രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഹൈദരാബാദിൽ പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 19 DEC 2025 12:34PM by PIB Thiruvananthpuram

തെലങ്കാന പബ്ലിക് സർവീസ് കമ്മീഷൻ ഹൈദരാബാദിൽ സംഘടിപ്പിച്ച പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 ഡിസംബർ 19) ഉദ്ഘാടനം ചെയ്തു.

 



 

ഭരണഘടനാ ശില്പികൾ  ഭരണഘടനയുടെ ഒരു ഭാഗം മുഴുവനായി പൊതുസേവനങ്ങള്‍ക്കും പബ്ലിക് സർവീസ് കമ്മീഷനുകൾക്കും വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ  രാഷ്ട്രപതി പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും പബ്ലിക് സർവീസ് കമ്മീഷനുകളുടെ പങ്കിനും പ്രവർത്തനങ്ങൾക്കും അവർ നൽകിയ പ്രാധാന്യത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്.

 



 

സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, പദവിയിലെയും  അവസരത്തിലെയും സമത്വം എന്നീ ഭരണഘടനാപരമായ ആദർശങ്ങൾ പബ്ലിക് സർവീസ് കമ്മീഷനുകളുടെ പ്രവർത്തനത്തില്‍ ഏറെ പ്രസക്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയുടെ ആമുഖവും പൊതു-തൊഴിൽ കാര്യങ്ങളിൽ അവസരസമത്വ മൗലികാവകാശവും ജനക്ഷേമത്തിനായി സാമൂഹ്യ വ്യവസ്ഥ ഉറപ്പാക്കാൻ ഭരണകൂടത്തിന് മാർഗനിർദേശം നൽകുന്ന നയരൂപീകരണ തത്വങ്ങളും പബ്ലിക് സർവീസ് കമ്മീഷനുകൾ പിന്തുടരേണ്ട വഴികളെ സൂചിപ്പിക്കുന്നു. അവസരസമത്വമെന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്നതിനൊപ്പം ഫലങ്ങളില്‍ സമത്വത്തിന്റെ ലക്ഷ്യം കൈവരിക്കാനും പബ്ലിക് സർവീസ് കമ്മീഷനുകൾ  ശ്രമിക്കേണ്ടതുണ്ട്.  സമത്വവും നീതിയും പ്രോത്സാഹിപ്പിക്കുന്ന മാറ്റത്തിന്റെ വക്താക്കളാണ് ഈ കമ്മീഷനുകളെന്നും രാഷ്ട്രപതി പറഞ്ഞു.  

 



 

പബ്ലിക് സർവീസ് കമ്മീഷനുകൾ തിരഞ്ഞെടുക്കുന്ന 'സ്ഥിരം എക്സിക്യൂട്ടീവ്' എന്ന് വിളിക്കപ്പെടുന്ന  പൊതുസേവകർ ഭരണപ്രക്രിയയ്ക്ക് നിഷ്പക്ഷതയും തുടർച്ചയും സ്ഥിരതയും നൽകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ദേശീയ-സംസ്ഥാന തലങ്ങളിൽ ജനക്ഷേമ നയങ്ങൾ നടപ്പാക്കുന്നതില്‍ സ്ഥിരം എക്സിക്യൂട്ടീവിലെ സിവിൽ സർവീസുകാരുടെ സത്യസന്ധതയ്ക്കും അവബോധത്തിനും കാര്യക്ഷമതയ്ക്കും  അതീവ പ്രാധാന്യമുണ്ട്.  നിയമിക്കുന്ന  ഉദ്യോഗാർത്ഥികളുടെ സത്യസന്ധതയ്ക്കും ധാര്‍മികതയ്ക്കും പബ്ലിക് സർവീസ് കമ്മീഷനുകൾ  ഉയർന്ന മുൻഗണന നൽകണം.  സത്യസന്ധതയും ധാര്‍മികതയും പരമപ്രധാനമാണെന്നും അതില്‍  വിട്ടുവീഴ്ച ചെയ്യരുതെന്നും രാഷ്ട്രപതി പറഞ്ഞു.  നൈപുണ്യത്തിന്റെയും കാര്യക്ഷമതയുടെയും കുറവ് പരിശീലനങ്ങളിലൂടെയും മറ്റ് തന്ത്രങ്ങളിലൂടെയും പരിഹരിക്കാനാവും.  എന്നാൽ സത്യസന്ധതയുടെയും ധാര്‍മികതയുടെയും അഭാവം പരിഹരിക്കാനാവാത്ത  ഗുരുതര വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെന്നും രാഷ്ട്രപതി വ്യക്തമാക്കി.  

 



 

സിവിൽ സർവീസ് ഉദ്യോഗസ്ഥരായി ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കാന്‍ താല്പര്യമുണ്ടാകണമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ സിവിൽ സർവീസുകാർ സ്ത്രീകളുടെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും പ്രത്യേകം അവബോധമുള്ളവരായിരിക്കണം.  ലിംഗ-അവബോധം സൃഷ്ടിക്കുന്നതിനും പബ്ലിക് സർവീസ് കമ്മീഷനുകൾ ഉയർന്ന മുൻഗണന നൽകണം.

ലോകത്ത് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന നിലയിലും വൈവിധ്യങ്ങളാൽ സമ്പന്നമായ രാഷ്ട്രമെന്ന നിലയിലും എല്ലാ തലങ്ങളിലും ഇന്ത്യയ്ക്ക്  ഏറ്റവും ഫലപ്രദമായ ഭരണ സംവിധാനങ്ങൾ അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമീപഭാവിയിൽ ലോകത്തെ മൂന്നാമത് വലിയ സമ്പദ്‌വ്യവസ്ഥയാകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. 2047-ഓടെ വികസിത ഭാരതമെന്ന  ലക്ഷ്യം കൈവരിക്കുന്നതിലേക്കും നാം മുന്നേറുകയാണ്.  പബ്ലിക് സർവീസ് കമ്മീഷനുകൾ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് തുടരുമെന്നും ഭാവി സജ്ജരായ സിവിൽ സർവീസ് സംഘത്തെ കെട്ടിപ്പടുക്കുന്നതിൽ മികച്ച സംഭാവന നൽകുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-
 
SKY
 
******

(रिलीज़ आईडी: 2206519) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Telugu