുവത്വത്തിന്റെ ഊർജവും യുവ ഉദ്യോഗസ്ഥരുടെ നൂതനചിന്തയും നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. “സേവനമനോഭാവവും കർത്തവ്യബോധവും” മാർഗനിർദ്ദേശമായി സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു

ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഇന്ത്യൻ സായുധ സേനകളുടെയും അനുബന്ധ സംഘടനകളുടെയും സാമ്പത്തിക വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഈ സർവീസ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞു. സാമ്പത്തിക അതോറിറ്റി എന്ന നിലയിൽ, പ്രതിരോധ സേവനങ്ങളുടെ കണക്കെടുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുമ്പോൾ സായുധ സേന നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സായുധ സേനകളുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കാൻ വിവേകപൂർണമായ സാമ്പത്തിക പരിപാലനം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുപണം നികുതിദായകരുടെ കഠിനാധ്വാനത്തിന്റെ ഫലമായതിനാൽ, ഉദ്യോഗസ്ഥർ തങ്ങളുടെ പ്രവർത്തനങ്ങളിൽ സത്യസന്ധത, സുതാര്യത, ജാഗ്രത, ഉത്തരവാദിത്വം എന്നിവയുടെ ഉന്നത നിലവാരം പുലർത്തണമെന്ന് ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.

സാങ്കേതികവും ശാസ്ത്രീയവുമായ മുന്നേറ്റങ്ങൾ അതിവേഗം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ നിരന്തരമായ ശേഷി വർദ്ധിപ്പിക്കലിന്റെ പ്രാധാന്യവും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആജീവനാന്ത പഠനത്തിനായി iGOT കർമ്മയോഗി പോലുള്ള വേദികൾ ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ചു.

പൊതുസേവനത്തിലെ മൂല്യങ്ങളെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, അറിവ് അത്യാവശ്യമാണെങ്കിലും സ്വഭാവഗുണമാണ് പരമപ്രധാനമെന്നു വ്യക്തമാക്കി. ഇന്ത്യയിലെ 140 കോടി പൗരന്മാരിൽ, സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാനുള്ള അപൂർവ അവസരമാണ് ലഭിച്ചതെന്നും വിനയത്തോടും സമർപ്പണത്തോടും കൂടി ഈ ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.

വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ സിവിൽ സർവീസുകാരിൽനിന്നുള്ള പ്രതീക്ഷകളെക്കുറിച്ചുള്ള ഒരു ഓഫീസർ ട്രെയിനിയുടെ ചോദ്യത്തിന് മറുപടിയായി, ഉദ്യോഗസ്ഥർ എപ്പോഴും നൂതനമായി ചിന്തിക്കുന്നവരും, ആധുനിക സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്നവരും, ജോലിയിൽ ഉത്സാഹമുള്ളവരും, കാരുണ്യപൂർവമായ സമീപനം ഉള്ളവരും, ഭരണത്തിൽ ധാർമികത പുലർത്തുന്നവരും ആയിരിക്കണമെന്ന് ഉപരാഷ്ട്രപതി നിർദേശിച്ചു.

പരിപാടിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്; കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ശ്രീ വിശ്വജിത് സഹായ്; സാമ്പത്തിക ഉപദേഷ്ടാവ് (പ്രതിരോധ സേവനങ്ങൾ) ശ്രീ രാജ് കുമാർ അറോറ തുടങ്ങിയവർ പങ്കെടുത്തു.
 
LPSS
 
*****

(रिलीज़ आईडी: 2207439) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil