റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്ക്ക് കീഴിൽ 1,337 റെയില്‍വേ സ്റ്റേഷനുകളുടെ പുനർവികസനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

प्रविष्टि तिथि: 10 DEC 2025 5:51PM by PIB Thiruvananthpuram

 

റെയില്‍വേ സ്റ്റേഷനുകളുടെ പുനർവികസനത്തിന്  ദീർഘകാല കാഴ്ചപ്പാടോടെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്ക്ക് തുടക്കമിട്ടത്.

സ്റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിനായി ഈ പദ്ധതിയിൽ സമഗ്രാസൂത്രണം  തയ്യാറാക്കുകയും അവ ഘട്ടം ഘട്ടമായി നടപ്പാക്കുകയും ചെയ്യുന്നു. സമഗ്രാസൂത്രണത്തില്‍ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങൾ:

  • സ്റ്റേഷനിലേക്കും പരിസര പ്രദേശങ്ങളിലേക്കും പ്രവേശന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
  • നഗരത്തിൻ്റെ ഇരുവശങ്ങളുമായും സ്റ്റേഷനെ സംയോജിപ്പിക്കൽ
  • സ്റ്റേഷൻ കെട്ടിടങ്ങള്‍ മെച്ചപ്പെടുത്തൽ
  • കാത്തിരിപ്പുകേന്ദ്രങ്ങള്‍,  ശൗചാലയങ്ങള്‍‍, ഇരിപ്പിടങ്ങൾ, കുടിവെള്ള കേന്ദ്രങ്ങള്‍  എന്നിവ മെച്ചപ്പെടുത്തൽ
  • യാത്രക്കാരുടെ തിരക്കിന് ആനുപാതികമായി വിശാലമായ മേല്‍പ്പാലത്തിന്റെയോ  ആകാശപ്പാതയുടെയോ  നിർമാണം
  • ലിഫ്റ്റ് / എസ്‌കലേറ്ററുകൾ / റാമ്പ് എന്നിവ സജ്ജീകരിക്കൽ
  • പ്ലാറ്റ്‌ഫോം ഉപരിതലത്തിന്റെയും മേൽക്കൂരയുടെയും നവീകരണം 
  • ഒരു സ്റ്റേഷൻ ഒരു ഉല്പന്നം'  പോലുള്ള പദ്ധതികളിലൂടെ പ്രാദേശിക ഉല്പന്നങ്ങളുടെ വില്പനകേന്ദ്രങ്ങള്‍ സ്ഥാപിക്കൽ
  • പാർക്കിങ് സൗകര്യങ്ങളും  വിവിധ ഗതാഗത മാർഗങ്ങളുടെ സംയോജനവും 
  • ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ
  • മികച്ച യാത്രാവിവര സംവിധാനങ്ങൾ
  • ഓരോ സ്റ്റേഷനിലെയും ആവശ്യകതകൾ കണക്കിലെടുത്ത് എക്സിക്യൂട്ടീവ് ലോഞ്ചുകൾ, വ്യാപാരയോഗങ്ങള്‍ക്ക് നിശ്ചിത സ്ഥലങ്ങൾ, അലങ്കാരങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കൽ.

 

ആവശ്യകതയ്ക്കും ഘട്ടം ഘട്ടമായ പുരോഗതിയ്ക്കും സാധ്യതകൾക്കും അനുസൃതമായി സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ, അടിഭാര രഹിത റെയില്‍പാളങ്ങള്‍ തുടങ്ങിയവ ഏർപ്പെടുത്താനും  ദീർഘകാലാടിസ്ഥാനത്തിൽ റെയില്‍വേ സ്റ്റേഷനെ  ഒരു നഗരകേന്ദ്രമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.

 

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്ക്ക് കീഴിൽ ഇതുവരെ 1,337 സ്റ്റേഷനുകളാണ് വികസനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.   പദ്ധതിയ്ക്ക് കീഴിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.  ഇതുവരെ 155 സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 

മേഖലാ റെയിൽവേ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ, പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര - തീർത്ഥാടന പ്രാധാന്യമേറിയ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകൾ എന്നിവ പരിഗണിച്ചാണ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നത്.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയ്ക്ക് കീഴിലെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രാഥമികമായി ബജറ്റ് പിന്തുണയോടെയാണ് ആവിഷ്ക്കരിച്ചത്.  എങ്കിലും പൊതു സ്വകാര്യ പങ്കാളിത്ത  മാതൃകയിൽ വികസിപ്പിക്കാന്‍ 15 സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്.  ഇതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വിപുലീകരണം വിഭാവനം ചെയ്തിരിക്കുന്നത്.  

 

ലോക്‌സഭയിലെ ഒരു ചോദ്യത്തിന്  ഇന്ന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക  മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അറിയിച്ചതാണ് ഈ വിവരങ്ങൾ.

****


(रिलीज़ आईडी: 2201928) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Odia , Kannada