ആണവോര്‍ജ്ജ വകുപ്പ്
ശാന്തി (SHANTI) ബിൽ 2025 രാജ്യസഭ പാസാക്കി
प्रविष्टि तिथि:
18 DEC 2025 7:45PM by PIB Thiruvananthpuram
ലോക്സഭ പാസാക്കിയതിനെത്തുടർന്ന് രാജ്യസഭയിൽ അവതരിപ്പിച്ച 'ദി സസ്റ്റൈനബിൾ ഹാർനെസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ' (SHANTI) ബിൽ 2025 സംബന്ധിച്ച് രാജ്യസഭയിൽ നടന്ന വിശദമായ ചർച്ചയിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പുകളുടെ (സ്വതന്ത്ര ചുമതല) സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥകാര്യം, പൊതുജന പരാതിപരിഹാരം, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് പങ്കെടുത്തു. രാജ്യസഭയിൽ സംസാരിച്ച മന്ത്രി, ബില്ലിലെ സുപ്രധാന വ്യവസ്ഥകൾ വിശദീകരിക്കുകയും, പൊതുചർച്ചയ്ക്കും അംഗങ്ങൾ ഉന്നയിച്ച ആശങ്കകൾക്കും മറുപടി നൽകുകയും, ആണവ സുരക്ഷ, ദേശീയ പരമാധികാരം, പൊതു ഉത്തരവാദിത്തം എന്നിവ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്ക് വിധേയമല്ലാത്തതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ആണവോർജ്ജ നിയമം 1962, സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് (CLND) നിയമം എന്നിവയിലെ വ്യവസ്ഥകൾ ബിൽ ഏകീകരിക്കുകയും യുക്തിസഹമാക്കുകയും ചെയ്യുന്നുവെന്നും ആണവോർജ്ജ നിയന്ത്രണ ബോർഡിന് നിയമപരമായ പദവി നൽകുന്നുവെന്നും ഇത് മാതൃ നിയമനിർമ്മാണത്തിന്റെ ഭാഗമാക്കുന്നതായും ഡോ. ജിതേന്ദ്ര സിംഗ് വിശദീകരിച്ചു. നിയന്ത്രണ മേൽനോട്ടം ലഘൂകരിക്കുകയല്ല മറിച്ച് ശക്തിപ്പെടുത്തുകയാണെന്നും ആണവ മേഖലയിലെ നിയന്ത്രണങ്ങളിൽ ആഗോളതലത്തിലെ മികച്ച രീതികളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത കൂടുതൽ വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന ആഗോളവും സാങ്കേതികവുമായ പശ്ചാത്തലത്തെ സൂചിപ്പിച്ചുകൊണ്ട്, 2010-ൽ ആണവ പരിഷ്കാരങ്ങൾക്കെതിരെ ഉയർന്ന എതിർപ്പുകൾ സമകാലിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ പുനഃപരിശോധിക്കണമെന്ന് ഡോ. ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനങ്ങൾ, ആഗോള ഊർജ്ജ ആവശ്യങ്ങൾ എന്നിവയിൽ ഗണ്യമായ പരിവർത്തനമാണ് സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ചെറിയ മോഡുലാർ റിയാക്ടറുകൾ, ഭാരത് ചെറു റിയാക്ടറുകൾ പോലുള്ള ആശയങ്ങൾ സങ്കൽപ്പിക്കാൻ പോലും സാധിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് അവ ശുദ്ധവും 24×7 വിശ്വാസയോഗ്യവുമായ വൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമായ, സുരക്ഷിതവും കാര്യക്ഷമവും ലളിതവുമായ പരിഹാരങ്ങളായി ഉയർന്ന് വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷാ ആശങ്കകൾക്ക് മറുപടി പറയവേ, ആണവ സുരക്ഷാ മാനദണ്ഡങ്ങളിൽ എതെകിലും തരത്തിലുള്ള മാറ്റമോ വിട്ടുവീഴ്ചയോ ഇല്ലെന്നും, 1962 ലെ ആണവോർജ്ജ നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന കർശനമായ തത്വങ്ങൾ പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി. “സുരക്ഷയ്ക്ക് പ്രഥമ പരിഗണന, സുരക്ഷ ഉറപ്പാക്കികൊണ്ട് ഉത്പാദനം” എന്നതാണ് നയം. നിർമ്മാണ ഘട്ടത്തിൽ ത്രൈമാസ പരിശോധനകൾ, പ്രവർത്തന ഘട്ടത്തിൽ ദ്വിവത്സര പരിശോധനകൾ, അഞ്ച് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കൽ, നിയമപരമായ പദവി ലഭിച്ച ആണവോർജ്ജ നിയന്ത്രണ ബോർഡിന് നൽകിയിരിക്കുന്ന വർദ്ധിച്ച അധികാരങ്ങൾ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) മാനദണ്ഡങ്ങൾക്ക് അനുസൃതമായ കർശന മേൽനോട്ടം എന്നിവ ഉൾപ്പെടുന്ന ശക്തമായ പരിശോധനാ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ ആണവ നിലയങ്ങൾ ഭൂകമ്പസാധ്യത കൂടുതലുള്ള മേഖലകളിൽ നിന്ന് ഏറെ അകലെയാണെന്നും, ഇന്ത്യൻ റിയാക്ടറുകളിൽ നിന്നുള്ള വികിരണ തോത് ആഗോള സുരക്ഷാ പരിധിയേക്കാൾ പലമടങ്ങ് താഴെയാണെന്നും മന്ത്രി രാജ്യസഭയ്ക്ക് ഉറപ്പുനൽകി.
ഇന്ത്യൻ ആണവ റിയാക്ടറുകളിൽ നിന്നുള്ള വികിരണങ്ങൾ അർബുദത്തിന് കാരണമാകുന്ന ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ, ഡോ. ജിതേന്ദ്ര സിംഗ് പൊതുജനാരോഗ്യ ആശങ്കകൾക്ക് വിശദീകരണം നൽകി. കൂടംകുളം, കൽപ്പാക്കം, റാവത്ത്ഭട്ട, താരാപൂർ തുടങ്ങിയ ആണവ കേന്ദ്രങ്ങളിലെ വികിരണ പ്രസരണ ഡാറ്റ, അനുവദനീയമായ സുരക്ഷാ പരിധിയെക്കാൾ ഏറെ താഴെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം, ആണവ മേഖലയിലെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ഇന്ത്യ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൻക്രിപ്ഷൻ, സുരക്ഷിത കോഡിംഗ്, പതിവ് ഓഡിറ്റുകൾ, മാൽവെയർ ഫിൽട്ടറിംഗ്, മൾട്ടി-ലെയർ ഡിജിറ്റൽ സംരക്ഷണം തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളിലൂടെ ആണവ സ്ഥാപനങ്ങളുടെ സാങ്കേതികവും പ്രവർത്തനപരവുമായ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യവത്ക്കരണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കിക്കൊണ്ട്, നിർവചിച്ചിരിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ പര്യവേക്ഷണ പ്രവർത്തനങ്ങളിൽ സ്വകാര്യ പങ്കാളികളെ ഉൾപ്പെടുത്തുകയുള്ളൂവെന്നും, നിർദ്ദിഷ്ട പരിധിക്ക് മുകളിലുള്ള യുറേനിയം ഖനനം പൂര്‍ണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. അതുപോലെ, വ്യക്തമായി നിർവ്വചിച്ച ദീർഘകാല സംഭരണ, പരിപാലന പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട്, ഉപയോഗിച്ച ഇന്ധനത്തിന്റെ മാനേജ്മെന്റ് എല്ലായ്പ്പോഴും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ഉറവിട പദാർത്ഥങ്ങൾ (യുറേനിയം, തോറിയം പോലുള്ളവ), ഫിസൈൽ പദാർത്ഥങ്ങൾ, ഘനജലം തുടങ്ങിയ തന്ത്രപരമായ പദാർത്ഥങ്ങൾ കർശനമായ സർക്കാർ നിയന്ത്രണത്തിൽ തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ബാധ്യതയും നഷ്ടപരിഹാരവും സംബന്ധിച്ച വ്യവസ്ഥകൾ വിശദീകരിച്ചുകൊണ്ട്, ഇരകൾക്കുള്ള നഷ്ടപരിഹാരത്തിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ, ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രേഡഡ് ലയബിലിറ്റി ക്യാപ്പുകൾ ബിൽ മുന്നോട്ടു വയ്ക്കുന്നതായി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ഓപ്പറേറ്ററുടെ ബാധ്യതാ പരിധിയെ മറികടക്കുന്ന നാശനഷ്ടങ്ങൾ ഉണ്ടായാൽ, സർക്കാർ പിന്തുണയുള്ള ഫണ്ടുകളും അന്താരാഷ്ട്ര കൺവെൻഷനുകളും മുഖേന പൂർണ്ണമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും, ദുരന്ത ബാധിതർക്കു യാതൊരു വിധ ആശങ്കയും ഉണ്ടാകില്ലെന്നും അദ്ദേഹം സഭയ്ക്ക് ഉറപ്പുനൽകി. അതോടൊപ്പം, “ആണവ നാശനഷ്ടങ്ങൾ” എന്ന നിർവ്വചനം പരിസ്ഥിതി നാശനഷ്ടങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിവിൽ കോടതികളെയോ ഉന്നത ജുഡീഷ്യറിയെയോ സമീപിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങൾ ഒരു തരത്തിലും നിയന്ത്രിക്കാതെ, വേഗത്തിലും കാര്യക്ഷമമായും തർക്കങ്ങൾ പരിഹരിക്കാൻ അവസരം നൽകുന്നതിനായാണ് ആണവോർജ്ജ പരിഹാര കമ്മീഷൻ അവതരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ബിൽ ആണവ വിഷയങ്ങളെ ജുഡീഷ്യൽ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ അദ്ദേഹം ശക്തമായി നിഷേധിച്ചു; നീതി ലഭ്യത മെച്ചപ്പെടുത്തുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിനുള്ള അധിക സംവിധാനമായാണ് കമ്മീഷനെ വീക്ഷിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പരമാധികാരത്തെയും വിദേശ സ്വാധീനത്തെയും സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയായി, തന്ത്രപരമായ സ്വയംഭരണത്തിന് വിഘ്നവുമുണ്ടാകാതെ, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ അന്താരാഷ്ട്രതലത്തിലെ മികച്ച രീതികൾ മാത്രം സ്വീകരിക്കുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ശാന്തി ബിൽ സമാധാനാവശ്യങ്ങൾക്കുള്ള ആണവോർജ്ജവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, യുറേനിയം സമ്പുഷ്ടീകരണം ഇത്തരം റിയാക്ടറുകളുടെ ആവശ്യകതകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും, ആയുധ-നിർമ്മാണ പ്രവർത്തനങ്ങളുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
ബാല്യകാല രക്താർബുദം, പ്രോസ്റ്റേറ്റ് കാൻസർ ചികിത്സ തുടങ്ങിയവയിൽ ടാറ്റ മെമ്മോറിയൽ സെന്റർ പോലുള്ള സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും, ന്യൂക്ലിയർ മെഡിസിനിലെ പുരോഗതിയും ഉദാഹരിച്ചുകൊണ്ട്, ആരോഗ്യസംരക്ഷണം, കൃഷി, ഭക്ഷ്യ സുരക്ഷ, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ന്യൂക്ലിയർ സയൻസിന്റെ വികസിതമാകുന്ന പങ്ക് ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. ഗവേഷണ പങ്കാളിത്തം ഉദാരമാക്കുന്നത് ഈ മേഖലയിലുടനീളമുള്ള നൂതനാശയങ്ങളെ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ദീർഘകാല ആണവോർജ്ജ പദ്ധതിയുടെ രൂപരേഖ വിശദീകരിച്ചുകൊണ്ട്, രാജ്യം ഇതിനോടകം ഏകദേശം 9 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിച്ചിട്ടുണ്ടെന്നും, 2032-ഓടെ ഇത് 22 ജിഗാവാട്ട്, 2037-ഓടെ 47 ജിഗാവാട്ട്, 2042-ഓടെ 67 ജിഗാവാട്ട്, 2047-ഓടെ 100 ജിഗാവാട്ട് ആയിത്തീരുകയും, ഇന്ത്യയുടെ മൊത്തം ഊർജ്ജ ആവശ്യകതയുടെ ഏകദേശം 10% സംഭാവന ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു. നിർമ്മിത ബുദ്ധിയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും നയിക്കുന്ന ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ ആണവോർജ്ജം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടവിട്ട് മാത്രം പ്രയോജനപ്പെടുത്താവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് വിശ്വസനീയവും, 24×7 പ്രവർത്തനക്ഷമവും, ശുദ്ധവുമായ ഊർജ്ജം ലഭ്യമാക്കുന്നതും ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ആത്മവിശ്വാസം, ശാസ്ത്രീയ പക്വത, ആഗോളതലത്തിൽ ശുദ്ധ ഊർജ്ജ പരിവർത്തനത്തെ ഉത്തരവാദിത്വത്തോടെ നയിക്കാനുള്ള സന്നദ്ധത എന്നിവ ശാന്തി ബിൽ പ്രതിഫലിപ്പിക്കുന്നുവെന്ന്, പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ക്രിയാത്മകമായ നിർദ്ദേശങ്ങൾക്ക് സർക്കാർ വാതിലുകൾ തുറന്നിടുമെന്നും ചട്ടങ്ങളുടെ നിർമ്മാണ വേളയിൽ ബന്ധപ്പെട്ട പങ്കാളികളുമായി ഇടപഴകുന്നത് തുടരുമെന്നും അദ്ദേഹം അംഗങ്ങൾക്ക് ഉറപ്പ് നൽകി, ആണവ മേഖലയിലെ ഇന്ത്യയുടെ പ്രയാണം സുരക്ഷ, സുതാര്യത, ദേശീയ താത്പര്യം എന്നിവ മാത്രം മുൻനിർത്തിയായിരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.


*****
(रिलीज़ आईडी: 2206481)
आगंतुक पटल : 9