ഉപരാഷ്ട്രപതിയുടെ കാര്യാലയം
തെലങ്കാനയിലെ കൻഹ ശാന്തിവനത്തിൽ നടന്ന ലോക ധ്യാന ദിനാഘോഷങ്ങളിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു
प्रविष्टि तिथि:
21 DEC 2025 1:21PM by PIB Thiruvananthpuram
തെലങ്കാനയിലെ കൻഹ ശാന്തിവനത്തിൽ നടന്ന ലോക ധ്യാന ദിനാഘോഷത്തിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു. സമാധാനം, വൈകാരിക ക്ഷേമം, സാമൂഹിക ഐക്യം എന്നിവ വളർത്തുന്നതിൽ ധ്യാനത്തിൻ്റെ കാലാതീതമായ പ്രസക്തി അദ്ദേഹം എടുത്തു പറഞ്ഞു.

സാംസ്കാരികവും ഭൂമിശാസ്ത്രപരവും, മതപരവുമായ അതിരുകൾ മറികടക്കുന്ന ഒരു സാർവത്രിക മാർഗമാണ് ധ്യാനമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി പറഞ്ഞു.

മാനസിക തെളിച്ചം, വൈകാരിക സ്ഥിരത, ആന്തരിക പരിവർത്തനം എന്നിവയിലേക്കുള്ള ഒരു പാതയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു, ആധുനിക ജീവിതത്തിൽ ധ്യാനത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിയാൻ ലോക ധ്യാന ദിനം അവസരം നൽകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസംബർ 21 ലോക ധ്യാന ദിനമായി പ്രഖ്യാപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രമേയത്തെ പിന്തുണച്ചതിൽ ഇന്ത്യയുടെ പങ്ക് ഉപരാഷ്ട്രപതി അനുസ്മരിച്ചു. മാനസിക ക്ഷേമവും ആത്മീയ ഉയർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധ്യാനത്തിൻ്റെ കഴിവിന് ലഭിച്ച ആഗോള അംഗീകാരമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ധ്യാന പരിശീലനം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ ദാജിയുടെ സംഭാവനയെയും അദ്ദേഹം പ്രകീർത്തിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ധ്യാനം, യോഗ, ആത്മീയ അന്വേഷണം എന്നിവയുടെ പാരമ്പര്യമുള്ള ഇന്ത്യ, ലോകത്തിന് ജ്ഞാനം നൽകുന്നത് എന്നും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ നാഗരിക പൈതൃകത്തെ എടുത്തുപറഞ്ഞ അദ്ദേഹം, മനസ്സിൻ്റെയും ആത്മാവിൻ്റെയും ഉന്നമനത്തിനായി ഋഷിമാരും മുനിമാരും പരിപോഷിപ്പിച്ച പുരാതന ശാസ്ത്രമായി പണ്ടുമുതലേ ഭാരതത്തിലെ ധ്യാനം പരിഗണിക്കപ്പെട്ടിരുന്നതായി പറഞ്ഞു. ഭഗവദ്ഗീതയിൽ നിന്നും തമിഴ് ആത്മീയ ഇതിഹാസമായ തിരുമന്തിരത്തിൽ നിന്നുമുള്ള അധ്യയനം ഉൾക്കൊണ്ട്, ധ്യാനത്തിലൂടെ മനസ്സിനെ നിയന്ത്രിക്കുന്നത് ആത്മസാക്ഷാത്കാരത്തിലേക്കും ധാർമ്മിക ജീവിതത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വികസിത ഭാരതം @2047 ലേക്കുള്ള യാത്രയിൽ ധ്യാനത്തിന് നിർണായക പങ്കുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ദേശീയ വികസനമെന്നത് സാമ്പത്തിക പുരോഗതി മാത്രമല്ല, വൈകാരിക ക്ഷേമവും ആത്മീയ ഉന്നമനവും ഉൾക്കൊള്ളുതാവണമെന്നും അദ്ദേഹം പറഞ്ഞു.സമാധാനവും, സ്ഥിരതയും കാരുണ്യവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ഗണ്യമായ സംഭാവന നൽകാൻ ധ്യാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര ജീവിതത്തിന് അനിവാര്യമായ മനസ്സമാധാനം, ഉത്തരവാദിത്വo, പ്രകൃതിയുമായുള്ള ഐക്യം തുടങ്ങിയ മൂല്യങ്ങളെ ധ്യാനം പരിപോഷിപ്പിക്കുന്നുവെന്ന് മിഷൻ ലൈഫിൻ്റെ ദർശനത്തെ പരാമർശിച്ചുകൊണ്ട്, ഉപരാഷ്ട്രപതി പറഞ്ഞു. പാരിസ്ഥിതിക ഉത്തരവാദിത്വമുള്ള രീതികൾ സ്വീകരിക്കുന്നതിനും സമഗ്ര ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കൻഹ ശാന്തി വനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ദൈനംദിന ജീവിതത്തിൽ ധ്യാനം ഉൾപ്പെടുത്താൻ പൗരന്മാരോട് ആഹ്വാനം ചെയ്ത ശ്രീ രാധാകൃഷ്ണൻ, വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ എന്നിവരോട് ഇക്കാര്യത്തിൽ ഭാവിതലമുറകൾക്ക് മാതൃകയാവാനും, മാനസിക സമാധാനം, സന്തുലിതാവസ്ഥ, ഐക്യം എന്നിവയ്ക്കനിവാര്യമായ രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്തു.
തെലങ്കാന ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ; തെലങ്കാന മന്ത്രി ശ്രീ ഡി. ശ്രീധർ ബാബു; ഹാർട്ട്ഫുൾനെസ് ധ്യാനത്തിൻ്റെ ആത്മീയ മാർഗദർശി ദാജി കമലേഷ് ഡി. പട്ടേൽ, മറ്റ് വിശിഷ്ട വ്യക്തികൾ, എന്നിവർക്കൊപ്പം കൻഹ ശാന്തി വനത്തിൽ നടന്ന ധ്യാന സെഷനിൽ പങ്കെടുത്ത ആയിരക്കണക്കിന് പേരും ആഘോഷങ്ങളിൽ സന്നിഹിതരായിരുന്നു.


****
(रिलीज़ आईडी: 2207197)
आगंतुक पटल : 7