സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
ഗ്രാമീണ മേഖലകളിൽ സംരംഭകത്വവും ഉപജീവന മാർഗങ്ങളും പ്രോത്സാഹിപ്പിക്കുന്ന ആസ്പെയര്‍ പദ്ധതിയുമായി സർക്കാർ
प्रविष्टि तिथि:
16 DEC 2025 2:07PM by PIB Thiruvananthpuram
ഗ്രാമീണ മേഖലകളിൽ സംരംഭകത്വവും ഉപജീവന മാർഗങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംഎസ്എംഇ മന്ത്രാലയം ആസ്പെയര്‍ പദ്ധതി നടപ്പാക്കുന്നത്. നൈപുണ്യ വികസനം, മാര്‍ഗ നിര്‍ദേശക പരിപാടി, സൂക്ഷ്മ സംരംഭങ്ങൾക്ക് പിന്തുണ എന്നിവയിലൂടെ തൊഴിലവസര സൃഷ്ടിയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തുടനീളം ഇതുവരെ, 109 ഉപജീവന വ്യാപാര മാര്‍ഗനിര്‍ദേശക കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിയ്ക്ക് കീഴിൽ ആകെ 1,16,726 ഗുണഭോക്താക്കൾക്ക് പരിശീലനം നൽകുകയും ഇതിൽ 18,444 പേർ സ്വയം തൊഴിൽ കണ്ടെത്തുകയും 13,824 പേർ വേതനം ലഭിക്കുന്ന ജോലി നേടുകയും 1,141 സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 2022 മുതൽ മന്ത്രാലയം പട്ടികജാതി/പട്ടികവർഗ/ഒബിസി/പൊതു വിഭാഗങ്ങള്‍ തിരിച്ചും ലിംഗഭേദാടിസ്ഥാനത്തിലും വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. 2022 മുതൽ ആകെ പരിശീലനം ലഭിച്ച 56,721 ഗുണഭോക്താക്കളിൽ 27,970 പേർ സ്ത്രീകളും 8,365 പേർ പട്ടികജാതി വിഭാഗക്കാരും 9,311 പേർ പട്ടികവർഗക്കാരുമാണ്.
സ്ത്രീകളെയും പട്ടികജാതി/പട്ടികവർഗ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രധാനമായും താഴെ പറയുന്ന നടപടികള്‍ കൈക്കൊണ്ടു:
i. പട്ടികജാതി/പട്ടികവർഗക്കാർക്കും സ്ത്രീകൾക്കുമുൾപ്പെടെ രാജ്യത്തെ സംരംഭകർക്കിടയിൽ കൂടുതൽ പ്രചാരണത്തിനായി സംസ്ഥാന - കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എംഎസ്എംഇ വ്യാവസായിക വകുപ്പുകള്‍, സിജിടിഎംഎസ്ഇ, സിഡ്ബി, ബാങ്കുകൾ, എംഎസ്എംഇ അസോസിയേഷനുകൾ തുടങ്ങിയവയുമായി ചേർന്ന് എംഎസ്എംഇ മന്ത്രാലയത്തിൻ്റെ ഫീൽഡ് ഓഫീസുകള്‍ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ii. പട്ടികജാതി/പട്ടികവർഗ സംരംഭകരുടെ ശേഷി വർധനയ്ക്കായി എംഎസ്എംഇ മന്ത്രാലയം ദേശീയ പട്ടികജാതി പട്ടികവര്‍ഗ ഹബ് പദ്ധതി നടപ്പാക്കുന്നു. കൂടാതെ, പ്രധാനമന്ത്രി സമ്മാൻ സ്കീമിന് (പിഎംഎസ്എസ്) കീഴിൽ പട്ടികജാതി/പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടി വില്പനക്കാരുടെ വികസന പരിപാടി (വിഡിപി) സംഘടിപ്പിക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
iii. ഔപചാരികവൽക്കരണം, വായ്പാ ലഭ്യത, ശേഷി വർധന, മാര്‍ഗനിര്‍ദേശക പരിപാടി എന്നിവ സംബന്ധിച്ച വിവിധ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിച്ച് രാജ്യത്തുടനീളം വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിന് എംഎസ്എംഇ മന്ത്രാലയം 2024 ജൂൺ 27-ന് 'യശസ്വിനി കാമ്പയിൻ' ആരംഭിച്ചു.
iv. ആദ്യമായി സംരംഭകരാകുന്ന വനിതകൾക്കും പട്ടികജാതി, പട്ടികവർഗക്കാർക്കും എംഎസ്എംഇ പ്രോത്സാഹനത്തിനും വികസനത്തിനുമായി രണ്ടുകോടി രൂപ വരെ നിശ്ചിതകാല വായ്പ നൽകുന്ന പുതിയ പദ്ധതി 2025-ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു.
v. പരമ്പരാഗത കരകൗശലത്തൊഴിലാളികളെയും ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലില്ലാത്ത യുവാക്കളെയും സഹായിച്ച് കാർഷികേതര മേഖലകളിൽ സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിക്കുന്നതിലൂടെ സ്വയംതൊഴിലിന് അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന വായ്പാ അനുബന്ധ ധനസഹായ പരിപാടിയായ പ്രധാനമന്ത്രി തൊഴില്‍ സൃഷ്ടി പരിപാടി (പിഎംഇജിപി) എംഎസ്എംഇ മന്ത്രാലയം നടപ്പാക്കുന്നു. ആകെ പിഎംഇജിപി ഗുണഭോക്താക്കളിൽ 39% പേർ സ്ത്രീകളാണ്. കൂടാതെ സാധാരണ വിഭാഗത്തിലെ സൂക്ഷ്മ സംരംഭങ്ങളുടെ സബ്സിഡിയെ (25% വരെ) അപേക്ഷിച്ച് കൂടുതൽ സബ്സിഡി (35%) അവർക്ക് നൽകുന്നു.
vi. വിവിധ പദ്ധതികളെ ഏകീകരിക്കാനും സംയോജിപ്പിക്കാനും ലക്ഷ്യമിട്ട് സമഗ്ര സമീപനത്തോടെ എംഎസ്എംഇ മന്ത്രാലയം എംഎസ്എംഇ ചാമ്പ്യൻസ് സ്കീം നടപ്പാക്കുന്നു. സംരംഭങ്ങളെ തിരഞ്ഞെടുക്കുകയും അവയുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുകയും പാഴാക്കൽ കുറയ്ക്കുകയും വ്യാപാര മത്സരശേഷി ഉയര്‍ത്തുകയും ദേശീയ - ആഗോള തലങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഈ പദ്ധതിയ്ക്ക് എംഎസ്എംഇ-സുസ്ഥിര സാക്ഷ്യപ്പെടുത്തല്‍, എംഎസ്എംഇ മത്സരാധിഷ്ഠിതം, എംഎസ്എംഇ-നൂതനം എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. .
vii. എംഎസ്എംഇകൾക്ക് ഉല്പന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൈത്താങ്ങും നൽകുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം 65 കയറ്റുമതി സഹായ കേന്ദ്രങ്ങൾ മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ പ്രധാന മേഖലകളിൽ സമഗ്ര സഹായം നൽകി എംഎസ്എംഇ കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നു. കയറ്റുമതിയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വിവരങ്ങൾ പ്രചരിപ്പിക്കുക, കയറ്റുമതി നിയമങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് പരിശീലനങ്ങളും ശില്പശാലകളും സംഘടിപ്പിക്കുക, കയറ്റുമതി രേഖകളും നടപടിക്രമങ്ങളും തയ്യാറാക്കുന്നതിൽ സഹായിക്കുക, എംഎസ്എംഇകളെ സഹായിക്കുന്നതിന് വ്യാവസായിക സംഘടനകളും സംസ്ഥാന സർക്കാരുകളും ഡിജിഎഫ്ടിയുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവ ഇതിലുൾപ്പെടുന്നു.
സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക സഹമന്ത്രി (സുശ്രീ ശോഭ കരന്ദ്‌ലാജെ) രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.
****
(रिलीज़ आईडी: 2204770)
आगंतुक पटल : 6