ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

പത്താമത് സ്വച്ഛ് സർവേക്ഷണിന് തുടക്കം കുറിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം

प्रविष्टि तिथि: 20 DEC 2025 5:36PM by PIB Thiruvananthpuram

പത്താമത് സ്വച്ഛ് സർവേക്ഷണ്‍ മാര്‍ഗരേഖാ സമാഹാരം  ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ  പുറത്തിറക്കി.  

 

ലോകത്തെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. കേവലമൊരു വാർഷിക സർവേ എന്നതിലുപരി  ശക്തമായ നഗര ഭരണനിര്‍വഹണ സംവിധാനംകൂടിയാണ് സ്വച്ഛ് സർവേക്ഷൺ. മാലിന്യമുക്ത നഗരങ്ങൾ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ വലിയ മാറ്റങ്ങൾക്ക് ഈ സംരംഭം  ചാലകശക്തിയാണ്.  

 

 

"സ്വച്ഛത കി നയി പഹൽ - ബഢായേം ഹാഥ്,  കരേം സഫായി സാഥ്" അഥവാ “ശുചിത്വത്തിന്റെ പുതിയ തുടക്കം - കൈകോർക്കാം, ഒന്നിച്ച് ശുചീകരിക്കാം” എന്നതാണ് ഈ വർഷത്തെ സ്വച്ഛ് സർവേക്ഷണ്‍ പ്രമേയം. മുൻസിപ്പൽ കമ്മീഷണർമാരും മറ്റ് സംസ്ഥാന പ്രതിനിധികളുമടക്കം എല്ലാ സംസ്ഥാനങ്ങളും നഗര തദ്ദേശ സ്ഥാപനങ്ങളും  ചടങ്ങിൽ ഓണ്‍ലൈനായി പങ്കെടുത്തു.

നഗരങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വച്ഛ് സർവേക്ഷൺ ശുചിത്വ മാനദണ്ഡങ്ങൾ നിർവചിച്ചിട്ടുണ്ട്. മൂല്യനിർണയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും 'ശുചിത്വ നഗര'മായി മാറുന്നതിന് രൂപരേഖ തയ്യാറാക്കാനും  ഇതിന് ഘട്ടങ്ങളും ഘടകങ്ങളും തിരിച്ചറിയാനും അതുവഴി പ്രായോഗിക ശുചിത്വത്തിലൂടെ നഗരങ്ങളെ കൂടുതൽ ശുചിത്വപൂര്‍ണമാക്കാനും ഇത് സഹായിച്ചു. കഴിഞ്ഞ 10 വർഷമായി ശുചിത്വത്തെ ജീവിതശൈലിയാക്കുകയെന്ന രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സഹകരണത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും ശ്രദ്ധേയ സാക്ഷ്യമായി സ്വച്ഛ് സർവേക്ഷൺ നിലകൊള്ളുന്നു. യഥാർത്ഥത്തിൽ ശുചിത്വം സ്വഭാവം, ശുചിത്വം സംസ്‌കാരം എന്ന ആശയത്തിന്റെ  പ്രതിഫലനമാണിത്. 2016-ലെ 73 നഗര തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് 2024-ൽ 4,900 സ്ഥാപനങ്ങളെ വിലയിരുത്തുന്ന നിലയിലേക്ക് സ്വച്ഛ് സർവേക്ഷൺ വളർന്നു. ശുചിത്വ നിലവാരം ഉയർത്താനും പൗരന്മാർക്ക് ഗുണനിലവാരമേറിയ സേവനങ്ങൾ നൽകാനും ഇത് നഗരങ്ങളെ പ്രചോദിപ്പിക്കുന്നു.

 

 

വർഷങ്ങൾ പിന്നിടുമ്പോൾ സ്വച്ഛ് സർവേക്ഷണ്‍ മൂല്യനിർണയത്തിലെ  ശക്തമായ ഉപാധിയായി ജനങ്ങളുടെ ശബ്ദം മാറിക്കഴിഞ്ഞു.  ശുചിത്വത്തോട് രാജ്യത്തെ പൗരന്മാര്‍ സ്വീകരിക്കുന്ന കാഴ്ചപ്പാടിന്റെയും ഇടപെടലിന്റെയും കരുത്ത് സ്വച്ഛ് സർവേക്ഷൺ നിരന്തരം പ്രതിഫലിപ്പിക്കുന്നു. ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പൗരന്മാരുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ പ്രാധാന്യവും മുൻഗണനയും നൽകുന്ന രീതിയിലാണ് 2025–26 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

 

ഈ വർഷം മുതൽ 'വോട്ട് ഫോർ മൈ സിറ്റി' അപ്ലിക്കേഷനും പോർട്ടലും, മൈ-ജിഒവി ആപ്പ്, സ്വച്ഛ് സർവേക്ഷൺ ആപ്പ്, ക്യുആർ കോഡുകൾ എന്നിവയുമടക്കം ഒന്നിലധികം സംവിധാനങ്ങളിലൂടെ പൗരന്മാർക്ക് വർഷം മുഴുവൻ പ്രതികരണങ്ങള്‍ പങ്കിടാനാവും.  പൗരന്മാരുടെ മൂല്യനിർണയത്തിന്റെ വെയ്റ്റേജ് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. 

 

 

സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴില്‍ 2025 സെപ്റ്റംബറിലാണ് നഗരമാലിന്യ സംസ്‌കരണ രംഗത്തെ സമയബന്ധിതവും ഘടനാപരവുമായ ഏറ്റവും വലിയ മാര്‍ഗനിര്‍ദേശക ചട്ടക്കൂടായ 'സ്വച്ഛ് ഷഹർ ജോഡി' കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ചത്. അറിവ് പങ്കിടാനും മികച്ച രീതികൾ മാതൃകയാക്കാനും 72 മാര്‍ഗനിര്‍ദേശക നഗരങ്ങളും 200 പരിശീലന നഗരങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. മാര്‍ഗനിര്‍ദേശക പരിശീലന പരിപാടി ശക്തിപ്പെടുത്തുന്നതിന് 'സ്വച്ഛ് ഷഹർ ജോഡി'കൾക്ക് അംഗീകാരം നൽകാന്‍ പുതിയ പുരസ്കാര വിഭാഗം അവതരിപ്പിച്ചു. ജനസംഖ്യാടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തിലും ജോഡികളുടെ ശരാശരി സ്കോര്‍ കണക്കാക്കി പുരസ്കാരം നൽകും.  

 

ഗുണമേന്മ ഉറപ്പാക്കാനും പരാതി പരിഹാര സംവിധാനങ്ങൾ ഔദ്യോഗികമാക്കാനും കർശന നിരീക്ഷണത്തോടെ  ഒരു മൂല്യനിർണയ ചട്ടക്കൂട് സ്വച്ഛ് സർവേക്ഷൺ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രക്രിയയ്ക്ക്  ദേശീയ മേൽനോട്ട സംഘം നേതൃത്വം നൽകും. കൂടാതെ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും പ്രത്യേക ചുമതലയോടെ ഉദ്യോഗസ്ഥരെയും ആദ്യമായി നിയമിച്ചു. രാജ്യത്തുടനീളം പരിശീലനം ലഭിച്ച 3,000-ത്തിലേറെ പ്രാദേശിക പരിശോധകര്‍  എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളിലും 45 ദിവസത്തെ മേഖലാതല സർവേ നടത്തും. ജിപിഎസ് അധിഷ്ഠിത തത്സമയ നിരീക്ഷണ സംവിധാനത്തോടെയാണ് സര്‍വേ. തെളിവുകൾ സമർപ്പിക്കുന്നത് മുതൽ പരിശോധന വരെ മുഴുവൻ പ്രക്രിയയും പൂർണമായി  ഡിജിറ്റലും സുതാര്യവുമാണ്.

മാര്‍ഗനിര്‍ദേശ സമാഹാരം പുറത്തിറക്കിയ പശ്ചാത്തലത്തില്‍ 2026 ഫെബ്രുവരി പകുതി മുതൽ മാർച്ച് വരെ മേഖലാതല പരിശോധനകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മാലിന്യമുക്ത നഗരം, വെളിയിട വിസര്‍ജനമുക്ത നഗരം എന്നിവയുടെ സാക്ഷ്യപ്പെടുത്തലിന്റെ  മൂല്യനിർണയവും 2026 ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. 

 

 

ഓരോ പൗരന്റെയും ശബ്ദത്തിന് കരുത്തേകി സ്വച്ഛ് സർവേക്ഷണിനെ കേന്ദ്രബിന്ദുവാക്കിയ സ്വച്ഛ് ഭാരത് നഗര ദൗത്യം ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനത്തിന്റെ നേര്‍സാക്ഷ്യമാണ്. നഗരങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്ന  നടപടിക്രമം എന്നതിലുപരി പൗരന്മാരെ തുല്യ പങ്കാളികളായി  ശാക്തീകരിക്കുകയും ഉത്തരവാദിത്തബോധവും അഭിമാനവും വളർത്തുകയും ചെയ്യുന്ന ശക്തമായ  വേദിയായി ഇത് പരിണമിച്ചിരിക്കുന്നു.  ശുചിത്വപൂര്‍ണ നഗരത്തിനായി മത്സരം കടുക്കുമ്പോൾ ശുചിത്വത്തെ  പങ്കാളിത്ത ദേശീയ അഭിലാഷമായും കൂട്ടായ അഭിമാനമായും മാറ്റി മുന്നേറുകയാണ് സ്വച്ഛ് സർവേക്ഷൺ.  

 

****


(रिलीज़ आईडी: 2207057) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi